Image

vke mpu വാക്കേ മാപ്പ്‌...(അഷ്‌ടമൂര്‍ത്തി)

Published on 18 October, 2014
vke mpu വാക്കേ മാപ്പ്‌...(അഷ്‌ടമൂര്‍ത്തി)
മൊബൈല്‍ ഫോണ്‍ ശബ്‌ദമുണ്ടാക്കിയപ്പോഴാണ്‌ ഉണര്‍ന്നത്‌. പറമ്പില്‍ വാഴ വെയ്‌ക്കുന്ന കുട്ടന്റെ മിസ്സ്‌ഡ്‌ കോളാണ്‌. തിരിച്ചുവിളിച്ചപ്പോള്‍ ഞാന്‍ മുറ്റത്തു നില്‍പ്പുണ്ട്‌ എന്ന്‌ കുട്ടന്‍. പുറത്തേയ്‌ക്കു നടക്കുന്നതിനിടയില്‍ മൊബൈലില്‍ സമയം നോക്കി: ഏഴര കഴിഞ്ഞിരിയ്‌ക്കുന്നു.

തോളത്ത്‌ മണ്‍വെട്ടി ഞാത്തിയിട്ടിരിയ്‌ക്കുന്നു. ഇടത്തെ കയ്യില്‍ കൈക്കോട്ടും വെട്ടുകത്തിയും. വലത്തെ കയ്യിലെ മൊബൈലില്‍ എന്തോ തിരഞ്ഞുകൊണ്ടാണ്‌ കുട്ടന്റെ നില്‍പ്‌.ഇക്കൊല്ലവും വാഴ വെച്ചോട്ടെ എന്നു ചോദിയ്‌ക്കാനാ, മൊബൈലില്‍ നിന്ന്‌ കണ്ണെടുക്കാതെ കുട്ടന്‍ തന്റെ വരവിന്റെ ഉദ്ദേശ്യം അറിയിച്ചു. കഴിഞ്ഞ കൊല്ലത്തെ റേറ്റ്‌ തന്നെ മതീലോല്ലേ.അതറിഞ്ഞിട്ടു വേണം ജോസിനെ വിളിയ്‌ക്കാന്‍ന്ന്‌ വെച്ച്‌ട്ടാ വെളിച്ചാമ്പൊത്തന്നെ പോന്നത്‌.ജോസ്‌ ജെസിബി മുതലാളിയാണ്‌. ഈയിടെയായി കുട്ടന്‍ വാഴ വെയ്‌ക്കാന്‍ ജെസിബി ഉപയോഗിച്ച്‌ തോടുണ്ടാക്കുകയാണ്‌ പതിവ്‌. ഒറ്റയ്‌ക്ക്‌ തോടു കീറാന്‍ പുറപ്പെട്ടാല്‍ നടക്കില്ല.ഈ ഫെയ്‌സ്‌ ബുക്കു കൊണ്ടൊന്നും ഒരു ഉപകാരോല്യ, കുട്ടന്‍ പറഞ്ഞു. വാട്‌സാപ്പ്‌അങ്ങനെയല്ല. ഇപ്പൊത്തന്നെ ദേ, നോക്ക്വോ, ജോസിന്‌ ഒരു സുപ്രഭാതം. തിരിച്ച്‌ അവന്റെ ചിരിയ്‌ക്കുന്ന ഒരു ഇമോട്ടിക്കോണ്‍. ജേസീ ീടെ കാര്യം രണ്ടു വാക്കില്‍ ഒരു മെസ്സേജ്‌. തിരിച്ച്‌ റേറ്റ്‌ കാണിച്ചുകൊണ്ട്‌ രണ്ടു വാക്ക്‌. റെഡിയാണോ? റെഡി. കച്ചോടം തീര്‍ന്നു.

മുണ്ടിന്റെ മടിയില്‍ മൊബൈല്‍ തിരുകിവെച്ച്‌ കുട്ടന്‍ തുടര്‍ന്നു.ജേസീ ിയ്‌ക്ക്‌ ഇക്കൊല്ലം വാടക കൂടുതലാ. മണിക്കൂറിന്‌ എണ്ണൂറ്‌. കായയ്‌ക്ക്‌ വെല കൂടുന്നതനുസരിച്ച്‌ ജേസീ ീടെ വാടകേം കൂടും. പിന്നെ കാര്യങ്ങളൊക്കെ മൊതലാവണത്‌ ഈവാട്‌സാപ്പ്‌ കൊണ്ടാ. ഇപ്പൊത്തന്നെ നാലു മെസ്സേജ്‌ പോയി. എസ്സെംമ്മസ്സാച്ചാ എഴുപതു പൈസവെച്ച്‌ രണ്ടു രൂപ എണ്‍പതു പൈസ പോക്കാ.കുട്ടന്‍ മണ്‍വെട്ടിയും കൈക്കോട്ടും വെട്ടുകത്തിയുമായി നടന്നു.പല്ലു തേപ്പു കഴിഞ്ഞേയുള്ളു വീണ്ടും കോളിങ്ങ്‌ ബെല്‍. ഇത്തവണ രാമന്‍കുട്ടിമാഷാണ്‌. കയ്യില്‍ ഒരു സഞ്ചിയുമുണ്ട്‌.

എന്താ മാഷേ ഇത്ര നേര്‍ത്തെ? മടുപ്പ്‌ പുറത്തുവരാതിരിയ്‌ക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടാണ്‌ ഞാന്‍ ചോദിച്ചത്‌.നേര്‍ത്തെയോ? സമയം എത്രായീന്ന്‌ നോക്ക്‌ാ. ഇന്നലെ രാത്രി തന്നെ വിളിച്ചപ്പൊ താന്‍മൂന്നു പ്രാവശ്യം കോള്‌ കട്ട്‌ ചെയ്‌തില്യേ? എന്നിട്ട്‌ ഒരു മെസ്സേജും. എനിയ്‌ക്കത്‌ എന്താന്ന്‌ തന്നെ മനസ്സിലായില്യ.

ശരിയാണ്‌. രാത്രി ടീവിയില്‍ `ചിരിക്കുടുക്ക' കണ്ടുകൊണ്ടിരിയ്‌ക്കുകയായിരുന്നു. എന്നും അതു കണ്ടിട്ടേ കിടക്കാറുള്ളു. രസം പിടിച്ച ഒരു സീന്‍ കണ്ടുകൊണ്ടിരിയ്‌ക്കുമ്പോഴാണ്‌ മാഷടെവിളി. ദേഷ്യം തോന്നി. കട്ട്‌ ചെയ്‌തു. മാഷ്‌ പിന്നെയും വിളിച്ചു. അതും കട്ടാക്കി. അങ്ങനെ ഒരുവട്ടം കൂടി. ഒടുവില്‍ ദേഷ്യം അടക്കി വാട്‌സാപ്പില്‍ മെസ്സേജ്‌ അയച്ചു.
bsy. wl cal u ltr.

അതോടെ വിളി നില്‍ക്കുമെന്നു കരുതി. പക്ഷേ രണ്ടു മിനിട്ടു കഴിഞ്ഞപ്പോള്‍ മാഷ്‌ വീണ്ടും വിളിച്ചു. അപ്പോള്‍ മൊബൈല്‍ തല്‍ക്കാലം സ്വിച്ചോഫ്‌ ചെയ്‌തു.

എന്താ താന്‍ അയച്ച ആ മെസ്സേജിന്റെ അര്‍ത്ഥം?

ഓ, അതോ. അത്‌ മാഷക്ക്‌ മനസ്സിലായില്ല അല്ലേ. bsy എന്നു വെച്ചാല്‍ busy. wl എന്നത്‌
willന്റെ ചുരുക്കം. രമഹ എന്നു വെച്ചാല്‍ call തന്നെ. u you, ltr later. I will call you later എന്നു മുഴുവന്‍രൂപം. ഞാന്‍ പിന്നെ വിളിച്ചോളാം എന്നു സാരം.

അതു ശരി. അപ്പൊ ഇദ്‌ ഇംഗ്ലീഷ്‌ തന്നെയാണ്‌ അല്ലേ?

എന്താ സംശയം? ഇപ്പോള്‍ ഇങ്ങനെയല്ലേ നമ്മളൊക്കെ എഴുതുന്നത്‌? മുഴുവന്‍ ഇങ്ങനെ വാരിവലിച്ചെഴുതേണ്ട കാര്യമൊന്നും ഇല്ലല്ലോ. കാര്യം മനസ്സിലായാല്‍പ്പോരേ? പോരാത്തതിന്‌ എത്ര സമയമാണ്‌ നമ്മള്‍ ഇതുവഴി ലാഭിയ്‌ക്കുന്നതെന്ന്‌ മാഷക്കറിയ്വോ? എത്രയാണ്‌? മാഷ്‌ കണക്കു കൂട്ടി. ആദ്യത്തേതില്‍ യു, പിന്നത്തേതില്‍ ഐയും എല്ലും, അടുത്തതില്‍ വെറും എല്ല്‌, പിന്നെ വൈയും ഓയും, അവസാനത്തേതില്‍ ഏയും ഈയും. ആകെ എട്ട്‌ അക്ഷരങ്ങള്‍. ആട്ടെ, ഒരക്ഷരം അടിയ്‌ക്കാന്‍ താന്‍ എത്ര സമയം എട്‌ക്കും? ഒരു സെക്കന്റ്‌, അധികം കണക്കു കൂട്ടാതെ ഞാന്‍ പറഞ്ഞു.

അപ്പൊ താന്‍ ലാഭിച്ചത്‌ എട്ടു സെക്കന്റ്‌. സഞ്ചി ടീപ്പോയിലേയ്‌ക്കു വെച്ച്‌ മാഷ്‌ സെറ്റിയില്‍ അമര്‍ന്നിരുന്നു. ഇതുകൊണ്ട്‌ താന്‍ എന്തു നേടി? മാഷ്‌ പഠിപ്പിയ്‌ക്കാന്‍ തന്നെയാണ്‌ പുറപ്പാട്‌. അലോസരം പുറത്തു കാണിയ്‌ക്കാതിരിയ്‌ക്കാന്‍ മിനക്കെട്ടുകൊണ്ട്‌ ഞാന്‍ പറഞ്ഞു.ഇത്‌ നേട്ടത്തിന്റേയും നഷ്ടത്തിന്റേയും ഒന്നും കാര്യമല്ല മാഷേ. ഇപ്പൊ ഇങ്ങനെയൊക്കെയാണ്‌ ഭാഷ.

അതാ ഞാന്‍ പറഞ്ഞത്‌, മാഷടെ ശബ്‌ദം ഉറച്ചു. താന്‍ എട്ടു സെക്കന്റു ലാഭിച്ചപ്പോള്‍ ഭാഷയ്‌ക്ക്‌ എന്തു നഷ്ടമാണ്‌ ഉണ്ടായത്‌. അതു താന്‍ ആലോചിച്ചിട്ടുണ്ടോ?അതൊന്നും ആലോചിച്ചിട്ടില്ല. എനിയ്‌ക്ക്‌ വല്ലാതെ ദേഷ്യം വന്നു. സ്‌കൂളില്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നതു കൂടി ഈ ഭാഷയിലാണ്‌. ഇതിന്റെ ഒരു ഡിക്‌ഷ്‌ണറി തന്നെ വൈകാതെ ഇറങ്ങുന്നുണ്ടെന്നു കേട്ടു. അപ്പോഴാണ്‌ മാഷ്‌ ഓരോ അനാവശ്യസംശയങ്ങളുമായി വന്നിരിയ്‌ക്കുന്നത്‌.ഇപ്പൊ തനിയ്‌ക്ക്‌ എത്ര വയസ്സായി? മാഷടെ അടുത്ത ചോദ്യം.അറുപത്തിരണ്ട്‌, ഞാന്‍ പറഞ്ഞു.

അപ്പോള്‍ മാഷ്‌ മനക്കണക്കു തുടങ്ങി. മലയാളമാണ്‌ വിഷയമെങ്കിലും മാഷ്‌ പണ്ടേ കണക്കില്‍ വിദഗ്‌ധനാണ്‌.അതായത്‌ നൂറ്റിത്തൊണ്ണൂറ്റഞ്ചു കോടി അമ്പത്തിരണ്ടു ലക്ഷത്തി മുപ്പത്തീരായിരം സെക്കന്റ്‌താന്‍ പിന്നിട്ടു കഴിഞ്ഞൂന്നര്‍ത്ഥം. അതില്‍ ഈ എട്ടു സെക്കന്റ്‌ ലാഭിച്ചതോണ്ട്‌ തനിയ്‌ക്കെന്താകിട്ടീത്‌? അതാ എന്റെ ചോദ്യം.ഞാന്‍ വൈഫൈ ഓണ്‍ ആക്കി. മാഷടെ അസമയത്തുള്ള ഈ വരവ്‌ അത്ര ഇഷ്ടമായില്ലഎന്ന്‌ ധരിപ്പിയ്‌ക്കാന്‍ കൂടിയായിരുന്നു അത്‌. മൊബൈലിലേയ്‌ക്ക്‌ വാട്‌സാപ്പിലൂടെ ആശംസകളുടെ പ്രവാഹം.
GM GM GM GM GMഗ്രൂപ്പുകളില്‍നിന്നുള്ളതിനു പുറമേ നേരിട്ടുള്ള ആശംസകളുമുണ്ട്‌. ചിലരുടെ ആശംസയ്‌ക്ക്‌ചിത്രങ്ങളുടെ അകമ്പടി. ഞാന്‍ മാഷക്കു നേരെ മൊബൈല്‍ പിടിച്ചു.മാഷ്‌ ഇതു കണ്ട്വോ? ഇത്‌ എന്താന്നാണ്‌ മാഷക്ക്‌ മനസ്സിലായത്‌?
മാഷ്‌ ഫോണ്‍ കയ്യില്‍ വാങ്ങി വായിച്ചു.
എന്താ ഈ ഏങ?
അത്‌ Good Morning എന്നതിന്റെ ചുരുക്കമാണെന്ന്‌ ഞാന്‍ മാഷെ പറഞ്ഞു മനസ്സിലാക്കി.
രാത്രി ഇതു പോലെ ഏച എന്നും കാണാം. അത്‌ Good Night. അങ്ങനെ രണ്ടു ഡസന്‍ ഏച എങ്കിലും
കിട്ടിയിട്ടേ ഞാന്‍ ഉറങ്ങാന്‍ പോവാറുള്ളു.

എനിയ്‌ക്കിതൊന്നും ദഹിയ്‌ക്ക്‌ണ്‌ല്യ, മാഷ്‌ പറഞ്ഞു. Good Morning എന്ന്‌ മുഴുവന്‍ എഴുതിയാല്‍
നിങ്ങള്‍ക്കെന്താ ചേതം?

സമയം വേണ്ടേ മാഷേ? എല്ലാവരോടും Good Morning എന്ന്‌ മുഴുവന്‍ പറയുമ്പോഴേയ്‌ക്കും സമയം എത്ര പാഴാവും? അതോണ്ടല്ലേ നമ്മള്‍ ചുരുക്കി എഴുതുന്നത്‌? വായിയ്‌ക്കുന്നവര്‍ക്ക്‌ കാര്യം മനസ്സിലാവും, സന്തോഷവും ആവും.

അല്ല, ഇനി ഇത്‌ താന്‍ ആശംസിച്ചില്യാന്ന്‌ വെയ്‌ക്കാ. അതോണ്ട്‌ വല്ലതും സംഭവിയ്‌ക്കോ?മാഷ്‌ തര്‍ക്കത്തിനുള്ള ഭാവമാണ്‌. അത്‌ പ്രോത്സാഹിപ്പിയ്‌ക്കേണ്ടതില്ല. വാഴ വെയ്‌ക്കുന്നകുട്ടനു കൂടി മനസ്സിലാവുന്ന കാര്യമാണ്‌ പണ്ട്‌ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന മാഷക്ക്‌ പിടി കിട്ടാത്തത്‌.ഞാന്‍ രണ്ടു മൂന്ന്‌ പുസ്‌തകം കൊണ്ടു വന്നിട്ടുണ്ട്‌, മാഷ്‌ ടീപ്പോയിലിരിയ്‌ക്കുന്ന സഞ്ചിയിലേയ്‌ക്കു ചൂണ്ടിക്കാണിച്ചു. ഈയിടെ വായിച്ചതാണ്‌. തരക്കേടില്യാന്ന്‌ തോന്നി. ഒന്നു നിര്‍ത്തിമാഷ്‌ തുടര്‍ന്നു. സ്‌കൂളില്‌ പഠിയ്‌ക്കണ കാലത്ത്‌ താന്‍ ധാരാളം വായിച്ചേര്‍ന്നൂലോ. ഇപ്പൊഴും ഉണ്ടോ വായനാശീലം?


ഞാന്‍ മറുപടിയൊന്നും പറയാതെ പുസ്‌തകങ്ങളുടെ പുറംചട്ട നോക്കി. പേരുകള്‍ കേട്ടിട്ടില്ല. അതില്‍ അത്ഭുതപ്പെടാനില്ല. കുറേ കാലമായിരിയ്‌ക്കുന്നു വല്ലതും വായിച്ചിട്ട്‌.മാഷ്‌ ഇത്‌ കൊണ്ടുപൊക്കോളൂ, ഞാന്‍ സഞ്ചിയെടുത്ത്‌ മാഷക്കു തന്നെ കൊടുത്തു.

ഇതൊക്കെ വായിയ്‌ക്കാന്‍ എവിടുന്നാ മാഷേ സമയം?

ഇടയ്‌ക്ക്‌ കൊറച്ചൊക്കെ വായിയ്‌ക്കണടോ, മാഷ്‌ പറഞ്ഞു. ഇല്യാച്ചാല്‍ നമ്മള്‌ ഒന്ന്വല്ലാണ്ടാവും.ഇങ്ങനെയൊക്കെ പറഞ്ഞോണ്ട്‌ ഞാന്‍ ഒര്‌ പഴഞ്ചനാന്ന്‌ ധരിയ്‌ക്കണ്ട താന്‍, ഈ വാട്‌സാപ്പ്‌എനിയ്‌ക്കും രസം തോന്ന്‌ണ്‌ണ്ട്‌. നല്ല നേരമ്പോക്കാണ്‌. എത്ര ആള്വോളായിട്ടാ വാക്കുകള്‍ വഴീംചിത്രം വഴീം സംസാരിച്ചുകൊണ്ടിരിയ്‌ക്കാ. പക്ഷേ മലയാളം എഴുതാന്‍ പഠിച്ചിട്ടില്യ. മലയാളം ഇംഗ്ലീഷിലെഴുതാന്‍ ഒരു മടി.

അതൊന്നും സാരമില്ല മാഷേ, ഞാന്‍ പറഞ്ഞു. മലയാളവും പറ്റും. ഇനി അതില്ലെങ്കിലുംഇപ്പൊ എല്ലാവര്‍ക്കും മലയാളം ഇംഗ്ലീഷിലെഴുതണതിനൊന്നും ഒരു വിഷമവുമില്ല.എന്നാലും ഇത്‌ ശര്യാണ്‌ എന്നു തോന്നണില്യ. മാഷ്‌ എഴുന്നേറ്റു. വാക്കുകളെ ഇങ്ങനെമുറിച്ചു മുറിച്ചിടുക. എനിയ്‌ക്കതു കാണുമ്പൊ സങ്കടം വരും.
മാഷ്‌ പോയതിന്റെ പിന്നാലെ കുട്ടന്റെ വാട്‌സാപ്പ്‌ മെസ്സേജ്‌: jcb pni thdgi.
k എന്ന്‌ മറുകുറി അയച്ചു.

വാട്‌സാപ്പില്‍ രസം തോന്നുന്നുണ്ട്‌ എന്നു മാഷ്‌ വെറുതെ പറഞ്ഞതല്ല. പിറ്റേന്നു രാവിലെ എനിയ്‌ക്ക്‌ വാട്‌സാപ്പില്‍ കിട്ടിയ ആദ്യത്തെ മെസ്സേജ്‌ മാഷടെയായിരുന്നു:

Velichayilye? Eneettilye?
മാഷക്ക്‌ മറുപടി അയച്ചു:
uv. njn jlk pvkyn.

`ഉവ്വ്‌. ഞാന്‍ ജോലിയ്‌ക്കു പോവുകയാണ്‌' എന്ന്‌ മാഷ്‌ വായിച്ചെടുക്കില്ലേ ആവോ.
വെറുതെ മാഷായതുകൊണ്ട്‌ കാര്യമില്ല. അതിന്‌ ഒരു പ്രത്യേകവിദ്യാഭ്യാസം വേണം.
അടുത്ത നിമിഷം മാഷടെ മറുപടി വന്നു:

Vaakke Maappu!

എനിയ്‌ക്കു ചിരി വന്നു. മാഷ്‌ ഇനിയും പഠിച്ചിട്ടില്ല. ഇതൊന്നും ഇത്ര പരത്തിപ്പറയാന്‍പാടില്ല. മാഷെ പഠിപ്പിച്ചു കൊടുത്തേ തീരൂ. വാട്‌സാപ്പ്‌ വഴി വിദ്യാഭ്യാസവും ആവാം. പണ്ട്‌ എന്നെ ഭാഷ പഠിപ്പിച്ച ആളല്ലേ? എനിയ്‌ക്ക്‌ മാഷെ ശരിയാക്കിയെടുക്കേണ്ട ബാദ്ധ്യതയുണ്ട്‌. ഞാന്‍ മാഷക്ക്‌ ഒരു മെസ്സേജ്‌ അയച്ചു:

vke mpu.
vke mpu വാക്കേ മാപ്പ്‌...(അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക