Image

ഹാസ്യ സാഹിത്യത്തിനൊരു ആമുഖം- (ഒന്നാം ഭാഗം : ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 23 October, 2014
ഹാസ്യ സാഹിത്യത്തിനൊരു ആമുഖം- (ഒന്നാം ഭാഗം : ഡോ.നന്ദകുമാര്‍ ചാണയില്‍)
കേവലം ഒരു തമാശ, നേരം പോക്ക്, അല്ലെങ്കില്‍ നര്‍മം എന്നിവ ഉല്‍ഭുതമാക്കുന്ന വിനോദതിലുപരി ഹാസ്യ സാഹിത്യത്തിനു സമുന്നതമായ ഒരു സ്ഥാനമാണ് എല്ലാ ഭാഷകളിലും ഉള്ളത്. ഭാരത സംസ്‌കാരത്തില്‍ നവരസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടല്ലോ. ശൃംഗാരം, കരുണം, രൗദ്രം,ഹാസ്യം, അത്ഭുതം, വീരം, ശോകം, ഭയാനകം, ഭീഭല്‍സം, എന്നിവയാണല്ലോ നവരസങ്ങള്‍.. സാമൂഹികവും സാമുദായികവും രാഷ്ട്രിയവും സാമ്പത്തികവുമായ മേഖലകളില്‍ ആന്തോളനം സൃഷ്ടിക്കുന്നതില്‍ ഹാസ്യ സാഹിത്യത്തിനുള്ള പങ്ക് കുഞ്ചന്‍ നമ്പ്യാര്‍ തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ നിര്‍ണായകമാണെന്നു കാണാം. ചാക്യാര്‍ കൂത്ത് വേളയില്‍ മിഴാവ് കൊട്ടി കൊണ്ടിരുന്ന നമ്പ്യാര്‍ ഒന്ന് ഉറക്കം തൂങ്ങിയതിനു ചാക്യാര്‍ അദ്ദേഹത്തെ കണക്കു പരിഹസിച്ചു. പരിഹാസശരമേറ്റ നമ്പ്യാരാവട്ടെ ചാക്യാര്‍കൂത്തിനെയും കവച്ചു വെയ്ക്കുന്ന ഒരു ഹാസ്യകല തന്നെ കൈരളിക്ക് സമ്മാനിച്ചു. ഹാസ്യ കലയും ഹാസ്യസാഹിത്യവും ഏതു ദേശത്തായാലും സംസ്‌കാര സമുന്നയത്തിന്റെ നേതൃനിരയില്‍ നില്ക്കുന്നത് കാണാം. ഓട്ടം തുള്ളല്‍, കഥകളി, നാടകം, കഥാപ്രസംഗം, മിമിക്രി,ചലച്ചിത്രം, കാര്‍ട്ടൂണ്‍ എന്നിവ കൂടാതെ സാഹിത്യത്തിത്തിന്റെ  വിവിധ ശാഖകളിലെല്ലാം ഹാസ്യത്തിന്റെ അതിപ്രസരം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. പഴങ്കഥകളിലും  പഴഞ്ചൊല്ലുകളിലും ത്രസിക്കുന്ന നര്‍മവും ഹാസ്യവുമല്ലേ അവ കുറ്റിയറ്റ് പോകാതെ  പരമ്പരാഗതമായും കാലാ കാലങ്ങളിലായും തലമുറകള്‍തോറും കൈമാറി വരുന്നത്
സാധാരണ ജനങ്ങള്‍ മങ്ങി കാണുന്ന വിനോദത്തെ പ്രകാശിപ്പിച്ചു അവരെ കൊണ്ട് ചിരിപ്പിക്കുന്ന സാഹിത്യമാണ് ഉത്തമമായ ഹാസ്യസാഹിത്യം.

പ്രൊ.സുകുമാര്‍ അഴിക്കോട് പറയുന്നത് ശ്രദ്ധിക്കൂ. ഉത്തമമായ ഹാസ്യ സാഹിത്യത്തിന്റെ സാമൂഹികമായ ധര്‍മം ഉത്തമമായ ഹാസ്യം ആസ്വാദകരില്‍ ഉയര്‍ത്തുക എന്നതാണ്. കരയാന്‍ എത്രയോ കാരണങ്ങള്‍ മുട്ടിനില്ക്കുന്ന ഈ ലോകത്തില്‍ ചിരിയുടെ അലകള്‍ പരത്തുന്നതും ഒട്ടും കരയാതെ കല്പിച്ചു കിടക്കുന്ന ഹൃദയത്തെ കരയിക്കുന്നതും മഹനീയമായ മനുഷ്യസേവ തന്നെയാണ്. ഉത്കൃഷ്ടമായ ശൃംഗാര സാഹിത്യവും കരുണ സാഹിത്യവും എല്ലാം അതതു രസങ്ങള്‍ അനുവാജക ഹൃദയങ്ങളില്‍ ഉണര്‍ത്തി വിടുമ്പോള്‍ താന്തങ്ങകളുടെ ധര്‍മം വേണ്ട വണ്ണം നിര്‍വഹിക്കുകയാണ്. ആ രസങ്ങള്‍ അന്തരംഗത്തില്‍ സൃഷ്ടിക്കുന്ന വികാര താരള്യത്തിന്റെ സംസ്‌കാരം ആസ്വാദകമായി വ്യക്തിയുടെ ബാഹ്യമായ പ്രവര്‍ത്തികളെയും മെല്ലെ മെല്ലെ പ്രചോദിപ്പിക്കുകയും അതു വഴി സമുദായം കുറച്ചു കൂടി നന്നാവുകയും കൂടി ചെയ്യുന്നു .  
'ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രസ വിശേഷമാണ് ഹാസ്യം. അതിന്റെ
 ഉള്ളില്‍ ഗൌരവമായ ഒരു വീക്ഷണം അന്തസന്നിവേശം ചെയ്തിട്ടുണ്ടെന്ന് കാണാന്‍ പലരും മെനകെടാറില്ല വെറും ചിരി അതിന്റെ ഒരു അംശം മാത്രം എന്നത്രെ ഡോ.അയ്യപ്പ പണിക്കരുടെ അഭിമധം.'

ഏതു അനു വാചകനും അസ്വാരസ്യമോ അസ്വാരസമോ കൂടാതെ രസിക്കാനും ഒപ്പം ചിന്തിക്കാനും ഉതകുന്ന ഹാസ്യ ദോഹദങ്ങളായ രചനയാണ്  യഥാര്‍ത്ഥ ഹാസ്യ സാഹിത്യം.എന്നാല്‍ ഹാസ്യത്തിന്റെ പേരില്‍ കുലീനത്വമില്ലാത്ത അന്തസ്സില്ലാത്ത അതെ സമയം അന്തസര വിഹീനങ്ങളായ ഫലിതങ്ങള്‍ സദാചാര ബോധത്തിന്റെ സീമ ലംഘിക്കുമ്പോള്‍ അശീലത്തിന്റെ തട്ടിന്‍പുറം കയറുന്നു.
 ഇനി മലയാളത്തിലെ ചില പ്രശസ്ത ഹാസ്യസാഹിത്യകാരന്മാരിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.ആദ്യ കാല ഹാസ്യ സാഹിത്യകാരന്മാരില്‍ പ്രമുഖര്‍ തോലാന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഇ.വി.കൃഷ്ണ പിള്ള സഞ്ജയന്‍ എന്ന മാണിക്കോത്ത് രാമുണ്ണി നായര്‍, വി.കെ.എന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി, സുകുമാര്‍, ചെമ്മനം ചാക്കോ, എന്നിവരാണ്. ഹാസ്യസാഹിത്യത്തിന്റെ കുലപതി സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ ആണെന്നത് നിസ്ത്തര്‍ക്കം പറയാം.പിന്നെ വരുന്നു ഇ.വി.കൃഷ്ണ പിള്ളയും എം.ആര്‍.നായരും. ഇ.വി.തിരുവിതാംകൂറില്‍ പ്രസിദ്ധനെങ്കില്‍ എം.ആര്‍.നായര്‍ മലബാറിലും. ശ്രീക്കോടന്റെ അഭിപ്രായത്തില്‍ സാക്ഷാല്‍ കുഞ്ചനും ഒരു പടി മീതെ അല്ലെ വാസ്തവത്തില്‍ സഞ്ജയന്‍. കുഞ്ചന്‍ നിര്‍ത്തിയ ദിക്കില്‍ നിന്നാണ് സഞ്ജയന്റെ പൊട്ടിച്ചിരി ആരംഭിക്കുന്നത്. സഞ്ജയന്റെ ലേഖന  സാരസ്യം എടുത്തു കാണിക്കുക എളുപ്പമല്ല. കാരണം അതാദ്യന്തം ഫലിതമയമാണ്. സഞ്ജയ സാഹിത്യത്തില്‍ ഹാസ്യം സര്‍വപ്രധാനമായ ആംഗി രസമാണ് എന്ന് ഡോ.അഴീക്കോടിന് അഭിപ്രായമുണ്ട്. സഞ്ജയന്റെ ഫലിതത്തിനു മാധുര്യവും ഹാസ്യത്തിന് മൂര്ച്ചയുമുണ്ട്.'ഇരുട്ട് മുറിയില്‍ കിടന്നു നനഞ്ഞ തീപ്പെട്ടി കോലുരക്കല്‍'. ആണ് തന്റെ സാഹിത്യ പ്രവര്‍ത്തനമെന്ന് കേരള പത്രികയുടെ സുപ്രസിദ്ധമായ എട്ടാം പേജില്‍ സഞ്ജയന്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്.

 വ്യക്തിപരമായ ദുഖങ്ങളാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട ജീവിതമായിരുന്നു സഞ്ജയന്റെത്. ഏഴാമത്തെ വയസ്സില്‍ പിതാവിനെ നഷ്ട്ടപെട്ടു. വിവാഹം കഴിഞ്ഞു നാലു വര്‍ഷത്തിനുള്ളില്‍ സഹ ധര്‍മിണിയേയും പിന്നാലെ ഏക പുത്രന്റെയും ജേഷ്ഠ സഹോദരന്റെയും അകാല ചരമങ്ങള്‍ അദ്ദേഹത്തെ വൈകാരികമായി വേട്ടയാടി. രോഗവും ദുഃഖവും അദ്ദേഹത്തിന്റെ മനസ്സിനും ശരീരത്തിനും യാതനകള്‍ നല്കി. എങ്കിലും അദ്ദേഹത്തിന്റെ ധിഷണാ വൈഭവത്തെ ബാലഹീനമാക്കിയില്ല. സഞ്ജയന്റെ മന ശരീരങ്ങളെ നീറ്റി കൊണ്ടിരുന്ന ദുഖങ്ങളൊന്നും അദ്ധേഹത്തെ തളര്‍ത്തിയില്ല. മറിച്ചു 'ദുഃഖാബ്ധിയില്‍ നിന്ന് ഹാസ്യമൃതം കടഞ്ഞെടുത്ത് സഞ്ജയന്റെ ഹാസ്യ സരസ്വതി നമ്പ്യാര്‍ക്ക് മുമ്പില്‍ സംശയമില്ല എന്നു ശ്രി.കോഴിക്കോടന്‍ സമര്‍ഥിക്കുന്നു.അതെ ശരിയാണ് 'adversitiea and calamities bring forth the best out of the human beings ' എന്നു സിഗ്മണ്ട് ഫ്രോയ്ടും പറയുന്നുണ്ടല്ലോ.
 

ഷേക്‌സ്പിയര്‍ക്കും കുഞ്ചന്‍ നമ്പ്യാര്‍ക്കും പൊതുവിലുള്ളത് സാരസ്യമാണ്, ഫലിതമല്ലെന്നു സഞ്ജയന്‍ അവകാശപെടുന്നു.സാരസ്യമെന്നതു അത്ര എളുപ്പത്തില്‍ വരിക്കാവുന്ന ഒന്നല്ലെന്നും ഫലിതത്തെ പാമരന്നു കൂടി മനസിലാവുന്ന രീതിയില്‍ വിവരിക്കാമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. സാരസ്യം സൌരഭ്യം പോലെയാണ്. ആധാര വസ്തുവില്‍ നിന്ന് അതിനെ വേര്‍പെടുത്തി കാണിച്ചു കൂടാ, സാരസ്യം സൂര്യ രശ്മി പോലെയുമാണ്. അതിന്റെ പ്രകാശത്തില്‍ അന്യ വസ്തുക്കളെ വീക്ഷിക്കുകയല്ലാതെ അതിനെ മാത്രമായി ആര്‍ക്കും കാണുവാന്‍ കഴിയുകയില്ല, സരസമായ ഒരു വാക്യത്തില്‍ സാരസ്യം എവിടെയാണെന്ന് കണ്ടു പിടിക്കാന്‍ ശ്രമിക്കുക്കുന്നത് നവോഡയുടെ  മുഖത്തുള്ള ലജ്ജ മുഖത്തിന്റെ ഏതു ഭാഗത്താണ് ഉള്ളതെന്ന് തീര്‍ച്ചപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് പോലെയാണ്. മന്ദമാരുത സ്പര്‍ശത്തില്‍ തെങ്ങോലതുമ്പ് ഇളകുന്നത് പോലെ സാരസ്യതിന്റെ അന്ത പ്രവേശനത്താല്‍ സഹൃദയന്റെ ചുണ്ടുകള്‍ മന്തസ്മിതത്തില്‍ വിടരുന്നത് കാണാം. 

'പാറപ്പുറത്ത് സഞ്ജയനും ചാള്‍സ് ലാമ്പും പിന്നെ ഞാനും ' എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹത്തിന്റെ മരുമകള്‍ അമ്മാളുക്കുട്ടി ആര്‍.മേനോണ് പ്രസ്താവിച്ച പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. 'സദാചാര ബോധം, പാരമ്പര്യം, കുടുംബ ഭദ്രത ഇവയായിരുന്നു എം.ആര്‍ .നായരുടെ ജീവിതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍. വ്യക്തി വിദ്വേഷ രഹിതമായിരുന്നു അദ്ദേഹത്തിന്റെ
ആക്ഷേപഹാസ്യം. സ്വന്തം ജീവിതത്തില്‍ പാലിക്കാത്ത ആദര്‍ശം പ്രസംഗിക്കാന്‍  സാഹിത്യകാരനു അവകാശമില്ല എന്ന അടിയുറച്ച വിശ്വാസമാണ് പലപ്പോഴും അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്. കുലീനത്വം കൈവിടാത്ത ആ നര്‍മം ഇന്നും ഏതു കുടുംബ സദസ്സിലും ഇരുന്നു ആസ്വദിക്കാവുന്നതാണ്. ആഭാസത്തിലേക്ക് വഴുതി വീഴാതെ ചിരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച സഞ്ജയന്റെ രണ്ടു വരി കവിത ഉദ്ധരിച്ചു കൊണ്ട് ആദ്യ ഭാഗത്തിന് വിരാമമിടുന്നു.
'പരിഹാസപ്പുതുപ്പനീര്‍ ചെടിക്കെടോ
ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താന്‍'

 (തുടരും)


ഹാസ്യ സാഹിത്യത്തിനൊരു ആമുഖം- (ഒന്നാം ഭാഗം : ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
വായനക്കാരൻ(vaayanakkaaran) 2014-10-24 07:44:41
 മലയാള ഹാസ്യസാഹിത്യകാരന്മാരെ, പ്രത്യേകിച്ച് ഒരു പ്രഗൽഭ സാഹിത്യകാരനായിരുന്ന സഞ്ജയനെ, ഓർപ്പിച്ചതിന് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക