Image

ഒക്ടോബര്‍ 31 ദേശീയ ഏകതാദിനം:നരേന്ദ്ര മോദി പങ്കെടുക്കുന്ന കൂട്ടയോട്ടം

Published on 23 October, 2014
ഒക്ടോബര്‍ 31 ദേശീയ ഏകതാദിനം:നരേന്ദ്ര മോദി പങ്കെടുക്കുന്ന കൂട്ടയോട്ടം

ന്യൂഡല്‍ഹി: ഒക്ടോബര്‍ 31 ദേശീയ ഏകതാ ദിനമായി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്‍െറ ജന്മവാര്‍ഷികമെന്ന നിലയിലാണ് ഒക്ടോബര്‍ 31 ഏകതാ ദിനമായി ആചരിക്കുന്നത്. ഇതിലൂടെ സമര്‍ഥമായൊരു കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ തന്ത്രം സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വദിനമെന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ദിനം ആചരിച്ചുവന്നത്.

സര്‍ദാര്‍ പട്ടേലിന്‍െറ ജന്മവാര്‍ഷികം ഏകതാ ദിനമായി ആചരിക്കുന്നതിന്‍െറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഏകതാ കൂട്ടയോട്ടം നടക്കും. പ്രധാനമന്ത്രി റേഡിയോ സന്ദേശം നല്‍കും. വൈകീട്ട് പൊലീസ് പരേഡും ഉണ്ടാകും. ഇതിനനുസൃതമായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും.

രാജ്യത്തിന്‍െറ ഐക്യത്തിനുവേണ്ടി ഏറ്റവുമേറെ അധ്വാനിച്ച നേതാവിനെ സമൂഹത്തിന് മുന്നില്‍ ആദരവോടെ അവതരിപ്പിക്കുകയാണ് ഏകതാ ദിനാഘോഷംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. സ്കൂള്‍ പാഠപുസ്തകങ്ങളില്‍പോലും ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ വല്ലഭ് ഭായ് പട്ടേലിനെ വേണ്ടവിധം പരിചയപ്പെടുത്തിയിട്ടില്ല. 10ാം ക്ളാസിലെ ചരിത്രപാഠപുസ്തകത്തില്‍ ഒരിടത്തു മാത്രമാണ് പട്ടേലിന്‍െറ പേര് പരാമര്‍ശിക്കുന്നതെന്ന് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വിശദീകരിച്ചു.

ഗാന്ധിജിയുടേതൊഴികെ മറ്റൊരു നേതാവിന്‍െറയും ജന്മ-ചരമ വാര്‍ഷിക ദിന ചടങ്ങുകള്‍ കേന്ദ്രസര്‍ക്കാര്‍ മേലില്‍ സംഘടിപ്പിക്കില്ളെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇന്ദിര അടക്കം മുന്‍ പ്രധാനമന്ത്രിമാരുടെ ഈ ദിനങ്ങള്‍ ബന്ധപ്പെട്ട ട്രസ്റ്റുകളോ അനുയായികളോ ആണ് മേലില്‍ നടത്തേണ്ടത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞത് ഇങ്ങനെ: ‘ഇന്ദിരഗാന്ധി ദേശീയ നേതാവാണ്. സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിച്ചാലും ഇല്ളെങ്കിലും, ജനമനസ്സുകളില്‍ ഇന്ദിരക്കുള്ള സ്ഥാനം എടുത്തുകളയാനാകില്ല.’

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക