Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: കഥയും തിരക്കഥയും

മണ്ണിക്കരോട്ട്‌ (www.mannickarotu.net) Published on 29 October, 2014
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: കഥയും തിരക്കഥയും
ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, `മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന `മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്ക'യുടെ 2014 ഒക്ടോബര്‍ സമ്മേളനം 26-ാം തീയതി വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ ഹാളില്‍ സമ്മേളിച്ചു. നാട്ടില്‍നിന്നെത്തിയ കഥാകൃത്തും തിരക്കഥാകൃത്തുമായ ഷാംസ്‌ മണക്കാട്‌ മുഖ്യാതിഥിയായിരുന്നു.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം മുഖ്യാതിഥിയ്‌ക്കുവേണ്ടി മലയാളം സൊസൈറ്റിയെക്കുറിച്ചും സദസ്യരെക്കുറിച്ചും ലഘുവിവരണം നല്‍കി.

തുടര്‍ന്ന്‌ സെക്രട്ടറി ജി. പുത്തന്‍കുരിശ്‌ മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. കെ.സ്‌.ആര്‍.ടി.സിയില്‍ മുഖ്യ ഡെപ്യുട്ടി അക്കൗണ്ട്‌സ്‌ ഓഫീസറായി വിരമിച്ച ഷാംസ്‌ ഒരു പ്രൊഫഷണല്‍ നാടക നടനും തിരക്കഥാകൃത്തുമാണ്‌. ഇതിനോടകം പുണ്യം, വികൃതിക്കുട്ടന്‍, എന്ന്‌ ഇലഞ്ഞിക്കാവു പി.ഒ. മുതലായ സിനിമകള്‍ക്ക്‌ തിരക്കഥയെഴുതിയിട്ടുണ്ട്‌. കൂടാതെ കൈരളി ചാനലിനുവേണ്ടി ഒരു മെഗാ സീരിയല്‍ നിര്‍മ്മിയ്‌ക്കുകയും പല ടെലിവിഷന്‍ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ പല സിനിമകള്‍ക്കു അണിയറയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്‌. അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഹൃസ്വസന്ദര്‍ശനത്തിന്‌ എത്തിയിരിക്കുകയാണ്‌.

തടുര്‍ന്ന്‌ ഷാംസ്‌ മണക്കാട്‌ `കഥയും തിരക്കഥയും' എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണമാരംഭിച്ചു. കഥ ഭാവനിയില്‍ വികസിക്കുമ്പോള്‍ തിരക്കഥ ദൃശ്യചാരുത പകരുന്നതായിരിക്കണം. ഏതൊരു സിനിമയുടെയും വിജയം പ്രധാനമായും തിരക്കഥിയില്‍ അധിഷ്‌ഠിതമാണ്‌. ഒരു സിനിമയുടെ വിജയം അതിലെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെങ്കിലും തിരക്കഥ വളരെ പ്രധാനമാണ്‌. സിനിമയ്‌ക്കു മാത്രമല്ല തിരക്കഥയുടെ പ്രധാന്യം, സീരിയലാകട്ടേ മറ്റേതു ദൃശ്യകലയാകട്ടേ തിരക്കഥ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു.

പ്രസിദ്ധമായ പല സാഹിത്യകൃതികളും സിനിമയാകുമ്പോള്‍ ബോക്‌സ്‌ ഓഫീസില്‍ പരാജയപ്പെടുന്നു. ഇതിനുള്ള പ്രധാന കാരണം കഥാകൃത്തിന്റെ ഭാവനയ്‌ക്കൊപ്പം തിരക്കഥാരചന ഉയരാത്തതുകൊണ്ടാണ്‌. എഴുത്തുകാരന്റെ ഭാവനയില്‍ രൂപപ്പെടുന്ന ആശയം അക്ഷരങ്ങളിലൂടെ ആഖ്യാനമായി മാറുന്നു. അത്‌ അതേപടി തിരക്കഥയില്‍ പകര്‍ത്താനൊ ക്യാമറായില്‍ പ്രതിഫലിപ്പിക്കാനൊ കഴിയുന്നതല്ല. അവിടെ ഉത്തമ സാഹിത്യം ഉത്തമ ചലച്ചിത്രമാകുകയുമില്ല. അതുകൊണ്ടുതന്നെയാണ്‌ പല ഉത്തമകൃതികളും സിനിമയാകാത്തത്‌. ഷാംസ്‌ മണക്കാട്‌ വിവരിച്ചു.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. സദസ്യരെല്ലാം ഒരുപോലെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ചര്‍ച്ച തിരക്കഥയില്‍ മാത്രം ഒതുങ്ങിയില്ല. അത്‌ സിനിമയുടെ വിവധ ഘടകങ്ങളിലേക്ക്‌ കടന്നുചെന്നു. അര്‍ത്ഥമൊ ആശയമൊ ഇല്ലാത്ത ന്യൂജനറേഷന്റെ മറവില്‍ സിനിമയെന്നുപറഞ്ഞ്‌ എന്തൊക്കെയൊ പടച്ചവിടുന്ന പ്രതിഭാസത്തെ സദസ്യര്‍ വിമര്‍ശിച്ചു. മാത്രമല്ല, പല സിനമകളുടെയും പരാജയം തിരക്കഥയല്ല, ഹീറൊകള്‍ക്ക്‌ അമിത പ്രാധാന്യം കൊടുക്കാന്‍വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണെന്ന്‌ സദസ്യര്‍ തിരിച്ചടിച്ചു. അവിടെ കലയുടെ മൂല്യത്തെ കെടുത്തിക്കൊണ്ട്‌ ഹീറൊമാരെ വാഴ്‌ത്തുകായാണെന്ന്‌ കൂട്ടിച്ചേര്‍ത്തു.

ആ വിധത്തില്‍ ഹീറൊമാരെ വാഴ്‌ത്താന്‍ നിര്‍മ്മാതാവ്‌ വശംവദനാകുമ്പോള്‍ തിരക്കഥയും വളച്ചൊടിക്കേണ്ടി വരുന്നില്ലേ? സദസ്യര്‍ ചോദിച്ചു. ഉദാഹരണത്തിന്‌ മഹാത്മ ഗാന്ധിയെക്കുറിച്ചുള്ള ?ഗാന്ധി? എന്ന സിനിമയെ ആസ്‌പദമാക്കി സംസാരിച്ചു. അത്‌ ഇന്‍ഡ്യക്കാരാണ്‌ എടുത്തിരുന്നതെങ്കില്‍ ഹീറൊ വര്‍ഷിപ്പില്‍ ഗാന്ധിജിയുടെ സ്വഭാവംതന്നെ മാറ്റിയെടുക്കുമായിരുന്നു. അങ്ങനെ ആ സിനിമ തികഞ്ഞ പരാജയത്തിനും കാരണമാകുമായിരുന്നു. കൂടാതെ അര്‍ത്ഥമില്ലാത്ത ന്യൂജനറേഷന്‍ ഗാനങ്ങള്‍, സംഗീതം എല്ലാം ചര്‍ച്ചയായി. അക്കൂട്ടത്തില്‍ വയലാറിന്റെ ഹൃദയസ്‌പര്‍ശിയായ ചില ഗാനങ്ങളും ചര്‍ച്ചയുടെ ഭാഗമായി. അതുപോലെയുള്ള ഗാനങ്ങള്‍ ഇക്കാലത്ത്‌ കേള്‍ക്കാനില്ലെന്ന്‌ സദസ്യര്‍ ഖേദം പ്രകടിപ്പിച്ചു.

സജീവവും വിജ്ഞാനപ്രദവുമായ ചര്‍ച്ചയില്‍ തോമസ്‌ വര്‍ഗ്ഗീസ്‌, ജി. പുത്തന്‍കുരിശ്‌, എ.സി. ജോര്‍ജ്‌, ടോം വിരിപ്പന്‍, സജി പുല്ലാട്‌, ടി.ജെ.ഫിലിപ്പ്‌,, ജോസഫ്‌ തച്ചാറ, ചാക്കൊ മുട്ടുങ്കല്‍, ജോസഫ്‌ മണ്ഡവത്തില്‍, മണ്ണിക്കരോട്ട്‌, ഷാംസ്‌ മണക്കാടിന്റെ കുടുംബാംഗങ്ങളായ അനൂപ്‌ വിജയന്‍, നിതിന്‍, ഡോ. പീറ്റര്‍ മുഹമ്മദ്‌, മിസസ്സ്‌ ബീന ഷാംസ്‌, സോഫിയ എന്നിവരും പങ്കെടുത്തു.

സദസ്യരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഷാംസ്‌ മണക്കാട്‌ മറുപടി പറഞ്ഞു. അമേരിക്കയില്‍ ഇതുപോലെ തികഞ്ഞ അച്ചടക്കത്തോടെ വിജ്ഞാനപ്രദമായി നടത്തുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ഒപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിയ്‌ക്കുകയും അമേരിക്കയില്‍ ഇതുപോലെ ഭാഷയെ സ്‌നേഹിക്കുന്നവരും ഭാഷാസമ്മേളനം നടത്തുന്നവരും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. അമേരിക്കയില്‍ മലയാളഭാഷയുടെ വളര്‍ച്ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കുംവേണ്ടി മലയാളികള്‍ ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

എ.സി. ജോര്‍ജിന്റെ നന്ദിപ്രസംഗത്തോടെ 6.30-തിന്‌ സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: കഥയും തിരക്കഥയുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: കഥയും തിരക്കഥയുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: കഥയും തിരക്കഥയുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: കഥയും തിരക്കഥയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക