Image

സ്‌നേഹത്തിന്റെ വന്‍കരയില്‍ മോഹന്‍ലാലിന്റെ യാത്രകള്‍ക്ക് പ്രകാശനം

Published on 19 October, 2014
സ്‌നേഹത്തിന്റെ വന്‍കരയില്‍ മോഹന്‍ലാലിന്റെ യാത്രകള്‍ക്ക് പ്രകാശനം

കൊച്ചി: മോഹനമായ നിമിഷങ്ങളില്‍ ആ വിസ്മയ യാത്ര ലക്ഷ്യം തൊട്ടു. നടന്റെ ആലഭാരങ്ങളഴിച്ചുവെച്ച് മോഹന്‍ലാല്‍ എന്ന സഞ്ചാരി താണ്ടിയ ലോകങ്ങള്‍ അക്ഷര രൂപത്തില്‍ മലയാളികള്‍ക്ക് മുന്നിലേക്ക്. എഴുത്തിന്റെ ഭൂഖണ്ഡത്തില്‍ പണ്ടേ കാല്‍കുത്തിയ ലാലിന്റെ മറ്റൊരു പാദമുദ്ര.

'മോഹന്‍ലാലിന്റെ യാത്രകള്‍' എന്ന് പേരിട്ട അപൂര്‍വമായ ഉലകം ചുറ്റലിന്റെ കഥ മലയാളത്തിന് സമര്‍പ്പിക്കാന്‍ വിശ്വ നായകനെന്ന് വിളിപ്പേരുള്ള കമല്‍ഹാസന്‍ തന്നെയെത്തി. സ്വീകരിക്കാന്‍ കഥയിലെ ഏകാന്ത യാത്രികന്‍ എന്‍.എസ്. മാധവനും. സാക്ഷികളാകാന്‍ ലാലിന്റെ ജീവിതയാത്രയുടെ പല ഘട്ടങ്ങളില്‍ ഒപ്പം സഞ്ചരിച്ചവരുടെ സ്‌നേഹ സാന്നിധ്യം.

'എന്തും ഹൃദയം കൊണ്ട് ചെയ്യുന്നയാളാണ് മോഹന്‍ലാല്‍. സകലകലാ വല്ലഭനായോ ഉലക നായകനായോ അല്ല ഞാനിവിടെ വന്നത്. ലാലിന്റെ സുഹൃത്തായും ആരാധകനായുമാണ്. വീട്ടിലേക്കുള്ള മടങ്ങിവരവ് പോലെയാണ് ഈ നിമിഷം അനുഭവപ്പെടുന്നത്. എന്നെ വീട്ടിലേക്ക് തിരികെയെത്തിച്ചതിന് നന്ദി'കമല്‍ഹാസന്‍ പറഞ്ഞു.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ ഓരോ മലയാളിയുടെയും ജീവിതത്തില്‍ ബഹിര്‍സ്ഫുരിക്കുന്ന മുഖമാണ് മോഹന്‍ലാലിന്റേതെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു. 'എല്ലാ മലയാളിയുടെയും യാത്രകള്‍ പോലെയാണ് ലാലിന്റെ യാത്രകളും. യാത്രയ്ക്കുവേണ്ടിയുള്ള യാത്രകള്‍. അതില്‍ ഒരു പഠനത്വരയുണ്ട്. പണ്ടുകേട്ട സ്ഥലങ്ങളെയല്ല അവിടെയുള്ള വ്യക്തികളെയാണ് ലാല്‍ തേടുന്നത്. മനുഷ്യോന്മുഖമായ വലിയ യാത്രയുടെ കഥയാണ് ഈ പുസ്തകം'  അദ്ദേഹം പറഞ്ഞു.

പത്മരാജനൊപ്പം, സിനിമയെ മറന്നുകൊണ്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭാരത പര്യടനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്. 'ആ യാത്ര നടക്കാതെ പോയി. പക്ഷേ ഈ യാത്രകളിലൂടെ ഒരു പരിധി വരെയെങ്കിലും അതിന് സാധിച്ചു. മലയാളത്തിലെ പുസ്തകപ്രകാശനച്ചടങ്ങുകളില്‍ അപൂര്‍വമായിരിക്കും ഇത്തരമൊരു നിമിഷം. എന്റെ ജീവിതത്തില്‍ ഒപ്പം സഞ്ചരിച്ചവരുടെ അനുഗ്രഹത്തിനു കീഴില്‍ ഈ പുസ്തകം പ്രകാശനം ചെയ്യാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നു'ലാല്‍ പറഞ്ഞു.

ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഷിബു ബേബി ജോണ്‍, എംപി.മാരായ പി. രാജീവ്, ഇന്നസെന്റ്, സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്, രണ്‍ജി പണിക്കര്‍, ബ്ലെസി, ടി.കെ. രാജീവ് കുമാര്‍, മേജര്‍ രവി, മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍, ടെറിട്ടോറിയല്‍ ആര്‍മി മേജര്‍ ജനറല്‍ വേണുഗോപാല്‍, മോഹന്‍ലാലിന്റെ സുഹൃത്തുക്കളായ എം.വി. സനല്‍കുമാര്‍, ഡോ. കെ.ജി. അലക്‌സാണ്ടര്‍, എന്നിവര്‍ പ്രസംഗിച്ചു. 

മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ 'തിരനോട്ട'ത്തിന്റെ സംവിധായകന്‍ അശോക് കുമാര്‍, നടന്‍ സുരേഷ് കൃഷ്ണ, സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാക്കളായ സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍, വ്യവസായ പ്രമുഖരായ കെ.സി. ബാബു, വി.ഐ. അജ്മല്‍, ആന്റണി കൊട്ടാരം തുടങ്ങി ഒട്ടേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഇന്ത്യയിലും വിദേശത്തുമായി മോഹന്‍ലാല്‍ നടത്തിയ വ്യത്യസ്തമായ യാത്രകളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇരുനൂറു പേജുള്ള കോഫി ടേബിള്‍ പുസ്തകത്തിലുള്ളത്. ലാലിന്റെ അപൂര്‍വമായ ചിത്രങ്ങളാണ് ഇതിന്റെ പ്രത്യേകത. കുടുംബത്തോടൊപ്പമുള്ള സ്വകാര്യ യാത്രകളിലെ ഇതുവരെ കാണാത്ത കാഴ്ചകളും പുസ്തകത്തിലുണ്ട്. രണ്ടായിരം രൂപയാണ് വില. ആദ്യം വിളിച്ച് പുസ്തകം ബുക്ക് ചെയ്ത 25 പേര്‍ക്ക് പ്രകാശനച്ചടങ്ങില്‍ വെച്ച് ലാല്‍ തന്നെ പുസ്തകം ഒപ്പിട്ട് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക