Image

കരുണാ ചാരിറ്റി: സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍

Published on 25 October, 2014
കരുണാ ചാരിറ്റി: സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍
ന്യൂയോര്‍ക്ക്‌: ഇരുപത്തൊന്ന്‌ വര്‍ഷം മുമ്പ്‌ കൊളുത്തിവെച്ച സേവനത്തിന്റെ കൈത്തിരി നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ പ്രഭാപൂരമായി മാറിയ കഥ പറയുന്ന കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ഗാലയും ഫണ്ട്‌ റൈസറും സംഘടനയുടെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചാര്‍ത്തി.

യോങ്കേഴ്‌സിലെ നേഹാ പാലസില്‍ നടന്ന ഗാലാ സമ്മേളനത്തില്‍ സംഘടനയുടെ എളിയ തുടക്കവും മഹത്തായ ലക്ഷ്യങ്ങളും പ്രസിഡന്റ്‌ ഷീല ശ്രീകുമാര്‍ അനുസ്‌മരിച്ചു. സംഘടനയ്‌ക്ക്‌ തുടക്കമിട്ട ലേഖാ ശ്രീനിവാസന്റേയും മറ്റ്‌ സ്ഥാപകരുടേയും സ്വപ്‌നം പൂവണിയുന്ന കാഴ്‌ചയാണ്‌ ദശകങ്ങളിലൂടെ നാം കാണ്ടതെന്ന്‌ ഷീല ചൂണ്ടിക്കാട്ടി. അന്നവര്‍ കണ്ട സ്വപ്‌നത്തെ നെഞ്ചിലേറ്റി ഒട്ടേറെപ്പേര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തങ്ങളേക്കാള്‍ പിന്നണിയില്‍ കഴിയുന്ന വനിതകളെ ഉദ്ധരിക്കുകയെന്ന ലക്ഷ്യത്തില്‍ പങ്കാളികളാകാന്‍ വനിതകള്‍ ആവേശപൂര്‍വ്വം രംഗത്തുവന്നു- പ്രത്യേകിച്ച്‌ ന്യൂയോര്‍ക്ക്‌, ട്രൈസ്റ്റേറ്റ്‌ മേഖലയിലുള്ളവര്‍. സംഘടനയ്‌ക്ക്‌ തുടക്കമിട്ട്‌ മാതൃകയായവരില്‍ പലരും ഇപ്പോഴും കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു.

ഇതിനകം അര മില്യനിലധികം ഡോളര്‍ സമാഹരി
ച്ച്‌ വിതരണം ചെയ്‌തുകൊണ്ട്‌ കരുണ അതിന്റെ ദൗത്യം തുടരുന്നു. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമൊക്കെ മുറപോലെ നടക്കുമ്പോഴും കരുണയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അംഗങ്ങള്‍ സമയം കണ്ടെത്തി. കഠിനാധ്വാനവും അര്‍പ്പണബോധവുമാണ്‌ അവരുടെ കൈമുതല്‍. ദീര്‍ഘകാലം സംഘടനയില്‍ അംഗവും ഇപ്പോള്‍ പ്രസിഡന്റുമായ തനിക്ക്‌ കരുണയിലെ പ്രവര്‍ത്തനം എത്രമാത്രം എളിമപ്പെടുത്തുന്നതാണെന്ന്‌ നേരിട്ടറിയാം. അതിനായി ചെലവഴിച്ച ഓരോ നിമിഷവും താന്‍ ആസ്വദിച്ചു. ഇന്നിപ്പോള്‍ കരുണ എന്നത്‌ കാരുണ്യത്തിന്റേയും സേവനത്തിന്റേയും പര്യായം തന്നെയായി മാറി.

കരുണയില്‍ കൂടുതല്‍ പേര്‍ അംഗത്വമെടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്‌തു. പുതിയ ആശയങ്ങളും നേതൃപാടവവുമെല്ലാം സംഘടനയ്‌ക്ക്‌ ആവശ്യമാണ്‌. ഫണ്ട്‌ റൈസിംഗിനു പുറമെ വനിതകള്‍ക്കും കുട്ടികള്‍ക്കും മറ്റും സേവനം എത്തിക്കുന്ന ചെറിയ ഗ്രൂപ്പുകളായും നമുക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയും- ഷീലാ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി

ഡോ. ഉഷ സോമസുന്ദരന്‍ അന്തരിച്ച ഡോ. ലതാ മേനോനെഅനുസ്മരിച്ച് നടത്തിയ ആമുഖ പ്രസംഗത്തോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്. അനിതാ കൃഷ്‌ണന്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഡോ. ഉഷാ സോമസുന്ദരന്‍, ലില്ലിക്കുട്ടി ഇല്ലിക്കല്‍, ഷീല ശ്രീകുമാര്‍ എന്നിവര്‍ നിലവിളക്ക്‌ കൊളുത്തി ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു.

മുഖ്യാതിഥി വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി ഡപ്യൂട്ടി എക്‌സിക്യൂട്ടീവ്‌ കെവിന്‍ പ്ലങ്കറ്റ്‌ വനിതകള്‍ മുന്‍കൈ എടുത്ത്‌ നടത്തുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചു. വനിതകളുടെ ക്രിയാശേഷി പൊതു നന്മയ്‌ക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്‌. സംഘടനയ്‌ക്ക്‌ എല്ലാവിധ നന്മകളും അദ്ദേഹം നേര്‍ന്നു.

കരുണയുടെ 2014-ലെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്‌തു. ലോംഗ്‌ ഐലന്റ്‌ കേന്ദ്രമായ ഡൊമസ്റ്റിക്‌ ഹാര്‍മണി ഫൗണ്ടേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജസിയ മിര്‍സ ആയിരുന്നു മുഖ്യ പ്രാസംഗിക.

അറ്റോര്‍ണി മഞ്ജു സണ്ണിയെ ചടങ്ങില്‍ കരുണാ ചാരിറ്റി ആദരിച്ചു.  മേഴ്‌സി ജോസഫ്‌ നന്ദി പറഞ്ഞു. ഷെല്ലാ സ്‌പൈസര്‍, ഡാനി ഗ്രേ എന്നിവരുടെ കണ്ടമ്പററി മ്യൂസിക്‌, ഷെല്ലാ സ്‌പൈസറും മാര്‍ട്ടിന്‍ ബല്ലോസും ചേര്‍ന്ന്‌ നടത്തിയ അര്‍ജന്റൈന്‍ ടാംഗോ ഡാന്‍സ്‌, ലയ മനോജിന്റെ ഇന്ത്യന്‍ ശാസ്‌ത്രീയ നൃത്തം എന്നിവയായിരുന്നു മുഖ്യ കലാപരിപാടികള്‍.

തുടര്‍ന്ന്‌ റാഫിള്‍ നറുക്കെടുപ്പ്‌ നടത്തി. ഡയമണ്ട്‌ നെക്ലേസ്‌ ആയിരുന്നു ഒന്നാം സമ്മാനം. ഡാന്‍സ്‌, ഡിന്നര്‍ എന്നിവയോടെ പരിപാടികള്‍ സമാപിച്ചു.
കരുണാ ചാരിറ്റി: സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക