Image

കശ്മീരിന് 745 കോടി രൂപയുടെ ധനസഹായം

Published on 23 October, 2014
കശ്മീരിന് 745 കോടി രൂപയുടെ  ധനസഹായം

ശ്രീനഗര്‍: പ്രളയം തകര്‍ത്ത ജമ്മു കശ്മീരിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വീടുകളുടെ നിര്‍മാണത്തിന് 570 കോടി രൂപയും ആറ് പ്രധാന ആശുപത്രികള്‍ക്കായി 175 കോടി രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച 1,000 കോടി രൂപയുടെ ധനസഹായത്തിന് പുറമെയാണ് 745 കോടി രൂപയുടെ പുതിയ സഹായം. കശ്മീരിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുമെന്നും പ്രധാനമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ശ്രീനഗറിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച അദ്ദേഹം, പ്രളയം തകര്‍ത്ത താഴ്വരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ജമ്മു അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖല മോദി സന്ദര്‍ശിച്ചു. സിയാച്ചിനില്‍ യുദ്ധസ്മാരകം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് ദീപാവലി ആഘോഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി നല്‍കുന്നത് നിങ്ങളാണ്. നിരവധി സൈനികര്‍ ഇവിടെ തന്നെ ജീവന്‍ ബലികഴിച്ചിട്ടുണ്ട്. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി ജവാന്മാര്‍ എന്തെല്ലാം അവസ്ഥകളാണ് തരണം ചെയ്യേണ്ടി വരുന്നതെന്ന് ജനങ്ങള്‍ അറിയുന്നില്ല. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ജവാന്മാര്‍ വിരമിച്ചതിനു ശേഷം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് സ്വീകരിക്കാവുന്നതല്ല. വിരമിക്കുന്നതിനു ശേഷവും അവര്‍ക്ക് ആവശ്യമായ പരിഗണനയും ബഹുമാനവും ലഭിക്കേണ്ടതാണെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദിയുടെ നാലാമത്തെ ജമ്മു^കശ്മീര്‍ സന്ദര്‍ശനമാണിത്. പത്ത് വര്‍ഷത്തിന് ശേഷം സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക