Image

ഇന്ദിരാജിയ്‌ക്ക്‌ സ്‌മരണാഞ്‌ജലി (ഡോ.മാത്യു ജോയിസ്‌, സിന്‍സിനാറ്റി)

Published on 27 October, 2014
ഇന്ദിരാജിയ്‌ക്ക്‌ സ്‌മരണാഞ്‌ജലി (ഡോ.മാത്യു ജോയിസ്‌, സിന്‍സിനാറ്റി)

ഇന്ദിരാജിയുടെ രക്ത സാക്ഷിത്വ ദിനം ഒക്ടോബര്‍ 31

`സുദീര്‍ഘമായ ഒരു ജീവിതത്തില്‍ എനിക്ക്‌ താല്‍പര്യമില്ല, എനിക്ക്‌ സാഹചര്യങ്ങളെപ്പറ്റിയും ഭയമില്ല. എന്റെ രാജ്യത്തിനുവേണ്ടി എന്റെ ജീവനര്‍പ്പിക്കേണ്ടിവന്നാലും, അതിനും ഞാന്‍ തയ്യാറാണ്‌. ഇന്ന്‌ ഞാന്‍ മരിക്കേണ്ടിവന്നാല്‍, എന്റെ ഓരോ തുള്ളി രക്തവും ഈ രാഷ്ട്രത്തെ ശക്തീകരിക്കും.' (ഇന്ദിരാഗാന്ധി ഒക്ടോബര്‍ 30, 1984)

ഇളം തണുപ്പ്‌ മാറിവരുന്ന ശിശിരത്തിലെ പ്രഭാതം. ഒറീസ്സയിലെ ഭുവനേശ്വറില്‍ തലേദിവസം നടത്തിയ ഇന്ദിരാജിയുടെ അവസാനത്തെ പ്രസംഗത്തിലെ അറം പറ്റുന്ന വിധത്തിലുള്ള ഈ വാക്കുകള്‍ ടീവീയിലൂടെ കേട്ടും, പിറ്റേ ദിവസ്സത്തെ പത്രങ്ങളില്‍ ജനം വായിച്ചു പുളകിതരായിത്തുടങ്ങിയതേയുള്ളൂ. ഞാനും അന്നു രാവിലെ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‌ഡസ്‌ട്ട്രിയല്‍ മാനേജേഴ്‌സിന്‍റെ കോണ്‍ഫറന്‌സില്‍ രാവിലെ പത്തുമണിക്ക്‌ എത്തിച്ചേരാന്‍ പുറപ്പെടുകയായിരുന്നു. അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ വാര്‍ത്ത കേള്‍ക്കാന്‍ ഇടയായത്‌, `പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവെച്ചു'.

പിന്നെ ഡല്‍ഹിയിലും രാജ്യത്താകമാനം ഭീതിയും ഭയാനകതയും തളംകെട്ടി നിന്ന മണിക്കൂറുകള്‍ ആയിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‌പു നെഹ്രുവിനോടൊപ്പം കേരളം സന്ദശിച്ചപ്പോള്‍ ദൂരെനിന്ന്‌ കാണാന്‍ സാധിച്ച ആ പ്രിയദര്‍ശിനിയുടെ പുഞ്ചിരിക്കുന്ന മുഖം മനസ്സില്‍നിന്നും മാറിയിരുന്നില്ല. വെറും സാധാരണക്കാരനായ ഞാന്‍ പോലും സ്വന്തത്തിലുള്ള ആരോ കൊല്ലപ്പെട്ട ഒരു ഞെട്ടലിന്റെ നിര്‍വികാരതയിലമര്‍ന്നു. പിന്നീട്‌ തന്റെ അംഗരക്ഷകരായ സിക്കുകാര്‍ തന്നെയാണ്‌ നിര്‍ദയം ഇന്ദിരാജിയെ തുരുതുരാ വെടികള്‍ ഉതിര്‍ത്തു വധിച്ചതെന്നു വാര്‍ത്ത സ്ഥിരീകരിച്ചപ്പോഴേക്കും, ഇന്ത്യാക്കാര്‍ ആകെപ്പാടെ ശോകത്തില്‍ മുഴുകി. ജനരോഷം സിക്കുകാരായ ഒറ്റപ്പെട്ടവരുടെമേല്‍ പലയിടത്തും പ്രകടിപ്പിക്കാനും മറന്നില്ല. ജനപ്രിയയെന്ന്‌ വിദേശങ്ങളില്‍പ്പോലും കരുതിയിരുന്ന നെഹ്രുവിന്‍റെ മകള്‍ ഇന്ദിരാജിയുടെ ദാരുണാന്ത്യം ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമായി മാറി.

എന്തായിരുന്നു ഈ കൊടുംക്രൂരതയ്‌ക്ക്‌ പിന്നില്‍ എന്ന്‌ മനസ്സിലാക്കാന്‍ ദിവസ്സങ്ങള്‍ എടുത്തു. 1980 കളില്‍ ജര്‍ണയില്‌സിംഗ്‌ ഭിന്ദ്രന്‍വാലയും സംഘവും അമൃതസറിലെ ഹര്‌മന്ദിര്‍ സാഹിബ്‌ കോംപ്ലക്‌സ്‌ അധീനതയിലാക്കി തീവ്രവാദത്തിന്റെ പരിശീലനങ്ങള്‍ നടത്തുന്നുവെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ 1984 ജൂണ്‍ 3 മുതല്‍ 8 വരെ വന്‍ യുദ്ധസന്നാഹങ്ങളോടെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന പേരില്‍ നടന്ന മിലിട്ടറി ഓപ്പറേഷനിലൂടെ ആ ആരാധനാകേന്ദ്രവും ചുറ്റുപാടുകളും തിരിച്ചുപിടിക്കാന്‍ സാധിച്ചുവെന്നത്‌ ഇന്ദിരാജിയുടെ ഒരു നേട്ടമായിരുന്നു. ഔദ്യോഗികമായി 492 സിവിലിയന്‍സ്‌ കൊല്ലപ്പെട്ടുവെന്ന്‌ രേഖപ്പെടുത്തിയിരുന്നെങ്കിലും 5000 ത്തിലധികം സിക്കുകാരെ കൂട്ടക്കുരുതി നടത്തിയെന്നും ആയതില്‍ തങ്ങളുടെ നേതാവ്‌ ഭിന്ദ്രന്‍ വാലയെ വധിച്ചുവെന്നതും സിക്കുകാരില്‍ ആത്മീയരോഷം ആളിക്കത്തിച്ചു. ആയതിന്റെ തിക്തഫലമാണ്‌ രാഷ്ട്രത്തെ നടുക്കിയ ഇന്ദിരാജിയുടെ വധത്തില്‍ അവസ്സാനിച്ചതെന്ന്‌ പറയേണ്ടിയിരിക്കുന്നു.

സത്വന്ത്‌സിങ്ങും ബിയാന്ത്‌സിങ്ങും പ്രധാനമന്ത്രിയുടെ അംഗരക്ഷകസേനയിലെ പ്രധാനികളായിരുന്നു. ബിയാന്ത്‌ സിംഗ്‌ രാവിലെയും സത്‌ വന്ത്‌ സിംഗ്‌ വൈകിട്ടത്തെ ഷിഫ്‌റ്റുകളിലുമായിരുന്നു ജോലി. എന്നാല്‍ തലേ ദിവസ്സം വയറുവേദന നടിച്ചുകൊണ്ട്‌, സത്‌ വന്ത്‌സിംഗ്‌ മറ്റൊരാളുമായി ഷിഫ്‌റ്റ്‌ മാറ്റിയെടുത്തു. അങ്ങനെ ഒക്‌റ്റോബര്‍ 31 രാവിലെ അവര്‍ രണ്ടും ഒരേ ഷിഫ്‌ടിലായി തങ്ങളുടെ ആസൂത്രിത പദ്ധതി നടപ്പാക്കുകയായിരുന്നു. ഇന്ദിരാജി രാവിലെ ഒമ്പതുമണിക്ക്‌ സഫ്‌ദര്‍ജംഗ്‌ റോഡിലുള്ള വസതിയില്‍നിന്നും പതിവുപോലെ തന്‍റെ ഓഫിസിലേക്ക്‌ നടന്നു വരികയായിരുന്നു. പൊടുന്നനെ ബിയാന്ത്‌ സിംഗ്‌ .38 കാലിബര്‍ റിവോള്‍വര്‍ എടുത്ത്‌ ഇന്ദിരയുടെ നേരെ മൂന്ന്‌ പ്രാവശ്യം നിറയൊഴിച്ചു, താഴെ വീണ ഇന്ദിരാജിയുടെ മാറിലേക്ക്‌ മുപ്പത്‌ ബുള്ളറ്റുകള്‍ കൂടി തന്റെ സ്‌റ്റെന്‍ ഗണ്ണില്‍ നിന്നും സത്‌ വന്ത്‌സിങ്ങും ഉതിര്‍ത്തപ്പോള്‍, ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായിരുന്ന വനിതാപ്രധാനമന്ത്രി ലോകത്തോട്‌ യാത്രപറഞ്ഞു. മറ്റു കമാണ്ടോകള്‍ ഓടിയെത്തുമ്പോള്‍ `ബോല്‌സോ നിഹാല്‍, സത്‌ ശ്രീ അകാല്‍' എന്ന്‌ ഉറക്കെ ഘോഷിച്ചുകൊണ്ട്‌ തങ്ങളുടെ ദൌത്യം നിറവേറ്റിയ കൊലയാളികള്‍ പറഞ്ഞതിപ്രകാരമായിരുന്നു.`ഞങ്ങള്‍ ചെയ്യാനുള്ളത്‌ ഞങ്ങള്‍ ചെയ്‌തു, ഇനിയും നിങ്ങള്‍ക്കുള്ളത്‌ നിങ്ങള്‍ക്ക്‌ ചെയ്യാം.' പിന്നീട്‌ നടന്ന പിടിച്ചുവലികള്‍ക്കിടയില്‍ സത്‌ വന്ത്‌സിംഗ്‌ മറ്റൊരു കമാണ്ടോയുടെ ഗണ്ണ്‌! പിടിച്ചുപറിച്ച്‌ വെടി വെച്ചെന്നും, വെടിവെയ്‌പ്പിനിടയില്‍ ബിയാന്ത്‌ സിംഗ്‌ കൊല്ലപ്പെട്ടുവെന്നും, സത്‌ വന്ത്‌സിങ്ങിനെ പിന്നീട്‌ വധശിക്ഷക്ക്‌ വിധിച്ചുവെന്നതും ബാക്കി കഥകള്‍.

ഒന്ന്‌ തിരിഞ്ഞു നോക്കുമ്പോള്‍, അസാധാരണമായ വ്യക്തിത്വവും അതെ സമയം വെല്ലുവിളികളും കൊണ്ട്‌ നിറഞ്ഞതായിരുന്നു ഇന്ദിരാജിയുടെ ജീവിതം. ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ഒരേയൊരു മകള്‍, അച്ഛനോടൊപ്പം രാജ്യത്തിന്റെ പ്രശ്‌നങ്ങളും വളര്‍ച്ചയും നേരിട്ടറിഞ്ഞു മനസ്സിലാക്കി വളര്‍ന്നവള്‍, 1966 ല്‍ ആദ്യമായി ഇന്തയുടെ വനിതാ പ്രധാനമന്ത്രി പദത്തിലെത്തിയത്‌ യാദൃച്ചികമല്ലായിരുന്നു. കാര്‌ഷികപുരോഗതിയിലും ഭക്ഷ്യവിഭവ സ്വയംപര്യാപ്‌തതയിലും രാജ്യത്തിന്‌ കൈവരിച്ച നേട്ടങ്ങള്‍ ഇന്ദിരാജിയുടെ പ്രശസ്‌തിക്കും കാരണമായി, എന്നാല്‍ മൂന്നു വട്ടം നേതൃത്വത്തില്‍ ഇരുന്നതിനുശേഷം, ഇന്ദിരാജിയുടെ അധികാരകേന്ദ്രീകരണവും തന്റേടസ്വഭാവം വെളിവാക്കുന്ന നയങ്ങളും അണികളില്‍ത്തന്നെ, അലോരസം ഉളവാക്കുകയും ചെയ്‌തതിനാല്‍ പദവി പോകാനിടയായി. 21 മാസം നീണ്ടുനിന്ന അടിയന്തിരാവസ്ഥകളിലൂടെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഒരളവു വരെ അടിച്ചമര്‍ത്തിയതായി അഭിപ്രായം ഉയര്‍ന്നു. എങ്കിലും 1980 ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയതിന്റെ പശ്ചാത്തലത്തില്‍ നടന്ന കര്‍ശനനടപടികള്‍ സ്വന്തം ജീവന്‍ തന്നെ രാജ്യത്തിനുവേണ്ടി അര്‍പ്പിക്കേണ്ടിവരുമെന്നു ആരും കരുതിയിരിക്കയില്ല.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന്‌ ഇന്ദിരാജിയുടെ രക്തസാക്ഷിത്വം ദുഖസൂചകമായി ആഘോഷിക്കുമ്പോള്‍, മറ്റൊരു വശത്ത്‌ അവരുടെ കൊലപാതകികളായ സത്‌ വന്ത്‌ സിങ്ങിനെയും ബിയാന്ത്‌സിങ്ങിനെയും സിക്കുമതത്തിലെ അകാല്‌തക്ത്‌ വീരപുരുഷന്മാരായി അംഗീകരിച്ച്‌. അഭിമാനപുരസ്സരം അവരുടെ രക്തസാക്ഷിദിനമായി ആചരിച്ചുവരുന്നു.

ഇന്നും ഇന്ദിരാജിയുടെ സുപ്രധാനമായ ചില മഹത്‌ വാചനങ്ങള്‍ ശ്രദ്ധേയമാണ്‌;

`സ്വതന്ത്രയായ സ്‌ത്രീയാകണമെങ്കില്‍ അവള്‍ സ്വയം തന്നില്‍ നിന്നും സ്വതന്ത്രയാകണം. പുരുഷനോട്‌ എതിരാളിയായിട്ടല്ല, സ്വന്തം വ്യക്തിത്വത്തിലും, കഴിവിലും ആയിരിക്കണം.'

`ഇന്ത്യാമഹാരാജ്യത്തിന്‌ സുദീര്‍ഘമായ ഒരു ചരിത്രപാരമ്പര്യമുണ്ട്‌. നമ്മള്‍ ഇതുവരെ മറ്റൊരു രാജ്യത്തെ ആക്രമിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യ പല ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്‌. മറ്റു പല സ്ഥലങ്ങളില്‍നിന്നും ഇവിടെ കുടിയേറിപ്പാര്‍ത്തവരും, ഇവിടെ നല്ല ഇന്ത്യാക്കാരായി ജീവിക്കുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിലും അവര്‍ നമ്മളോടൊപ്പം ഒരു മതിലായി നിന്നുകൊണ്ട്‌ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്‌.'

`ഇവിടെ ജോലി ചെയ്യുന്നവര്‍ എന്ന ഒരു വിഭാഗവും, അതിന്‍റെ ക്രെഡിറ്റ്‌ വാങ്ങിയെടുക്കുന്ന മറ്റൊരു വിഭാഗവും ആള്‍ക്കാരാണ്‌ ഉള്ളതെന്ന്‌ എന്‍റെ വല്യച്ചന്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌. ഇതില്‍ ഒന്നാം വിഭാഗത്തില്‍ ഉള്‍ പ്പെടാന്‍ ശ്രമിക്കണമെന്ന്‌ അദ്ദേഹം എനിക്ക്‌ ഉപദേശിച്ചിരുന്നു. കാരണം ആ കൂട്ടത്തില്‍ മത്സരം കുറവായിരിക്കും.'

`ജനങ്ങള്‍ പലപ്പോഴും തങ്ങളുടെ കടമ ചെയ്യാന്‍ മറന്നുപോകും, പക്ഷേ അവകാശങ്ങള്‍ എപ്പോഴും ഓര്‍ത്തിരിക്കുംതാനും.'

`ചുരുട്ടിപ്പിടിച്ച കൈകള്‍കൊണ്ട്‌ മറ്റൊരാള്‍ക്ക്‌ ഹസ്‌തദാനം ചെയ്യാന്‍ സാധിക്കില്ല, എന്ന്‌ ഓര്‍ത്തിരിക്കണം.'

`ധൈര്യമുള്ളവരുടെ ഒരു സല്‍സ്വഭാവം മാത്രമാണ്‌ ക്ഷമ'

`പണമില്ലാതെ ഒന്നുംചെയ്യാന്‍ സാധിക്കാത്ത മന്ത്രിമാരെയും, പണം കൊണ്ട്‌ എല്ലാം ചെയ്യാമെന്ന്‌ കരുതുന്ന മന്ത്രിമാരെയും നാം സൂക്ഷിക്കണം.'

`രക്തസാക്ഷിത്വം ഒന്നും അവസ്സാനിപ്പിക്കുന്നില്ല, പക്ഷെ അത്‌ ഒരു തുടക്കം മാത്രമായിരിക്കും.'

ഇന്നും ഞടുക്കത്തോടെ ഓര്‍ക്കുന്ന ആ ദിവസ്സത്തിന്റെ ഓര്‍മ്മകളോടെ, ഇന്ദിരാജിയുടെ മുപ്പതാം വീരചരമവാര്‍ഷികദിനത്തില്‍ ഒരു പിടി സ്‌മരണാഞ്‌ജലിയുടെ റോസാദളങ്ങള്‍ അര്‍പ്പിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക