Image

ഫിലഡല്‍ഫിയായില്‍ സൗജന്യ ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് ഇവന്റ്

ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ Published on 23 October, 2014
ഫിലഡല്‍ഫിയായില്‍ സൗജന്യ ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് ഇവന്റ്
ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കോട്ടയം അസോസിയേഷനും ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമായി വാര്‍ദ്ധക്യത്തിലെത്തിയവരുടെ പകല്‍വീടായി പ്രവര്‍ത്തിക്കുന്ന ബെന്‍സലേം അഡല്‍റ്റ് ഡേ കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ഒന്നാം തീയ്യതി ശനിയാഴ്ച 9.30-1 മണിവരെ സൗജന്യ ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് നടത്തുന്നതാണ്.

അമേരിക്കയില്‍ ഇതര രാജ്യങ്ങളില്‍നിന്നും കുടിയേറി പാര്‍ക്കുന്നവര്‍ക്കു ലഭ്യമാകുന്ന പൊതുവായ ആനുകൂല്യങ്ങള്‍ മറ്റു രാജ്യക്കാര്‍ക്കു ധാരാളമായി ലഭിക്കുമ്പോള്‍ ഇന്ത്യാക്കാരായ നാം പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ അര്‍ഹതയുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങളെപ്പറ്റി വിവരങ്ങള്‍ ലഭിക്കാതെ നഷ്ടപ്പെടുന്നു. ഈയവസരത്തിലാണ് സംഘടനകള്‍ക്കും, സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഉള്ള പൊതുവായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കുമെന്നുള്ളതിന്റെ മകുടോദാഹരണമായി കോട്ടയം അസോസിയേഷനും ബെന്‍സലേം അഡല്‍റ്റ് ഡേ കെയറും ഫിലാഡല്‍ഫിയായില്‍ കൈകോര്‍ക്കുന്നത്.

മലയാളി സമൂഹത്തിലെ പ്രാരംഭ കുടിയേറ്റക്കാര്‍ ജീവിത സായാഹ്നത്തിന്റെ അതിര്‍വരമ്പുകളില്‍ എത്തിനില്‍ക്കുമ്പോള്‍ നാടും വീടും വിട്ട് വളരെയധികം കാലം അമേരിക്കയില്‍ ജോലി ചെയ്യുകയും അതിലും ഉപരി മക്കളുടെയും കൊച്ചു മക്കളുടെയും സ്‌നേഹ പരിലാളനയില്‍ കഴിയുമ്പോള്‍ ഈ രാജ്യത്തു നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട സമയം സംജാതമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനുള്ള സുവര്‍ണ്ണാവസരത്തിലേക്ക് പ്രായഭേദമെന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട വിദഗ്ദരായ പല പ്രമുഖരും ഈ സെമിനാറില്‍ സംബന്ധിക്കുന്നതും അവരവരുടെ മേഖലകളിലെ അറിവുകള്‍ പകരുകയും ചെയ്യുന്നതായിരിക്കും. സര്‍ക്കാര്‍ മേഖലയിലും, പൊതുമേഖലയിലും മറ്റു ആരോഗ്യമേഖലയിലുമുള്ളതുമായി നിരവധി വ്യക്തികളെയും, പ്രസ്ഥാനങ്ങളെയും ഒരേ കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട്  കണ്ണ്, പല്ല്, ഈ.കെ.ജി., ചെവി, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നീ പരിശോധനകളും സൗജന്യമായി നടത്തുന്നതാണ്. കൂടാതെ പ്രമുഖ നേഴ്‌സിങ്ങ് സംഘടനയായ പിയാനോയും ഈ സംരംഭത്തിനോടൊപ്പം സഹകരിക്കുകയും ചെയ്യുന്നു.

സൗജന്യ ഫ്‌ളു ഷോട്ട് നല്‍കുവാനായി റൈറ്റ് എയ്ഡ് ഫാര്‍മസിയും, തെറാപ്പി ചികില്‍സക്കായി ഇന്‍ഫിനിറ്റി തെറാപ്പി സെന്ററും എത്തിച്ചേരുന്നതാണ്. അത്യാവശ്യമുള്ളവര്‍ക്ക് ഗതാഗതസൗകര്യം ഒരുക്കിയിട്ടുള്ളതായും, എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിക്കുന്നതായും, സാബു പാമ്പാടിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഇതിനോടനുബന്ധിച്ചിട്ടുള്ളതായി ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക.
Kottayamassociation.org,

 bensalemadultdaycarecentre.com

വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ


ഫിലഡല്‍ഫിയായില്‍ സൗജന്യ ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി അവയര്‍നസ് ഇവന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക