Image

ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-8: സാം നിലമ്പള്ളില്‍)

Published on 19 October, 2014
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-8: സാം നിലമ്പള്ളില്‍)
അദ്ധ്യായം എട്ട്‌.

ആദ്യത്തെരാത്രി അഭയാര്‍ത്ഥികള്‍ക്ക്‌ ഓരോകഷണം റൊട്ടിയും ഒരുകപ്പ്‌ സൂപ്പും കിട്ടി. സൂപ്പെന്നുപറഞ്ഞ്‌ കൊടുത്തത്‌ വെറും ചൂടുവെള്ളമായിരുന്നു. അതില്‍ ടര്‍ണിപ്പിന്റെ ഇലയും തണ്ടും പൊങ്ങിക്കിടന്നിരുന്നു, ടര്‍ണിപ്പിട്ട്‌ തിളപ്പിച്ചവെള്ളം. രണ്ടുദിവസമായി ശരിക്ക്‌ ആഹാരം കഴിച്ചിട്ടില്ലാത്ത അഭയാര്‍ത്ഥികള്‍ കിട്ടിയഭക്ഷണം ആര്‍ത്തിയോടെകഴിച്ചു. സാറ മക്കള്‍ക്ക്‌ ഉണക്കറൊട്ടി സൂപ്പില്‍മുക്കി മയപ്പെടുത്തി കൊടുത്തു. നല്ലവിശപ്പുണ്ടായിരുന്നതിനാല്‍ കുഞ്ഞുങ്ങള്‍, അവരുടെ വീട്ടിലായിരുന്നെങ്കില്‍ പട്ടിക്ക്‌ ഇട്ടുകൊടുക്കുമായിരുന്ന ഉണക്കറൊട്ടി, തിന്നുന്നതുനോക്കി അമ്മമാര്‍ കണ്ണുനീര്‍ പൊഴിച്ചു. സ്വന്തംവീട്ടില്‍നിന്ന്‌ ബലമായിപിടിച്ചുകൊണ്ടുവന്ന്‌ ഈ തടവറയില്‍ പാര്‍പ്പിക്കാന്‍ തങ്ങള്‍ എന്തുതെറ്റാണ്‌ ചെയ്‌തത്‌? അവസാനം അവര്‍ക്ക്‌ അതിന്റെ ഉത്തരംകിട്ടി. യഹൂദരായിട്ട്‌ ജനിച്ചതാണ്‌ തങ്ങള്‍ചെയ്‌ത കുറ്റം.

അന്നുരാത്രി അവര്‍ വെറുംതറയില്‍ കിടന്നും ഇരുന്നും ഉറങ്ങി. രാത്രിയുടെ ഇരുളില്‍ എവിടുന്നൊക്കെയോ പാറ്റയും പുഴുക്കളും മൂട്ടയും ഇറങ്ങിവന്ന്‌ അവരുടെ ഉറക്കത്തെ ശല്ല്യപ്പെടുത്തി. വെളുപ്പിന്‌ നാലുമണിക്ക്‌ എസ്സെസ്സ്‌ ഗാര്‍ഡുകള്‍ വന്ന്‌ അവരെ വിളിച്ചുണര്‍ത്തി, റോള്‍കോളാണത്രെ. എല്ലാവരും വിശാലമായ മുറ്റത്ത്‌ അഞ്ചുവരിയായി നിരന്നുനില്‍ക്കാന്‍ കല്‍പിച്ചു. രാത്രിയിലെപ്പോഴോപെയ്‌ത മഴയില്‍കുതിര്‍ന്ന തറയില്‍ എല്ലാവരും നിരന്നുനിന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും റോള്‍ക്കോള്‍ എടുക്കാന്‍ വന്നില്ല. പകരം നിരയില്‍നില്‍ക്കുന്നവര്‍ ശരിക്കാണോ നില്‍ക്കുന്നതെന്ന്‌നോക്കി തോക്കുധാരികളായ എസ്സെസ്സ്‌ ഗാര്‍ഡുകള്‍ റോന്തുചുറ്റി. കുഞ്ഞുങ്ങള്‍ നിലവിളിക്കുമ്പോള്‍ അവര്‍ അമ്മമാരെ ചീത്തവിളിച്ചു.

`ജൂതപ്പന്നിച്ചി നിന്റെ കൊച്ചിന്റെ വായടപ്പിക്കടി,' അവര്‍ അലറി.

തിരിച്ചൊരു വാക്കുപറയാന്‍ ധൈര്യമില്ലാത്ത പുരുഷന്മാര്‍ നിര്‍വികാര്യതയോടെ കേട്ടുനിന്നതേയുള്ളു. തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ അവന്റെ ജീവിതം അവിടെത്തീരുമെന്ന്‌ അവര്‍ക്കറിയാം. രണ്ടുമണിക്കൂര്‍ വെളിയില്‍ തണുപ്പത്ത്‌ നിന്നുകഴിഞ്ഞപ്പോള്‍ എല്ലാവരും തിരികെ ബാരക്കിലേക്ക്‌ പൊയ്‌ക്കൊള്ളാന്‍ കല്‍പിച്ചു. കുറെക്കൂടികഴിഞ്ഞിട്ടേ റോള്‍ക്കോള്‍ എടുക്കുന്നുള്ളെന്ന്‌. പിന്നെന്തിനാണ്‌ വെളുപ്പിന്‌ നാലുമണിക്ക്‌ വിളിച്ചുണര്‍ത്തി തണുപ്പത്ത്‌ മണിക്കൂറുകളോളം നിറുത്തിയതെന്ന്‌ ചോദിക്കാന്‍ ആരുടേയും നാവ്‌ പൊന്തിയില്ല. വെറുതെ കഷ്‌ടപ്പെടുത്തുക എന്നൊരു ഉദ്ദേശമേ അതിന്റെപിന്നില്‍ ഉണ്ടായിരുന്നുളളു.

തിരികെ ബ്‌ളോക്കില്‍ വന്നപ്പോള്‍ മണിയടിക്കുന്നതുകേട്ടു. കാപ്പിക്കുള്ള മണിയാണെന്ന്‌ നേരത്തെവന്നിട്ടുള്ള അനുഭവസ്ഥര്‍ പറഞ്ഞു. തങ്ങള്‍ക്ക്‌ കിട്ടിയിട്ടുള്ള തകരംകൊണ്ടുള്ള മക്ഷില്‍ കാപ്പി വാങ്ങിച്ചപ്പോള്‍ സന്തോഷംതോന്നി. വെളിയില്‍ തണുപ്പത്തുനിറുത്തി വലച്ചതിന്‌ പ്രത്യുപകാരമായി രാവിലെ ചൂടുകാപ്പിതരാന്‍ സന്മനസ്സ്‌ ഉണ്ടായല്ലോ. തലേദിവസം റയില്‍വേസ്റ്റേഷനില്‍നിന്ന്‌ ഫ്രീയായികിട്ടിയ കാപ്പിയില്‍നിന്നും ഒട്ടും വെത്യസ്ഥമായിരുന്നില്ല ഇപ്പോള്‍ കിട്ടിയതും. എന്തായാലും അല്‍പം ചൂടുള്ളവെള്ളം അകത്തുചെന്നത്‌ ആശ്വാസകരമായി.

എട്ടുമണി ആയപ്പോള്‍ വീണ്ടും മണിയടിച്ചു.ബ്രേക്ക്‌ഫാസ്റ്റിനുള്ളതാണെന്നാണ്‌ വിചാരിച്ചത്‌. റോള്‍കോളിനുള്ള മണിയാണെന്ന്‌ ഗാര്‍ഡ്‌ പറഞ്ഞു. വെളുപ്പിന്‌ നാലുമണിക്ക്‌ ചെയ്‌തതുപോലെ വെളിയില്‍ ചാറ്റമഴയും നനഞ്ഞ്‌ എല്ലാവരും നിരനിരയായിനിന്നു. വരാന്തയില്‍ മഴനനയാതെ നില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നിട്ടും വെളിയില്‍ മഴയത്ത്‌ നിറുത്തിയത്‌ ബുദ്ധിമുട്ടിപ്പിക്കാനല്ലാതെ പിന്നെന്തിനാണ്‌? അരമണിക്കൂര്‍ അവിടെ നിന്നുകഴിഞ്ഞപ്പോള്‍ എസ്സെസ്സ്‌ കമാന്‍ഡര്‍ വന്നു. അയാള്‍ നനയാതിരിക്കാന്‍ വേറൊരു എസ്സെസ്സ്‌ വലിയൊരു കുടയുംപിടിച്ച്‌ അയാളുടെ പിന്നാലെവന്നു. തങ്ങളുടെ കുഞ്ഞുങ്ങള്‍ മഴനനഞ്ഞ്‌ മുറ്റത്തെചെളിയില്‍ നില്‍ക്കുമ്പോള്‍ അയാള്‍ കുടയുംചൂടി റബര്‍ ബൂട്ട്‌സുമിട്ട്‌ സുഖമായിനില്‍ക്കുന്നതിലെ ഔചത്യമില്ലായ്‌മ ചോദ്യംചെയ്യാന്‍ ജീവനില്‍ ഭയമുള്ളതുകൊണ്ട്‌ ആരും തയ്യാറായില്ല.

ഓരോരുത്തരേയും നമ്പര്‍ വിളച്ച്‌ ഹാജര്‍ രേഖപ്പെടുത്തി കഴിഞ്ഞപ്പോഴേക്കും മഴ കോരിച്ചൊരിയാന്‍ തുടങ്ങിയിരുന്നു. റോള്‍ക്കോള്‍ തീരാന്‍ ഒരുമണിക്കൂര്‍ സമയമെടുത്തു. അത്‌ കഴിഞ്ഞപ്പോള്‍ എല്ലാവരും തിരികെ പൊയ്‌ക്കൊള്ളാന്‍ അനുവാദംകിട്ടി. മാറിയുടുക്കാന്‍ വേറെ വസ്‌ത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ നനഞ്ഞ വസ്‌ത്രങ്ങള്‍ ഊരിപ്പിഴിഞ്ഞ്‌ വീണ്ടും ധരിച്ചു. അന്യപുരുഷന്മാരുടെ സാമീപ്യത്തില്‍ വസ്‌ത്രങ്ങള്‍ ഊരുന്നത്‌ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രസക്തിയില്ലാത്ത കാര്യങ്ങളായതിനാല്‍ സ്‌ത്രീകള്‍ക്ക്‌ വിഷമംതോന്നിയില്ല. അന്യസ്‌ത്രീയുടെ നഗ്നതകണ്ട പുരുഷന്മാര്‍ക്ക്‌ തങ്ങളുടെ രക്തത്തിന്‌ ചൂടുപിടിക്കുന്നതായിട്ടും തോന്നിയില്ല. പകരം ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ദുരിതത്തില്‍നിന്ന്‌ എങ്ങനെ കരകയറാമെന്ന ചിന്തയിലായിരുന്നു അവര്‍. മറ്റൊന്നും ചെയ്‌തില്ലെങ്കിലും തങ്ങളെ വീടുകളിലേക്ക്‌ തിരികെപ്പോകാന്‍ അനുവദിച്ചാല്‍ മതിയായിരുന്നു. വണ്ടിക്കൂലിക്കുവേണ്ടി എസ്സെസ്സുകാര്‍ കണ്ടുപിടിക്കാത്ത വിധത്തില്‍ സ്വര്‍ണനാണയങ്ങളും പണവും അവരുടെ വസ്‌ത്രങ്ങളുടെ സ്‌ളീവുകളിലുംമറ്റും ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു.

തന്റെ സ്വര്‍ണ ഫ്രെയിമുള്ള കണ്ണട എസ്സെസ്സുകാര്‍ പിടിച്ചുവാങ്ങിയതിലാണ്‌ ഒരു വൃദ്ധന്റെ പരാതി.

`കണ്ണടയില്ലതെ എനിക്കൊന്നും കാണാന്‍ പറ്റത്തില്ല,' അയാള്‍ പറഞ്ഞുകൊണ്ടിരുന്നു. `അവരെന്തിനാണ്‌ വൃദ്ധന്മാരോട്‌ ഈ ക്രൂരതകാണിക്കുന്നത്‌?'

`മനഃസാക്ഷി നശിച്ച ഒരുകൂട്ടം ചെകുത്താന്മാരാണ്‌ അപ്പൂപ്പാ അവര്‍. ട്രെയിന്‌ലെ തിരക്കിനിടയില്‍ കുഞ്ഞുങ്ങളും വയസുചെന്നവരും മരിച്ചുവീഴുന്നത്‌കണ്ടിട്ടും അവര്‍ക്ക്‌ മനസലിവ്‌ തോന്നിയില്ലല്ലോ. ഇവര്‍ക്കുമില്ലേ, അച്ഛനമ്മമാരും, മക്കളുമൊക്കെ.' ഒരുചെറുപ്പക്കാരന്‍ രോഷംകൊണ്ടു.

`എടാ കൊച്ചനെ, നീ അതുമിതുമൊക്കെ പറഞ്ഞ്‌ നിന്റെ ജീവന്‍കളയാന്‍ നോക്കേണ്ട.' ഒരു മധ്യവയസ്‌ക്കന്‍ ഉപദേശിച്ചു. `അഞ്ചുചെറുപ്പക്കാരെ പച്ചയോടെകൊല്ലുന്നത്‌ നീ കണ്ടതല്ലേ? സമാധാനിക്ക്‌. നമ്മുടെ കഷ്‌ടപ്പാട്‌ വേഗംതീരുമന്നാ എന്റെ മനസ്‌ പറയുന്നത്‌. അധികം താമസിയാതെ നമുക്ക്‌ നമ്മുടെ വീടുകളിലേക്ക്‌ തിരികെപ്പോകാം.'

`നിന്റെ പേരെന്താ?' ചെറുപ്പക്കാരന്റെ ആവേശത്തില്‍ താല്‍പര്യംതോന്നിയ സ്റ്റെഫാന്‍ ചോദിച്ചു.

`ആല്‍വിന്‍.' താല്‍പര്യമില്ലാത്ത മട്ടില്‍ അവന്‍ പറഞ്ഞു.

`നിന്നെ ഞങ്ങളുടെ തെരുവില്‍ കണ്ടിട്ടുണ്ടെന്ന്‌ തോന്നുന്നു.'

`കണ്ടിരിക്കാം. ഞാന്‍ ഡോക്‌ട്ടര്‍ തോംസണ്‍ന്റെ മകനാണ്‌. ഞാന്‍ ബെര്‍ലിന്‍ യൂണിവേര്‍സിറ്റിയില്‍ മെഡിസിന്‌ പഠിക്കുയായിരുന്നു. ഹിറ്റ്‌ലര്‍ യഹൂദവിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും കോളജില്‍നിന്ന്‌ പുറത്താക്കിയപ്പോള്‍ എന്റെപഠിത്തവും നിന്നു.' ആല്‍വിന്റെ കണ്ണില്‍നിന്ന്‌ തീപ്പൊരി ചിതറുന്നുണ്ടോയെന്ന്‌ കേട്ടുകൊണ്ടിരുന്നവര്‍ക്ക്‌ തോന്നി.

`ഡോക്‌ട്ടര്‍ തോംസണെ ഞാനറിയും,' സ്റ്റെഫാന്‍ പറഞ്ഞു.`എന്റെ മകന്‌ ന്യുമോണിയ പിടിപെട്ടപ്പോള്‍ അദ്ദേഹമാണ്‌ ചികിത്സിച്ചത്‌. ഡോക്‌ട്ടര്‍ ഇപ്പോള്‍ എവിടെയാണ്‌?'

`എവിടെയാണെന്ന്‌ എനിക്കും അറിഞ്ഞുകൂടാ. ഒരുദിവസം രാവിലെ എസ്സെസ്സുകാര്‍വന്ന്‌ പപ്പായെ കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം കണ്ടിട്ടേയില്ല. പപ്പാ അടുത്തകാലത്ത്‌ വളരെ ദുഃഖിതനായിരുന്നു. വയസുചെന്നവരേയും, രോഗികളേയും വിഷംകുത്തിവെച്ചുകൊല്ലാന്‍ നാസികള്‍ കല്‍പ്പിച്ചു. അനുസരിക്കാന്‍ പപ്പ കൂട്ടാക്കിയില്ല. അതിനാണ്‌ അവര്‍ പിടിച്ചുകൊണ്ടുപോയത്‌. പപ്പയെ അവര്‍ കൊന്നുകാണുമെന്ന്‌ വിചാരിച്ച്‌ ഹൃദ്‌രോഗിയായ അമ്മയും മരിച്ചു. ഞാന്‍ ഒറ്റക്കായി.'

`സഹോദരങ്ങളാരുമില്ലേ?' ആല്‍വിന്റെ കഥകേട്ടുകൊണ്ടിരുന്ന ഒരു സ്‌ത്രീ ചോദിച്ചു.

`ഒരു പെങ്ങളുണ്ട്‌. അവള്‍ ഇംഗ്‌ളണ്ടില്‍ ഭര്‍ത്താവിനൊപ്പമാണ്‌. ഞാനും അങ്ങോട്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫ്രാന്‍സുവഴി പോകാന്‍നോക്കിയപ്പോള്‍ ഹിറ്റ്‌ലര്‍ ആ രാജ്യവും പിടിച്ചടക്കി. നെതര്‍ലാന്‍ഡിലേക്ക്‌ രക്ഷപെടാന്‍ ഒരു ബസ്സില്‍ പോകുമ്പോളാണ്‌ വഴിക്കുവെച്ച്‌ എന്നെ അറസ്റ്റുചെയ്‌തത്‌.'

ചെറുപ്പക്കാരന്റെ കഥകേട്ടവര്‍ പിന്നീടൊന്നും ചോദിക്കാന്‍ കഴിയാതെ നിര്‍വികാരരായി ഇരുന്നു. അവരില്‍ പലര്‍ക്കും ഇതുപോലത്തെ കഥകള്‍ പറയാന്‍ കാണുമല്ലോ. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം? ഈ നരകത്തില്‍നിന്ന്‌ എങ്ങനെ രക്ഷപെടുമെന്ന ചിന്തയാണ്‌ എല്ലാവരുടേയും മനസില്‍. എന്തായാലും തങ്ങളുടെ കുടുംബവും കൂടെയുണ്ടല്ലോ എന്നൊരു സമാധാനമുണ്ട്‌.


(തുടരും....)

ഏഴാം ഭാഗം വായിക്കുക...
ഹോളോക്കോസ്റ്റ്‌-നരകവാതിലുകള്‍ തുറന്നപ്പോള്‍ (ചരിത്ര നോവല്‍: ഭാഗം-8: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക