Image

ശര്‍ക്കരയുടെ ചക്കുപുരയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 41: ജോര്‍ജ്‌ തുമ്പയില്‍)

Published on 28 October, 2014
ശര്‍ക്കരയുടെ ചക്കുപുരയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 41: ജോര്‍ജ്‌ തുമ്പയില്‍)
ശര്‍ക്കരയുടെ മണം മൂക്കിലേക്ക്‌ അടിച്ചു കയറി. വീശുന്ന കുളിര്‍ കാറ്റിനും ശര്‍ക്കരയുടെ ഗന്ധം. ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍ ശര്‍ക്കര പുരയുടെ പുറത്ത്‌ ഒരു സ്‌ത്രീ നില്‍പ്പുണ്ടായിരുന്നു. ഒരു തമിഴ്‌ സ്‌ത്രീയാണത്‌ എന്ന്‌ അവരുടെ `ലുക്ക്‌ ആന്‍ഡ്‌ ഫീല്‍' വിളിച്ചു പറയുന്നുണ്ട്‌. ബിനു അവരോടു തമിഴില്‍ തന്നെ പേശി. പളനിയമ്മ എന്നാണ്‌ അവരുടെ പേര്‌. പളനിയമ്മയുടെ അഞ്ചംഗ കുടുംബത്തിന്റെ തൊഴില്‍ കരിമ്പില്‍ നിന്ന്‌ നീരെടുത്ത്‌ ശര്‍ക്കരയുണ്ടാക്കലാണ്‌. തമിഴ്‌നാട്ടിലെ അമരാവതിക്കടുത്ത്‌ കല്ലാപുരത്തു നിന്നാണ്‌ പളനിയമ്മയുടെ കുടുംബം തൊഴില്‍ തേടി മറയൂരിലെത്തിയത്‌.

ശര്‍ക്കരയുടെ മാധുര്യം, ശര്‍ക്കര കടഞ്ഞെടുക്കുന്ന ജോലിക്കില്ലെന്ന്‌ പളനിയമ്മ പറഞ്ഞു. അവരിവിടെ സ്ഥിരമായി ജോലി ചെയ്യുന്നു. ശര്‍ക്കര ഉരുട്ടിയെടുത്തു അവരുടെ കൈകള്‍ക്കും ശര്‍ക്കരയുടെ നിറം. അവരുടെ കൈവിരല്‍പ്പാട്‌ പതിഞ്ഞ എത്രയെത്ര ശര്‍ക്കരകള്‍ ലോകത്തിന്റെ വിവിധ ഭാഗത്തേക്ക്‌ കയറി പോയിട്ടുണ്ടെന്ന്‌ ഒരു നിമിഷം ഓര്‍ത്തു പോയി. ലോകമാര്‍ക്കറ്റിലെങ്ങും മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ എന്നും നല്ല മാര്‍ക്കറ്റാണ്‌.

ഞങ്ങള്‍ ശര്‍ക്കരപ്പുരയ്‌ക്ക്‌ അകത്തേക്ക്‌ കയറി. അവിടെ കരിമ്പില്‍ നിന്ന്‌ നീരെടുക്കാനുള്ള ഒരു ഇലക്ട്രിക്‌ ചക്ക്‌, മോട്ടോര്‍, കരിമ്പിന്‍നീര്‌ ചൂടാക്കി കുറക്കാനുള്ള തോണി (അടിഭാഗം വിസ്‌താരമുള്ള വലിയ പാത്രം), കുറുകിയ ശര്‍ക്കര പകരാന്‍ അത്ര തന്നെ വലിപ്പമുള്ള മറ്റൊരു പാത്രം എന്നിവയെല്ലാം വിസ്‌തരിച്ചു വച്ചിരിക്കുന്നു. ഇപ്പോള്‍ പണി നടക്കുന്നില്ല. രാവിലെ മാത്രമാണ്‌ ഉഷാറായുള്ള ജോലി. ഇപ്പോള്‍ ശര്‍ക്കര ഉണങ്ങുന്ന ജോലിയാണ്‌. എല്ലാത്തിനും കൂടി 50,000 രൂപ മുടക്കു മതിയെന്നു ബിനുവിന്റെ കമന്റ്‌. പളനിയമ്മയും ഇതു സമ്മതിച്ചു. ആകെ ഇത്രയും മതി. എന്നാല്‍ ഈ തുക അവരെ സംബന്ധിച്ച്‌ വലിയൊരു പണമാണ്‌. പളനിയമ്മയുടെ കുടുംബത്തിന്റെ ആസ്‌തിയാണത്‌. `ഒരു കെട്ട്‌ ശര്‍ക്കരയുണ്ടാക്കിയാല്‍ 70 രൂപ കൂലി കിട്ടും'പളനിയമ്മ പറയുന്നു. (ഒരു കെട്ട്‌ എന്നാല്‍ 62 കിലോ എന്നാണ്‌ മറയൂരിലെ കണക്ക്‌). ഒരു കൃഷിയിടത്തിലെ കരിമ്പ്‌ തീര്‍ന്നാല്‍ പളനിയമ്മയും കുടുംബവും വിളഞ്ഞ കരിമ്പുള്ള മറ്റൊരു പാടത്തിലാക്കും താവളം. ഗുണനിലവാരത്തിന്‌ പേരുകേട്ടതാണ്‌ മറയൂര്‍ ശര്‍ക്കര. ഒരിക്കല്‍ കരിമ്പുനട്ടാല്‍ നാലഞ്ചുവര്‍ഷത്തേക്ക്‌ വേറെ ചെടി നടേണ്ട. കരിമ്പുവെട്ടിക്കഴിഞ്ഞാല്‍ വയലില്‍ തീയിടുകയാണ്‌ ചെയ്യുന്നത്‌. പിന്നെ ഒരാഴ്‌ചയോളം വെള്ളം കെട്ടിനിര്‍ത്തും. കത്തിയ കരിമ്പിന്‍ കുറ്റികള്‍ തളിര്‍ക്കാന്‍ തുടങ്ങും.

ഞങ്ങള്‍ ഒരു അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. പിന്നെ വണ്ടിയിലേക്കു കയറി. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട്‌ സങ്കേതവും മാട്ടുപ്പെട്ടിയിലും ഒതുക്കും യാത്ര. ആ യാത്ര മറയൂരിലേക്കുകൂടി നീട്ടിയാല്‍ അതൊരിക്കലും നഷ്ടമാവില്ലെന്നു ബിനു പറഞ്ഞു. ശരിയാണെന്ന്‌ എനിക്കും തോന്നി. തൂവാനം വെള്ളച്ചാട്ടവും രാജീവ്‌ഗാന്ധി ദേശീയപാര്‍ക്കും മറയൂരിന്‌ സമീപമാണ്‌. തട്ടുതട്ടായ പച്ചക്കറി തോട്ടങ്ങളും കരിമ്പും നെല്‍ വയലുകളും മഞ്ഞും നൂല്‍ മഴയുമൊക്കെയായി മറയൂര്‍ ഒരു സ്വപ്‌നഭൂമി തന്നെയാണ്‌. വണ്ടിയുടെ പുറത്ത്‌ കാഴ്‌ചകള്‍ കുളിരില്‍ മുങ്ങി നില്‍ക്കുന്നു.

മുനിയറകള്‍, നീലക്കുറിഞ്ഞി പൂക്കുന്ന കാടുകള്‍, ക്ഷേത്രഗണിതരൂപങ്ങള്‍ പോലെ പര്‍വത ശിഖരങ്ങള്‍, മലഞ്ചെരുവിലൂടെ തട്ടുതട്ടായി താഴ്‌വരയിലേക്ക്‌ ഊര്‍ന്നിറങ്ങുന്ന നെല്‍വയലുകള്‍ വിസ്‌മയം കൊണ്ടു മാത്രമല്ല, വൈവിധ്യം കൊണ്ടും മറയൂര്‍ സമ്പന്നമാണ്‌. ഇതിനു പുറമേ റോഡരുകില്‍ എങ്ങും ചെറിയ ചെറു അമ്പലങ്ങള്‍. ഇതു മറയൂരിന്റെ മാത്രം പ്രത്യേതയാണെന്നു ബിനു പറഞ്ഞപ്പോഴാണ്‌ ഞാനും അത്‌ ശ്രദ്ധിച്ചത്‌. റോഡിലെങ്ങുമുണ്ട്‌ ചെറിയ ക്ഷേത്രങ്ങള്‍. മുക്കിനുമുക്കിന്‌ അമ്പലങ്ങള്‍...തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും മറയൂരില്‍ ഒരുമിച്ചു വാണു.

ഒരു ചായ കുടിക്കക്കാനായി വണ്ടി ഞങ്ങള്‍ ചായക്കട എന്നു തോന്നിക്കുന്ന ഒരു ചെറു കടയുടെ മുന്നില്‍ നിര്‍ത്തി. മൂന്നാറിന്‌ സമാനമായ തണുപ്പ്‌ മറയൂരുമുണ്ട്‌. എന്നാല്‍ മഴ വളരെ കുറവാണ്‌. പെയ്യുന്നത്‌ അധികവും നൂല്‍മഴയാണ്‌. വര്‍ഷത്തില്‍ 50 സെമി താഴെയാണ്‌ മഴ ലഭിക്കുന്നതെന്നു ചായകടക്കാരന്‍ പറഞ്ഞു. അയാള്‍ പറഞ്ഞത്‌ പകുതിയിലേറെയും മനസ്സിലായില്ല. എന്നാല്‍ അയാളൊട്ട്‌ വര്‍ത്തമാനം നിര്‍ത്തുന്ന മട്ടുമില്ല. ശരിക്കുമൊരു ഗ്രാമീണന്‍. കേരളത്തില്‍ ഇടവപ്പാതി തകര്‍ത്തുപെയ്യുമ്പോള്‍ മറയൂരില്‍ കാറ്റാണ്‌ എന്നു മാത്രം പറഞ്ഞത്‌ പിടികിട്ടി ..ആളെപ്പോലും പറത്തിക്കളയുന്ന കാറ്റ്‌. തുലാമഴയാണത്രേ മറയൂരില്‍ കൂടുതല്‍.

തമിഴരും മലയാളികളും ഇടകലര്‍ന്നു ജീവിക്കുന്നു ഇവിടെ ഭാഷ വലിയൊരു പ്രശ്‌നമാണെന്നു ബിനു പറഞ്ഞു. തമിഴരില്‍ അധികവും കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ നി്‌ന്ന്‌ പിരിഞ്ഞശേഷം മറയൂരില്‍ താമസമാക്കിയവരാണ്‌. കച്ചവടവും കാലിനോട്ടവുമൊക്കെയായി പലതരത്തില്‍ വന്നവരുമുണ്ട്‌. മലയാളികളില്‍ അധികവും കോളനി കിട്ടിവന്നവരാണ്‌. ജോലികിട്ടി വന്നവരും കുടിയേറി വന്നവരുമുണ്ട്‌. പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളില്‍ കോളനി അനുവദിച്ചപ്പോള്‍ അതിലൊന്ന്‌ മറയൂരായിരുന്നു. അന്നു അഞ്ചേക്കര്‍ കോളനികിട്ടിയ പലരും അതുപേക്ഷിച്ചുപോയിയെന്നു കടക്കാരന്‍ തന്നെ പറഞ്ഞു.

തമിഴ്‌നാടന്‍ കാലാവസ്ഥയാണ്‌ മറയൂരില്‍ നിലനില്‍ക്കുന്നത്‌. കേരളത്തിന്റെ മറ്റെല്ലാ ഭാഗത്തും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ താഴ്‌വര മഴമേഘങ്ങളുടെ നിഴലിലമര്‍ന്നുകിടക്കും. ഇക്കാലത്ത്‌ നേര്‍ത്ത മഴത്തൂവല്‍ മാത്രമുള്ള താഴ്‌വരയില്‍ ശീതക്കാറ്റ്‌ ആഞ്ഞുവീശിക്കൊണ്ടേയിരിക്കുന്നു. രണ്ടുമാസത്തോളം ഇത്‌ തുടരും. ഈ ഭൂപ്രദേശം പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ സ്ഥിതിചെയ്യുന്നുവെന്നതാണ്‌ ഇതിനുകാരണം. തമിഴ്‌നാട്ടില്‍ മഴ തകര്‍ത്തുപെയ്യുന്ന തുലാവര്‍ഷകാലത്ത്‌ മറയൂരിന്‌ മീതേയും കാര്‍മേഘങ്ങളെത്തി ശക്തമായി പെയ്‌തൊഴിയുന്നു. മലമുകളില്‍ മഴപെയ്യും. നാലു വശവുമുള്ള മലകള്‍ മഴയെ തടഞ്ഞു നിര്‍ത്തും. അതുകൊണ്ട്‌ എപ്പോഴും മഴ നിഴലിലാഴ്‌ന്നു കിടക്കും. പിന്നെ മഞ്ഞാണ്‌. വര്‍ഷത്തില്‍ അധികവും ഈ കലാവസ്ഥയായതുകൊണ്ട്‌ ശീതകാല പച്ചക്കറിക്കളായ കാരറ്റ്‌, ബീറ്റ്‌ റൂട്ട്‌, കാബേജ്‌, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്‌, ഉള്ളി തുടങ്ങിയവ നന്നായി വളരും.

കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സഥലമായ കാന്തല്ലൂര്‍ ഇവിടെ അടുത്താണ്‌. ഈ സവിശേഷ കാലാവസ്ഥകൊണ്ടാവാം ഇവിടെ ചന്ദനം വളരാനും കാരണം. മറയൂരിനെ ചന്ദനക്കാടുകളുടെ താഴ്‌വരയാക്കിയതും കാലവസ്ഥയിലെ ഈ സവിശേഷതയാകാം. കേരളത്തില്‍ സ്വാഭാവിക ചന്ദനക്കാടുകളുള്ള ഒരേയൊരു പ്രദേശം മറയൂരാണ്‌. ഇപ്പോള്‍ മറയൂരിലെ ചന്ദനക്കാടുകളുടെ വിസ്‌തൃതി കുറഞ്ഞ്‌ കുറഞ്ഞ്‌ ഏതാണ്ട്‌ 15 ചതുരശ്ര കിലോമീറ്ററായിട്ടുണ്ടത്രേ. ഇവിടുത്തെ ചന്ദനമാണ്‌ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്‌. ഗുരുവായൂരിലെ ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്ന മിക്കവര്‍ക്കുമറിയില്ല, തങ്ങള്‍ നെറ്റിയിലണിയുന്ന ചന്ദനം ഇടുക്കി കാടുകളുടെ വരദാനമാണെന്ന്‌. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ മറയൂരില്‍ നിന്ന്‌ വര്‍ഷംതോറും 55 ടണ്‍ ചന്ദനമാണ്‌ വാങ്ങുന്നത്‌. മൈസൂര്‍ സാന്‍ഡല്‍ സോപ്പ്‌ ഉണ്ടാക്കുന്നതിനുള്ള ചന്ദനവും ഇവിടെ നിന്നാണ്‌ കൊണ്ടു പോകുന്നത്‌.

വണ്ടി നീങ്ങിത്തുടങ്ങി. അടുത്ത ഡെസ്റ്റിനേഷന്‍ എത്തും മുന്‍പ്‌ ഏതെങ്കിലുമൊരു മുനിയറ കൂടി കാണണമെന്ന്‌ കൊച്ചുമോന്‍ പറഞ്ഞതനുസരിച്ചായിരുന്നു ഞങ്ങളുടെ യാത്ര. സമയം ഉച്ചയോട്‌ അടുത്തിരുന്നുവെങ്കിലും അന്തരീക്ഷം ഈര്‍പ്പം മൂടി കെട്ടി കിടന്നു. തണുപ്പിനും കുറവുണ്ടായിരുന്നില്ല. ശബ്‌ദമൊക്കെ ഒന്നു ഗംഭീരമായി. കാഴ്‌ചകള്‍ കൊതിപ്പിച്ചു കൊണ്ടിരുന്നു. തണുത്ത കാറ്റ്‌ തൊണ്ടയ്‌ക്ക്‌ പ്രശ്‌നമുണ്ടാക്കിയേക്കുമെന്നു ബിനു പറഞ്ഞതനുസരിച്ച്‌ ഇന്നോവയുടെ സൈഡ്‌ ഗ്ലാസുകള്‍ ഉയര്‍ത്തി ഭദ്രമാക്കി. മലമുകളില്‍ കാര്‍മേഘം കൂടുകൂട്ടുന്നത്‌ ഞാന്‍ മാത്രം കണ്ടു.

(തുടരും)
ശര്‍ക്കരയുടെ ചക്കുപുരയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 41: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക