Image

പാക് വെബ്ബ്‌സൈറ്റ് ആക്രമിച്ചത് ഇന്ത്യയില്‍നിന്നുള്ള 16 കാരനെന്ന് റിപ്പോര്‍ട്ട്

Published on 19 October, 2014
പാക് വെബ്ബ്‌സൈറ്റ് ആക്രമിച്ചത് ഇന്ത്യയില്‍നിന്നുള്ള 16 കാരനെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യാപാക്ക് ഹാക്കിങ് യുദ്ധത്തില്‍ പാകിസ്താനിലെ മുഖ്യപ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) വെബ്‌സൈറ്റ് ആക്രമിച്ചത് പതിനാറുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെന്ന് റിപ്പോര്‍ട്ട്. 

പിപിപി സൈറ്റ് ആക്രമിച്ച 'ബ്ലാക്ക്ഡ്രാഗണ്‍' എന്നു പേരുള്ള ഇന്ത്യന്‍ ഹാക്കറെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഹാക്കറുമായി ഈമെയിലില്‍ ബന്ധപ്പെട്ട 'ടൈംസ് ഓഫ് ഇന്ത്യ'യാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഹാക്കിങ്ങിനു ശേഷം പിപിപി വെബ്‌സൈറ്റില്‍ ഹാക്കര്‍ തന്റെ ഈമെയില്‍ അഡ്രസ് പോസ്റ്റുചെയ്തിരുന്നു. എന്നാല്‍ തന്റെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹാക്കര്‍ വിസമ്മതിച്ചു.

താന്‍ പതിനാറു വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണെന്നും, തങ്ങള്‍ ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും 'ബ്ലാക്ക്ഡ്രാഗണ്‍' വെളിപ്പെടുത്തി. 'ഇന്ത്യന്‍ ഹാക്കേഴ്‌സ് ഓണ്‍ലൈന്‍ സ്‌ക്വാഡ്' എന്നാണ് ഈ ഹാക്കിങ് ഗ്രൂപ്പ് അറിയപ്പെടുന്നത്. 

പിപിപി വെബ്‌സൈറ്റ് ഹാക്കു ചെയ്തത് താന്‍ തന്നെയാണെന്നും പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോയുടെ കാശ്മീരിനെ കുറിച്ചുള്ള പ്രകോപനപരമായ പ്രസ്താവനയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും ബ്ലാക്ക്ഡ്രാഗണ്‍ ഈമെയിലില്‍ പറഞ്ഞു. 

'വിഡ്ഢികളായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളാണ് എന്നെ ഹാക്കിങ്ങിന് പ്രേരിപ്പിച്ചത്. ഞങ്ങളുടെ ആശയ സംവേദനത്തിനുള്ള ഉപാധിയാണിത്' ഹാക്കര്‍ വ്യക്തമാക്കുന്നു. പാക് വെബ്‌സൈറ്റുകള്‍ ഹാക്കു ചെയ്തതിന് ഇന്ത്യയില്‍ തങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് കരുതുന്നില്ലെന്നും താനും തന്റെ ഗ്രൂപ്പും ഒരു കാരണവശാലും ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്കുചെയ്യില്ലെന്നും ബ്ലാക്ക്ഡ്രാഗണ്‍ പറഞ്ഞു. 

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള കമ്പ്യൂട്ടറില്‍ നിന്നാണ് ഹാക്കിങ് നടന്നിട്ടുള്ളതെങ്കില്‍ സൈബര്‍ നിയമപ്രകാരം ഹാക്കര്‍മാര്‍ക്കെതിരെ കേസെടുക്കാനാകുമെന്ന് നിയമജ്ഞര്‍ പറയുന്നു. ഐടി നിയമത്തിലെ 43, 66 സെക്ഷനുകള്‍ പ്രകാരം ഇവര്‍ കുറ്റക്കാരാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യാപാക്ക് അതിര്‍ത്തിയില്‍ പത്തുവര്‍ഷത്തിനു ശേഷം സംഘര്‍ഷം ആരംഭിച്ചപ്പോഴാണ് ഹാക്കിങ് യുദ്ധവും ആരംഭിച്ചത്. പാക്കിസ്ഥാനി ഹാക്കര്‍മാര്‍ ആദ്യം ഹാക്കു ചെയ്തത് നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റായിരുന്നു. 

പിന്നാലെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ പിപിപി, പാകിസ്ഥാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്, ലാഹോര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ സൈറ്റുകള്‍ ഹാക്കു ചെയ്തു. ഗായകന്‍ സോനു നിഗത്തിന്റെയും പ്രസ്സ് ക്ലബ്ബ് ഓഫ് ഇന്ത്യയുടേതും ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ പാക്ക് ഹാക്കര്‍മാരും നുഴഞ്ഞു കയറിയിരുന്നു.

തങ്ങളുടെ സന്ദേശങ്ങള്‍ പെട്ടെന്നു ശ്രദ്ധിക്കപ്പെടുമെന്നതിനാല്‍ പ്രധാനമായും സര്‍ക്കാര്‍ വെബ്‌സൈറ്റുകളും വമ്പന്‍ സൈറ്റുകളുമാണ് ഹാക്കിങ്ങിനായി തെരഞ്ഞെടുക്കാറെന്ന് ബ്ലാക്ക്ഡ്രാഗണ്‍ വെളിപ്പെടുത്തി. സാധാരണക്കാരെ ഉപദ്രവിക്കണമെന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും ഹാക്കര്‍ പറയുന്നു. 

നമ്മുടെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കും സുരക്ഷിതമല്ലെന്ന് പറഞ്ഞ ബ്ലാക്ക്ഡ്രാഗണ്‍ സൈറ്റുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് തന്റെയും തന്റെ ടീമിന്റെയും സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക