Image

പപ്പയുടെ സ്വന്തം അപ്പൂസ് തിരിച്ചു വരുന്നു

Published on 19 October, 2014
പപ്പയുടെ സ്വന്തം അപ്പൂസ് തിരിച്ചു വരുന്നു
ബാദ്ഷായെ ഓര്‍മ്മയില്ലേ? രണ്ട് ദശാബ്ദത്തിന് മുന്പ് പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ കുസൃതിക്കുടുക്കയെ. ഒറ്റ ചിത്രത്തിലൂടെ തന്നെ  പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ആ കൊച്ച് ബാദ്ഷാ ഇപ്പോള്‍ വളര്‍ന്ന് നായകനായി മലയാളത്തിലേക്ക് തിരിച്ചുവരികയാണ്.

മുംബയ് ടാക്‌സി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബാദ്ഷാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് എത്തുന്നത്. ഫാസില്‍ ബഷീര്‍ സംവിധാനം ചെയ്ത് ജെയ്‌സണ്‍ ടി. ജോണ്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മുംബയ് പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ദിവസം സംഭവിക്കുന്ന കാര്യമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും വളരെ ത്രില്ലിങ്ങായുള്ള കഥയാണെന്നും താരം വ്യക്തമാക്കി.ഒരു ടാക്‌സി െ്രെഡവറിന്റെ വേഷമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും ബാദ്ഷാ പറഞ്ഞു.  

പപ്പയുടെ സ്വന്തം അപ്പൂസിലെ പ്രകടനത്തിന് ബാദ്ഷായ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും പഠനത്തിന് പ്രാധാന്യം നല്‍കണമെന്ന് തീരുമാനിച്ച് അവയെല്ലാം ബാദ്ഷാ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.  സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും തനിക്കെപ്പോഴും സിനിമയോട് വളരെ താല്‍പര്യമുണ്ടായിരുന്നെന്ന് ബാദ്ഷാ പറയുന്നു. മുംബയ് ടാക്‌സിയുടെ കഥ കേട്ടപ്പോള്‍ അത് തനിക്ക് വളരെ ഇഷ്ടപ്പെട്ടെന്നും അങ്ങനെയാണ് ഇത് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വരുന്‌പോള്‍ കുറച്ച് ടെന്‍ഷനുണ്ടെന്ന് താരം പറയുന്നു. ഏറെ നാളുകള്‍ക്ക് ശേഷം കാമറയെ അഭിമുഖീകരിക്കുന്നതില്‍ താന്‍ കുറച്ച് നെര്‍വസാണ്. പക്ഷെ തന്റെ തീരുമാനത്തില്‍ താന്‍ സന്തുഷ്ടനാണ്. ഫാസില്‍ അങ്കിളിനും മമ്മൂക്കയ്ക്കും ഒപ്പം പ്രവര്‍ത്തിക്കാനായത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ഈ സിനിമയും അങ്ങനെയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടന്‍ കൊച്ചിന്‍ ഹനീഫയുടെ അനന്തരവന്‍ കൂടിയായ ബാദ്ഷാ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക