Image

പെയ്തുതീരാത്ത നൊമ്പരമായ് ഇന്നും വയലാര്‍- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 27 October, 2014
പെയ്തുതീരാത്ത നൊമ്പരമായ് ഇന്നും വയലാര്‍- മീട്ടു റഹ്മത്ത് കലാം
എത്ര നല്ല സദ്യ വിളമ്പിയാലും എരിവ് അല്പം കൂടി, ഉപ്പ് പോരാ, മധുരം ലേശം കുറഞ്ഞു എന്ന് പരിഭവിക്കുന്ന മലയാളികളെ തൃപ്തിപ്പെടുത്തുക ശ്രമകരമാണ്. അങ്ങനെയുള്ള നമുക്കിടയില്‍ തലമുറകള്‍ പലത് കടന്നിട്ടും രുചിക്കൂട്ടുകളിലെ ജാലവിദ്യകൊണ്ടാകാം ശ്രീ.വയലാര്‍ രാമവര്‍മ്മ ഒരുക്കിയ ഗാനസദ്യ ഇന്നും കുറ്റമറ്റതും ആസ്വാദ്യകരവുമായി നിലനില്‍ക്കുന്നത്. അദ്ദേഹത്തെ കൂടാതെ കടന്നുപോയ 39 വര്‍ഷങ്ങളില്‍ ഒരു ദിവസം പോലും മലയാളി താരാട്ടായോ പ്രണയാര്‍ദ്രമായോ ഭക്തികൊണ്ടോ ഗൃഹാതുരസ്മരണയില്‍ മുങ്ങിയോ വയലാറിന്റെ വരികള്‍ ചുണ്ടോട് ചേര്‍ക്കാതെ ഇരുന്നിട്ടുണ്ടാകില്ല. സാധാരണക്കാരന്റെ സ്വപ്നങ്ങളെയും നിരാശകളെയും അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിച്ചതുകൊണ്ടുതന്നെ എന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളമണ്ണില്‍ വേരുറച്ച് നില്‍ക്കും.

സമകാലീനരായ ഏത് സംഗീതസംവിധായകര്‍ പകര്‍ന്ന സംഗീതത്തിലും വയലാറിന്റെ വരികള്‍ പ്രകാശിച്ച് തലയെടുപ്പോടെ നിലകൊണ്ടു.  എങ്കിലും ദേവരാജന്‍ മാഷുമായി ചേരുമ്പോള്‍ പിറന്ന ഗാനങ്ങള്‍ക്ക് പ്രത്യേക മാസ്മരികതയുണ്ടായിരുന്നു. ഇതിന്റെ രഹസ്യമായി മാസ്റ്റര്‍ പറഞ്ഞത് ഇങ്ങനെയാണ്:
“വയലാറിന്റെ വരികളുടെ വാക്കുകള്‍ക്കിടയില്‍ ഓരോ ചിത്രങ്ങളുണ്ട്. വരികള്‍ വായിക്കുമ്പോള്‍ തന്നെ ഈ ചിത്രം എന്റെ മനസ്സില്‍ തെളിയും. ഇത് കണ്ടറിഞ്ഞ് മനസ്സിലാക്കിയാണ് ഞാന്‍ സംഗീതം കൊടുക്കുന്നത്.”
ചില നിയോഗങ്ങളാണ് പിന്നീട് ചരിത്രം സൃഷ്ടിക്കുന്നത്. കവിതയും നാടകവും അങ്ങനെ പലതിലും കൈവച്ച് വയലാര്‍ രാമവര്‍മ്മ സിനിമാഗാനരചയിലേക്ക് തിരിഞ്ഞതും ചരിത്രം കുറിക്കാന്‍ പോന്ന നിയോഗമാണ്. ആ വിരലില്‍ വിരിഞ്ഞ ഗാനങ്ങളത്രയും മലയാണ്മയുടെ പുണ്യമാണ്. സിനിമയ്ക്കുവേണ്ടി എഴുതാനിരിക്കുമ്പോള്‍ സിനിമയെതന്നെ ആകെ മറന്ന് ഭാവനയുടെ നീരുറയിലൂടെയുള്ള യാത്രയായിരുന്നു വയലാര്‍ നടത്തിയിരുന്നത്. അതുകൊണ്ടാണ് ആ പാട്ടുകളിന്നും കവിതയുടെ വര്‍ണ്ണമേലങ്കി പുതച്ചുനില്‍ക്കുന്നത്.

കേരളവര്‍മ്മ തമ്പുരാനും അംബാലിക തമ്പുരാട്ടിയ്ക്കും വൈകിയുണ്ടായ മകനാണ് വയലാര്‍ രാമവര്‍മ്മ. ഏറെ ലാളന അനുഭവിച്ചു വളര്‍ന്നതുകൊണ്ടാകാം അമ്മ എന്നും കുട്ടന്റെ(കവിയുടെ) ബലഹീനതയായിരുന്നു. ടെലിഫോണ്‍ മഹാത്ഭുതമായിരുന്ന കാലത്തും മദ്രാസില്‍ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുന്നത് മുടക്കിയിരുന്നില്ല. മാതൃത്വത്തെ ദൈവത്തിനേക്കാള്‍ മുകളില്‍ കാണുന്ന വരികള്‍ ആ തൂലികയില്‍ പിറന്നതും അതുകൊണ്ടാകാം. ചന്ദ്രമതി തമ്പുരാട്ടിയുമൊത്തുള്ള ഏട്ടര വര്‍ഷത്തെ ദാമ്പത്യത്തില്‍ കുട്ടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അവരുടെ സമ്മതത്തോടെ അനിയത്തി ഭാരതിയെ വയലാര്‍ വിവാഹം കഴിച്ചതും അമ്മയ്ക്കുവേണ്ടിയാണ്. ആ ബന്ധത്തില്‍ പിറന്ന നാലുമക്കളില്‍ മൂത്തയാളാണ് ഇന്ന് മലയാള സിനിമാഗാനരചയിതാക്കളില്‍ പ്രമുഖനായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ. സുഖകരമായ ജീവിതത്തിലും ആദ്യഭാര്യയോടുള്ള സ്‌നേഹം ആ മനസ്സില്‍ വിങ്ങളായി കിടന്നിരുന്നു. “സന്യാസിനി” എന്ന ഗാനം അവരെ ഓര്‍ത്തെഴുതിയതാണ്. രാത്രി പകലിനോടെന്നപോലെ ഭംഗിയുള്ള യാത്രാമൊഴി മറ്റൊരാളുടെ വിദൂര ചിന്തയില്‍പോലും തെളിയില്ല. ആ സ്വകാര്യ വിരഹം പിന്നീട് പല തലമുറകള്‍ ഏറ്റുപാടി എന്നത് അതിന്റെ തീവ്രത വ്യക്തമാക്കും.

ഏത് മലയാളിയുടെയും ഇഷ്ടഗാനങ്ങളിലൊന്നായ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം ജീവിതം മടുത്തവര്‍ക്കുപോലും ജീവിക്കാന്‍ പ്രേരണ പകരും. സ്വര്‍ഗ്ഗം എന്ന സങ്കല്പത്തെക്കാള്‍ സൗന്ദര്യം ഭൂമിയ്ക്കുണ്ടെന്ന് തോന്നോപ്പിക്കുന്ന വരികളാണ് അതിന്റെ സവിശേഷത. സ്വപ്നങ്ങളും  പുഷ്പങ്ങളും സ്വര്‍ണ്ണമരാളങ്ങളും കാമുകഹൃദയങ്ങളും സന്ധ്യകളും ചന്ദ്രികയും ഗന്ധര്‍വ്വസംഗീതവും, അങ്ങനെ എല്ലാംകൊണ്ടും കൊതിപ്പിക്കുന്ന മനോഹരതീരമായാണ് വസുന്ധരയെ കവി പ്രകീര്‍ത്തിച്ചിരിക്കുന്നത്. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ എന്ന ഒറ്റചോദ്യം മതി ജീവിതത്തോട് സ്‌നേഹം തോന്നാന്‍.

വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുകള്‍, വിവിധ മതഗ്രന്ഥങ്ങള്‍ കൂടാതെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ആധാരഗ്രന്ഥങ്ങള്‍ എന്നിവയിലും വയലാറിന്റെ ജ്ഞാനം അപാരമായിരുന്നു.
ക്രിസതുവും കൃഷ്ണനും നീയല്ലോ
ബുദ്ധനും നബിയും നീയല്ലോ
ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍ അന്ധന്മാരല്ലോ(അച്ഛനും ബാപ്പയും)
എന്ന ഗാനം മതസാഹോദര്യത്തിന് ഊന്നല്‍ കൊടുക്കുന്നു.  ബലികൂടീരങ്ങളേ പോലുള്ള വിപ്ലവനാടക ഗാനങ്ങളില്‍ പ്രകടമാകുന്നത് നാടിന്റെ പോര്‍വീര്യവും അദ്ദേഹത്തിലെ സാമൂഹികബോധവുമാണ്.
വളരെ സരസമായി താന്‍ ഉദ്ദേശിക്കുന്ന ഒരു വലിയ കാര്യം സമൂഹത്തിനോട് പറയാന്‍ വയലാര്‍ വിരുതനായിരുന്നു. ഒരിക്കല്‍ സുഹൃത്തുക്കളോടൊത്ത് ക്ഷേത്രപരിസരത്തെത്തിയ വയലാര്‍, അവിടെ നിന്ന് സിഗററ്റ് വലിച്ചു. ക്ഷേത്ര പരിസരത്ത് പുകവലി നിരോധിച്ചിരിക്കുകയാണെന്ന് നടത്തിപ്പുകാരിലൊരാള്‍ അറിയിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ബഹുരസമായിരുന്നു. ഒരു പുകകൂടി അന്തരീക്ഷത്തില്‍ ഉയര്‍ത്തി കവി പറഞ്ഞു: “ഈ ക്ഷേത്രനടയില്‍ നിന്ന് സിഗരറ്റ് വലിക്കാമെന്ന് എനിക്കൊരു നേര്‍ച്ചയുണ്ടായിരുന്നു.” ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഒരുപോലെ കഴിയുന്ന വഴിപാടുകള്‍ക്കു നേരെയുള്ള ഒരസ്ത്രം കൂടിയായിരുന്നു അത്. ക്ഷേത്രവിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവം ആലപ്പുഴ മുല്ലയ്ക്കല്‍ വച്ചുണ്ടായി.
മുല്ലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിന് വരണം. ക്രിസ്തുമതവിശ്വാസി എന്നതിന്റെ പേരില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ദാസേട്ടനം അവിടെ കയറരുതെന്ന് ക്ഷേത്ര കമ്മിറ്റി വിലക്കി. പ്രശ്‌നം കോടതി വരെ എത്തി. അന്ന് ഉത്സവപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് വയലാര്‍ രാമവര്‍മ്മയെ ആയിരുന്നു. വയലാര്‍ ഉച്ചഭാഷിണിയുടെ അടുത്തെത്തിയപ്പോള്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. എന്താണ് കവി പറയാന്‍ പോകുന്നതെന്ന് കാതോര്‍ക്കുകയായിരുന്നു ഭക്തജനങ്ങള്‍. പ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു:
“എനിക്ക് ഈശ്വരനില്‍ വിശ്വാസമില്ല; എന്നിട്ടും എന്നെ നിങ്ങള്‍ ക്ഷേത്രത്തില്‍ കയറ്റി. യേശുദാസ് തികഞ്ഞ ഈശ്വരവിശ്വാസിയാണ്. പക്ഷേ, ക്രിസ്ത്യാനി എന്ന ഒറ്റക്കാരണം കൊണ്ട് ഈ ക്ഷേത്രത്തില്‍ അദ്ദേഹത്തെ കയറ്റുന്നില്ല” ക്ഷേത്രഭാരവാഹികളുടെ നെഞ്ചില്‍ ആഞ്ഞ് തറയ്ക്കുന്ന കൂരമ്പുകളായിരുന്നു ആ വാക്കുകള്‍.

പരന്ന വായനയാണ് വയലാറിന്റെ കവിഭാവനയുടെ മാറ്റ് കൂട്ടിയത്. മലയാളത്തില്‍ കുമാരനാശാനും ഇംഗ്ലീഷില്‍ മില്‍ട്ടണും കീറ്റ്‌സുമൊക്കെ അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരായി ഗ്രന്ഥശാലയില്‍ കൂട്ടുചേര്‍ന്നു. ആദിശങ്കരനും ബുദ്ധനും ഗാന്ധിയും മാര്‍ക്‌സും വിവേകാനന്ദനുമൊക്കെ  വയലാറിന്റെ എഴുത്തില്‍ സ്വാധീനം ചെലുത്തിയവരാണ്. സംസ്‌കൃതത്തിലെ അഗാധപാണ്ഡിത്യത്തിനു പിന്നില്‍ ഗുരുകുല  രീതിയില്‍ അഭ്യസിച്ചതും ആരാധനയോടെ വായിച്ചുകൂട്ടിയ കാളിദാസന്റെ രചനകളുമാകാം കാരണം. സംസ്‌കൃതത്തിന്റെ ഉച്ചാരണത്തില്‍പ്പോലും അദ്ദേഹം അതീവ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇതിന് തന്റെ ആത്മസുഹൃത്ത് മലയാറ്റൂര്‍ രാമകൃഷ്ണനുമായി ബന്ധപ്പെട്ട് ഒരു സംഭവം മലയാറ്റൂര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്:
മലയാറ്റൂരിന്റെ കുടുംബത്തില്‍ ഒരു വിശേഷാല്‍പൂജ. പേരുകേട്ട തന്ത്രിയാണ് കാര്‍മ്മികന്‍. പെട്ടെന്നാണ് മുന്നറിയിപ്പില്ലാതെ വയലാര്‍ സുഹൃത്തിനെ തേടി എത്തിയത്. ഭക്തിപൂര്‍വ്വം നില്‍ക്കുന്ന മലയാറ്റൂരിനെ മാറ്റിനിര്‍ത്തി നമ്മുടെ കവി പറഞ്ഞു:
“എനിക്ക് കുടിക്കണം.”
 “പൂജ ഒന്ന് കഴിഞ്ഞോട്ടെ.” മലയാറ്റൂര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വയലാറുണ്ടോ സമ്മതിക്കുന്നു.
“പൂജ ഒരു ഭാഗത്ത് നടന്നോട്ടെ, എനിക്ക് കുടിക്കണം.”  അദ്ദേഹം ശഠിച്ചു.

വയലാറിന്റെ സ്വഭാവം നന്നായി അറിയാവുന്ന മലയാറ്റൂര്‍ മുകളിലത്തെ നിലയില്‍ കവിയ്ക്കുവേണ്ട സജ്ജീകരണം ചെയ്തുകൊടുത്തു. കുടിക്കുന്നതിനിടയില്‍ ഗോവണി ഇറങ്ങിവന്ന വയലാര്‍ തന്ത്രി ഉരുവിടുന്ന ശ്ലോകങ്ങള്‍ ശ്രദ്ധിച്ചു. ഒരു ഇടിമുഴക്കം പോലെയാണ് വാക്കുകള്‍ പുറത്തേയ്ക്ക് വന്നത്: “നിര്‍ത്തെടോ, താന്‍ ചൊല്ലിയ ശ്ലോകങ്ങള്‍ തെറ്റാണ്.” ഒരു ഞെട്ടലോടെ തന്ത്രി പൂജ നിര്‍ത്തി. മലയാറ്റൂരും കുടുംബവും സ്തബ്ധരായി. വല്ലാത്തൊരു മൗനം. അതിനെ മുറിച്ചുകൊണ്ട് വയലാര്‍ തന്റെ അറിവിന്റെ ഗംഗയില്‍ നിന്നുകൊണ്ട് സംസ്‌കൃതത്തിലെ പൂജാസൂക്തങ്ങള്‍ മന്ത്രിച്ചു.

വയലാറിനെക്കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ എത്രയോ സംഭവങ്ങള്‍? അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളില്‍ മലയാറ്റൂര്‍ തന്നെയാണ് നെഞ്ചോട് ചേര്‍ന്ന് നിന്നത്. ഒരുപക്ഷേ, സുഹൃത്തിന്റെ മരണത്തില്‍ ഒരുപാട് വിതുമ്പിയതും. നാല്‍പത്തിയേഴോ വയസ്സില്‍ ഒക്‌ടോബര്‍ 27, 1965 ല്‍ കവി മരണത്തോട് മുഖാമുഖം നോക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ മലയാറ്റൂര്‍ മദ്രാസിലായിരുന്നു. അന്ന് ആലപ്പുഴ ജില്ലാകലക്ടറായിരുന്ന ശ്രീ. ഭരതനെ വിളിച്ച് തുടര്‍ച്ചയായി വിവരങ്ങള്‍ അന്വേഷിക്കുകയും ആശുപത്രിയില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും തിരുവനന്തപുരത്തേയ്ക്ക് റെഫര്‍ ചെയ്തതും സുഹൃത്തിന്റെ ജീവനുവേണ്ടി അദ്ദേഹം ഏറെപണിപ്പെട്ടു. എങ്കിലും മലയാളികള്‍ക്ക് പെയ്തുതീരാത്ത നൊമ്പരം അവശേഷിപ്പിച്ച ആ ഗാനശില്പി യാത്രയായി.

മലയാളഗാനശാഖയ്ക്ക് വീണ്ടും ഒരു വസന്തം തൊണ്ണൂറുകളില്‍ വിരിയിച്ച ഗിരീഷ് പുത്തഞ്ചേരി വയലാറിന്റെ മകന്‍ ശരത്ചന്ദ്രവര്‍മ്മയെ അവസാനമായി കണ്ടപ്പോള്‍ പറഞ്ഞത്: “ഞാനാണ് നിന്റെ അച്ചന്റെ മൂത്ത മകന്‍” എന്നാണഅ ഏകലവ്യന്‍ ദ്രോണാചാര്യരെ കാണുന്നതുപോലെ വയലാറെന്ന കവിയെ ഗുരുസ്ഥാനത്ത് കാണുന്നവര്‍ ഏറെയുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഒരു സ്‌ക്കൂളാണ്. അത് മാത്രം പഠിച്ചാല്‍പ്പോലും അല്പം ഭാവനയുള്ളവര്‍ക്ക് എഴുതാന്‍ കഴിയും. അസ്തമിക്കാത്ത ആ സൂര്യന്റെ കിരണങ്ങളേറ്റ്  തളര്‍ന്നുകിടക്കുന്ന മലയാളഗാനങ്ങള്‍ പുത്തനൂര്‍ജ്ജം കൈവരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


പെയ്തുതീരാത്ത നൊമ്പരമായ് ഇന്നും വയലാര്‍- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക