Image

കള്ളപ്പണക്കാരേ….ചാകര….ചാകര…. (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 23 October, 2014
കള്ളപ്പണക്കാരേ….ചാകര….ചാകര…. (അനില്‍ പെണ്ണുക്കര)
വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വിറ്റ്‌സ്വര്‍ലണ്ടില്‍ പോയി ഐസിന്‍മേല്‍ വീണ് കാലുളുക്കിയ കഥ ഓര്‍മ്മയുണ്ടോ? അന്നെല്ലാവരും പറഞ്ഞു നടന്നു ഉമ്മന്‍ ചാണ്ടി സ്വിസ്ബാങ്കില്‍ പോയതാണെന്ന്. അഥവാ അന്ന് അദ്ദേഹം അവിടെ പണം വല്ലതും നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ദാ… ഏതാനും ദിവസത്തിനകം അതിന്റെ നിജസ്ഥിതി അറിയാം. തെളിവുകളെല്ലാം കേന്ദ്രസര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞു.

ഒരു ചുക്കും സംഭവിക്കില്ല എന്ന് നമുക്കെല്ലാം അറിയാം. നരേന്ദ്രമോഡി തെരഞ്ഞെടുപ്പ്‌വേളയില്‍ ഈ നാടുമുഴുവന്‍ പറകൊട്ടി പാടിയതായിരുന്നു ഇന്ത്യയിലെ കള്ളപ്പണക്കാരെ മുഴുവന്‍ ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കുമെന്ന്. എന്നാല്‍ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവും, അത് ആരൊക്കെയാണ് നിക്ഷേപിച്ചതെന്നും സര്‍ക്കാരിന് വിവരം ലഭിച്ചുകഴിഞ്ഞിട്ട് രണ്ടാഴ്ചയായി കേന്ദ്രസര്‍ക്കാര്‍ അന്നു പറഞ്ഞു. “അത് രഹസ്യം അതങ്ങനെ ഇരിക്കട്ടെ എന്ന്.”  അപ്പോള്‍ എല്ലാവരും മോഡിയുടെ നെഞ്ചത്ത് കയറി. അപ്പോ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു. ചില പേരുകള്‍ തല്‍ക്കാലത്തേക്ക് പുറത്തുവിടുന്നതില്‍ തെറ്റില്ല, എന്ന്. ധനമന്ത്രി അരുണ്‍ ജയ്റ്റലി കേള്‍ക്കാത്ത  പാതി അപ്പഴേ പറഞ്ഞു. “പേരുകള്‍ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസുകാര്‍ ഞെട്ടുമെന്ന്.”
ഞൊട്ടും! പാമ്പിന്‍ കൂട്ടില്‍ കിടക്കുന്നവനെ റബ്ബര്‍ പാമ്പ് കാട്ടി പേടിക്കുന്നോ? “അല്ലയോ…ജയ്റ്റലി” …  അങ്ങ് എന്താ വിചാരിച്ചത്. ഈ ഭാരതത്തിലെ ജനങ്ങള്‍ വെറും മണ്ടന്‍മാരാണന്നോ? നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ കിട്ടിയ മുഴുവന്‍ പേരുകളും പുറത്തുവിടൂ..”

ഇതുതന്നെയാണിപ്പോള്‍ കോണ്‍ഗ്രസുകാരും പറയുന്നത്. മുഴുവന്‍ പേരുകളും പുറത്തുവിടണം. അപ്പോഴാണ് യഥാര്‍ത്ഥ കളി കാണാന്‍ പോകുന്നത്. ഇന്ത്യയിലെ നൂറുകോടി ജനങ്ങളെയും പറ്റിച്ചുണ്ടാക്കിയ പണം പൂഴ്ത്തിവച്ചിരിക്കുന്നവന്‍ ആരാണന്നറിയാന്‍ ഇന്ത്യയിലെ സാധാരണക്കാരന് അവകാശമില്ലേ? അഞ്ചുവര്‍ഷം കൂടുമ്പോള്‍ കയ്യില്‍ മഷി തേയ്ക്കാന്‍ മാത്രമല്ല അവന് അവകശം. അതുകൊണ്ട് വേളാങ്കണ്ണി മാതാവാണെ, ശബരിമല അയ്യപ്പനാണേ, വാവരു സ്വാമിയാണെ സത്യം അല്ലയോ ജയ്റ്റലി… അങ്ങ്  ആ മഹാന്‍മാരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണം. ഞങ്ങള്‍ക്ക് ചിലരെയൊക്കെ സംശയമുണ്ട്. “അവരൊക്കെ തന്നെയാണോ അവര്‍”  എന്നറിയാന്‍ വേണ്ടി മാത്രം.

രാജ്യത്ത് ഏതുമന്ത്രിസഭ വന്നാലും അതില്‍ കള്ളപ്പണക്കാരന് പങ്കുണ്ട്. മന്ത്രിസഭയിലാകട്ടെ കള്ളപ്പണക്കാരും ഉണ്ടാകും. മന്ത്രിയോ, എം.എല്‍.എ.യോ, എം.പി.യോ ആയതിനുശേഷമാകും ഒരാള്‍ കള്ളപ്പണക്കാരനാവുക അതേ വഴിയുള്ളൂ. സര്‍ക്കാര്‍ ശമ്പളം ഇനത്തില്‍ കൊടുക്കുന്ന നക്കാപ്പിച്ച ആര്‍ക്കു വേണം. കിരീടം സിനിമയില്‍ ജഗതിശ്രീകുമാര്‍ പറഞ്ഞതുപോലെ നമുക്ക് ജീവിക്കണമെങ്കില്‍ ഒരു പതിനായിരം രൂപവേണം…

എന്തായാലും കോണ്‍ഗ്രസുകാരൊന്നും പേടിക്കേണ്ട. അരുണ്‍ ജയ്റ്റ്‌ലി ഒരു സാമ്പിള്‍ വെടി പൊട്ടിച്ചെന്നേയുള്ളൂ. അദ്ദേഹത്തിനുമറിയാം ഒറ്റാലില്‍ കുടുങ്ങിയതിനേക്കാള്‍ വലുത് അകത്ത് ഫ്രിഡ്ജില്‍ ഇരുപ്പുണ്ടെന്ന്…. അതുകൊണ്ട് കള്ളപ്പണക്കാരേ… ഇനിയും നിക്ഷേപിച്ചോളൂ…. നിക്ഷേപിച്ചോളൂ…. തമ്പ്രാക്കന്‍മാര്‍ ഒരു വിഷയവും ഉണ്ടാക്കാന്‍ വരില്ലാ…ട്ടോ…!
കള്ളപ്പണക്കാരേ….ചാകര….ചാകര…. (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക