Image

എഴുത്തുകാരന് വായന ആവശ്യമാണോ?

വാസുദേവ് പുളിക്കല്‍ Published on 22 October, 2014
എഴുത്തുകാരന് വായന ആവശ്യമാണോ?
സര്‍ഗ്ഗശക്തിയുള്ളവ­രില്‍  നിന്നാണ് സാഹിത്യ രചനകള്‍ ജന്മമെടുക്കുന്നത്. എഴുത്തുകാരന്റെ ചിന്താമണ്ഡലത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളും ഭാവനകളും വാക്കുകളായി പുറത്തേക്ക് വരുമ്പോള്‍ സാഹിത്യസൃഷ്ടി നടക്കുന്നു. സാഹിത്യ രചനകള്‍ ജന്മസിദ്ധമായ കഴിവിനെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും ആ കഴിവ് വികസിപ്പിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ആശയാവിഷ്കരണത്തിന് പ്രതിബന്ധങ്ങള്‍ ഉണ്ടായെന്നു വരും. ആശയവിഷ്കരണത്തിന് പൂര്‍ണ്ണത വരണമെങ്കില്‍ ഭഷാപരിജ്ഞാനവും പദസമ്പത്തുമുണ്ടായിക്കണം. പലര്‍ക്കും മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമായി പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരുന്നത് പദദാരിദ്ര്യം മൂലമാണ്. പല കവികളും പദസൗകുമാര്യം കൊണ്ട് കാവ്യഭംഗി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആശയാവിഷ്ക്കരണം കേമമാക്കാന്‍ ഉചിതമായ പദങ്ങള്‍ തേടുന്നുണ്ടെങ്കിലും അവരുടെ പരിമിതി അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന് അനുയോജ്യമായ പദങ്ങള്‍ ഉപയോഗിച്ച് തന്റെ കവിതകള്‍ മനോഹരമാക്കാന്‍ തക്ക പദസമ്പത്ത് ഉണ്ടായിരുന്നിട്ടും കുമാരനാശാന് പരിമിതികള്‍ ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഭാഷയിതപൂര്‍ണ്ണമിങ്ങഹോ
വന്നു പോം പിഴയുമര്‍ത്ഥ ശങ്കയാല്‍


എന്ന് ആശാന്‍ ഭാഷാപരമായ പരിമിതിയെ പറ്റി നളിനിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രകടമാക്കാന്‍ പര്യാപ്തമായ വാക്കുകള്‍ ഭാഷയില്‍ ഇല്ലെന്ന് ഇതിനെ വ്യാഖ്യാനിച്ചാലും അനുയോജ്യമായ പദങ്ങള്‍ ഉണ്ടെങ്കിലെ ആശയാവിഷ്ക്കരണത്തിന് പരിപൂണ്ണത ഉണ്ടാകൂ എന്നു വരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയേക്കാള്‍ ബുദ്ധിവികാസവും ഭാഷാസ്വാധീനവും പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കുണ്ടാകുന്നു. അഞ്ചു മുതല്‍ പത്തു വരെ എത്തുന്നതിനിടയിലുള്ള വായനയും പഠനവുമാണ് ഇതിനു കാരണം. എഴുത്തുകാരനും ഒരു വിദ്യാര്‍ത്ഥിയായിരിക്കണം. കൂടുതല്‍ വായിക്കുന്തോറും പുതിയ പുതിയ വാക്കുകള്‍ പഠിക്കാനും എഴുത്തുകാരന് ആശയപ്രകടനം ഉര്‍ജ്ജിതമാക്കാനും സാധിക്കുന്നു. ആശയങ്ങള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു വരാനും വായന സഹായകമാക്കും. സാഹിത്യരംഗത്ത് പിടിച്ചു നില്‍ക്കാന്‍ വിശാലമായ വായനയും കഠിനാദ്ധ്വാനവും അനിവാര്യമാണ് എന്ന് പറഞ്ഞാല്‍ ചില എഴുത്തുകാര്‍ അതിനോട് യോജിച്ചു എന്നു വരില്ല. നിങ്ങളുടെ വായനാമണ്ഡലം എത്ര വിസ്തൃതമാണെന്ന് ഒരിക്കല്‍ ഒരു അമേരിക്കന്‍ മലയാളി കവിയോട് ഒരാള്‍ ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ എഴുതിയത് വായിച്ചാല്‍ എന്റെ മൗലികത നഷ്ടപ്പെട്ടു പോകും, അതുകൊണ്ട് ഞാന്‍ ഒന്നും വായിക്കാറില്ല എന്നായിരുന്നു മറുപടി. ഈ വിധത്തില്‍ ചിന്തിക്കുന്നവര്‍ക്ക് സാഹിത്യരംഗത്ത് ഉയര്‍ന്നു വരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പദപരിമിതി മൂലം ആശയപ്രകടനം ഫലപ്രദമാകാതെ വരുമ്പോള്‍ എങ്ങനെയാണ് നല്ല സാഹിത്യസൃഷ്ടികള്‍ ഉണ്ടാവുക? മാനസീകവും ബുദ്ധിപരവുമായ വികാസത്തിനും അറിവിന്റെ മേഖല വിസ്തൃതമാക്കാനും നല്ല വാചകഘടനയോടെ തെറ്റില്ലാതെ എഴുതാനും വായന അനിവര്യമാണ്. പദദാരിദ്യം അനുഭവിക്കുന്ന പല എഴുത്തുകാര്‍ക്കും ആ ദരിദ്രാവസ്ഥയില്‍ തന്നെ കഴിയാനാണിഷ്ടം. അവര്‍ക്ക് വായന ഇഷ്ടമല്ല. അവനവന്‍ എഴുതിയതുമാത്രമെ വായിക്കൂ എന്ന് ശഠിച്ചാല്‍ സാഹിത്യം നിശ്ചലാവസ്ഥയിലാക്കും. മറ്റുള്ളവര്‍ എഴുതിയത് വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്‌തെങ്കില്‍ മാത്രമെ സാഹിത്യവികാസം ഉണ്ടാവുകയുള്ളു. ആ ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് സാഹിത്യ സംഘടനകള്‍ എഴുത്തുകാരുടെ രചനകള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കുന്നത്. മറ്റുള്ളവരുടെ രചനകള്‍ വായിച്ച് വിശകലനം ചെയ്ത് മൂല്യ നിര്‍ണ്ണയം നടത്തുന്നതു കൊണ്ടാണല്ലൊ നിരൂപണ സാഹിത്യശാഖ വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്നത്. കഥയും കവിതയും എഴുതുന്നവര്‍ മാത്രമാണ് സാഹിത്യകാരന്മാര്‍ എന്ന് തെറ്റിദ്ധരിക്കരുത്. നിരുപണവും സര്‍ക്ഷാത്മക സാഹിത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. സര്‍ക്ഷശക്തിയുള്ള എഴുത്തുകാരനാണ് യഥാര്‍ത്ഥ വിമര്‍ശകന്‍ എന്ന റ്റി. എസ്. ഇലിയട്ടിന്റെ അഭിപ്രായം ഈ അവസരത്തില്‍ സ്മരിക്കാവുന്നതാണ്. ജോസഫ് മുണ്ടശ്ശേരിയും കുട്ടികൃഷ്ണമാരാരും എം. പി. പോളും സര്‍ഗ്ഗശക്തിയുള്ള സാഹിത്യകാരന്മാര്‍ തന്നെയായിരുന്നു.

എഴുത്തുകാരായ മാധ്യമക്കാര്‍ പോലും എഴുത്തുകാര്‍ക്ക് വായന ആവശ്യമില്ല എന്ന് വാദിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. കച്ചവടക്കണ്ണോടു കൂടിയാണ് മാധ്യമങ്ങള്‍ നടത്തുന്നവര്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നത്. വിപണിയിലേക്കിറക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റയഴിണയമെങ്കില്‍ ഉപഭോക്താക്കള്‍ ഉണ്ടായിരിക്കണം. പ്രസിദ്ധീകരണങ്ങള്‍ വായിക്കാനാളില്ലെങ്കില്‍ മാധ്യമങ്ങള്‍ താനെ നിലച്ചു പോകുന്നതിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ എഴുത്തുകാര്‍ വായിക്കണ്ട, സാധരണക്കാര്‍ വായിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ് അവര്‍ക്കുള്ളതെങ്കില്‍ അത് വളരെ വിചിത്രമായിരിക്കുന്നു. എഴുത്തുകാരുടെ എണ്ണം കുറവായതുകൊണ്ട് മാധ്യമങ്ങളുടെ നിലനില്‍പിന് അവര്‍ വായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്നുണ്ടെങ്കില്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരാണെന്ന് ഒരു വിദ്വാന്‍ പറഞ്ഞതില്‍ പരമാര്‍ത്ഥമുണ്ടോ എന്ന് ചിന്തിച്ചു നോക്കണം.

സര്‍ഗ്ഗശക്തിക്കും ഭാവനയ്ക്കുമൊപ്പം എഴുത്തുകാരന്റെ സമ്പത്താണ് പദസമ്പത്ത്. പദസമ്പത്തില്ലാത്ത എഴുത്തുകാരന് അനുയോജ്യമായ പദങ്ങള്‍ എടുത്തു പ്രയോഗിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മുമ്പെ ഞാന്‍ മുബെ എന്ന് മത്സരിച്ചു കൊണ്ട് പദങ്ങള്‍ കുഞ്ചന്‍ നമ്പ്യാരുടെ നാവിന്മേല്‍ തത്തിക്കളിച്ചിരുന്നതുകൊണ്ട് ഉചിതമായ പദങ്ങള്‍ അനായാസം എടുത്തു പ്രയോഗിക്കാന്‍ നമ്പ്യാര്‍ക്ക് സാധിക്കുമായിരുന്നു. വര്‍ണ്ണ്യവസ്തുക്കളെ കണ്‍മുന്നില്‍ കാണുന്നതുപോലെ വരച്ചു കാണിക്കാന്‍ നമ്പ്യാര്‍ക്ക് സാധിച്ചത് സമൃദ്ധമായ പദശേഖരം സ്വാധീനത്തിലുണ്ടായിരുന്നതുകൊണ്ടാണ്. "കല്യാണസൗഗന്ധിക'ത്തിലെ വനവര്‍ണ്ണയും "ഘോഷയാത്ര'യിലെ രാജ്യഭരണത്തിന്റെ സവിശേഷതകളും സദ്യയുടെ വിഭവങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വര്‍ണ്ണനയുമൊക്കെ എത്ര മനോഹരവും ഹൃദ്യവുമായിരിക്കുന്നു. എഴുത്തുകാരന്റെ ശക്തിയാണ് പദശേഖരം.

ഇതര ഭാഷകളില്‍ നിന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള നിരവധി രചനകള്‍ മലയാളത്തിലുണ്ട്. രാമാ കില്‍ഡ് എ സ്‌നേക്ക്. രാമന്‍ ഒരു പമ്പിനെ കൊന്നു. ഇതു വച്ചു നോക്കുമ്പോള്‍ തര്‍ജ്ജുമ വെറും നിസ്സാരം. ഒരു ഡിക്ഷനറി ഉണ്ടെങ്കില്‍ പരിഭാഷ എളുപ്പത്തില്‍ സാധിക്കാമെന്നു പറഞ്ഞ് പരിഭാഷകരെ പരിഹസിക്കുന്നതും നിസ്സാരന്മാരായി കാണുന്നതും പരിഭാഷക്ക് വേണ്ടതെന്നറിയാത്തതു കൊണ്ടാണ്. ഇരുഭാഷകളിലും നല്ല പ്രാവീണ്യമുണ്ടെങ്കില്‍ മാത്രമെ മൂലകൃതിയിലെ അര്‍ത്ഥവും ഭാവനയും ആ എഴുത്തുകാരന്റെ വിചാര വികാരങ്ങളും മറ്റും മനസ്സിലാക്കി നല്ല രീതിയില്‍ മൊഴിമാറ്റം നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളൂ. ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതമായ കൃതികള്‍ പരിഭാഷപ്പെടുത്താന്‍ ഒരു ഡിക്ഷനറി ഉണ്ടെങ്കില്‍ സാധിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ബുദ്ധിവികാസവും ഭാഷാപരിജ്ഞാനവുമില്ലാത്തവര്‍ പരിഭാഷക്ക് ഒരുങ്ങാറില്ല. ബംഗാളി രചനകള്‍, ലാറ്റിന്‍ അമേരിക്കന്‍, റഷ്യന്‍ ക്ലാസിക്കുകള്‍ മുതലായവ മലയാളത്തിലേക്ക് തര്‍ജ്ജുമ ചെയ്യപ്പെട്ടതുകൊണ്ട് വിശ്വസാഹിത്യം സ്വന്തം ഭാഷയില്‍ വായിച്ചറിയാനും ആസ്വദിക്കാനുമുള്ള അവസരമുണ്ടായി. പരിഭാഷ ഒരു കലയാണ്. അതിനേയും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

രാമായണത്തിന് നാന്ദി കുറിച്ച ശ്ലോകം മുനിയുടെ ബുദ്ധി വികാസത്തിന്റേയും പാണ്ഡിത്യത്തിന്റേയും ലക്ഷണമാണ്. പ്രേമലീലയില്‍ മതിമറന്നിക്കുന്ന ക്രൗഞ്ചങ്ങളിലൊന്നിനെ നിഷാദന്‍ ശരമെയ്തു വീഴ്ത്തിയപ്പോള്‍ മറ്റേ ക്രൗഞ്ചത്തിന്റെ രോദനം വല്‍മീകിയുടെ ഹൃദയം മഥിച്ചു. കാമമോഹിതരായ പക്ഷികളില്‍ ഒന്നിനെ ശരമെയ്തു വീഴ്ത്തിയ നിഷാദന്റെ ക്രൂരതയില്‍ ദുഖിതനായ വല്‍മീകി നീ ശാശ്വതമായ ലോകത്തെ പ്രാപിക്കുകയില്ല എന്ന് നിഷാദനെ ശപിച്ചു. അങ്ങനെ

മാനിഷാദ പ്രതിഷ്ഠാം ത്വ
മഗമഃ ശാശ്വതീ സമാ:
യത് ക്രൗഞ്ചമിദുനാദേക-
മവധിഃ കാമമോഹിതം

എന്ന ആദ്യ കവിത ജനിച്ചു. പാണ്ഡിത്യവും ബുദ്ധിവികാസവും മൂലമാണ് മുനിയുടെ വികാരം വക്കുകളായി ഉതിര്‍ന്നുവീണത്. മുനി നേടിയതെല്ലാം തപസ്സു കൊണ്ടാണെങ്കില്‍ എഴുത്തുകാര്‍ വായന ഒരു തപസ്സായി കണക്കാക്കണം.

ചെറുകഥ, കവിത, നോവല്‍ മുതലായവയുടെ രചനാസബ്രദായത്തിന് മറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാഷക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതും വായനക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന സാഹിത്യാഭിരുചിയും മറ്റും എഴുത്തുകാരന്‍ അറിഞ്ഞിരിക്കണം. "സകലശുകഭലവിമലതിലകിതകളേബരെ' എന്ന് എഴുത്തച്ഛന്‍ എഴുതിയതു പോലെ ഇന്നാരും കവിത എഴുതാറില്ല. എഴുത്തച്ഛനെ മാറ്റിനിര്‍ത്തിയാല്‍ തന്നെ വള്ളത്തോള്‍, കുമാരനാശാന്‍ മുതലായവര്‍ എഴുതിയതു പോലെ ഇന്ന് കവിത എഴുതുന്നവര്‍ എത്ര പേരുണ്ട്. കുമാരനാശാന്‍ എഴുതിയതു പോലെ എഴുതുന്നത് നാണക്കേടാണെന്ന് പറയുന്ന ആധുനിക കവികളുള്ള കാലമാണിത്. ആധുനികര്‍ പരീക്ഷണങ്ങളുടെ പിന്നാലെയാണ്. അവര്‍ ഭാഷാപരിണാമം സൂക്ഷ്മമായി ശ്രദ്ധിക്കുന്നു. വായനാശീലമില്ലാത്ത എഴുത്തുകാരന്‍ ഒഴുക്കിനൊത്ത് നീന്താന്‍ സാധിക്കാതെ സാഹിത്യാബ്ദിയില്‍ മുങ്ങിത്താണു പോകും. എഴുത്തുകാര്‍ക്ക് അങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

എഴുത്തുകാരന്‍ വായനയിലൂടേയും പഠനത്തിലൂടേയും പദസമ്പത്ത് വര്‍ദ്ധിപ്പിക്കണമെന്ന് പറയുന്നത് സാധാരണക്കാരന് മനസ്സിലാകാത്ത കഠിന പദപ്രയോഗത്തിനു വേണ്ടിയല്ല, അനുയോജ്യമായ പദങ്ങള്‍ ഉപയോഗിക്കുന്നതിനാണ്. ചങ്ങമ്പുഴയും ബഷീറുമൊക്കെ അവരുടെ രചനകളില്‍ ലളിതമായ പദങ്ങള്‍ ഉപയോഗിച്ചിക്കുന്നതു കൊണ്ട് വിശാലമായ വായന ഇല്ലായിരുന്നു എന്ന് കരുതാന്‍ നിവൃത്തിയില്ല. യൂണിവേ ഴ്‌സിറ്റി കോളേജ് ലൈബ്രറിയില്‍ ചങ്ങമ്പുഴ വായിക്കാത്ത പുസ്തകങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഹൈസ്ക്കൂള്‍/കോളേജ് വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്ന അറിവ് പരിമിതമാണ്. സര്‍വ്വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ ചില്ലിട്ടു സൂക്ഷിക്കാന്‍ കൊള്ളാം എന്ന് നിത്യചൈതന്യ യതി എഴുതിയത് ഓര്‍ക്കുന്നു. പരിജ്ഞാനം വേണമെങ്കില്‍ അത് സ്വയം കണ്ടെത്തണം. വായന അതിന്് ഒരു മാര്‍ഗ്ഗമാണ്. സുകുമാര്‍ അഴിക്കോട് വിദ്യാഭ്യാസകാലത്ത് ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചതായി അദ്ദേഹം എവിടേയൊ കുറിച്ചിട്ടത് വായിച്ചതോര്‍ക്കുന്നു. കുറെ വായിച്ചുകൂട്ടിയാല്‍ സാഹിത്യകാരനാകാം എന്നോ, വിശാലമായ വായനയില്ലാത്തവര്‍ക്ക് എഴുതാന്‍ സാധിക്കില്ല എന്നോ ഞാന്‍ കരുതുന്നില്ല. ബഷീര്‍ മാനുഷിക മനസ്സിന്റെ ആഴവും പരപ്പും വേലിയേറ്റവും വേലിയിറക്കവും സ്വന്തം അനുഭവങ്ങളിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. എഴുത്തുകാരന്റെ കഴിവ് വികസിപ്പിച്ചെടുക്കാന്‍ വായന സഹായിക്കുമെങ്കില്‍ എഴുത്തുകാരന് വായന ആവശ്യമാണ്.

എഴുത്തുകാരന്റെ വായന അവരുടെ രചനകളിലൂടെ വായനക്കാര്‍ക്കും ഗുണകരമാകും. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ചിലര്‍ വിശ്വസാഹിത്യത്തെ കുറിച്ചും മറ്റു വിഷയങ്ങളെ കുറിച്ചും എഴുതിയിട്ടുള്ള പഠനലേഖനങ്ങള്‍ വായനക്കാരിലേക്ക് അറിവ് ഗുളിക പരുവത്തില്‍ നല്‍കുന്നുണ്ട്. കവിത എഴുതാന്‍ തുടങ്ങുന്ന കവിക്ക് അനുയോജ്യമായ പദങ്ങള്‍ കിട്ടാതിരുന്നാല്‍ കവിത വിചാരിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാകും, കാവ്യഭംഗി നഷ്ടമാകും. കമ്യൂണിസ്റ്റുകാര്‍ മതഗ്രന്ഥങ്ങള്‍ വായിച്ചുകൂട എന്ന് അലിഖിത നിയമമുണ്ടല്ലൊ. കമ്യൂണിസ്റ്റുകാരായ കവികള്‍ രാമായണം പലവട്ടം വായിച്ചിട്ടുള്ളതായി എനിക്കറിയാം. കവിതയെഴുതുന്നവര്‍ രാമായണം വായിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്, മതഗ്രന്ഥങ്ങള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. നെഹ്രു World History, Discovery Of India മുതലായവ എഴുതിയത്

വായനയുടേുയും പഠനത്തിന്റേയും സഹായത്തോടെയല്ല എന്ന് പറയാന്‍ കഴിയുമോ. ഓരോ വായനയും വ്യത്യസ്ഥമായ അനുഭവമാണ് നല്കുന്നത്. അതുകൊണ്ട് പുനര്‍വായനയ്ക്കും പ്രാധാന്യമുണ്ട്.

വായനക്ക് പല മാനദണ്ഡങ്ങളുണ്ട്. എഴുത്തുകാരെ കുറിച്ചുള്ള മുന്‍ധാരണയോടെ വായിക്കുന്ന പക്ഷം കലാസൃഷ്ടിയെ നിഷ്പക്ഷമായി വിലയിരുത്താന്‍ സാധിച്ചു എന്ന് വരില്ല. കലാത്മകമായ സമീപനത്തോടെ, അപഗ്രന്ഥന ചിന്താഗതിയോടെ വായിക്കുമ്പോഴാണ് കലാസൃഷ്ടി ആസ്വദിക്കാനും ആ കൃതിയെ കുറിച്ച് മൗലികമായ അഭിപ്രായത്തില്‍ എത്താനും സാധിക്കുന്നത്. നിരൂപണ ലേഖനങ്ങളും മറ്റുള്ളവരുടെ രചനകള്‍ക്ക് കമന്റുകളും എഴുതുന്ന എഴുത്തുകാരാണ് ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. താന്‍ വായിക്കണമൊ വേണ്ടയൊ എന്നും എങ്ങനെ വായിക്കണമെന്നും എഴുത്തുകാരന്‍ ഗൗരവമായി ചിന്തിക്കേണ്ടതാണ്.

എഴുത്തുകാരന് വായന ആവശ്യമാണോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക