Image

അന്ധകാരത്തെ നിഷ്പ്രഭമാക്കുന്ന ദീപാവലി (ജി. പുത്തന്‍കുരിശ്)

Published on 22 October, 2014
അന്ധകാരത്തെ നിഷ്പ്രഭമാക്കുന്ന ദീപാവലി (ജി. പുത്തന്‍കുരിശ്)
ലോകദ്രോഹിയായ നരകാസുരനെ വിഷ്ണു വധിച്ച ദിവസം, അല്ലങ്കില്‍ അന്ധകാരത്തിന്റെമേല്‍ പ്രകാശത്തിന്റെ വിജയമാണ് ദീപാവലിയായി ലോകം എമ്പാടും ആഘോഷിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, മയമാര്‍, മൗരിറ്റിയസ്, ഗയാന, ട്രിനാഡ്, മലേഷ്യ, സിംഗപ്പൂര്‍, ഫിജി തുടുങ്ങിയ രാജ്യങ്ങളിലാണ് ഈ ആഘോഷങ്ങള്‍ കൊണ്ടാടാറുള്ളത്. കേരളത്തില്‍, മലയാള മാസമായ തുലാമാസത്തിലാണ് ശ്രീകൃഷ്ണന്‍ അന്ധകാര പ്രഭുവായ നരകാസുരനെ വധിച്ചതിന്റെ ആഘോഷം കൊണ്ടാടുന്നത്. ഹൈന്ദവരെ സംബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ പരമ്പരാഗതമായ ആചാരങ്ങളിലൂടെ കുടുംബമായി ദീപാവലി ആഘോഷിച്ചു വരുന്നു. ജൈന മതക്കാരെ സംബന്ധിച്ച് ക്രിസ്തു വര്‍ഷത്തിന് മുന്‍പ് അഞ്ഞൂറ്റി ഇരുപത്തിയേഴില്‍ മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിന്റെ അല്ലങ്കില്‍ മോക്ഷം പ്രാപിച്ചതിന്റെ ഉത്സവമാണ് ദീപം നിരനിരയായി തെളിയിച്ചുകൊണ്ടുള്ള ഈ ആഘോഷം.

ദീപാവലി അഥവാ ദീപാളിയെന്നു പറയുന്ന വാക്ക് സംസ്ക്യതത്തില്‍ നിന്ന ഉരുതിരിഞ്ഞു വരുന്നതും പ്രകാശങ്ങളുടെ നിരയെന്ന് അര്‍ത്ഥമുള്ളതുമാണ്. തിന്മയുടെമേല്‍ നന്മ വിജയംവരിച്ചതിന്റെ പ്രതീകമായി ചെറിയ മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് തിരിതെളിയിച്ച് പ്രകാശത്തിന്റെ ഒരു നിരതന്നെ സൃഷ്ടിക്കുന്നു. ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയെ സ്വീകരിക്കാനായി പുരവൃത്തിയാക്കി രാത്രി മഴുവന്‍ തിരിനാളം തെളിയിക്കുന്നു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും തിന്മയെ തുരത്തുകയും കുടുംബാംഗങ്ങള്‍ പുതു വസ്ത്രം അണിഞ്ഞ് സുഹൃത്തുക്കള്‍ക്കും ബന്ധുമിത്രാതികള്‍ക്കും മധുരം നല്‍കിയും ദീപാവലിയുടെ സന്തോഷത്തെ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

രാത്രിയില്‍ ദീപം തെളിയിച്ച് ധനലക്ഷ്മിയെ ഗ്രഹത്തിലേക്ക് വരവേറ്റുകൊണ്ടാണ് ദീപാവലിയുടെ അഘോഷം പല സ്ഥലങ്ങളിലും ആരംഭിക്കുന്നത്. തറയില്‍ പല തരത്തിലുള്ള ചിത്രങ്ങള്‍ വരച്ച് ലക്ഷ്മിദേവിക്ക് എഴുന്നെള്ളാനുള്ള പാത ഒരുക്കുന്നു. ഇതോടൊപ്പം പലതരത്തിലുള്ള സ്തുതിഗീതങ്ങളും ആലപിക്കുന്നു. സ്ത്രീകള്‍ ഈ ദിവസങ്ങളില്‍ ആടയാഭരണങ്ങള്‍ വാങ്ങി അണിയുകയും പുരുഷന്മാര്‍ ചൂതുകളിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

ദീപാവലിയുമായുള്ള ബന്ധത്തില്‍ പല കഥകളുണ്ടെങ്കിലും അതില്‍ പ്രധാനമായും ഹെമ രാജാവിന്റെ പതിനാറു വയസുകാരന്‍ മകനെ കുറിച്ചുള്ള കഥയാണ് ഏറ്റവും പ്രചുര പ്രചാരമാര്‍ന്നത ്. ജന്മനക്ഷത്ര പ്രവചനപ്രകാരം വിവാഹത്തിന്റെ നാലാം ദിവസം രാജകുമാരന്‍ സര്‍പ്പദംശനം ഏറ്റു മരിക്കുമെന്നുള്ളതാണ്. ആ ദിവസം രാജകുമാരന്റെ ഭാര്യ സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ആഭരണങ്ങള്‍ സംഭരിച്ചു കൂമ്പാരമായി കിടപ്പു മുറിയുടെ വാതിലിന്റെ മുന്നില്‍ കൂട്ടി വയ്ക്കുകയും, എല്ലാ സ്ഥലങ്ങളിലും മണ്‍ചട്ടിയില്‍ തിരി കത്തിച്ചു വയ്ക്കുകയും ചെയ്തു. അത്‌പോലെ രാത്രിമുഴുവന്‍ ഭര്‍ത്താവ് ഉറക്കത്തില്‍ വഴുതി വീഴാതിരിക്കാനായി പലതരത്തിലുള്ള കഥകള്‍ പറഞ്ഞ് രാജ കുമാരനെ കേള്‍പ്പിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. രാത്രിയില്‍ സര്‍പ്പത്തിന്റെ രൂപത്തില്‍ എത്തിയ യമദേവന്‍ ആഭരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും, താന്‍ വന്ന ദൗത്യം ചെയ്യാന്‍ കഴിയാതെ സ്വര്‍ണ്ണ കൂമ്പാരത്തിന്റെ മുകളില്‍ കയറി ഇരിക്കുകയും രാത്രിമുഴുവന്‍ കുമാരന്റെ ഭാര്യ പറഞ്ഞു കൊടുത്തു കൊണ്ടിരുന്ന കഥകേള്‍ക്കുകയും ഗാനം ശ്രവിക്കുകയും ചെയ്തു. നേരം വെളുത്തപ്പോള്‍ യമന്‍ അവിടെ നിന്നും ഇഴഞ്ഞു പോകുകയും ചെയ്തു എന്നാണ് ഐതിഹ്യം. ബുദ്ധിമതിയായ ഭാര്യയുടെ കഴിവിനാല്‍ രാജകുമാരന്‍ മരണത്തില്‍ നിന്നും രക്ഷപെടുകയും ചെയ്തു.

ആദ്ധ്യാത്മികമായി ദീപാവലികൊണ്ട് അര്‍ത്ഥമാക്കുന്നത് ആന്തരികമായ ഉള്‍ക്കാഴ്ച അല്ലെങ്കില്‍ അന്ധകാരത്തില്‍ നിന്നുള്ള മോചനമാണ്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്‍ക്കാഴ്ചയില്ലാത്ത നരകാസുരന്മാരുടെ തേര്‍വാഴ്ചമൂലം അസ്വാതന്ത്ര്യത്തിന്റെ പടുകുഴികളിലകപ്പെട്ടു കിടക്കുന്നവര്‍ അനേകായിരങ്ങളാണ്. നമ്മളുടെ പല ആഘോഷങ്ങളും അതിന്റെ ആന്തരീകമായ അര്‍ത്ഥത്തെ മനസ്സിലാക്കി പ്രായോഗികതയിലേക്ക് എത്തിക്കാന്‍ കഴിയാതെ ആടയാഭരണങ്ങള്‍ വാങ്ങിയണിയുവാനും ചൂതു കളിക്കാനുമുള്ള അവസരങ്ങളായി തീരുകയാണ്. അന്ധകാരപൂര്‍ണ്ണമായ കാര്‍മേഘങ്ങളില്‍ ചുഴ്ന്നിറങ്ങി അതിനെ ഇല്ലായ്മ ചെയ്യാന്‍ സാധാരണ മനസ്സുകളെ അഭ്യസിപ്പിക്കാനും സ്വയം നമ്മളിലെ അന്ധകാരം തിരിച്ചറിഞ്ഞു മറ്റുള്ളവരെ അന്ധാകാരത്തില്‍ നിന്നും മോചിപ്പിക്കാനും കഴിയുമ്പോള്‍ മാത്രമെ ദീപാവലിയുടെ അര്‍ത്ഥം പൂര്‍ണ്ണമാകുന്നുള്ളു.

അസതോ മാ സദ്ഗമയാ
തമസോ മാ ജ്യോതിര്‍ഗ്ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തിഃ (ബൃഹദാരണ്യകോപനി­ഷത്ത്)
അന്ധകാരത്തെ നിഷ്പ്രഭമാക്കുന്ന ദീപാവലി (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Truth man 2014-10-22 07:33:13
I think the victory of Sreeraman against Ravanan.
That is deepavali.  We receiving Sreeraman with light and food
Idon,t have much knowledge about that .but some readers Anthappan will explain it or vidyadaran .Even this is a story like Mahabali getting good message to the people that escape from devil to God I mean get out from dark to light of world.All the best wishes to my fan.   Thanks.   Truth man
വിദ്യാധരൻ 2014-10-22 09:32:30
അറിവാണ് പ്രകാശം അത് തന്നയാണ് ദൈവം. (യെഹോവാ ഭക്തി ജ്ഞാനത്തിന്റെ ആരംഭം എന്ന് കേട്ടിട്ടില്ലേ.) കഥകളും ഉപകഥകളും ഈ സത്യം തലക്കത്ത് അടിച്ചു കേറ്റാൻ വേണ്ടി ഉപയോഗിക്കുന്നു. യേശു ഉപമകൾ ഉപയോഗിച്ചുതും ഇതുപോലെ മന്ദബുദ്ധികളെ മനസിലാക്കി കൊടുക്കാൻ വേണ്ടിയാണ്. ലേഖനത്തിന്റെ അവസാനം ലേഖകൻ എഴുതി ചേർത്തിരിക്കുന്ന ഗായത്രിമന്ത്രം ഏഴു പ്രാവശ്യം മനസ്സിനേം ശരീരത്തെം ഏകാഗ്രതയോടെ നിറുത്തി ചൊല്ലിയാൽ ആ മനസിലെ വിഭ്രമം എല്ലാം മാറി യഥാർത്ഥ സത്യം വെളിച്ചത്തു വരികയും ചെയ്യും. എഴുതാനല്ലേ പറ്റൂ. തല്ലി തലക്കത്ത് കേറ്റാൻ പറ്റില്ലാല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക