Image

കോട്ടയം സ്വദേശിയെ ഗയാന ബീച്ചില്‍ കൊലപ്പെടുത്തി

Published on 23 October, 2014
കോട്ടയം സ്വദേശിയെ ഗയാന ബീച്ചില്‍ കൊലപ്പെടുത്തി
കോട്ടയം: കോട്ടയം ആര്‍പ്പൂക്കര സ്വദേശി പ്രതിശ്രുത വരനെ തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയിലെ ബീച്ചില്‍ തദ്ദേശീയര്‍ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആര്‍പ്പൂക്കര പനമ്പാലം കാച്ചിപ്പിള്ളി കെ.പി.ജയിംസിന്റെ മകന്‍ പീറ്റര്‍ ജയിംസ് (31) ആണ് കൊല്ലപ്പെട്ടത്.

അഞ്ചു വര്‍ഷമായി പീറ്റര്‍ ഗയാനയിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മാതാവ് റോസമ്മ കൈനകരി കാഞ്ഞിരംവേലി കുടുംബാംഗം. ഇരട്ട സഹോദരന്‍: ജോസഫ് ജയിംസ്, സഹോദരി: ജസ്റ്റി സണ്ണി.

 ഫോണ്‍ മോഷ്ടിക്കുന്നതു തടയവേ അക്രമിസംഘം മെയില്‍ നഴ്‌സായ പീറ്ററിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ്  മരണം.

ഗയാനയുടെ തലസ്ഥാനമായ ജോര്‍ജ് ടൗണിനു സമീപം ബെല്‍ബന്ത് സിങ് ആശുപത്രിയിലാണ് പീറ്റര്‍ ജോലി ചെയ്തിരുന്നത്. മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനാണ് ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 9.30ന് ബീച്ചില്‍ എത്തിയത്. പീറ്റര്‍ ഫോണില്‍ സംസാരിക്കുന്നതു കണ്ട് കറുത്ത വര്‍ഗക്കാരായ ചിലര്‍ എത്തി ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു.

ഫോണ്‍ കൊടുക്കാതിരുന്നപ്പോള്‍ സംഘത്തിലൊരാള്‍ പീറ്ററിനെ കുത്തിയ ശേഷം ഫോണുമായി കടന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എംപി എന്നിവരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.
കോട്ടയം സ്വദേശിയെ ഗയാന ബീച്ചില്‍ കൊലപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക