Image

'ഇന്ത്യക്കാരന്റെ സ്വത്വം' (സുബ്രമണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ കുശലത-2; സിറിയക് സ്‌കറിയ)

സിറിയക് സ്‌കറിയ Published on 27 October, 2014
'ഇന്ത്യക്കാരന്റെ സ്വത്വം' (സുബ്രമണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ കുശലത-2; സിറിയക് സ്‌കറിയ)

 ഡോ. സുബ്രമണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ കുശലതയും
                             vs
ശാസ്ത്രീയ സമൂഹത്തിന്റെ കുലങ്കുഷമായ പഠനവും

ശ്രീബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് പാറൂര്‍, പന്തളം ബയോ ടെക്കനോളജി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഒരു ജനറ്റിക് പഠനം പുറത്തു കൊണ്ടുവന്നത് ഒരു മഹത്തായ വെളിപ്പെടുത്തലായിരുന്നു.
നൂറ്റാണ്ടുകളോടും കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞ ഈഴവ സമുദായം പഞ്ചാബിലെ ജാട്ട് സിഖ് സമുദായവുമായ് ജനിതകപരമായി വളരെ സാമ്യമുള്ളവരത്രെ!
ഡോ. സീമ നായര്‍, അശ്വതി ഗീത, ചിപ്പ് ജഗനാഥന്‍ തുടങ്ങിയവര്‍ നടത്തിയ ഈ പഠനം Croatian Medical Journal ല്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിലും ഈ അറിവ് പ്രചുര പ്രചാരമാക്കി.
യൂറോപ്യന്മാരോട് ജനറ്റിക്കലായ് 60% വരെ സാമ്യം ഈഴവ സമുദായത്തിനുണ്ടെന്നും ബാക്കി 40% ഈസ്റ്റ് ഏഷ്യന്‍ ജനതയോടുമാണെന്നുമുള്ള ഈ കണ്ടുപിടുത്തം പഠനവിഷയമാക്കിയ 104 ഹാലോടൈപ്പുകളില്‍ പഞ്ചാബിലെ ജാട്ട് സമൂഹമായ് അടുത്ത സാമ്യം കണ്ട 10 എണ്ണത്തിന്റെ അടിസ്ഥാനത്തിലും പിന്നെ തുര്‍ക്കിഷ് പോപ്പുലേഷന്‍ ഉം ആയി സാമ്യമുള്ള 4 genetic halotypes ന്റെയും  കണ്ടുപിടുത്തത്തിലൂടെയാണ്.
 ഈ പഠനം സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്.
“ഇന്ത്യന്‍ പെനിന്‍സുലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് ആഫ്രിക്കയില്‍ നിന്നും, വടക്ക് കിഴക്ക് യൂറേഷ്യയില്‍നിന്നും പിന്നീട് പസഫിക്ക് ഭൂപ്രദേശത്തുനിന്നും മനുഷ്യവംശത്തിന്റെ കുടിയേറ്റ സങ്കലന പ്രക്രിയ സംഭവിക്കുകയും അത് ഇത്രയും വിശാലമായ ഭാഷാ സാംസ്‌ക്കാരിക ജനിതക വൈവിദ്ധ്യത്തിന് വഴിതെളിക്കുകയും ചെയ്തു.”
അതിനുമപ്പുറം പ്രത്യകത കേരളത്തെ സംബദ്ധിച്ചിടത്തോളം വളരെ നീളത്തിലുള്ള കടല്‍ത്തീരം ശ്രീലങ്കന്‍, ഏഷ്യന്‍, യൂറോപ്യന്‍, അറബിക് കച്ചവടക്കാരുടെയും മിഷനറിമാരുടെയും കടന്നു വരവിന് വഴിയൊരുക്കി.
ചരിത്ര പണ്ഡിതനായ ഡോ.എം.ജി.എസ് നാരായണനെപോലെയുള്ളവര്‍ പല സുറിയാനി ക്രിസ്ത്യന്‍ അവകാശവാദങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്.
എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ബ്രാഹ്മണന്മാര്‍ എങ്ങനെ ഒന്നാം നൂറ്റാണ്ടില്‍ മിഷനറിയായ് വന്ന തോമാശ്ലീഹായില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചു എന്ന് അദ്ദേഹം ചോദിക്കുമ്പോള്‍ മറുവാദങ്ങളുമായ് സിറിയക് പുല്ലാപ്പള്ളിയെ പോലെയുള്ള ചരിത്ര പണ്ഡിതരും രംഗത്തുണ്ട്.
എം.ജി.എസ്. പറയുന്നത് വന്‍തോതിലുള്ള ആര്യബ്രാഹ്മണ കുടിയേറ്റമാണെന്നും എന്നാല്‍ ഒന്നാം നൂറ്റാണ്ടുമുതലെ ബ്രാഹ്മിണ്‍ സ്വാധീനം കേരളത്തിലുണ്ടായിരുന്നുവെന്നും ഫുള്‍ബ്രൈറ്റ് ഫൗണ്ടേഷന്‍ പിന്തുണയുള്ള റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്‌സില്‍ ഫെലോ ആയ ഇദ്ദേഹം വിവിധ തലത്തിലുള്ള  പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്നു.
പ്രമുഖ ഇന്ത്യന്‍ ചരിത്രകാരന്മാരായ കെ.പി. പത്മനാഭ മേനോന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, കെ. ശ്രീധര മേനോന്‍, പ്രൊഫ. റോമില താപ്പര്‍ തുടങ്ങി നിരവധി നിഷ്പക്ഷമതികള്‍ സെന്റ് തോമസിന്റെ ഒന്നാം നൂറ്റാണ്ടിലെ  കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം പോലെതന്നെ കണക്കാക്കാവുന്ന ചരിത്രപരമായ 'സാധ്യതയായ്' വിലയിരുത്തുന്നു.
എന്തായാലും സ്ത്രീകള്‍ക്ക് പ്രധാന്യം ഉണ്ടായിരുന്ന മാട്രിയാര്‍ക്കല്‍ (matriarchal) വ്യവസ്തതിയെ മറിമടന്ന് ഒരു പാട്രിയാര്‍ക്കല്‍ (patriarchal) സിസ്റ്റത്തിലേക്ക് കേരളം സാമൂഹികപരമായ് ഉടച്ചു വാര്‍ക്കപ്പെട്ടത് എട്ടാം നൂറ്റാണ്ടിന് ശേഷമുണ്ടായ ജൈന ബുദ്ധ മതങ്ങളുടെ തകര്‍ച്ചയുടെയും  ബ്രാഹ്മണ ഹിന്ദുത്വ മതങ്ങളുടെ വളര്‍ച്ചയുടെയും ഫലമായിട്ടാണ്.
ഭാരതം മതങ്ങളുടെ കളിത്തൊട്ടിലാണെങ്കില്‍ കേരളം മതങ്ങളുടെ ഉള്‍പിരിവുകളുടെയും പുനരാവിഷ്‌കരണങ്ങളുടെയും വിളനിലമാണ്.
ജൈന, ബുദ്ധ, ഹിന്ദുത്വ ക്രമത്തില്‍ വേദാന്ത സംസ്‌ക്കാരം ഉരുത്തിരിഞ്ഞ വന്നപ്പോള്‍ സനാതന ധര്‍മ്മത്തിനുള്ളില്‍ ഭാരത സംസ്‌ക്കാരത്തിന്റെ പാരമ്പര്യത്തിലൂന്നിയ സുറിയാനി സഭകളും ആര്‍ഷസംസ്‌ക്കാരമൂല്യങ്ങളില്‍ അഭിമാനം കൊണ്ടു.
ഭാരതത്തിലെ ആദ്യയാത്രാവിവരണ ഗ്രന്ഥമായ 'വര്‍ത്തമാനപുസ്തകം' ഇന്ത്യന്‍ ദേശീയതക്കായ് പോര്‍ട്ടുഗീസ് പാതിരിമാരോട് ആയുധമെടുക്കാതെ യുദ്ധം ചെയ്ത് രക്തസാക്ഷിയായ ആദ്യത്തെ തദ്ദേശീയനായ ബിഷപ്പിന്റെ കഥയാണ്.
ഇന്ത്യന്‍ ദേശീയത രൂപം പ്രാപിക്കുന്നതിന് ദശകങ്ങള്‍ക്കുമുമ്പ് സ്വന്തം ജീവന്‍ പണയം വച്ച് പല ഭൂഖണ്ഡങ്ങള്‍ നീണ്ട എട്ട് വര്‍ഷങ്ങള്‍കൊണ്ട് താണ്ടി റോമായില്‍ പോയ് തിരിച്ചുവന്ന് ഗോവയില്‍ വച്ച് 42-#ാ#ം വയസ്സില്‍ രക്തസാക്ഷിയായ ബിഷപ്പ് ജോസഫ് കരിയാറ്റിലും പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോരും പറഞ്ഞയത്രയും കടുപ്പത്തിലുള്ള  ദേശീയതവാദം സുബ്രമണ്യന്‍ സ്വാമി ഇന്ന് പോലും പറയുന്നുണ്ടോ എന്ന് ഈ ചരിത്രഗ്രന്ഥം വായിച്ചാല്‍ മനസ്സിലാകും. ദേശീയത എന്ന സ്വത്വഭാവം സാംസ്‌ക്കാരികവും വികാരപരവുമാണ് മറിച്ച് മതാത്മകമല്ല എന്ന സത്യം ഈ ഗ്രന്ഥം നമുക്ക് വരച്ചുകാട്ടുന്നു.
'പുരുഷ സൂക്ത' എന്ന മഹത്തായ പ്രമാണത്തില്‍ ആണ് 'വര്‍ണ' സംവിധാനം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ബ്രാഹ്മിണ്‍, ക്ഷത്രിയ, വൈശ്യ, ശൂദ്ര തുടങ്ങി നാലായ് തരം തിരിക്കപ്പെട്ട സമൂഹത്തില്‍ ആദ്യ മൂന്നു വര്‍ണ്ണങ്ങളെയും സേവിക്കണ്ട വിഭാഗമായ് ശൂദ്ര ജനവിഭാഗത്തെ കണക്കാക്കിയിരിക്കുന്നു.
മറ്റു പുരാതന സാമൂഹിക വിഭജനങ്ങളുമായ് താരതമ്യം ചെയ്യുമ്പോള്‍ വേര്‍തിരിച്ച് കാണുന്ന ഒരു ജനവിഭാഗമാണ്, ബ്രാഹ്മണന്‍ തലയും ക്ഷത്രിയന്‍ കൈയും വൈശ്യന്‍ തുടയും പിന്നെ ശൂദ്രന്‍ പാദങ്ങളും ആയ വ്യവസ്തിയിലെ നാലാംവിഭാവമായ ശൂദ്രന്‍.
Tripartile Society അല്ലെങ്കില്‍ ഇതുമായ് cognate ചെയ്യപ്പെടുന്ന estates of Realm ചാതുര്‍വര്‍ണത്തിലെ ആദ്യമൂന്ന് സമൂഹവുമായ് താദാമ്യം പ്രാപിക്കുമെങ്കിലും ചവിട്ടി മെതിക്കപ്പെട്ട ശൂദ്രവര്‍ഗ്ഗ സംവിധാനം ഇല്ല എന്നത് അതിനെ തമ്മിലെ ഭേദം സിസ്റ്റമായ് മാറുന്നു.
പക്ഷെ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് വിപ്ലവം ഈ ഫ്യൂഡല്‍ വ്യവസ്ഥിതികളോടുള്ള എതിര്‍പ്പും പ്രതിഷേധവുമായിരുന്നു.
രൂപാന്തരം പ്രാപിച്ച യൂറോപ്യന്‍ ഫ്യൂഡല്‍ വ്യവസ്ഥ ഇന്ന് കമ്പോള മുതലാളിത്തത്തിന്റെ പ്രായോക്താക്കളായ് പിടിച്ചു നില്‍ക്കുന്നു.
വ്യത്യാസം ഒന്നുമാത്രം- ഉച്ചനീചത്വം ജാതിവര്‍ഗ്ഗ പരമല്ല മറിച്ച് സാമ്പത്തിക സാമൂഹിക ക്രമപ്രകാരമത്രെ-
റിഗ്വേദിക് കാലഘട്ടത്തിലെ സാമൂഹ്യഘടന രക്തബന്ധം, ഗോത്രം, പരമ്പര (Lineage) തുടങ്ങിയവയുടെ, അടിസ്ഥാനത്തിലായിരുന്നെങ്കില്‍ വേദിക് പിരീയഡില്‍ അത് വര്‍ണ്ണ സംവിധാനമായ് ശക്തിപ്രാപിക്കുകയാണുണ്ടായത്.
500 ബിസിയില്‍ അവസാനിച്ച വേദിക് പിരിയഡിനുശേഷം ഏകദേശം 800 ബിസിയിലേക്കും 200 ബിസിയിക്കും ഇടയില്‍ പോസ്റ്റ് വേദിക് ഹിന്ദുമതവും ജൈനമതവും ബുദ്ധമതവും തനതായ ഫിലോസഫിയുടെയും തത്വചിന്തകളുടെയും അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ് വന്നപ്പോള്‍ സാമൂഹിക ഘടനയിലും അത് മാറ്റങ്ങള്‍ സൃഷ്ടിച്ചു.
ചരിത്രം പറഞ്ഞാല്‍ തീരത്തില്ല എന്നുമാത്രമല്ല ഇ.എം.എസ് നമ്പൂതിരിപ്പാടും വിടി ഭട്ടതിരിപ്പാടും സമൂഹത്തിലെ പല അനാചാരങ്ങള്‍ക്കുമെതിരെ പോരാടി എന്നത് മനുഷ്യകുലം നന്ദിയോടെ സ്മരിക്കേണ്ട ഒരു വസ്തുത മാത്രം.
മക്കള്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചില്ല എന്നത് മാത്രമല്ല ഇഎംഎസിനെ അനശ്വരനാക്കുന്നത്; മതചിന്തകള്‍ക്കുമപ്പുറം മാനവികതയ്ക്കായ് നിലകൊണ്ടു എന്നതത്രെ!
ഇന്നത്തെ കമ്മ്യൂണിസ്റ്റുകളും, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നെങ്കില്‍ അതവരുടെ കര്‍മ്മ ഫലങ്ങള്‍ കൊണ്ടുതന്നെ.
പുരോഗമന പ്രസ്ഥാനങ്ങളുടെ ലിബറല്‍, മതന്യൂനപക്ഷ പ്രസ്ഥാനങ്ങളുടെയും തെറ്റുകള്‍ സുബ്രമണ്യന്‍ സ്വാമി നിഷ്‌കര്‍ഷിക്കുന്ന പുരാതന വ്യവസ്ഥിതിയിലേക്കുള്ള തിരിച്ചുപോക്കിനുള്ള തുരുപ്പ് ചീട്ട് അല്ല.
ഒരു പക്ഷെ ശുദ്ധീകരണത്തിനും പുനര്‍വിചിന്തനത്തിനും ബദല്‍രേഖകള്‍ക്കുമുള്ള ചൂണ്ടുപലകകളാണ് ഡോ. സുബ്രഹ്മണ്യ സ്വാമിയും അതുപോലെയുള്ള രാഷ്ട്രീയ പ്രചാരകരും നടത്തുന്ന വിമര്‍ശനങ്ങളും അവകാശവാദങ്ങളും.
മക്കള്‍ രാഷ്ട്രീയത്തില്‍ അടിതെറ്റിയ കോണ്‍ഗ്രസ് പാര്‍ട്ടിയും, ബൂര്‍ഷ്വാ സംസ്‌കാരത്തെ കൈചൂണ്ടി നോക്കുകൂലിയിലൂടെ നവ ലിബറല്‍ ബൂര്‍ഷ്വാ ആയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും മതാത്മക രാഷ്ട്രീയത്തിന്റെ പുത്തന്‍ ശീലുകള്‍ പ്രായോഗികമാക്കുന്ന ഹാര്‍വാര്‍ഡ് പ്രൊഫസര്‍മാരുടെയും തീവ്ര വലതുപക്ഷ ബുദ്ധിജീവികളുടെയും തന്ത്രങ്ങള്‍ക്കുമുമ്പില്‍ പതറുന്നുവെങ്കില്‍ ഒരു താത്വിക ആശയപോരാട്ടത്തിനുള്ള ധാര്‍മ്മിക നിലവാരം ഇല്ലാത്തതുകൊണ്ടു മാത്രമാണത്.
നിലവാരം ഉണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടി സ്വന്തം വൈരുദ്ധ്യങ്ങളുടെ നീര്‍ച്ചുഴിയില്‍പെട്ട് അപ്രസക്തമായതും ഇന്ത്യാചരിത്രത്തിന്റെ ഭാഗം മാത്രം.
പക്ഷെ കാലമാണ് എന്തിനെക്കാളും സ്ഥായിയായ ഭാവം. കാലത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഇനിയും സത്യാന്വേഷികള്‍ ഉയര്‍ന്നുവരാം. വൈവിദ്ധ്യങ്ങളുടെ, കുടിയേറ്റക്കാരുടെ, വിവിധ സംസ്‌ക്കാരങ്ങളുടെ പാരമ്പര്യമുള്ള ഭാരതത്തിന് ഇനിയും മഹത്വത്തിന്റെ നാളുകളാണ് വരാനുള്ളത്. നമുക്ക് കാത്തിരിക്കാം.
ഇന്ത്യ ഒരു കുടിയേറ്റ രാജ്യമോ? സുബ്രമണ്യന്‍ സ്വാമി സത്യം പറയുമോ?- സിറിയക്ക് സ്‌കറിയ
'ഇന്ത്യക്കാരന്റെ സ്വത്വം' (സുബ്രമണ്യന്‍ സ്വാമിയുടെ രാഷ്ട്രീയ കുശലത-2; സിറിയക് സ്‌കറിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക