Image

'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)

മീനു എലിസബത്ത്‌ Published on 25 October, 2014
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
ചില സിനിമകള്‍ കണ്ടു നാം കരയാറുണ്ട്. പക്ഷെ, നാടകങ്ങള്‍ കണ്ടു നമ്മില്‍ എത്ര പേര്‍ കരഞ്ഞിട്ടുണ്ടാകും? ഏങ്ങലടിച്ചിട്ടുണ്ടാകും? അതാണവിടെ സംഭവിച്ചത്. ഒക്‌ടോബര്‍ 11ന് ഗാര്‍ലന്റിലെ സെന്റ് തോമസ് കത്തോലിക്കാ പള്ളി ഹാളില്‍ 3 V പ്രൊഡക്ഷന്‍സിന്റെ ബാനറില്, ജെയിംസ് കോന്നിയൂരിന്റെയും, ചാര്‍ളി അങ്ങാടിച്ചേരിയുടെയും, നേതൃത്വത്തില്‍ അരങ്ങേറിയ സായന്തനം എന്ന സാമൂഹിക സാംസ്‌കാരിക നാടകം കണ്ടു കണ്ണ് നിറയാത്തവര്‍ ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ഒരിക്കലും സിനിമകള്‍ കണ്ടു കരയാത്ത എന്റെ വീട്ടുകാരന്‍ പോലും, കണ്ണ് തുടക്കുന്നത് കണ്ടു.

ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, പഴയ സുഹൃത്തായ ജെയിംസ് കോന്നിയൂരിനെ ഒരു പൊതുചടങ്ങില്‍ വെച്ച് കാണുന്നത്. തൊണ്ണൂറുകളുടെ ആദ്യം, ഞങ്ങളുടെ വിവാഹം കഴിഞ്ഞുള്ള നാളുകളില്‍, ജെയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു നാടകത്തിലെ നായകനും, നായികയുമായിരുന്നു ഞങ്ങള്‍. കൈരളി തിയ്യേറ്റേഴ്‌സ് ആയിരുന്നു ആ നാടകത്തിന്റെ സാരഥികള്‍. അന്ന് ഡാലസിലെ വേദിക്ക് ശേഷം, ഹൂസ്റ്റണിലാണ് അടുത്ത ഷോ. എനിക്കാണെങ്കില് അതികഠിനമായ മോര്‍ണിംഗ് സിക്‌നെസസും… എന്തായാലും, ജെയിംസ് വിമാന ടിക്കറ്റ് തന്നാണ് ഞങ്ങളെ ഹൂസറ്റണ് അയച്ചത്. ഈ പഴയ കഥകള്‍ എല്ലാം അയവിറക്കുന്നതിനിടെ, അദ്ദേഹം ഒരു പുതിയ നാടകത്തിന്റെ കാര്യം പറഞ്ഞു. അഭിനയം, എപ്പോഴും, ഒരു മോഹമായി കൊണ്ട് നടക്കുന്ന ഞാന്‍ സമ്മതിക്കുകയും, ചെയ്തു. പിന്നീട് രണ്ടോ മൂന്നോ മാസം കഴിഞ്ഞു പ്രാക്ടിസിനു വിളിക്കുകയും, എല്ലാവരും കൂടെ നാടകം ഒന്ന് വായിച്ചു നോക്കുകയും ഒക്കെ ചെയ്‌തെങ്കിലും, അന്ന് എന്റെ ഉള്‍പ്പെടെ പലരുടെയും, പല അസൗകര്യങ്ങളും കൊണ്ട്, നാടകം നീണ്ടു നീണ്ടു പോവുകയാണുണ്ടായത്. കഴിഞ്ഞ് വര്‍ഷം ജെയിംസ് വീണ്ടും നാടകത്തിനായി വിളിക്കുമ്പോള്‍ ഞങ്ങള്‍ പുതിയ വീട് മാറിയ തിരക്കിലായിരുന്നു.

എന്തായാലും, അവരുടെ കൂടെ അഭിനയിക്കുവാന്‍ സാധിച്ചില്ലെങ്കിലും, മുന്‍നിരയില്‍ പോയിരുന്നു. ഇത്ര നല്ല നാടകം കാണുവാന്‍ കഴിഞ്ഞത് ഞങ്ങള്‍ ഡാലസ് നിവാസികളുടെ ഒരു ഭാഗ്യമായി തന്നെ കരുതുകയാണ്. പറയുമ്പോള്‍ അതിശയോക്തിയായി തോന്നാം. പക്ഷെ, ഒരു നാടകം എങ്ങിനെയായിരിക്കണം എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു സായന്തനം. നാടകം തീര്‍ന്നു കഴിഞ്ഞും, കാണികള്‍ നിശബ്ദ്ധരായി, നെടുവീര്‍പ്പിട്ടിരുന്നു പോയ നിമിഷങ്ങള്‍. അയ്യോ, തീര്‍ന്നു പോയല്ലോ, എന്നുള്ള ഒരു സങ്കടം എനിക്കും തോന്നി. അത്രയ്ക്ക് നല്ല ദൃശ്യവിരുന്നായിരുന്നു. സായന്തനം എന്ന് പറയാതെ വയ്യ.

വളരെ കാലികപ്രസക്തിയുള്ള, ഒരു സാമൂഹിക വിഷയം, അതിന്റെ ഗൗരവം ചോര്‍ന്നു പോകാതെ, എന്നാല്‍, പൊട്ടിചിരിപ്പിക്കുന്ന തമാശകളും, ജീവന്‍ തുടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും. ചടുലവും ഹൃദയത്തില്‍ തട്ടി നില്‍ക്കുന്നതുമായ സംഭാഷണങ്ങളും, സമന്വയിപ്പിച്ചായിരുന്നു സായന്തനത്തിന്റെ മുന്നേറ്റം. ഇതില്‍, ജെയിംസ് കോന്നിയൂരിന്റെ കുഞ്ഞാമന്‍ എന്ന കഥാപാത്രം എന്ത് കൊണ്ടും മുന്‍പില്‍ തന്നെ.

ജെയിംസ് സത്യത്തില്‍ അഭിനയിക്കുകയായിരുന്നന്നില്ല. ഇന്നും, പ്രായം തോന്നാത്ത സുന്ദരനായ ജെയിംസ് എഴുപതിനു മേലെ പ്രായമുള്ള കുഞ്ഞാമനെന്ന തോണിക്കാരനായി വേഷമിട്ടപ്പോള്‍ എന്താ ഒരു ഭാവപ്പകര്‍ച്ച! ഒരു ച്ചുട്ടിത്തോര്‍ത്തു മാത്രം ധരിച്ചു, ശരീരം മുഴുവന്‍ കരി പുരട്ടി കറുപ്പിച്ചു, തലമുടിയും, മീശയും നരപ്പിച്ചു, കുഞ്ഞാമന്‍ സ്റ്റേജില്‍ വരുമ്പോള്‍ ജെയിംസ് എന്ന മനുഷ്യനെ ആര്‍ക്കും, തിരിച്ചറിയുമായിരുന്നില്ല. അവിടെ കുഞ്ഞാമന്‍ മാത്രം. അത്ര അസാധ്യമായിരുന്നു ഇത്തവണയും, ജയിംസ് കോന്നിയൂരിന്റെ അഭിനയം. അന്നും ഇന്നും, ഏതു നാടകത്തിലും, ജെയിംസിന്റെ അഭിനയത്തെ വെല്ലാന്‍ ഡാളസില്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ജയിംസിനെ അറിയാവുന്ന ഡാലസിലെ  ആദ്യകാല കുടിയേറ്റക്കാര്‍ക്ക്, ഈ അഭിനയ പ്രതിഭയുടെ തകര്‍പ്പന്‍ അഭിനയം, ഒരു പുതിയ വിഷയമേ അല്ല. നാട്ടില്‍ നിന്നിരുന്നെങ്കില്‍ ജെയിംസ് ഒരു പക്ഷെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സ്വഭാവ നടന്മാരില്‍ ഒരാളാവുമായിരുന്നു. ഇനിയും, വൈകിയിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.

കുഞ്ഞാമന്റെ നല്ലപാതിയായി വേഷമിട് ശ്രീമതി മീന നെബുവിന്റെ അഭിനയം, അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിപ്പിച്ചു. ഞാന്‍ ആദ്യമായി മീനയെ കാണുമ്പോള്‍, ഇതേതോ ന്യൂജനറേഷന്‍ കൊച്ചു പെണ്‍കുട്ടി എന്നാണു വിചാരിച്ചത്. ഒരു പത്തുവര്‍ഷം മുന്‍പ് ഏഷ്യാനെറ്റ് ഡാലസില്‍ നിന്നും, ബ്രോഡ് കാസ്റ്റ് ചെയ്യുമ്പോള്‍ യു.എസ്.റൗണ്ട് അപ്പില്‍ മീന വാര്‍ത്തകള്‍ വായിച്ചിരുന്നു. ഡാലസില്‍ തിരികെ വന്നപ്പോള്‍, നേരില്‍ കാണുവാനും, പരിചയപ്പെടുവാനും, ഇടയായിരുന്നു. നല്ലയൊരു സംഗീതജ്ഞയും, നര്‍ത്തകിയുമാണ് മീനയെന്നു ഞാന്‍ കേട്ടിരുന്നു. അതീവ സുന്ദരിയും, വളരെ നല്ല വ്യക്തിത്വത്തിന്റെ ഉടമയുമായ മീനക്കും ഇത്ര ഭംഗിയായ അഭിനയിക്കാനും, കഴിവുണ്ട് എന്നുള്ളത് എനിക്ക് വാര്‍ത്ത തന്നെയായിരുന്നു. തന്നേക്കാള്‍, വളരെ പ്രായം കൂടിയ കുഞ്ഞിപ്പെണ്ണ് എന്ന അറുപതുകാരിയോട്, നൂറു ശതമാനവും, നീതി പുലര്‍ത്തിയ മീന മിഴിവോടെ നാടകത്തിലുടനീളം, തകര്‍ത്തഭിനയിച്ചു. തന്റെ കഥാപാത്രത്തിനനുസൃതമായ, നാടന്‍ വേഷങ്ങളില്‍, മീനയുടെ കുഞ്ഞിപ്പെണ്ണും, ജീവിതഗന്ധിയായി തിളങ്ങി നിന്നു.

സ്‌ത്രൈണ ചേഷ്ടകളിലൂടെയും, തമാശ നിറഞ്ഞ സംഭാഷണങ്ങളിലൂടെയും, കാണികളെ പൊട്ടിച്ചിരിപ്പിച്ച ഡാന്‍സ് മാസ്റ്ററായി വേഷമിട്ടത് ശ്രീ. ബെന്നി ജോണ്‍ മട്ടക്കരയായിരുന്നു. ഇന്നും, മലയാളി സമൂഹം ഉള്ളിന്റെ ഉള്ളില്‍ പുച്ഛത്തോടെ കാണുന്ന സ്വവര്‍ഗ്ഗാനുരാഗിയെ, അതീവ മിഴിവോടെ, അങ്ങിനെയല്ലാത്ത ഒരാള്‍, അഭിനയിച്ചു ഫലിപ്പിക്കക എന്നുള്ളത് ശ്രമകരമാണ്. തന്റെ അഭിനയ മികവിലൂടെ ബെന്നി ആ ദൗത്യം ഭംഗിയാക്കിയിരിക്കുന്നു. അതിനു ചേരുന്ന വേഷവിധാനങ്ങളും നീണ്ട തലമുടിയുമെല്ലാം ഈ കഥാപാത്രത്തെ വിജയിപ്പിക്കാന്‍ വലിയ ഒരു പങ്കു വഹിച്ചിരിക്കുന്നു. ബെന്നിയെ ഈ വിധത്തില്‍ അണിയിച്ചൊരുക്കിയത്, ഡാളസിലെ, പ്രശസ്തനായ നാടകകൃത്തും, കലാപ്രവര്‍ത്തകനുമായ ശ്രീ.ബാബു കൊണ്ടാത്താണ്.

കുഞ്ഞാമന്റെയും, കുഞ്ഞിപ്പെണ്ണിന്റെയും, മക്കളും, മരുമക്കളുമായി അഭിനയിച്ചവര്‍ ശ്രീ. മാണി സെബാസ്റ്റ്യന്‍, ഷാജി വേണാട്ടു, ലിസമ്മ സേവ്യര്‍, ജിജി ആറാംചേരില്‍ ഇവരാണ്. രാമനുണ്ണിയും, കൃഷ്ണനുണ്ണിയും, മാതാപിതാക്കളോട്, നന്ദികേടും നെറികേടും കാട്ടി, കാണികളെ വെറുപ്പിക്കുമ്പോള്‍, മരുമക്കളായ ആനന്ദവല്ലിയും, ചിത്രലേഖയും, അതീവ ക്രൂരകളായി, ഭര്‍ത്താക്കന്‍മാരുടെ എല്ലാ ദുഷ്‌ചെയ്തികള്‍ക്കും ഒത്താശ ചെയ്യുന്നു. മൂല്യച്യുതി വന്ന, ഇന്നത്തെ മലയാളി സമൂഹത്തിന്റെ പ്രതീകങ്ങളായി, അഭിനിയച്ച ഇവരെല്ലാം തന്നെ അഭിനയ മികവില്‍ ഒന്നിനൊന്നു മെച്ചമായി എന്ന് പറയാം. മത്സരിച്ചുള്ള ഇവരുടെയെല്ലാം അഭിനയം ഈ നാടകത്തിന്റെ അത്യുജ്ജ്വല വിജയത്തിന് വളരെയധികം സഹായിച്ചു എന്നുള്ളതിന് രണ്ടു പക്ഷമില്ല. പിന്നെ, ഏതു സംരംഭത്തെയും പോലെ, ചില്ലറ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ നാടകത്തിനു ലഭിച്ച ജനശ്രദ്ധയും, പിന്തുണയും, കാണികളുടെ കയ്യടിയും, ചേര്‍ത്തു വെച്ച് നോക്കുമ്പോള്‍ നാടകം, വന്‍വിജയമായി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

തീര്‍ച്ചയായും ഒരു നാടകം, തട്ടില്‍ കയറുവാന്‍, അഭിനേതാക്കളുടെ മാത്രം, ശ്രമം കൊണ്ട് സാധിക്കില്ല. ഈ നാടകത്തിനു, ആദ്യന്തം, ചുക്കാന്‍ പിടിച്ച ഒരു വലിയ കലാകാരനെ ഒന്നു പരിചയപ്പെടുത്തിക്കൊള്ളട്ടെ. സത്യത്തില്‍ അമേരിക്കന്‍ മലയാളികളുടെ മുന്നില്‍ ഇദ്ദേഹത്തിനു പ്രത്യേകിച്ചു ഒരു മുഖവുരയുടെ ആവശ്യമേ ഇല്ല. ഇദ്ദേഹത്തെ അറിയാത്ത അമേരിക്കന്‍ മലയാളികളുണ്ടോയെന്നു സംശയം. അത് മറ്റാരുമല്ല. ഡാലസുകാരുടെ പൊന്നോമനപ്പുത്രനായ ശ്രീ. ചാര്‍ളി അങ്ങാടിച്ചെരില്‍ എന്ന ബഹുമുഖ പ്രതിഭ തന്നെയാണ് ആ കലാകാരന്‍. ഈ നാടകത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ, ഇതിനു വേണ്ട എല്ലാ സഹായങ്ങളും, ചെയ്തു. (മാസങ്ങളോളം നടന്ന പ്രാകീടീസിനും, മറ്റു അണിയറ പ്രവര്‍ത്തനങ്ങള്‍ക്കും, സ്റ്റേജ് സെറ്റ് അപ്പും, അഭിനയവും, ഉള്‍പ്പെടെ) എല്ലാ കാര്യങ്ങള്‍ക്കും, ചുക്കാന്‍ പിടിച്ച, ചാര്‍ളിച്ചായനെ, എത്ര അഭിനന്ദിച്ചാലും, കൂടുതലല്ല. അദ്ദേഹത്തിന്റെ ഒറ്റ ഉത്സാഹത്തിലാണ്, തങ്ങളെല്ലാം തന്നെ, ഇത്രമാത്രം, ഈ നാടകത്തില്‍ ഇഴുകിചേര്‍ന്നതെന്നും, കൂടെ അഭിനയിച്ചവരും, മറ്റു അണിയറ പ്രവര്‍ത്തകരും, പറയണമെങ്കില്‍, അത്‌ ചാര്‍ളീച്ചായന്റെ, കഠിന പരിശ്രമത്തിനുള്ള തെളിവ് തന്നെയാണല്ലോ. തന്റെ മുഴക്കമുള്ള ശബ്ദം കൊണ്ടും പൗരുഷഗാംഭീര്യം, നിറഞ്ഞ ശരീര ഭാഷകൊണ്ടും, അഭിനയത്തികവുകൊണ്ടും, സത്യനാഥനെന്ന ക്രൂരനായ വില്ലനെ, ശ്രീ ചാര്‍ളി അങ്ങാടിച്ചേരില്‍ അനശ്വരനാക്കിയിരിക്കുന്നു.

സായന്തനത്തില്‍ അഭിനയിച്ച എല്ലാ കലാകാരന്മാരെക്കുറിച്ചും, അവര്‍ നടന്നു വന്ന പാതകളെക്കുറിച്ചുമെല്ലാം ഇനിയും, ധാരാളം പറയുവാനുണ്ട്. തീര്‍ച്ചയായും, അവരെ നമ്മള്‍ കൂടുതലറിയേണ്ടതായുണ്ട്. അവര്‍ അതര്‍ഹിക്കുന്നുമുണ്ട്. തല്‍ക്കാലം സ്ഥലപരിമിതിയുള്ളതിനാല്‍ അത് മറ്റൊരവസരത്തിലാവട്ടെ. ഈ നാടകത്തിന്റെ രചയിതാവ് ശ്രീ. ഫ്രാന്‍സിസ് പി. മാവേലിക്കരയാണ്. കുട്ടനാടന്‍ ഗ്രാമങ്ങളുടെ പച്ചപ്പും, തളിര്‍പ്പും, കുളിരും പകര്‍ന്നു, രണ്ടര മണിക്കൂറു നേരം, നമ്മുടെ കൊച്ചു കേരളത്തിന്റെയാ, ഹരിത ഭംഗിയുടെ ചാരുത കാണികള്‍ക്ക് പകര്‍ന്നു നല്‍കിയ, രംഗാവിഷ്‌ക്കരണം (സ്റ്റേജ് സെറ്റ് അപ്പ്) ചെയ്തത് ആര്‍ട്ടിസ്റ്റ് സുജാതനാണ് (കോട്ടയം). തന്റെ കഴിഞ്ഞ കേരളയാത്രയില്‍ ചാര്‍ളിച്ചായന്‍ പെട്ടിയില്‍ വെച്ച് ഭദ്രമായി കൊണ്ടുവരികയായിരുന്നു, അതിമനോഹരമായ ഈ ആര്‍ട്ട് വര്‍ക്ക്. കാണികള്‍ക്ക് മുഷിപ്പില്ലാതെ, അതിമനോഹരമായ, സംഗീത മഴ നിറച്ചു ഈ നാടകത്തിനു പശ്ചാത്തലസംഗീതം പകര്‍ന്നതു അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതരും, തികഞ്ഞ സംഗീതജ്ഞരുമായ ശ്രീ.വിന്‍സന്റും (കീബോര്‍ഡ്), ശ്രീ യുജിനുമായിരുന്നു (തബല). ശബ്ദക്രമീകരണം: ശ്രീ അനിയന്‍ കുഞ്ഞ്.
കേരളത്തില്‍ പോലും, അന്യം നിന്ന് പോകുന്ന കലയായി നാടകം മാറുകയും, നാടക നടീനടന്മാര്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, അമേരിക്കയിലെ, വളരെ തിരക്കേറിയ, ജീവിതചര്യകള്‍ക്കിടയിലും, ഒരു വര്‍ഷത്തോളം ഒരു നാടകം പഠിക്കുക, ആറുമാസത്തോളം, ഇടവിട്ട ആഴ്ചകളില്‍ അത്, പരിശീലിക്കുക, അതിനായി സമയം, കണ്ടെത്തുക എന്നുള്ളത് സാധാരണക്കാരായ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം, അചിന്ത്യമായ പ്രതിഭാസമായിരിക്കും. എന്നാല്‍ കലാദേവതയുടെ കടാക്ഷമേറ്റിട്ടുള്ള ഈ അനുഗ്രഹീത കലാകാരന്മാരെ സംബന്ധിച്ചിടത്തോളം, കലാദേവതയുടെ ഉള്ളു നിറഞ്ഞ വിളിക്ക് ചെവി കൊടുക്കാതിരിക്കാനാവില്ല. ഡാളസിലെ 3 V പ്രൊഡക്ഷന്‍സ് ഇനിയും, ഇത് പോലെയോ, ഇതിലും, മികച്ചത്തോ ആയ, നാടകങ്ങള്‍ അവതരിപ്പിക്കട്ടെ. നമുക്കവരെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാം. ഈ നാടകം, അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിലും, അവതരിപ്പിക്കാന്‍, ഓരോ സംഘടനയുടെയും സംഘാടകര്‍ മുന്നോട്ടു വരിക തന്നെ വേണം. അല്ലെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെയാവും.
ശ്രീ.ചാര്‍ളി അങ്ങാടിചെരിയുമായി- 817 296 8255 എന്ന നമ്പറിലോ, angadicheril@hotmail.com ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക