Image

മാധ്യമങ്ങളെ മോദിസര്‍ക്കാര്‍ ശത്രുവായി കാണുകയോ?

Madhyamam editorial Published on 23 October, 2014
മാധ്യമങ്ങളെ മോദിസര്‍ക്കാര്‍ ശത്രുവായി കാണുകയോ?

മാധ്യമങ്ങളുടെ അനന്ത സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തന്‍േറതായ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് കൈമാറുകയും അതുവഴി അധികാരം പിടിച്ചെടുക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍െറ ഭരണത്തിന്‍െറ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്ന വിഷയത്തില്‍ ഇതുവരെ വിജയിച്ചിട്ടില്ല എന്ന പരാതി അദ്ദേഹത്തിന്‍െറ രാഷ്ട്രീയ പ്രതിയോഗികളുടേതു മാത്രമല്ല. ജനാധിപത്യത്തിന്‍െറ നെടുംതൂണായ മാധ്യമങ്ങളെ അപ്രസക്തമാക്കുകയും സംവാദത്തിന്‍െറയും സംശയനിവാരണത്തിന്‍െറയും അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത ജനായത്തക്രമത്തില്‍ ചോദ്യംചെയ്യപ്പെടുക സ്വാഭാവികമാണ്.

സ്വകാര്യമാധ്യമങ്ങളെ കഴിവതും അകറ്റിനിര്‍ത്തി ഒൗദ്യോഗിക മാധ്യമങ്ങളായ ദൂരദര്‍ശനെയും ആകാശവാണിയെയും വിനിയോഗിച്ച് തന്‍െറ പ്രതിച്ഛായ കൂടുതല്‍ മിനുക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി മുഖ്യമായും നടത്തിക്കൊണ്ടിരിക്കുന്നത്. റേഡിയോവിലൂടെ  മനസ്സ് തുറക്കുന്നതിന് തന്‍െറ ഒൗദ്യോഗികവസതിയില്‍ ഓള്‍ ഇന്ത്യ റേഡിയോ കഴിഞ്ഞമാസം റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതും ‘മന്‍ കീ ബാത് (ഹൃദയത്തില്‍നിന്നുള്ള സംസാരം) എന്ന പ്രോഗ്രാമിന് നാന്ദികുറിച്ചതും സുതാര്യതക്കു വേണ്ടിയല്ല; പ്രത്യുത, തന്‍െറ വാക്ചാതുരി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനും അതുവഴി മനസ്സ് കീഴടക്കാനുമുള്ള ആസൂത്രിത നീക്കത്തിന്‍െറ ഭാഗമായാണ്. ദൂരദര്‍ശന് മാത്രമേ ഒൗദ്യോഗിക പരിപാടികളില്‍ പ്രവേശാനുമതി ലഭിക്കുന്നുള്ളൂവെന്ന് പരാതിയും വ്യാപകമായിട്ടുണ്ട്. ഭരണകര്‍ത്താവിന്‍െറ തിരുവായില്‍നിന്ന് വീഴുന്നത് അതേപടി അഷ്ടദിക്കുകളിലും പ്രസരിപ്പിക്കാനല്ലാതെ, പ്രയാസപ്പെടുത്തുന്ന ഒരു ചോദ്യവും ഉന്നയിക്കാന്‍ ധൈര്യപ്പെടില്ല എന്നതാണ് ഒൗദ്യോഗിക ചാനലിനെ പ്രിയങ്കരമാക്കുന്ന ഘടകം.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ട്വിറ്ററിലൂടെയും ഫേസ്ബുക്കുകളിലൂടെയും നടത്തുന്ന ആശയവിനിമയം ഇന്ത്യ പോലൊരു രാജ്യത്ത് പൗരന്മാരില്‍ എത്ര ശതമാനത്തിലത്തെുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.  ഇതുവരെ വാര്‍ത്താസമ്മേളനം നടത്തി തന്‍െറ സര്‍ക്കാറിന്‍െറ നയപരിപാടികള്‍ വിശദീകരിക്കാനോ പൗരന്മാരുടെ സംശയങ്ങള്‍ക്ക് നിവാരണം വരുത്താനോ മോദി മുന്നോട്ടുവന്നിട്ടില്ല. അധികാരാരോഹണം കഴിഞ്ഞ് മാസങ്ങളല്ളേയായുള്ളൂ എന്ന മറുവാദം  ഉന്നയിച്ചേക്കാം. മാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ പാകത്തില്‍ പ്രചാരണം ആവശ്യമുള്ളതെന്ന് തങ്ങള്‍ക്ക് തോന്നുന്ന വാര്‍ത്തകള്‍ തിരഞ്ഞുപിടിച്ച് പിന്നാമ്പുറത്തൂടെ പുറത്തുവിടുന്ന ഒരു ശൈലിയാണ് സ്വീകരിച്ചുവരുന്നത്. പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനത്തെ വലിയ സംഭവമാക്കിയ അതേ മീഡിയയുടെ മുന്നില്‍ ഇപ്പോള്‍ ആസ്ട്രേലിയയിലേക്കുള്ള യാത്രയുടെ സൂചനകള്‍ പുറത്തുവിട്ട രീതിയില്‍ ഈ തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. അതേസമയം, മന്ത്രിസഭാംഗങ്ങള്‍പോലും സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുട്ടില്‍ തപ്പുന്ന ഇപ്പോഴത്തെ അവസ്ഥ മുമ്പൊരിക്കലും കേള്‍ക്കാത്തതാണ്.

ഇന്ത്യ പോലൊരു ജനായത്ത ക്രമത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റിനുള്ള സ്ഥാനം എത്ര വലുതാണെന്ന് മനസ്സിലാക്കാത്ത വ്യക്തിയല്ല ഹിന്ദുത്വപാഠശാലയില്‍ രാഷ്ട്രീയാഭ്യാസം നടത്തിയ നരേന്ദ്ര മോദി. ബി.ജെ.പിയുടെ ആദ്യ അവതാരമായ ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ച് അടിയന്തരാവസ്ഥക്കുശേഷം അധികാരത്തിലത്തെിയപ്പോള്‍ വാര്‍ത്താവിതരണ വകുപ്പ് തങ്ങള്‍ക്ക് കിട്ടണമെന്ന് വാശിപിടിച്ചതും എല്‍.കെ. അദ്വാനി അതിന്‍െറ തലപ്പത്ത് അവരോധിതനായതും മാധ്യമങ്ങളുടെ ശക്തി മനസ്സിലാക്കിക്കൊണ്ടുള്ള ആര്‍.എസ്.എസിന്‍െറ നീക്കത്തിന്‍െറ ഭാഗമായിരുന്നു. വാര്‍ത്താ ഏജന്‍സികളില്‍ തങ്ങളോട് കൂറും അനുഭാവവും കൈമുതലായവരെ തിരുകിക്കയറ്റാന്‍ അന്ന് നടത്തിയ ശ്രമം ദേശീയമാധ്യമരംഗം കാവിവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2002ലെ ഗുജറാത്ത് കൂട്ടനരഹത്യയുടെ കിരാതമുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്നതിലും മോദിയുടെ പ്രതിച്ഛായയുടെമേല്‍ കാലത്തിന് കഴുകിക്കളയാന്‍ കഴിയാത്തവിധം കളങ്കം ചാര്‍ത്തുന്നതിലും സക്രിയമായ ഇടപെടലുകള്‍ നടത്തിയത് കൊണ്ടാവാം പ്രതികാരമനസ്ഥിതിയോടെ മോദി മാധ്യമങ്ങളോട് ഇപ്പോള്‍ പെരുമാറുന്നതെന്ന നിഗമനം പ്രഫഷനല്‍ മീഡിയയുടേതാണ്.

2007ല്‍ ഒരു ചാനല്‍ അഭിമുഖത്തില്‍നിന്ന് ഇറങ്ങിപ്പോവാന്‍പോലും അദ്ദേഹം ഉദ്യുക്തനായത് തനിക്ക് അഹിതകരമായ ചോദ്യങ്ങളോടുള്ള അസഹിഷ്ണുത കൊണ്ടായിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ലാവണത്തില്‍ ഉപവിഷ്ടനായ ഒരു നേതാവിന് എക്കാലവും മാധ്യമങ്ങളില്‍നിന്ന് അകന്നും തന്‍െറ ശബ്ദം ഒൗദ്യോഗിക മീഡിയയില്‍കൂടി മാത്രം കേള്‍പ്പിച്ചും ഭരണതലപ്പത്ത് സ്വസ്ഥമായി ഇരിക്കാമെന്ന് കരുതുന്നത് ഭാവിയില്‍ അദ്ദേഹത്തിനു തന്നെ വിനയാവാതിരിക്കില്ല. എഡിറ്റേഴ്സ് ഗില്‍ഡ് ഈയിടെ ഓര്‍മപ്പെടുത്തിയതു പോലെ ഭരണത്തില്‍ പ്രകടമായ സുതാര്യതക്കമ്മി അനുഭവപ്പെടുന്നുണ്ട്. വിശ്വാസ്യതക്കമ്മിയിലേക്കായിരിക്കും അത് നയിക്കുക. ജനങ്ങളെ കേള്‍പ്പിക്കാന്‍ മാത്രമല്ല, അവരെ കേള്‍ക്കാനും  പ്രധാനമന്ത്രി തയാറായേ പറ്റൂ. അല്ളെങ്കില്‍ ജനം അദ്ദേഹത്തെ അവരുടേതായ വഴിയിലൂടെ കേള്‍പ്പിക്കുകതന്നെ ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക