Image

കണ്ടവരുണ്ടോ? 130 വര്‍ഷം പ്രായമുള്ള ഒരു പഴയ സ്വാതന്ത്ര്യ സമര പടയാളിയെ (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 22 October, 2014
കണ്ടവരുണ്ടോ? 130 വര്‍ഷം പ്രായമുള്ള ഒരു പഴയ  സ്വാതന്ത്ര്യ  സമര പടയാളിയെ (ഡല്‍ഹികത്ത്: പി.വി.തോമസ്)
തലക്കെട്ടില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു. കണ്ടവരുണ്ടോ? 130 വര്‍ഷം പ്രായമുള്ള ഒരു പഴയ സ്വാതന്ത്ര്യ സമര പടയാളിയെ. ഒരു സായിപ്പ് ആരംഭിച്ചതും(അല്ലന്‍ ഒക്‌ടോവിയന്‍)ഇപ്പഴത്തെ ചങ്ങലയില്‍ ഒരു മദാമ്മ(സോണയാ ഗാന്ധി) നേതൃത്വം വഹിക്കുന്നതുമായ ഒരു പാട്ടിയെകുറിച്ചാണ് ഞാന്‍ ഇവിടെ ഇപ്പോള്‍ പരാമര്‍ശിക്കുന്നത്- ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്. ഒരു ദേശീയ മുന്നേറ്റത്തിലൂടെ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടി തരുന്നതിന് ചുക്കാന്‍ പിടിച്ച ഒരു പാര്‍ട്ടിയാണിത്. ഇന്‍ഡ്യന്‍ ഭരണവ്യവസ്ഥയില്‍ മതേതരത്വത്തിന് അടിത്തറ ഇട്ടതും ഈ പാര്‍ട്ടി തന്നെ. പക്ഷേ, ഇന്ന് ഈ പാര്‍ട്ടി വംശനാശം നേരിടുകയാണ്. അതിന്റെ ശവപ്പെട്ടിയില്‍ ഏറ്റവും ഒടുവില്‍ പതിച്ച രണ്ട് ആണികള്‍ ആണ് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും അസംബ്ലി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍. ഒരു കാലത്ത് ഒരു വടവൃക്ഷം പോലെ ഇന്‍ഡ്യയാകെ പടര്‍ന്ന് പന്തലിച്ചു നിന്ന ഈ പാര്‍ട്ടിയെ ആണ് ഇപ്പോള്‍ കണ്ടവരുണ്ടോ എന്ന ഒരു മാധ്യമ പരസ്യത്തിലൂടെ അന്വേഷിക്കേണ്ട ഗതികേട് വന്നിരിക്കുന്നത്. കണ്ടുപിടിക്കുവാന്‍ വലിയ പ്രശ്‌നം ഉണ്ടാവുകയില്ല. അല്പം ബുദ്ധിമുട്ടിയാല്‍ മതി. ലക്ഷണങ്ങള്‍ ഏറെയുണ്ട്.മതേതരത്വ സ്വഭാവം, ഇറ്റാലിയന്‍ സ്വരഭാരത്തില്‍, എഴുതികൊടുത്ത ഹിന്ദിയില്‍ പ്രസംഗിക്കും. അങ്ങനെ നിരവധി. ഇതിനെ കണ്ടുകിട്ടുന്നവര്‍ ഡല്‍ഹിയിലെ 24 അക്ബര്‍ റോഡില്‍ ഏല്‍പിച്ചാല്‍ തക്കപ്രതിഫലം ലഭിക്കും.

മോഡി തരംഗത്തില്‍പ്പെട്ട് മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസ് ഇന്‍ഡ്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുകൂടെ അപ്രത്യക്ഷമായിരിക്കുകയാണ്. എന്താണ് ഈ പാര്‍ട്ടിക്ക് സംഭവിച്ചത്? അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്? 2009 ല്‍ 206 സീറ്റുകള്‍ ലോകസഭയില്‍ നേടി കേവലഭൂരിപക്ഷത്തില്‍ നിന്നും വെറും 66 സീറ്റുകള്‍ മാത്രം അകലെയായിരുന്നു ഈ പാര്‍ട്ടിക്ക് 2014-ല്‍ മൊത്തം ലഭിച്ച സീറ്റുകള്‍ 44 ആണ്. ഒരു പ്രാദേശികപാര്‍ട്ടി മാത്രമായ അണ്ണാ ഡി.എം.കെ.യെക്കാള്‍ ഏഴു സീറ്റുകള്‍ അധികം! 2004-ല്‍ സഖ്യകക്ഷികളോടൊപ്പം 17 സംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന ഈ പാര്‍ട്ടി ഇപ്പോള്‍ തനിച്ചും സഖ്യത്തോടൊപ്പവും ഇപ്പോള്‍ ഭരിക്കുന്നത് 12 സംസ്ഥാനങ്ങളില്‍ മാത്രം. തെക്കെ ഇന്‍ഡ്യയില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും ആണ് കോണ്‍ഗ്രസിന് ഭരണം ഉള്ളത്. ഈ രണ്ട സംസ്ഥാനങ്ങളിലാകട്ടെ ഇടതുപക്ഷവും ബി.ജെ.പി.യും ശക്തവുമാണ്. അതിനാല്‍ ഭരണം മാറിമറിഞ്ഞു വരും. ഈ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് കോണ്‍ഗ്രസിന് ഭരണം ഉള്ളത് രണ്ട് ചെറിയ ഹിമാലയന്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തര്‍ കാണ്ടിലും ആണ്. പിന്നെ ആസാം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും(അരുണാചല്‍പ്രദേശ്, മിസോറാം തുടങ്ങിയവ). കഴിഞ്ഞു കഥ. തമിഴ്‌നാട്, ഗോവ, പുതുചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീസ, ഛാത്തീസ്ഘട്ട്, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു-കാശ്മീര്‍ ഇവിടെ നിന്നെല്ലാം ഈ ദേശീയ പാര്‍ട്ടി തുരത്തപ്പെട്ടിരിക്കുന്നു. ഇവിടെയെല്ലാം ഭരിക്കുന്നത് ഒന്നുകില്‍ ബി.ജെ.പി.യോ അവരുടെ സഖ്യകക്ഷികളോ അല്ലെങ്കില്‍ പ്രാദേശിക പാര്‍ട്ടികളോ ആണ്. ഡല്‍ഹിയില്‍ മാത്രം രാഷ്ട്രപതി ഭരണം ആണ്.

വര്‍ഷാവസാനത്തോടെ തെരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ട്. എങ്കില്‍ ഡല്‍ഹിയിലും മഹാരാഷ്ട്ര-ഹരിയാന ആവര്‍ത്തിക്കപ്പെടും. ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്ന ഝാര്‍ഖണ്ടിലും ജമ്മു-കാശ്മീരിലും, സ്ഥിതി വ്യത്യസ്ഥം അല്ല. ജമ്മു-കാശ്മീരില്‍ നാഷ്ണല്‍ കോണ്‍ഫ്രന്‍സുമായുള്ള സഖ്യം കോണ്‍ഗ്രസ്  വെടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അവിടെ പ്രതീക്ഷക്ക് യാതൊരു സാദ്ധ്യതയും ഇല്ല. ഝാര്‍ഖണ്ടില്‍ ജെ.എം.എമ്മിന്റെ സഖ്യത്തില്‍ ഭരിക്കുന്നുണ്ടെങ്കിലും അധികാരം നിലനിര്‍ത്തുക എളുപ്പം അല്ല. അതിന്റെ അര്‍ത്ഥം മഹാരാഷ്ട്ര-ഹരിയാന സുനാമിക്കുശേഷം ഏറെ ആഘാതങ്ങള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുവെന്ന്‌സാരം.

എന്താണ് ഈ പാര്‍ട്ടിക്ക് സംഭവിച്ചത്? ഇതിന്റെ പ്രസക്തി നഷ്ടപ്പെട്ടോ? ഇതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടോ? ഇതിന് ദേശീയ തലത്തില് വ്യക്തിപ്രഭാവം ഉള്ള നേതാക്കന്മാര്‍ ഇല്ലാതായോ? അഴിമതിയും ഭരണമില്ലായ്മയും ദുര്‍ഭരണവും ഇതിനെ വിഴുങ്ങിയോ? 2004-ല്‍ ഒരു മിറക്കിള്‍ പോലെ വാജ്‌പേയിയുടെ എന്‍.ഡി.എ.യില്‍ നിന്നും അധികാരം പിടിച്ചെടുത്ത് 2009-ല്‍ അത്യുജ്ജ്വലമായ ഒരു പ്രകടനത്തിലൂടെ അധികാരം നിലനിര്‍ത്തിയ കോണ്‍ഗ്രസിന്റെ പതനം അതിദാരുണം ആണ്. കുടുംബവാഴ്ച എന്ന അര്‍ബ്ബുദം കോണ്‍ഗ്രസിനെ ബാധിച്ചിട്ട് കാലം കുറെയായി. ഇപ്പോള്‍ ഡൈനസ്റ്റിയിലും വ്യക്തിപ്രഭാവം ഉള്ളവര്‍ ഇല്ലാതെയായി. പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി ഒരു വോട്ട് കാച്ചര്‍ അല്ല. മകനും ഉപാദ്ധ്യക്ഷനും ആയ രാഹുല്‍ഗാന്ധി ഒട്ടും വോട്ട് കാച്ചര്‍ അല്ല. വേറെ ദേശീയ നേതാക്കന്മാര്‍ ആരും കോണ്‍ഗ്രസിന് ഇല്ലതന്നെ. എന്തൊരു ദയനീയ അവസ്ഥയാണ് 130 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ. അഞ്ച് പ്രധാനമന്ത്രിമാരെ രാജ്യത്തിന് നല്‍കിയ ഒരു പാര്‍ട്ടിയുടെ ദുരവസ്ഥയാണ് ഇത്. ഇത് മനപ്പൂര്‍വ്വം നെയ്‌തെടുത്ത ഒരു കുരുക്കാണ്. അധികാരം കുടുംബത്തിന് വെളിയില്‍ പോകാതിരിക്കുവാനുള്ള ഒരു കുതന്ത്രം ആയിരുന്നു ഇത്. ഇപ്പോള്‍ കുടുംബം മാത്രം ഉണ്ട്. പാര്‍ട്ടിയും ഇല്ല അധികാരവും ഇല്ല എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. 2004 ല്‍ മന്‍മോഹന്‍ സിംങ്ങിനു പകരം പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആലോചിച്ചു നോക്കുക. രാഷ്ട്രീയം മാറിയേനെ. കാരണം പ്രണാബ് മുഖര്‍ജിക്ക് രാഷ്ട്രീയം അറിയാം. അദ്ദേഹം അടിമുടി ഒരു രാഷ്ട്രീയക്കാരന്‍ ആണ്. ഇന്‍്ഡ്യപോലെ സങ്കീര്‍ണ്ണമായ ഒരു രാജ്യം ഒരു ടെക്‌നോ ക്രാറ്റിനോ ഒരു മുന്‍ ബ്യൂറോക്രാറ്റിനോ ഭരിക്കാനാവുകയില്ല. അതുകൊണ്ടാണ് മന്‍മോഹന്‍ സിംങ്ങ് പരാജയപ്പെട്ടത്. അതുകൊണ്ടാണ് അദ്ദേഹം 2ജി സ്‌പെക്ട്രം- കല്‍ക്കരി കുംഭകോണങ്ങള്‍ക്ക് മൂകസാക്ഷിയായി ഭരണം നടത്തിയതും കൂട്ടുകക്ഷിഭരണത്തിലെ നിര്‍ബന്ധങ്ങളെ പഴിചാരിയതും. അദ്ദേഹത്തിന്റെ ഓഫീസില്‍(പി.എം.ഒ.) നടക്കുന്നതെന്താണെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു(കോള്‍ഗേറ്റ് കുംഭകോണം). പിന്നല്ലെ ക്യാബിനറ്റിലെയും ക്യാബിനറ്റ് മന്ത്രിമാരുടെയും നിയന്ത്രണം! ഇതുകൂടാതെ സോണിയ ഗാന്ധി രഹസ്യമായും രാഹുല്‍ഗാന്ധി പരസ്യമായും മന്‍മോഹന്‍സിംങ്ങിന്റെ അധികാരം ചോര്‍ത്തുകയും വെല്ലുവിളിക്കുകയും ആയിരുന്നു. 2014 ആയപ്പോഴേക്കും കോണ്‍ഗ്രസിന്റെയും യു.പി.എ.യുടെയും, പതനം പൂര്‍ത്തിയായിരുന്നു. ഇതിന് മകുടം ചാര്‍ത്തുവാനായി നരേന്ദ്രമോഡിയും രംഗത്തെത്തി. പ്രണബിനു പകരം മന്‍മോഹനെ പ്രധാനമന്ത്രിയായി സോണിയ നിയമിച്ചത് രാഹുലിന് വേണ്ടി കസേര ചൂടാക്കി നിരുത്തുവാനായിരുന്നു.

ഈ പരാജയങ്ങളെല്ലാം കഴിഞ്ഞിട്ടും ശക്തമായ ഒരു നേതൃനിര പടുത്തുയര്‍ത്തുവാനുള്ള ഗൗരവമായ ശ്രമം ഈ പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഞായാറാഴ്ച(ഒക്‌ടോബര്‍ 19) മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം വെളിയില്‍ വന്നപ്പോള്‍ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനമായ 24 അക്ബര്‍ റോഡിലേക്ക് മാര്‍ച്ചു ചെയ്യുകയായിരുന്നു. അവര്‍ക്ക് ഒരേ ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ. പ്രിയങ്കലാവോ കോണ്‍ഗ്രസ് ബച്ചാവോ(പ്രിയങ്കയെ കൊണ്ടുവരിക കോണ്‍ഗ്രസിനെ രക്ഷിക്കുക). പ്രിയങ്കയ്ക്ക് ഇന്ദിരഗാന്ധിയുടെ മൂക്കാണ്. രാഹുല്‍ ഗാന്ധിക്ക് രാജീവ് ഗാന്ധിയുടെ നുണക്കുഴികള്‍ ആണ്. എന്നൊക്കെ പറഞ്ഞ് രാഷ്ട്രീയമീമാംസയെ പൈങ്കിളിവല്‍ക്കരിക്കുവാനുള്ള ശ്രമം ആണ് ഈ അത്യാസന്ന നിലയിലും കോണ്‍ഗ്രസില്‍ നടക്കുന്നത്. ദേശീയ നേതൃത്വം ആകട്ടെ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയം തോല്‍വിയില്‍ സോണിയഗാന്ധിക്കും രാഹുലിനും ഉത്തരവാദിത്വം ഇല്ലെന്ന് അത് സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്വം ആണെന്നും പറഞ്ഞു പഴിചാരി 'മാ-ബേട്ട' സഖ്യത്തെ കുറ്റവിമുക്തമാക്കി. തെരഞ്ഞെടുപ്പില്‍ തോറ്റതിന് മോഡിയെയും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തെയും പഴിച്ച് രക്ഷപ്പെടുവാന്‍ ശ്രമിക്കാതിരുന്നത് വലിയ ഭാഗ്യം തന്നെ! പതിവുപോലെ കോണ്‍ഗ്രസിന്റെ ഭാവി രാഹുല്‍ഗാന്ധിയുടെ കൈകളിലാണെന്നും അവിടെ അതു സുരക്ഷിതമാണെന്നും പറയുവാനും രണ്‍ഭീവ് സൂര്‍ ജെവാലയെപോലുള്ള പാര്‍ട്ടിവക്താക്കള്‍ മറന്നില്ല. കോണ്‍ഗ്രസ് ഇന്ന് ഇന്‍ഡ്യന്‍ രാഷ്ട്രീയ വേദിയില്‍ ഒരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. ആ ശൂന്യതയിലേക്കാണ് മോഡി അദ്ദേഹത്തിന്റെ യാഗാശ്വത്തെ അഴിച്ചു വിട്ടിരിക്കുന്നതും തകര്‍പ്പന്‍ വിജയന്‍ കൊയ്യുന്നതും. കോണ്‍ഗ്രസിന് കൂട്ടുത്തരവാദിത്വം ഉള്ള നേതാക്കന്മാരില്ല. പ്രത്യേക നയപരിപാടികള്‍ ഇല്ല. പാര്‍ട്ടിപരിപൂര്‍ണ്ണമായ പാപ്പരാവസ്ഥയില്‍ ആണ്. അത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് ഒരു നല്ല വാര്‍ത്തയല്ല. കാരണം കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം ശുഭസൂചകം അല്ല.

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് അതിന്റെ ശില്പിയും ബി.ജെ.പി.യുടെ അദ്ധ്യക്ഷനും ആയ അമിത്ഷാ പറഞ്ഞത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോഡിയുടെ ലക്ഷ്യത്തിലേക്ക് പാര്‍ട്ടി രണ്ട് ചുവട് കൂടെ വച്ചിരിക്കുന്നുവെന്നാണ്. തെരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും മാറിമറിഞ്ഞുവരും. ഒന്നും ശാശ്വതമല്ല. എന്നിരുന്നാലും മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മോഡിയുടെ തൊപ്പിയിലെ രണ്ട് പൊന്‍തൂവലുകള്‍ ആണ്. ഈ രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം നാളിതുവരെ ബാലികേറാമല ആയിരുന്നു. സ്വാതന്ത്ര്യലബ്ദി മുതല്‍ ഇതുവരെ-1994-1999 ഒഴിച്ച്- മഹാരാഷ്ട്ര കോണ്‍ഗ്രസ് ഭരണത്തില്‍ ആയിരുന്നു. ഇടക്കാലത്തേക്ക് അധികാരം ലഭിച്ചപ്പോള്‍ ആകട്ടെ ബി.ജെ.പി. ശിവസേനയുടെ ജൂണിയര്‍ പാര്‍ട്‌നറും ആയിരുന്നു. ഇപ്പോള്‍ ശിവസേനയുടെ സഖ്യം വെടിഞ്ഞ് മത്സരിച്ചപ്പോള്‍ ബി.ജെ.പി,ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷിയാകുവാന്‍ സാധിച്ചു(122/288). ഇത് മോഡി മാജിക്ക് തന്നെയാണ്. ശിവസേന ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി ആയെങ്കിലും 63 സീറ്റുകള്‍ മാത്രം ആണ് നേടിയത്. ബി.ജെ.പി.ക്ക് സേനയുടെ മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുവാന്‍ സാധിക്കുകയും വലിപ്പ-ചെറുപ്പ വാദപ്രതിവാദങ്ങള്‍ക്ക് വിരാമം ഇടുവാന്‍ ആവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷം(145) ലഭിച്ചിരുന്നെങ്കില്‍ മോഡി മാജിക്ക് അല്ലെങ്കില്‍ മോഡിതരംഗം നൂറ് ശതമാനം ഉറപ്പിക്കുവാന്‍ കഴിഞ്ഞേനെ. ജാട്ട് നാടായ ഹരിയാന ബി.ജെ.പിക്ക് തികച്ചും പുതുമണ്ണാണ്. ആദ്യമായിട്ടാണ് ബി.ജെ.പി. ഹരിയാനയില്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നത്. തൊണ്ണൂറില്‍ 47 സീറ്റും നേടിയ ബി.ജെ.പി. യുടെ തൊട്ടടുത്ത പാര്‍ട്ടിയായ ഇന്‍ഡ്യന്‍ നാഷ്ണല്‍ ലോക്ദള്‍ എന്ന ചൗത്താലകുടുംബപാര്‍ട്ടിക്ക് ലഭിച്ചത് 19 സീറ്റുകള്‍ മാത്രം ആണ്. ഹൂഡയുടെ കോണ്‍ഗ്രസ് ഭരണം അഴിമതി കൊണ്ടും അവിഹിത ഭൂമി ഇടപാടുകള്‍ കൊണ്ടും(റോബര്‍ട്ട് വധേര കേസ് ഒരു ഉദാഹരണം) ജീര്‍ണ്ണിച്ചതായിരുന്നു. അവിടെയാണ് വീണ്ടും മോഡി മാജിക്ക് ബി.ജെ.പി.ക്കുവേണ്ടി പ്രവര്‍ത്തിച്ചത്. ഇവിടെ കോണ്‍ഗ്രസിന് വെറും 15 സീറ്റുകള്‍ മാത്രം ആണ് ലഭിച്ചതെന്നത് ആ പാര്‍ട്ടിയുടെ ജനപിന്തുണയുടെ അളവ് വെളിപ്പെടുത്തുന്നു.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്. കഴിഞ്ഞ മാസത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ മങ്ങിപ്പോയ മോഡി /ആര്‍.എസ്.എസ്. മാജിക്ക് വീണ്ടും പ്രവര്‍ത്തിക്കുകയാണ്. അത് വെറും ഒരു ചെപ്പടിവിദ്യ മാത്രമല്ല എന്ന് വീണ്ടും മോഡി തെളിയിക്കുകയാണ്. അത് കോണ്‍ഗ്രസിന് അതിശക്തമായി ഒരു താക്കീത് ആണ്. കാരണം ഈ രണ്ട് സംസ്ഥാനങ്ങളും കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകൊത്തങ്ങള്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിനെയും ചില പ്രാദേശിക പാര്‍ട്ടികളെയും ആണവശൈത്യത്തിലേക്ക്(Nuclear winter) തള്ളിയിട്ടിരിക്കുകയാണ്. മോഡിയാകട്ടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേക്ക് രണ്ട് ചുവടുകള്‍ കൂടെ മുമ്പോട്ട് വച്ചിരിക്കുകയാണ്. മാലിന്യമുക്ത ഭാരതം പോലെ ഇതും ഒരു പുത്തന്‍ ആശയം ആണ്. മാലിന്യമുക്തഭാരതം ഒരു സങ്കല്പം മാത്രം ആണെന്ന് ഇന്‍ഡ്യയിലെ ഓരോ മുക്കും മൂലയും അനുദിനമെന്നവണ്ണം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിനെയും മാലിന്യത്തെയും തുലനം ചെയ്യുകയല്ല. പക്ഷേ, ഇതില്‍ നിന്നും മുക്തി നേടുക അത്ര എളുപ്പമല്ല മോഡിജി!


കണ്ടവരുണ്ടോ? 130 വര്‍ഷം പ്രായമുള്ള ഒരു പഴയ  സ്വാതന്ത്ര്യ  സമര പടയാളിയെ (ഡല്‍ഹികത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക