Image

പ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തി

ഷിജി അലക്‌സ് Published on 22 October, 2014
പ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തി
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കാര്‍ബണ്‍ഡേല്‍ എസ്.ഐ.യു വിദ്യാര്‍ത്ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ സാഹചര്യത്തിലുണ്ടായ അന്ത്യം. ഈ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ത്യം പുറത്തുകൊണ്ടുവരാനായി നിരന്തരം പോരാടുന്ന കുടുംബത്തിന് പിന്തുണയുമായി തദ്ദേശവാസികളും കൂട്ടുചേരുന്നു. പ്രവീണിന്റെ കുടുംബം താമസിക്കുന്ന മോര്‍ട്ടന്‍ഗ്രോവിന്റെ മേയര്‍ ഡാന്‍ ഡി മരിയ ഈ സംഭവത്തില്‍ മാതാപിതാക്കളോടുള്ള ഖേദം രേഖപ്പെടുത്തുക മാത്രമല്ല, അവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് നിന്ന് മുന്നോട്ടുപോകുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

അതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 18-ന് മോര്‍ട്ടന്‍ഗ്രോവ് വില്ലേജ് ഹാളില്‍ മേയര്‍ ഡാന്‍ ഡി മരിയയുടെ നേതൃത്വത്തില്‍ പത്രസമ്മേളനം നടത്തി. ഏകദേശം ഇരുനൂറിലധികം ആളുകള്‍ പങ്കെടുത്ത സമ്മേളത്തില്‍ തദ്ദേശീയരുടെ സന്നിധ്യം ശ്രദ്ധയാകര്‍ഷിച്ചു. പത്രസമ്മേളനത്തില്‍ ഒട്ടുമിക്ക മാധ്യമങ്ങളും താത്പര്യത്തോടെ പങ്കുചേര്‍ന്നു. മേയര്‍ ഡാന്‍ ഡി മരിയയെ കൂടാതെ കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷാക്കോവ്‌സ്കി, നൈല്‍സ് വെസ്റ്റ് സ്കൂള്‍ കൗണ്‍സിലര്‍ മാര്‍ക്ക് മെഡ്‌ലന്റ്, സതേണ്‍ ഇല്ലിനോയി റോഡിയോ പോസ്റ്റ് മോണിക്കാ ഡൂകാസ്, ഫാമിലി അറ്റോര്‍ണി ചാള്‍സ് സ്റ്റെഗ്മെയര്‍, സ്വകാര്യ അന്വേഷണോദ്യോഗസ്ഥര്‍, രണ്ടാം ഓട്ടോപ്‌സി നടത്തിയ ഡോ. ബെന്‍ മര്‍ഗോളിസ്, പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ്, പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സൂസന്‍ ഇടമല, ജിമ്മി വാച്ചാച്ചിറ എന്നിവരും പ്രസ്താവനകള്‍ നടത്തി.

മേയര്‍ നിറകണ്ണുകളോടെയാണ് തന്റെ ആമുഖ പ്രസംഗം നടത്തിയത്. മാതാപിതാക്കളുടെ ദുഖത്തില്‍ താനും പങ്കുചേരുന്നുവെന്നും, ആ കണ്ണുനീരിന് ഉത്തരം ലഭിക്കേണ്ടത് ആവശ്യമാണെന്നും, അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ഒരു വേദികൂടിയാണ് ഈ പത്രസമ്മേളനം എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുടുംബത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം നല്‍കിയാണ് മേയര്‍ പ്രസ്താവന അവസാനിപ്പിച്ചത്.

കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷാക്കോവ്‌സ്കി ഇതുവരെ നടത്തപ്പെട്ട അന്വേഷണത്തിലും നീതിനിര്‍വഹണത്തിലും സംശയം പ്രകടിപ്പിക്കുകയും എത്രയും പെട്ടെന്ന് സത്യം പുറത്തുവേണ്ടതാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. തന്നാലാവുന്നത് ചെയ്യുമെന്നും കുടുംബത്തിന് അദ്ദേഹം ഉറപ്പു നല്‍കി.

പ്രവീണ്‍ പഠിച്ച നൈല്‍സ് വെസ്റ്റ് ഹൈസ്കൂളിലെ കൗണ്‍സിലറായ മാര്‍ക്ക് മെഡ്‌ലന്റ്, പ്രവീണിനെ അനുസ്മരിക്കുകയും, പ്രവീണിന്റെ മരണം കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണെന്നും ഓര്‍മ്മിപ്പിച്ചു.

അതിനുശേഷം മാതാവ് ലവ്‌ലി വര്‍ഗീസ് ഇതുവരെയുള്ള നടപടികളുടെ അവലോകനവും, അതോടൊപ്പം തന്നെ കാര്‍ബണ്‍ഡെയ്ല്‍ സ്റ്റേറ്റ് അറ്റോര്‍ണിയില്‍ നിന്നും തനിക്ക് ലഭിച്ച നിസ്സഹകരണവും നിരുത്തരവാദപരമായ മറുപടിയും മാധ്യമങ്ങളോട് വിശദീകരിച്ചു. തനിക്കും കുടുംബത്തിനും ലഭിക്കുന്ന എല്ലാ പിന്തുണകള്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച കുടുംബ വക്കീല്‍ ചാള്‍സ് സ്റ്റെഗ്‌മെയര്‍ അതിശക്തമായ ഭാഷയില്‍ സ്റ്റേറ്റ് അറ്റോര്‍ണി യുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു. ഒരു സമൂഹം നീതിക്കായി കാത്തിരിക്കുമ്പോള്‍ അതുനല്കാന്‍ ഉത്തരവാദികളായവര്‍, അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പൊറുക്കാനാവില്ലെന്നും, അതിന് കഴിയാത്തവര്‍ തങ്ങളുടെ പദവികളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലതെന്നും പ്രസ്താവിച്ചു.

പ്രവീണിന്റെ ശരീരം കണ്ട കൊളോണിയല്‍ ഫ്യൂണറല്‍ ഹോം മേധാവിയാണ് രണ്ടാം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുടുംബത്തോട് സംസാരിച്ചത്. അതിനെ തുടര്‍ന്ന് വളരെ സത്യസന്ധവും പ്രാഗത്ഭ്യത്തോടെയും കൃത്യനിര്‍വഹണംനടത്തുന്ന ഡോ. ബെന്‍ മര്‍ഗോളിസ് രണ്ടാമതും ഓട്ടോപ്‌സി നടത്തി. അദ്ദേഹം തന്റെ കണ്ടെത്തലുകളെപ്പറ്റി വിശദമായി സംസാരിച്ചു. തലയ്ക്ക് ഏറ്റ ക്ഷതവും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മുറിവുകളും ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ കുറ്റിക്കാട്ടിലൂടെ ഓടിയപ്പോള്‍ ഉണ്ടാതല്ലെന്നും ഡോ. മര്‍ഗോളിസ് വ്യക്തമാക്കി. ശരീരത്തില്‍ മദ്യത്തിന്റേയോ, മയക്കുമരുന്നിന്റേയോ സാന്നിധ്യം ഇല്ലായിരുന്നുവെന്നും, മുറിവുകളുടെ അവസ്ഥ പരിശോധിച്ചതില്‍ നിന്നും, മുറിവേറ്റശേഷം മണിക്കൂറുകളോ, അതോ ഒരു ദിവസമോ കഴിഞ്ഞാകാം മരണം സംഭവിച്ചതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളേയും തുടര്‍ നടപടികളേയും പറ്റി സൂസന്‍ ഇടമലയും, ജിമ്മി വാച്ചാച്ചിറയും സംസാരിച്ചു. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഡാനിയേല്‍ തോമസ് പ്രാര്‍ത്ഥിച്ച് അവസാനിപ്പിച്ച യോഗത്തില്‍ വന്നുചേര്‍ന്ന എല്ലാവര്‍ക്കും മാധ്യമങ്ങളോടും, വിശിഷ്ടതിഥികളോടുമുള്ള നന്ദി പ്രകാശിപ്പിച്ച് ഷിജി അലക്‌സ് സംസാരിച്ചു. വിവിധ സംഘടനകളേയും, സഭാ വിഭാഗങ്ങളേയും പ്രതിനിധീകരിച്ച് എത്തിയവര്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും തുടര്‍ന്നും വാഗ്ദാനം നല്‍കിയാണ് മടങ്ങിയത്.
പ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തിപ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തിപ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തിപ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തിപ്രവീണ്‍ വര്‍ഗീസിന്റെ മരണം: മോര്‍ട്ടന്‍ഗ്രോവ് മേയര്‍ പത്രസമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക