Image

പ്രൊഫസ്സര്‍ എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ (ഒരു അവലോകനം: സുധീര്‍ പണിക്കവീട്ടില്‍)

Published on 30 September, 2014
പ്രൊഫസ്സര്‍ എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ (ഒരു അവലോകനം: സുധീര്‍ പണിക്കവീട്ടില്‍)
ചാക്യാര്‍ കൂത്ത്‌ അതിന്റെ മികവില്‍ അരങ്ങ്‌ തകര്‍ക്കുമ്പോള്‍ മിഴാവ്‌ കൊട്ടികൊണ്ടിരുന്ന നമ്പ്യാര്‍ യുവാവ്‌ മയങ്ങിപ്പോയി. ചാക്യാര്‍ അദ്ദേഹത്തിനെ കണക്കിനു പരിഹസിച്ചു. പരിഹസിക്കപ്പെട്ട യുവാവ്‌ പിറ്റെദിവസം ഒരു കലാപരിപാടിക്ക്‌ രൂപം നല്‍കി. രൂക്ഷപരിഹാസത്തിലൂടെ സമൂഹ വ്യവസ്‌ഥിതിയെ വിമര്‍ശിക്കുക, അതിനായി ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ക്കുക ഇവയൊക്കെ ഈ കലാരൂപത്തിന്റെ പ്രത്യേകതയാണു്‌. കോലത്ത്‌ നാട്ടിലെ ഉദയവര്‍മ്മ രാജാവിന്റെ രാജ്‌ഞി കുട്ടിയെ ഉറക്കാന്‍ പാടുകയാണെന്ന ഭാവത്തില്‍ ഭര്‍ത്താവിനെ ചൂതു കളിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രാഗംമൂളി. ഭഗവാന്‍ ക്രുഷ്‌ണനെകുറിച്ച്‌ പാടാന്‍ അനുഗ്രഹതീനായപൂന്താനം ആ ശീലുഉപയോഗിച്ച്‌ കവിതചമച്ചു. പ്രശാന്തമായഒരുസായാഹ്നത്തില്‍ തമസ്സാനദിയുടെ ഓളങ്ങളില്‍ പോക്കുവെയില്‍ പൊന്നാഭരണങ്ങള്‍ അണിയിക്കുമ്പോള്‍ അത്‌ വഴി വന്ന ഒരു നായാട്ടുകാരന്‍ ക്രൗഞ്ച്‌മിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്‌ത്‌ വീഴ്‌ത്തി. ആ ദുരന്തത്തിനു സാക്ഷിയായ ഒരു മഹര്‍ഷിയുടെ വായില്‍ നിന്നും ശാപവാക്കുകള്‍ തെറിച്ചു വീണു.അത്‌ അനുഷ്‌ടുപ്പ്‌ എന്ന വ്രുത്തമായിരുന്നു എന്നു പിന്നീട്‌ തിരിച്ചറിയുകയും അദ്ദേഹം ഒരു ഇതിഹാസം രചിക്കുകയുമുണ്ടായി. നിലവില്‍ പലേ കലാരൂപങ്ങളും പ്രചാരത്തിലിരിക്കെ എഴുത്തുകാരും കവികളും അവരുടേതായ ചില രചനാശൈലികളും, കലാരൂപങ്ങളും കണ്ടെത്തുകയുണ്ടായി. മേല്‍പറഞ്ഞപോലെ ചില കാവ്യരൂപങ്ങള്‍ അങ്ങനെ പിറവിയെടുത്തു. അതെല്ലാം മൗലികമായ ഓരോ പരീക്ഷണങ്ങളും അവയുടെ വിജയവുമായിരുന്നു.പണ്ടത്തെ കവികളില്‍ പലരും പരസ്‌പരം കത്തുകള്‍ എഴുതിയിരുന്നത്‌ കവിതാരൂപത്തിലായിരുന്നു. അതിന്റെ തുടക്കമെന്നോണമായിരിക്കാം എണ്‍പതുകളില്‍ ദുബായ്‌ കത്തുകള്‍ എന്ന ഒരു പ്രസ്‌ഥാനം ഉണ്ടായി. മറ്റു ഭാഷകളില്‍ നിന്നും കലാരൂപങ്ങള്‍ അനുകരിക്കുന്നതും പതിവായിരുന്നു. കുട്ടികളുടെ ഭാഷയില്‍ വലിയ കാര്യങ്ങള്‍ പറയുന്ന കുഞ്ഞു കവിതകള്‍ എഴുതി കുഞ്ഞുണ്ണി മാഷ്‌ വന്നു.കുഞ്ഞുണ്ണി കവിതകള്‍ പാലിലെ നവനീതം പോലെ വായനകാരനു രുചി പകരുന്നു അതേ സമയം അവനെ ചിന്തിപ്പിക്കുന്നു.

താഴെ കാണിച്ചിരിക്കുന്ന കാവ്യ രൂപങ്ങള്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ നിന്നും സ്വീകരിച്ചതാണു,. ഗീതം (Ode) ഗീതി, പാട്ട്‌, (Song) ഗീതകം (Sonnet) വിലാപകാവ്യം (Ellegy) സ്വഗതാഖ്യാനം (Monologue) ഗദ്യകവിത (prose poem). ഗദ്യ കവിതമലയാളത്തില്‍ വരുന്നതിനുമുമ്പ്‌ മറ്റ്‌ ഭാഷകളിലുണ്ടായിരുന്നു. ബംഗാളിയില്‍ രബീന്ദ്രനാഥ്‌ ടാഗോര്‍ ഗദ്യകവിതകള്‍ എഴുതിയിരുന്നത്‌ മലയാളിഎഴുത്തുക്കാരെ ആകര്‍ഷിച്ചിരുന്നു. മലയാളത്തില്‍ ഗദ്യകവിതകളുടെ ഉപജ്‌ഞാതാവായി കൈനിക്കരകുമാരപിള്ളയെ കരുതുന്നു. നാടകകൃത്തും, ലേഖകനും ആയിരുന്ന അദ്ദേഹത്തിനെ പാശ്‌ചാത്യ ഗദ്യകവിതകള്‍ സ്വാധീനിച്ചതായി കാണുന്നു.നിരൂപണം (critic) എന്ന രീതി ഭാരതീയ ഭാഷകളിലേക്ക്‌ കടന്നു വന്നത്‌ പടിഞ്ഞാറു നിന്നായിരിക്കും. ക്രിടിക്ക്‌ എന്ന പദത്തിനു കുറ്റം കണ്ടെത്തുന്നവന്‍ എന്നര്‍ത്ഥമുണ്ട്‌. എന്നാല്‍ സംസ്‌ക്രുതത്തില്‍ അതിനു പകരം നില്‍ക്കുന്ന വാക്ക്‌ `സഹ്രുദയന്‍' എന്നാണു്‌.അതേസമയം ക്രിടിസിസം എന്ന വിജ്‌ഞാനശാഖ ബുദ്ധിപരവും വികാരപരവുമാണ്‌. നല്ല നിരൂപകന്‍ നല്ല സഹ്രുദയനായിരിക്കണം.ഒരു സാഹിത്യസ്രുഷ്‌ടിയെ മനസ്സിലാക്കാന്‍ ഉള്‍കാഴ്‌ചയുള്ളയാള്‍ താന്‍ നിരൂപണം ചെയ്യുന്ന സ്രുഷ്‌ടിയെ വായനകാരന്റെ ഉറങ്ങികിടക്കുന്ന ആസ്വാദനശേഷിയെ പുറത്ത്‌്‌ കൊണ്ടു വരുന്നു. പാശ്‌ചത്യ നിരൂപണത്തിന്റെ തത്വങ്ങള്‍ക്ക്‌ ആരംഭം കുറിച്ചത്‌ അരിസ്‌റ്റോട്ടിലാണ്‌. മലയാളത്തില്‍ ആദ്യകാലങ്ങളില്‍ നിരൂപണത്തിനായി എഴുത്തുകാര്‍ പാശ്‌ച്യാത്യ മാത്രുക സ്വീകരിച്ചിരുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത്‌ പ്രൊഫസ്സര്‍ എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ എന്ന കാവ്യരൂപത്തെ വായനകാര്‍ക്ക്‌ പരിചയപ്പെടുത്താന്‍ വേണ്ടിയാണ്‌. ഭാര്യയെ പ്രേമപുരസ്സരം വിളിക്കുന്ന പേരില്‍ ഒരു കാവ്യപ്രസ്‌ഥാനം മലയാളത്തില്‍ അവതരിപ്പിക്കുക എന്ന ദൗത്യം അദ്ദേഹം നിറവേറ്റി. ഓരോ എഴുത്തുകാരും അവരുടെ സര്‍ഗ്ഗസങ്കല്‍പ്പങ്ങളില്‍ മുങ്ങി തപ്പി സഹ്രുദയമനസ്സുകളെ ആസ്വാദകതലത്തിലേക്ക്‌ ഉയര്‍ത്തുന്ന അമൂല്യ രചനാ ശില്‍പ്പങ്ങള്‍ കാഴ്‌ചവക്കുന്നു. അമേരിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ കുടിയേറിയ സ്വച്‌ഛന്ദച്‌ഛന്ദസ്സുകളോ, ജപ്പാന്‍കാരുടെ ഹൈക്കുവോ, ചൈനക്കാരുടെ ഷി (നാലുവരി കവിതകള്‍)യോ, മലയാളത്തിലെ തന്നെ മറ്റ്‌ കവിതാരൂപങ്ങളോ തേടിപോകാതെഅമ്മിണി കവിതകള്‍ എന്ന ഒരു കാവ്യപ്രസ്‌ഥാനം പ്രൊഫസ്സര്‍ സ്വയംവികസിപ്പെച്ചെടുത്തിരിക്കയാണ്‌. എന്തു കണ്ടാലും ഇതൊക്കെ ഞങ്ങള്‍ക്കും സാധിക്കുമെന്ന്‌ വളരെ പുച്ഛത്തോടെ പറയുന്ന ഒരു സമൂഹം ഇത്തരം കവിതകള്‍ പോയിട്ട്‌ ഒരു രചനയും അംഗീകരിക്കാനോ, വേര്‍തിരിച്ച്‌ മനസ്സിലാക്കാനോ പോകുന്നില്ല.അവര്‍ ഒരു പക്ഷെ ഇങ്ങനെ അനുകരിച്ച്‌ വല്ലതുമെഴുതുമെന്നതും തീര്‍ച്ചയാണ്‌. അതുകൊണ്ടായിരിക്കും അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത്‌ പ്രശസ്‌തയായ ഒരു എഴുത്തുകാരി ഇവിടെ സാഹിത്യത്തില്‍ കള്ള നാണയങ്ങള്‍ ഉണ്ടെന്ന്‌ കണ്ടെത്തി അതെപ്പറ്റി എഴുതിയത്‌.

അമ്മിണി കവിതകള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ എന്താണു കാണുന്നത്‌? അമ്മിണി കവിതകള്‍ ഒരു ഏകീക്രുത ശൈലിയില്‍ (unified style) ബന്ധിപ്പിച്ചവയല്ല. വരികളുടെ എണ്ണമോ, വ്രുത്തമോ, ശില്‍പ്പഘടനയിലെ നിര്‍ബന്ധങ്ങളോ അത്‌അനുശാസിക്കുന്നില്ല. വിവരണാത്മകമായ കവിതകളല്ല.വായനകാരന്റെ അറിവുകളെ പരിശോധിച്ച്‌്‌ അവനു മാനസിക വികാസം ഉണ്ടാക്കുകയും പഠിച്ച്‌ വച്ചിരിക്കുന്നത്‌ മാത്രം ശരിയെന്ന്‌ ധരിച്ച്‌്‌ അഹങ്കരിക്കുന്നവരൊട്‌ സ്വയം ചിന്തിക്കുക എന്ന സന്ദേശവും ഈ കവിതകള്‍ നല്‍കുന്നു. വിശുദ്ധ വേദവചനങ്ങളെ അല്ലെങ്കില്‍ പൊതുവായി ജനം വീശ്വസിച്ച്‌ വരുന്ന ആദര്‍ശങ്ങളെ അനുകൂല സാഹചര്യങ്ങളില്‍ വളച്ചൊടിക്കാനുള്ള പ്രവണത മനുഷ്യമനസ്സുകള്‍ക്കുണ്ടെന്നുംഈ കവിതകളുടെ ഉപഞ്‌ജാതാവ്‌ അപഗ്രഥനം നടത്തി കണ്ടെത്തുന്നു.റ്റി.എസ്‌ ഏലിയറ്റ്‌ ഒരിക്കല്‍ പറഞ്ഞു. `എന്റെ കവിതകളില്‍ ഞാന്‍ എന്താണു പറയുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ലെങ്കില്‍ ലൈബ്രറിയില്‍ പോകുക.' അമ്മിണികവിതകള്‍ പ്രത്യക്ഷത്തില്‍ ലളിതമെന്ന്‌ തോന്നുമെങ്കിലും അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങള്‍ അല്ലെങ്കില്‍ അവ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ മനസ്സിലാക്കാന്‍ വായനകാരനു ലൈബ്രറിയില്‍ പോകേണ്ടി വരും.പഴമയില്‍ പെരുമ കാണുന്ന ഒരു സവിശേഷം ചില കവിതകള്‍ പ്രകടമാക്കുമ്പോഴും ആധുനികതയെ തള്ളിപ്പറയുന്നില്ല.വളരെ ലളിതമായ ഭാഷയില്‍ എഴുതുന്ന ഇത്തരം കവിതകള്‍ വായനകാരനു വായിച്ച്‌ രസിക്കാം. ഒരു പക്ഷെ വായനകാരന്‍ വരികളുടെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കുന്നില്ലെങ്കിലും മറ്റ്‌ ആധുനിക കവിതകള്‍ വായിച്ച്‌ അനുഭവിക്കുന്ന ക്ലേശങ്ങള്‍ അവര്‍ക്ക്‌ ഉണ്ടാകില്ല. തത്വചിന്താപരമായ വിഷയങ്ങള്‍ക്ക്‌ തന്റേതായ ഒരു വ്യാഖ്യാനം കൊടുക്കുന്ന രീതിയാണു അമ്മിണി കവിതകള്‍ക്കുള്ളത്‌.സ്വന്തമായ ഒരു കവിതാ രീതിയായത്‌കൊണ്ട്‌ ആവിഷ്‌കാരം മുഴുവന്‍ സ്വാതന്ത്ര്യത്തോടെ അദ്ദേഹം നിര്‍വ്വഹിക്കുന്നു.

അമ്മിണി കവിതകള്‍ ഹൈക്കു പോലെ സൂചിത കവിതകളുമല്ല. ഹൈക്കുവിനെകുറിച്ച്‌ പറയുന്നത്‌ അതൊന്നും വിവരിക്കുന്നില്ല പക്ഷെ ആഖ്യാനത്തിനുള്ള ഒരു വിത്തിട്ട്‌ തരുന്നു എന്നാണു. വായനകാരന്‍ അതിനെ മരമാക്കണം, ഒരു പൂന്തോട്ടമുണ്ടാക്കണം.വായനകാരനു ഈ തത്വം മനസ്സിലാക്കാന്‍ താഴെ കാണുന്ന ഹൈക്കു കവിത വായിക്കുക.

അഴുകിയ മരക്കൊമ്പ്‌
ഒരു കാക്ക
ശരത്‌കാലം

ഇതിലെ ഓരോ വാക്കുകളും അതേ അര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ സാധാരണ വായനക്കാരനില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല.. എന്നാല്‍ ഈ വാക്കുകള്‍ ചില സൂചനകളാണൈന്ന്‌ മനസ്സിലാകുമ്പോള്‍ അഴുകിയ മരക്കൊമ്പിലിരിക്കുന്ന കാക്ക ദാരിദ്ര്യത്തിന്റെ പ്രതീകമാണെന്നു അറിയുന്നു. മനുഷ്യന്റെ അധ്‌ഃപതനത്തേയും അതു കാണിക്കുന്നു.അങ്ങനെ ചിന്തിക്കുമ്പോള്‍ അനവധി അര്‍ത്ഥതലങ്ങള്‍ നമ്മള്‍ കണ്ടെത്തുന്നു.സ്‌ഥലപരിമിതിമൂലം അവ ഇവിടെ വിവരിക്കുന്നില്ല.ഹൈക്കുവിനെ കുറിച്ച്‌ എന്‍.കെ.സിംഗ്‌ എഴുതിയ വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു. നിങ്ങളുടെ രചനകള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലെങ്കില്‍ അതെങ്ങനെ മറ്റുള്ളവരെ സന്തോഷിപ്പിക്കും. ശില്‍പ്പഘടനയില്‍ പൂര്‍ണ്ണതയുണ്ടാക്കിയാലും ക്രിയാത്മകതയില്ലെങ്കില്‍ ഹൈക്കു കവിതകളും വായനകാരന്‍ ശ്രദ്ധിക്കുകയില്ല.പേരിനും പ്രശസ്‌തിക്കും വേണ്ടി സങ്കേതിക മികവില്‍ ഹൈക്കു കവിതകള്‍ പടച്ചുവിടുന്നത്‌ ഇന്ന്‌ ഒരു ഫാഷനായിരിക്കുന്നു. അവയെ ക്രിയാത്മ്‌കമാക്കണമെങ്കില്‍ എഴുതുന്ന ആള്‍ക്ക്‌ നശിച്ചിട്ടില്ലാത്ത സര്‍ഗ്ഗ ശക്‌തിയുണ്ടായിരിക്കണം.

ഊരാകുടുക്കുകള്‍ - കടംകഥകള്‍- അങ്ങനെ കേള്‍വിക്കാരനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങള്‍ കൊടുത്ത്‌ അവനെകൊണ്ട്‌ ചിന്തിപ്പിക്കുക എന്ന ഒരു ദൗത്യം ചില കവിതകളുടെ സവിശേഷതയാണ്‌. നമ്മുടെ ബുദ്ധിയെ അല്ലെങ്കില്‍ നമ്മുടെ ചിന്തകളെ വെല്ലു വിളിക്കുന്ന ഒരു വിവരണത്തിലൂടെ അതിന്റെ രചയിതാവു മാറി നിന്ന്‌ നമ്മെ വീക്ഷിക്കുന്നു.ല്‌പനമ്മുടെ ക്ഷമയില്ലായ്‌മയും, പിന്നെ അറിവിന്റെ അളവിലുള്ള വ്യത്യാസവും, ശ്രദ്ധയിക്ലായ്‌മയും വെല്ലുവിളികളുടെ മുന്നില്‍ നമ്മെ അടിയറ വയ്‌പ്പിക്കുന്നു.അമ്മിണി കവിതകള്‍ അങ്ങനെ ഒരു പ്രതിബന്ധം സ്രുഷ്‌ടിക്കുന്നില്ല.ചില കവിതകള്‍ പരിശോധിച്ചു നോക്കാം.

മായ എന്ന കവിതയില്‍ കയറു്‌ കണ്ടു അത്‌ പാമ്പാണെന്ന്‌ തെറ്റിദ്ധരിക്കുന്നതാണോ മായ, അതോ വേശ്യയെ കണ്ട്‌ ഭാര്യയാണെന്ന്‌ തെറ്റിദ്ധരിക്കുന്നതാണോ മായ എന്ന്‌ ചോദിച്ചുകൊണ്ട്‌ അതിനു മറുപടി പറയാന്‍ ആദി ശങ്കരനോട്‌ കവി ആവശ്യപ്പെടുന്നു. ആദി ശങ്കരന്റെ അദൈ്വത സിദ്ധാന്തം വളരെ ലളിതമായി പറയുകയാണെങ്കില്‍ അത്‌ ഇങ്ങനെയാണു. ഈ ലോകം വെറും മായയാണ്‌്‌, വാസ്‌തവമായിട്ടുള്ളത്‌ ബ്ര്‌ഹമന്‍ ആണ്‌. ജീവാത്മാവ്‌ പരമാത്മാവില്‍ നിന്നും വ്യത്യസ്ഥമല്ല. .ബ്ര്‌ഹമന്‍ വിവരണങ്ങള്‍ക്കതീതനെങ്കിലും ഋഷികള്‍ അതിനെ ഇങ്ങനെ വിവരിക്കുന്നു. സത്‌ ചിത്‌ ആനന്ദ്‌. അഖണ്ഡമായ പവിത്രമായ അസ്‌തിത്വം, പാവനവും അഖണ്ഡവുമായ അറിവ്‌, പാവനവും അഖണ്ഡവുമായ ആനന്ദം..അദൈ്വതത്തെ മനസ്സിലാക്കാന്‍ ജ്‌ഞാനയോഗമാണു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.അതിലൂടെ ആത്മസാക്ഷാതകാരം സാധിക്കുന്നു.കയറിന്റേയും പാമ്പിന്റേയും ഉദാഹരണം നല്‍കിയത്‌ ആദി ശങ്കരനാണു. കയര്‍ കിടക്കുന്നത്‌ വെളിച്ചമില്ലാത്തിടത്താണ്‌. അതായ്‌ത്‌ അവിദ്യ എന്ന ഇരുട്ട്‌.അവിടെ വച്ച്‌ ഒരാള്‍ക്ക്‌ അത്‌ പാമ്പാണെന്ന്‌ തോന്നുന്നു. എന്നാല്‍ അറിവിന്റെ വെളിക്ലം വീശുമ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടത്‌ മായകൊണ്ടാണെന്ന്‌ മനസ്സിലാകുന്നു. ശാസ്ര്‌തം അതിനെ ദ്രുഷ്‌ടി ഭ്രമംഅഥവാ മായ കാഴ്‌ച (optical illusion) എന്ന്‌ പറയുന്നു.കയറിനെ പാമ്പായി കണ്ടയാള്‍ അത്‌ തിരിച്ചറിഞ്ഞാലും കയറിനു പാമ്പുമായുള്ള സാദ്രുശ്യം അയാളുടെ മനസ്സില്‍ കുറേ നാള്‍ തങ്ങി നില്‍ക്കും. പക്ഷെ ഉറച്ച തിരിച്ചറിവ്‌ അയാളെ മായാമോഹത്തില്‍ നിന്നും രക്ഷിക്കുന്നു. ഈ കവിതയില്‍ കവി ഉപയോഗിക്ലിരിക്കുന്ന ഒരു വരി ശ്രദ്ധിക്കുക.വേശ്യയെകണ്ട്‌ ഭാര്യയാണെന്ന്‌ തെറ്റിദ്ധരിച്ചാല്‍... ഇവിടെ മായക്ക്‌ അപഭ്രംശം സംഭവിക്കുന്നതായി വായനകാരന്‍ മനസ്സിലാക്കുന്നു. ഒരു സ്ര്‌തീയെകണ്ട്‌ അത്‌ ഭാര്യയാണെന്ന്‌ തെറ്റിദ്ധരിക്കുന്നപോലെയല്ല ഇത്‌. കാണുന്നവനു അത്‌ വേശ്യയാണെന്നറിയാമെങ്കില്‍ അവിടെ മായയുണ്ടോ?അവിടെ മോഹമാണു.കാരണം ഇന്ദ്രിയങ്ങള്‍ക്ക്‌ അപ്രാപ്യമായ വിധത്തില്‍ മായ അഗോചരമാണു.
സ്‌ത്രീയെകണ്ട്‌ അത്‌ വേശ്യയാണെന്ന്‌ മനസ്സിലാക്കിയതിനു ശേഷം ഭാര്യയാണെന്ന്‌ തെറ്റിദ്ധരിക്കയാണ്‌. അപ്പോള്‍ മായയെക്കാള്‍ മോഹം ബലവാനാകുന്നു.വാസ്‌തവത്തില്‍ മായാവലയത്തില്‍ പെടുന്നവരെക്കാള്‍ മോഹവലയത്തില്‍ പെടുന്നവരാധികം.മോഹം ചിലപ്പോള്‍ മായാവലയം ഉണ്ടാക്കുന്നു.വേശ്യയാണെന്നറിവില്‍ നിന്നായിരിക്കാം ഭാര്യയാണോ എന്ന മായയുണ്ടായത്‌.അല്‍പ്പഞ്‌ജാനം ആപല്‍ക്കരമാണെന്ന്‌ കവി ഇവിടെ വ്യക്‌തമാക്കുന്നു. ഓരോ മനുഷ്യരും വളരെ കുറച്ചറിയുന്നു, ആ അറിവിലൂടെ എല്ലാം നോക്കി കാണുന്നു. പ്രത്യക്ഷത്തില്‍ മനസ്സിനു സുഖകരമായി തോന്നുന്നത്‌ ചിന്തിക്കാനുള്ള പ്രവണത. ആ ആശയം തന്നെ `സ്‌നേഹവും മോഹവും' എന്ന കവിതയിലും പ്രതിപാദിക്കുന്നുണ്ട്‌. കുമ്പസാരക്കൂട്ടില്‍ ഇരുന്ന്‌ ഒരാള്‍ ചോദിക്കുന്നു അയല്‍ വാസിയെ സ്‌നേഹിക്കാമെങ്കില്‍ എന്തുകൊണ്ട്‌ അയാളുടെ ഭാര്യയെ സ്‌നേഹിച്ചുകൂട. ചോദിക്കുന്ന വ്യക്‌തി വിശുദ്ധനായ അച്ചന്റെ മുന്നില്‍ ഒരു മായാവലയം സൃഷ്‌ടിക്കയാണ്‌. അച്ചന്‍ വാക്കുകളുടെ മായയില്‍ ഭ്രമിക്കുന്നു. ചോദിക്കുന്നവനു അക്ലന്റെ പ്രയാസം കാണുകയെന്നതാണു ഉദ്ദേശ്യം. വാക്കുകളുടെ മായാജാലത്തില്‍ അച്ചന്‍ കുഴങ്ങിപോകുന്നു.

അതേ സമയം മായയാണ്‌ മോഹമുദിപ്പിക്കുന്നത്‌. വാസ്‌തവത്തില്‍ അച്ചനോട്‌ ചോദിക്കുന്ന വ്യക്‌തി വിശുദ്ധവേദ വചനത്തെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി വളച്ചൊടിക്കയാണു്‌. ഇത്‌ കൊണ്ട്‌ കവി എന്താണുദ്ദേശിക്കുന്നത്‌? ഏദന്‍ തോട്ടത്തില്‍ വച്ച്‌ ഹവ്വയെ വാക്കുകളുടെ മായാജാലം കൊണ്ട്‌ വഴി തെറ്റിച്ച സാത്താന്‍ മനുഷ്യരുടെ കൂടെയുണ്ട്‌. ഏദനില്‍ നിന്നും കണ്ണീരോടെ ഭൂമിയിലേക്ക്‌ ഇറങ്ങി വന്ന ആദി പിതാവിനേയും മാതാവിനേയും എതിരേല്‍ക്കന്‍ സര്‍വ്വ തന്ത്ര കുതന്ത്ര പദ്ധതിയുമായി സാത്താന്‍ കാത്ത്‌ നിന്നിരുന്നു. എല്ലാ മതങ്ങളിലും ഈ ശക്‌തി കടന്നു വരുന്നു. അയാളുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ മനുഷ്യന്‍ സംശയിക്ല്‌ നില്‍ക്കുന്നു.

ഒന്ന്‌ എന്ന കവിതയിലും മായ എന്ന പ്രക്രിയയെകുറിച്ചു തന്നെയാണു പ്രൊഫസ്സര്‍ പറയുന്നത്‌.ഒന്ന്‌ പത്തിനോട്‌ ചോദിച്ചു.ഞാനില്ലെങ്കില്‍ നീയില്ല എന്നറിയാമോ? ഇതില്‍ ഒന്നും പൂജ്യവും ഒരു വെച്ച്‌ മാറി കളിക്കയാണ്‌. എന്നാല്‍ അവര്‍ ഒരുമിക്കുമ്പോള്‍ മാത്രമാണു അവര്‍ക്ക്‌ വില വരുന്നത്‌.എന്നാല്‍ മോഹഭ്രമം കൊണ്ട്‌ അഹങ്കാരമുണ്ടാകുന്നു.ഞാനില്ലെങ്കില്‍ കാണിച്ചു തരാം എന്ന ചിന്ത.ഹിന്ദു വിശ്വാസപ്രകാരം കാമം, ക്രോധം, മോഹം, എന്ന മൂന്നു തിന്മയേയും അവയുടെ അനുബന്ധമെന്നപോലെ വരുന്ന അഹങ്കാരത്തെക്കുറിച്ചും പറയുന്നുണ്ട്‌. ഈ കവിത `അഹങ്കാരം' എന്ന തിന്മയെ കുറിച്ച്‌ വളരെ ലളിതമായി പ്രതിപാദിക്കുന്നു. ജ്‌ഞാനപീഠം എന്നൊരു പുരസ്‌കാരം എന്ന കവിതയിലേയും പ്രതിപാദ്യ വിഷയം മോഹമാണ്‌. എന്തെങ്കിലും സ്വന്തമാക്കാനുള്ള അഭിവാഞ്ച.അപ്പോള്‍ അതിനു താന്‍ അര്‍ഹനാണോ എന്ന ചിന്തക്ക്‌ പകരം എങ്ങനെയെങ്കിലും അത്‌ പ്രാപ്യമാക്കാനുള്ള ശ്രമത്തിനു പ്രാധാന്യം കൊടുക്കുന്നു.അപ്പോള്‍ മറ്റു വൈരികള്‍ സജീവമാകുന്നു.ക്രോധം, അഹങ്കാരം.പ്രസ്‌തുത പുരസ്‌കാരം കിട്ടാന്‍ സാദ്ധ്യതയുള്ളവരെപ്പറ്റി മനസ്സില്‍ ഓര്‍ക്കുമ്പോള്‍ അസൂയ എന്ന മറ്റൊരു തിന്മയുദിക്കുന്നു. അങ്ങനെ തിന്മയുടെ ശക്‌തി വര്‍ദ്ധിക്കുമ്പോള്‍ അര്‍ഹതപ്പെട്ടവരെ മാറ്റി നിറുത്തി തനിക്കാണു അതിനു അര്‍ഹത എന്ന തീരുമാനത്തില്‍ എത്തുന്നു.എന്തുകൊണ്ട്‌? ആ പുരസ്‌കാരം നല്‍കുന്ന ശ്രേയസ്സ്‌, പണം, പെരുമ.അത്‌ വെറും മായയാണെന്ന്‌ അവര്‍ അപ്പോള്‍ ചിന്തിക്കുന്നില്ല.മായ എന്ന വാക്ക്‌ സംസ്‌ക്രുതത്തില്‍ നിന്നുമുത്ഭവിക്ലതാണണ്‌. മാ എന്നാല്‍ `ഇല്ല' എന്നും യാ എന്നാല്‍ `അത്‌' എന്നും. മായ എന്ന പദം ഋഗ്വേദത്തില്‍ 72 തവണയും, അഥര്‍വ്വ വേദത്തില്‍ 29 തവണയും പ്രസ്‌താവിക്ലിട്ടുണ്ട്‌.വേദാന്തങ്ങള്‍ നില നില്‍ക്കുന്ന തൂണുകളില്‍ ഒന്നാണു്‌ മായാ സിദ്ധാന്തം.
അയ്യപ്പന്റെ സ്വപ്‌നം എന്ന കവിതയില്‍ മഹാകവി കുമാരനാശാനും ഡോക്‌ടര്‍ അയ്യപ്പ പണിക്കരുമാണു കഥാപാത്രങ്ങള്‍.ഗ്രഹിക്കാവുന്നതും ദുര്‍ഗ്രഹവുമായ ആധുനിക കവിതകള്‍ എഴുതിയ പ്രശസ്‌തനായ പണിക്കര്‍ ആശാനോട്‌ തന്റെ കവിതകള്‍ കാണാറുണ്ടോ എന്ന്‌ ചോദിക്കുന്നതും അതിനുള്ള ആശാന്റെ മറുപടിയുമാണിതിന്റെ ഇതിവ്രുത്തം. ആധുനിക കവിത പുരാതന കവിതയുടെ എല്ലാ ഗുണങ്ങളും നശിപ്പിച്ചതില്‍ ആശാനു വിരോധമില്ല പക്ഷെ അലങ്കാരം നഷ്‌ടപ്പ്‌പെടുത്തിയതിനാണു നിരാശയും കോപവും.നിരാശയും കോപവുമെന്ന്‌ പ്രൊഫസ്സര്‍ എഴുതുന്നു.കവിതയിലെ അലങ്കാരമെന്ന്‌ പറയുന്നത്‌ ഉപമയാകാം, രൂപാലങ്കാരമാകാം, ദ്രുഷ്‌ടാന്തം ഉണ്ടാക്കുന്നതാകാം, അതിശയോക്‌തി, പ്രതീകാത്മകത്വം, അനുപ്രാസം, ഭാഷാശൈലി തുടങ്ങിയവയുമാകാം. ഇത്‌ വായിക്കുന്ന നമ്മള്‍ ചിന്തിക്കുന്നു ഇതൊക്കെ ആധുനിക കവിത്‌കളില്‍ ചിലതിലൊക്കെ ഉണ്ടല്ലോ. പിന്നെന്തിനാണൂ ആശാനു വിഷമം.വരികള്‍ക്കിടയിലൂടെ പ്രൊഫസ്സര്‍ അത്‌ വ്യക്‌തമാക്കുന്നു. ആധുനിക കവിത അസംബന്ധം എന്ന രീതിയുപയോഗിച്ച്‌ എന്തും പറയാമെന്ന നിലയിലേക്ക്‌ താണതിലാണു തനിക്ക്‌ ദു:ഖമെന്ന്‌.ആധുനിക കവിതയെ പ്രൊഫസ്സര്‍ അതു കൊണ്ട്‌ പെരുക്കപ്പട്ടിക എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.ആധുനിക കവിതകള്‍ ഒരു തരം കണക്കുകൂട്ടല്‍ പോലെ ഭാഷയില്‍ നിന്നകന്ന്‌ ക്രുത്രിമമായി പോകുന്നു എന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. അക്ഷരങ്ങളെ അക്കങ്ങളാക്കി മാറ്റി ആധുനിക കവി കവിതയുടെ ആത്മാവു്‌ വില്‍പ്പനക്ക്‌ വക്കുകയാണെന്ന്‌ കമ്പൂട്ടര്‍ യുഗം എന്ന കവിതയില്‍ സൂചിപ്പിക്കുന്നുണ്ട്‌. ഗണിത ശാസ്ര്‌തത്തില്‍ അക്കങ്ങള്‍ നിരത്തി കണക്ക്‌ പഠിപ്പിക്കുന്ന പോലെ കമ്പുട്ടരിന്റെ സഹായത്താല്‍ കവിതയെഴുത്ത്‌ ഇക്കാലത്ത്‌ പഠിപ്പിക്കുന്നതിനെതിരെ പ്രതികരിക്കയാണു്‌ പ്രൊഫസ്സര്‍.

പ്രൊഫസ്സര്‍ എം.ടി. ആന്റണി താന്‍ വികസിപ്പിച്ചെടുത്ത `അമ്മിണി കവിതകള്‍' എന്ന ഈ കവിതാ സംബ്രദായത്തിനുവിജയം നേരുന്നു. ഇനിയും ഇത്തരം കവിതകള്‍ എഴുതി മലയാളഭാഷയെ സമ്പന്നമാക്കട്ടെ എന്നാശംസിക്കുന്നു.അമ്മിണി കവിതകളെക്കുറിച്ച്‌ പ്രൊഫസ്സര്‍ എം.ടി. ആന്റണിയുമായി കവിതാപ്രേമികളായ വായനകാര്‍ക്കും കവികള്‍ക്കുംചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹവുമായി ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണു്‌. (516-374-0423).

ശുഭം.

പ്രൊഫസ്സര്‍ എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ (ഒരു അവലോകനം: സുധീര്‍ പണിക്കവീട്ടില്‍)പ്രൊഫസ്സര്‍ എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ (ഒരു അവലോകനം: സുധീര്‍ പണിക്കവീട്ടില്‍)പ്രൊഫസ്സര്‍ എം.ടി.ആന്റണിയുടെ അമ്മിണി കവിതകള്‍ (ഒരു അവലോകനം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക