Image

ഹാസ്യസാഹിത്യത്തിലേക്ക്‌ ഒരു എത്തിനോട്ടവും അളിയന്റെ പടവലങ്ങയും (വാസുദേവ്‌ പുളിക്കല്‍)

Published on 18 October, 2014
ഹാസ്യസാഹിത്യത്തിലേക്ക്‌ ഒരു എത്തിനോട്ടവും അളിയന്റെ പടവലങ്ങയും (വാസുദേവ്‌ പുളിക്കല്‍)
(വിചാരവേദിയിലെ സാഹിത്യ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)

സാഹിത്യത്തിന്റെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച്‌ ഹാസ്യസാഹിത്യ രംഗത്ത്‌?ഹാസ്യകാരന്മാരുടേയും രചനകളുടേയും എണ്ണം വളരെ കുറവാണ്‌. ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌ സാഹിത്യസൃഷ്ടിക്ക്‌ നിദാനമായ സര്‍ക്ഷശക്തിക്കും ഭാവനക്കും മറ്റും അതീതമായി ഒരു പ്രത്യേക സിദ്ധിയുള്ളവര്‍ക്ക്‌ മാത്രമേ ഹാസ്യം കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ്‌. അതുകൊണ്ടു തന്നെ മറ്റു സാഹിത്യകാരന്മാരില്‍ നിന്ന്‌ ഹാസ്യസാഹിത്യകാരന്മാര്‍ വേറിട്ടു നില്‌ക്കുന്നു. ചിരി മനുഷ്യനില്‍ കാണുന്ന ഒരു ഗുണവിശേഷമാണ്‌. പക്ഷെ, മനുഷ്യനില്‍ ചിരിയുണര്‍ത്താന്‍ പര്യാപ്‌തമായ സാഹചര്യം സൃഷ്ടിക്കാന്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ച്‌ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിമുട്ടി ജീവിതത്തിന്റെ ദുര്‍ഘട നിമിഷങ്ങളില്‍ കൂടി കടന്നു പോയിട്ടുള്ളവരില്‍. അതുകൊണ്ടാണ്‌ ചിരി വിഷമം പിടിച്ച ഒരു വിഷയമാണെന്ന്‌ പറയുന്നത്‌. ജീവിതത്തെ ലാഘവത്തോടെ കാണൂന്നവര്‍ക്കായിരിക്കാം പെട്ടെന്നു ചിരിക്കാന്‍ സാധിക്കുക.

എന്താണ്‌ ഹാസ്യം അല്ലെങ്കില്‍ ചിരി ജീവിതത്തെ പോലെ തന്നെ പരപ്പാര്‍ന്നതും ആഴമേറിയതും സ്ഥുലതരവും സൂക്ഷ്‌മതരവുമായ ഒരു വിഷയമാണ്‌ ചിരിയെന്നും ജീവിതത്തെ പോലെ തന്നെ ചിരിയും ഒരു നിര്‍വ്വചനത്തിന്റെ പരിധിയില്‍ ഒതുക്കാവുന്നതല്ല എന്നുമാണ്‌ പണ്ഡിതാഭിപ്രായം. സാഹിത്യം ഭാഷയുടെ ഒരു രൂപവിശേഷമാണ്‌. പക്ഷെ, ഭാഷ സാഹിത്യമാകുന്നത്‌ അത്‌ മനുഷ്യന്റെ വികാരങ്ങളേയും വിചാരങ്ങളേയും ഉദ്ദീപിപ്പിക്കുകയും അപൂര്‍വ്വമായ ഭാവനയുടേയും അനുഭൂതികളുടേയും മേഖലകളിലേക്ക്‌ മനുഷ്യനെ ഉയര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ എന്ന്‌ സാഹിത്യത്തിന്‌ ഒരു നിര്‍വ്വചനമുണ്ട്‌. ഈ നിര്‍വ്വചനം ഹാസ്യ സാഹിത്യത്തിന്‌ ബാധകമാണോ ഹാസ്യം ഉത്ഭവിക്കുന്നത്‌ ഹൃദയത്തില്‍ നിന്നല്ല, അത്‌ ബുദ്ധിപരമായ ഒരു വ്യാപരമാണ്‌, മൃദുല ഭാവങ്ങളും ആര്‍ദ്ര വികാരങ്ങളൂം മാറ്റി വച്ചാല്‍ മാത്രമേ ഹാസ്യം പ്രത്യക്ഷ്യപ്പെടുകയുള്ളു എന്ന ഫ്രഞ്ച്‌ ചിന്തകന്‍ ബര്‍ഗ്‌സന്റെ അഭിപ്രായത്തോട്‌ യോജിക്കുമ്പോള്‍ മേല്‌പപറഞ്ഞ സാഹിത്യത്തിന്റെ നിര്‍വ്വനചത്തോട്‌ ഹാസ്യസാഹിത്യത്തെ ചേര്‍ത്തു വയ്‌ക്കാന്‍ നിവൃത്തിയില്ല. ഈ സാഹചര്യത്തില്‍, ഹാസ്യസാഹിത്യകാരന്മാര്‍ ദയാലുക്കളാണെങ്കിലും പരിഹസിക്കുകയും ഫലിതം പറയുകയും ചെയ്യുമ്പോള്‍ അവര്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാത്ത നിഷ്‌ഠുര ഹൃദയരാണെന്ന്‌ കണക്കാക്കേണ്ടിയിരിക്കുന്നു. ഹാസ്യത്തിന്‌ ഒരു നിര്‍വ്വചനം നല്‍കാന്‍ വിഷമമാണെന്ന പണ്ഡിതാഭിപ്രായത്തൊട്‌ യോജിച്ചു കൊണ്ട്‌ മനുഷ്യനെ ചിരിപ്പിക്കുന്നതാണ്‌ ഹാസ്യം എന്ന്‌ പൊതുവായി പറയാം.

ഹാസ്യം എവിടെ നിന്നാണ്‌ ഉത്ഭവിക്കുന്നത്‌? ഹാസ്യം വാക്കുകളിലുണ്ട്‌, നടപ്പിലുണ്ട്‌, മുഖഭാവത്തിലുണ്ട്‌. ഒരാളില്‍ ചില സമയത്തുണ്ടാകുന്ന ഭാവപ്പകര്‍ച്ച മറ്റുള്ളവരെ ചിരിപ്പിച്ചെന്നിരിക്കും. ഒരു സംഭവം ഓര്‍ക്കുന്നു. എന്റെ ഒരു സുഹൃത്തും കുടുംബവും അവധിക്കാലത്ത്‌ വീട്ടില്‍ വന്ന്‌ താമസിക്കാറുണ്ട്‌. ഒരവധിക്കാലത്ത്‌ അവര്‍ വന്നു. രാവിലെ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ തയ്യാറയി. എന്റെ സുഹൃത്ത്‌ മാത്രം എത്തിയില്ല. പെട്ടെന്ന്‌ ഒരു ശബ്ദം കേട്ടു. അദ്ദേഹം സ്റ്റെയര്‍ കെയിസ്സില്‍ തെന്നി ഉരുണ്ടു വീഴുകയാണ്‌, എല്ലാവരും തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്‌ അദ്ദേഹം ദയനീയാവസ്ഥയില്‍ തറയില്‍ ഇരിക്കുന്ന കാഴ്‌ചയാണ്‌. അപ്പോഴത്തെ എന്റെ സുഹൃത്തിന്റെ മുഖഭാവവും നോട്ടവും കണ്ടാല്‍ ആരും ചിരിച്ചു പോകും. ആദ്യം ചിരിച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയാണ്‌. പിന്നെ ഞാനും. ചിരിക്കാന്‍ കണ്ട ഒരു സമയം എന്ന്‌ ചിരിയടക്കിക്കൊണ്ട്‌ ഞങ്ങളെ എന്റെ ഭാര്യ കുറ്റപ്പെടുത്തിയത്‌ ഞങ്ങളുടെ ചിരി വര്‍ദ്ധിപ്പിച്ചതേയുള്ളൂ. പിന്നെ കൂട്ടച്ചിരി. അവിടെ ഹാസ്യം ജനിപ്പിച്ചത്‌ എന്റെ സുഹൃത്തിന്റെ ജാള്യത കലര്‍ന്ന മുഖഭാവമാണ്‌. അതുകൊണ്ട്‌ ഭാവപ്പകര്‍ച്ചയാണ്‌ ഹാസ്യം ജനിപ്പിക്കുന്നത്‌ എന്ന്‌ തീര്‍ത്ത്‌ പറയാന്‍ സാധിക്കുമോ? ഹാസ്യത്തിന്റെ ഉല്‌പത്തിയെ പറ്റി വിഭിന്നമായ അഭിപ്രായങ്ങള്‍ ചിന്തകന്മാര്‍, പണ്ഡിതന്മാര്‍, നിരൂപകന്മാര്‍ തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. വൈവിധ്യമാര്‍ന്ന പല സാഹചര്യങ്ങളും ചിരിയുണര്‍ത്തുന്നതായി കാണുമ്പോള്‍ ചിരിയുടെ ഉത്ഭവത്തിന്റെ അടിസ്ഥാനം അടിവരയിട്ട്‌ പറയാന്‍ നിവൃത്തിയില്ല.?

മലയാള സാഹിത്യത്തില്‍ നമ്മേ ചിരിയുടെ ലോകത്തേക്ക്‌ ഉയര്‍ത്തിക്കൊണ്ടു പോയ കുറെ ഹാസ്യകാരന്മാരുണ്ട്‌. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപ ജ്ഞാതാവ്‌ എന്ന്‌ അറിയപ്പെടുന്ന കുഞ്ചന്‍ നമ്പ്യാരുടെ വാക്കുകളിലെ മനോഹാരവും മര്‍മ്മത്തില്‍ പതിക്കുന്നതുമായ പരിഹാസം ആരേയാണ്‌ ചിരിപ്പിക്കാത്തത്‌. കാലനില്ലാത്ത കാലത്തിന്റെ അവസ്ഥ പരിഹാസരുചിരമായ ഭാഷയില്‍ നമ്പ്യാര്‍ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഫലിതം പറയുക മാത്രമല്ല നമ്പ്യാര്‍ ചെയ്‌തത്‌. ഫലിതത്തിലൂടെ ഭാരതീയ സംസ്‌കാരത്തേയും അതിന്റെ അപചയത്തേയും സമഗ്രമായും സമര്‍ത്ഥമായും ചിത്രീകരിച്ചിട്ടുണ്ട്‌. കേരളത്തിലെ രാഷ്ട്രീയ-സാസ്‌ക്കാരിക-സാമൂഹിക രംഗങ്ങളിലെ വരുദ്ധ്യങ്ങളും വൈകൃതങ്ങളും നിശിതമായ പരിഹാസഭാഷയില്‍ സഞ്‌ജയന്‍ എന്ന തൂലിക നാമത്തില്‍ പ്രശസ്‌തനായ മാണിക്കോത്ത്‌ രാമുനുണ്ണി നായര്‍ വിമര്‍ശിച്ചിട്ടുണ്ട്‌.?ആത്മദുഃഖത്തെ മുഖപ്രസാദം കൊണ്ടും പുഞ്ചിരികൊണ്ടും മറയ്‌ക്കുന്നതു പോലെ ദുഃഖാനുഭവങ്ങളെ ഹാസ്യത്തിന്റെ മധുരം പുരട്ടി അവതരിപ്പിക്കുന്നത്‌ സഞ്‌ജയന്റെ അസാമാന്യമായ വിരുതായിരുന്നു.?സഞ്‌ജയന്റെ `ആ കാലം' എന്ന കഥാലേഖനം ഈ രംഗത്ത്‌ ശ്രദ്ധേയമാണ്‌. ഫലിത കഥകളും ഹാസ്യനാടകങ്ങളൂം ഹാസ്യലേഖനങ്ങളും എഴുതി കൈരളിയെ സമ്പന്നമാക്കിയ ഹാസ്യകാരനാണ്‌ ഇ. വി. കൃഷ്‌ണപിള്ള. അദ്ദേഹത്തിന്റെ കണ്ടക്ടര്‍കുട്ടി ഹാസ്യ കഥകളുടെ മുന്‍ നിരയില്‍ നില്‌ക്കുന്നു. ബഷീര്‍ കഥകളുടെ മുഖമുദ്രയാണ്‌ നര്‍മ്മം. ബഷീറിന്റെ കഥാപ്രപഞ്ചത്തിലെ നര്‍മ്മപ്രധാനമായ വിശ്വവിഖ്യാതമായ മൂക്ക്‌ തുടങ്ങുന്നതു തന്നെ വായനക്കാരില്‍ പുഞ്ചിരിയുടെ തിളക്കം ഉളവാക്കുന്ന തരത്തിലാണ്‌. ഹാസ്യസാഹിത്യരംഗത്ത്‌ വിരാജിച്ച വേളൂര്‍ കൃഷ്‌ണന്‍കുട്ടിയുടെ പല രചനകളും റേഡിയോ നാടകങ്ങളുടെ രൂപത്തില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്‌. കമ്മത്ത്‌ എന്ന കഥാപാത്രത്തിന്റെയും മറ്റും സംഭാഷണം കേട്ടാല്‍ ചിരിയടക്കാന്‍ വിഷമിക്കൂം. പുസ്‌തകം വായിച്ചാല്‍ ഇതുപോലെ രസിക്കാന്‍ സാധിക്കുകയില്ല. കഥാപാത്രത്തിന്റെ സംഭാഷണശൈലിയുടെ പ്രത്യേകതയാണ്‌ കൂടുതല്‍ ഹാസ്യം ജനിപ്പിച്ചത്‌. വി. കെ. എന്‍. ന്റെ ഹാസ്യ ലേഖനങ്ങള്‍ പ്രസിദ്ധമാണ്‌. ?മുട്ടത്തുവര്‍ക്കി സാഹിത്യത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന ഒ. വി. വിജയന്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്‌ സ്വീകരിച്ചപ്പോള്‍ `എന്തൊരു പതനം' എന്ന ശീര്‍ഷകത്തില്‍ വി. കെ. എന്‍. എഴുതിയ പരിഹാസ ലേഖനം വ്യക്തി വൈരാഗ്യത്തിന്റെയും കൂടി പ്രതിഫലനമാണെന്ന്‌ തോന്നുന്നു.

അമേരിക്കന്‍?മലയാളസാഹിത്യ രംഗത്തും ഹാസ്യരചനകള്‍ കൊണ്ട്‌ നമ്മേ രസിപ്പിച്ചുകൊണ്ടിരിക്കുന്നവരുണ്ട്‌. ആധുനിക കവിതാപ്രസ്ഥാനത്തിന്റെ ഒഴുക്കില്‍ പെട്ട്‌ അല്‌പം പ്രശസ്‌തിയാര്‍ജ്ജിച്ചത്‌ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചറിഞ്ഞ്‌ അനുമോദിച്ച കുറച്ചു പേരെ നന്ദിയോടെ ഓര്‌ക്കുന്നതിനു പകരം അവര്‌ക്കു നേരെ ചെളി വാരിയെറിഞ്ഞ ഒരാളുടെ അഹങ്കാരവും നന്ദി കേടും പ്രശസ്‌ത നിരൂപകനായ സുധീര്‍ പണിക്കവീട്ടില്‍ തന്റെ ആക്ഷേപഹാസ്യമായ `മഹാമണ്ഡൂക' ത്തില്‍ പരാമര്‍ശിക്കുന്നു. ഇതിലെ ഓരോ വരികളും തികച്ചും പ്രതീകാത്മകമാണ്‌. ചിന്തിക്കുന്നവര്‍ക്ക്‌ ആ ബിംബങ്ങള്‍ മനസ്സില്‍ ചിരിയുണര്‍ത്തുന്നവയാണ്‌. `സാധകം' ചെയ്യാന്‍ നില്‌ക്കുന്നതു പൊലെ തവള വെള്ളത്തില്‍ നില്‌ക്കുന്നതും, സ്വയം മഹാമണ്ഡുകമായി നിങ്ങളൊക്കെ വെറും മാക്രികള്‍ എന്ന്‌ മറ്റു തവളകളെ പുച്ഛിക്കുന്ന കിഴവന്‍ തവളയുടെ പൊങ്ങച്ചവും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ സഹൃദയരായ വായനക്കാരെ രസിപ്പിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. അദ്ദേഹത്തിന്റെ `നിങ്കലൊരു നാരിയല്ലേ' എന്ന ഹാസ്യകഥ ചിരിക്കൊപ്പം ചിന്തയും ഉണര്‍ത്തുന്നു. പുതിയ തലമുറ ആര്‍ഷ സംസ്‌കാരം പഠിച്ച്‌ വിനയമുള്ളവരായിത്തീരണമെന്ന്‌ ഘോര-ഘോരം പ്രസംഗിച്ച ഒരു വ്യക്തി പരദൂഷണ വീരനും ഹീനമായ മലയാള വാക്കുകള്‍ ഉപയോഗിക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ മകളാകട്ടെ മലയാളികളുടെ പരദൂഷണവും പാരവയ്‌പ്പുമറിയാത്ത നിഷ്‌ക്കളങ്ക.? പിതാവ്‌ ചിലരെയൊക്കെ `നാറി' എന്ന്‌ വിളിക്കുന്നതു കേട്ട്‌ അത്‌ എന്തോ നല്ല പദവിയാണെന്നു തെറ്റിദ്ധരിച്ച്‌ പിതാവ്‌ നാറി എന്നു വിളിക്കുന്ന ഒരാള്‍ വീട്ടില്‍ വന്നപ്പോള്‍ അമേരിക്കന്‍ അക്‌സെന്റില്‍ `നിങ്കലൊരു നാരിയല്ലേ' എന്ന്‌ മകള്‍ ചോദിക്കുന്നതാണ്‌ ഈ കഥ.?നോവല്‍?സാഹിത്യരംഗത്ത്‌ സ്ഥാനം ഉറപ്പിച്ച?ജോണ്‍ ഇളമതയുടെ ഹാസ്യ കഥകളും ഹാസ്യ കവിതകളും വായനക്കാരുടെ മനസ്സ്‌ ചിരിയുടെ താളമേളങ്ങള്‍ കൊണ്ട്‌ നിറച്ചിട്ടുണ്ട്‌. കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തില്‍ അശ്വമേധത്തിലൂടെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ച രാജു മൈലപ്ര ആ കുളമ്പടികളിലൂടെ കേള്‍പ്പിച്ച മധുരിമയുള്ള നര്‍മ്മത്തിന്റെ പ്രതിധ്വനി?സഹൃദയരുടെ മനസ്സില്‍ മായാതെ നില്‌ക്കുന്നു. ഇപ്പോഴും അദ്ദേഹം വായനക്കാരെ?നര്‍മ്മത്തിന്റെ പടവുകള്‍ കയറ്റി വിടുന്ന കൃതികളിലൂടെ ഹാസ്യസാഹിത്യത്തെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു. സമകാലിക പ്രശ്‌നങ്ങള്‍ ഹാസ്യാത്മകമായി എങ്ങനെ അവതരിപ്പിക്കാമെന്ന്‌ എ. സി. ജോര്‍ജ്‌ കാണിച്ചു തരുന്നു. ഇവിടെ സമഗ്രമായ ചര്‍ച്ചക്ക്‌ വിധേയമാക്കുന്നത്‌ ഒരു കവിയും കൂടിയായ ജോസ്‌ ചെരിപുറത്തിന്റെ `അളിയന്റെ പടവലങ്ങ' എന്ന ഹാസ്യ കൃതിയാണ്‌.

അമേരിക്കന്‍ മലയാളികളുടെ ജീവിത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത്‌ ആവിഷ്‌ക്കരിച്ച നര്‍മ്മത്തിന്റെ പടിവാതില്‍ തുറക്കുന്ന കഥ/ലേഖനങ്ങളൂടെ സമാഹാരമാണ്‌ `അളിയന്റെ പടവലങ്ങ'. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിലെ ഹാസ്യം കണ്ടെത്തി അല്‌പം അതിശയോക്തി കലര്‍ത്തി നര്‍മ്മ മധുരമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ്‌ ഹാസ്യസാഹിത്യകാരന്‍ ചെയ്യുന്നത്‌ എന്ന്‌ അളിയന്റെ പടവലങ്ങയിലെ ആസ്വാദന കുറുപ്പില്‍ പ്രശസ്‌ത ഹാസ്യ സാഹിത്യകാരന്‍ രാജു മൈലപ്ര എഴുതിയിരിക്കുന്നത്‌ ന്യായീകരിക്കാന്‍ ഹാസ്യസാഹിത്യത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. ഇന്ദുലേഖയിലെ സൂര്യനമ്പൂരിപ്പാടിന്റെ ചാപല്യങ്ങളും മാര്‍ത്താണ്ഡവര്‍മ്മയിലെ കാര്‍ത്ത്യാനിയമ്മയുടെ സല്‍ക്കാരങ്ങളും ചന്ത്രക്കാരനെ വങ്കപ്രഭുവായി ചിത്രീകരിക്കുന്നതും അതിശയോക്തി കലര്‍ന്ന പദപ്രയോഗത്തിലുടെ ഹാസ്യാത്മകമാക്കിയിട്ടുണ്ട്‌. കണ്ടക്ടര്‍കുട്ടിയിലും അതിശയോക്തി കലര്‍ന്ന ജീവിത നിരീക്ഷണമാണ്‌ പ്രകടമാകുന്നത്‌. വിശ്വവിഖ്യാതമായ മൂക്കിന്റെ വിലക്ഷണം വര്‍ണ്ണിച്ച്‌ വളര്‍ന്നു കൊണ്ടിരിക്കുന്ന മൂക്കു കാണാന്‍ വിദേശീയര്‍ പോലും എത്തിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോള്‍ അതിശയോക്തിയുടെ തേരോട്ടം നടത്തുകയാണ്‌.`അളിയന്റെ പടവലങ്ങ'യില്‍ ജോസ്‌ ചെരിപുറം ഹാസ്യം ജനിപ്പിക്കാന്‍ അതിശയോക്തി എന്ന തന്ത്രം പ്രയോഗിച്ചിരിക്കുന്നത്‌ പ്രകടമാകുന്നുണ്ട്‌. `അളിയന്റെ പടവലങ്ങ' യുടെ അതിശയോക്തി കലര്‍ന്ന മുഖചിത്രം ഹാസ്യജനകമാണ്‌. ഹാസ്യ ചിത്രരചനയുടെ മര്‍മ്മം തന്നെ മനുഷ്യനില്‍ കാണുന്ന ഏതെങ്കിലും വിലക്ഷണം പെരുപ്പിച്ചു കാണിക്കുകയാണല്ലൊ. `അളിയന്റെ പടവലങ്ങ'യുടെ മുഖചിത്രം ഒരു ഹാസ്യ കൃതിയിലേക്ക്‌ വായനക്കാര്‍ കടക്കുന്ന പ്രതീതിയുളവാക്കുന്നുണ്ട്‌. എന്നാല്‍ `അളിയന്റെ പടവലങ്ങ' എന്ന കഥയില്‍ ഹാസ്യകാരന്‍ വായനക്കാരില്‍ ചിരി ജനിപ്പിക്കാനുള്ള പശ്ചാത്തലം ഒരുക്കിയിട്ടുണ്ടെങ്കിലും നര്‍മ്മത്തിന്റെ സ്‌ഫുരണങ്ങള്‍ വായനക്കാരുടെ മനസ്സിലേക്ക്‌?കടത്തിവിട്ട്‌ അവരില്‍ ചിരിയുണര്‍ത്താന്‍ ഹാസ്യകാരന്‌ എത്രമാത്രം സാധിച്ചിട്ടുണ്ട്‌ എന്നത്‌ ചിന്തനീയമാണ്‌. അളിയന്റെ പടവലങ്ങ മോഷ്ടിക്കാന്‍ തുനിയുന്ന കുട്ടപ്പനെ പട്ടി കടിക്കുന്നതും അവസാനം വരെ കടി വിടാതിരിക്കുന്നതും പോലീസിന്റെ വരവും സംശയാസ്‌പദമായ ചോദ്യങ്ങളും അളിയന്റെ പ്രതികരണവും മറ്റും അതിശയോക്തി കലര്‍ത്തി? ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും അത്‌ വായനക്കാരെ ചിരിയുടെ വക്കത്ത്‌ എത്തിക്കാന്‍ പര്യാപതമായി എന്നു തോന്നിയില്ല. നര്‍മ്മം നിറഞ്ഞ പദപ്രയോഗത്തിന്റെ പരിമിതിയായിരിക്കാം കാരണം. അതേ പോലെ `പവ്വര്‍ ഫെയിലിയര്‍' എന്ന കഥയിലും കഥാനായകന്റെ ബലഹീനത ഭാര്യ സൂചിപ്പിക്കുമ്പോള്‍ അയാള്‍ ഭാര്യടെ മുന്നില്‍? ചൂളിപ്പോകുന്നതും അയാളുടെ വ്യക്തിത്വം ചോര്‌ന്നു പോകുന്നതും അവതരിപ്പിച്ചിരിക്കുന്നതില്‍ ഹാസ്യകാരന്‍ വിജയിചിട്ടുണ്ടെലും എവിടെയാണ്‌ ഹാസ്യകാരന്‍ ചിരിപ്പിക്കാനുള്ള സാമഗ്രി തിരുകി വച്ചിരിക്കുന്നത്‌ എന്ന്‌ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വായനക്കാര്‍ക്ക്‌ ഒടുവില്‍ `പവ്വര്‍ ഫെയിലിയറല്ലേ ഉണ്ടായുള്ളു പവ്വര്‍ കട്ടൊന്നുമല്ലല്ലൊ' എന്ന നായകന്റെ ഭാര്യ പറയുന്നത്‌ വായിച്ച്‌ സംതൃപ്‌തരാകേണ്ടി വരുന്നു. ജോസ്‌ ചെരിപുറം?എടുത്തു പ്രയോഗിക്കുന്ന വാക്കുകളുടെ പ്രത്യക്ഷ്യവും പരോക്ഷവുമായ അര്‍ത്ഥങ്ങളില്‍ നിന്ന്‌ ഒരു പരിധി വരെ ഫലിതത്തിന്റെ പ്രഭാവം കണ്ടെത്താന്‍ സാധിക്കും. ഇത്തരത്തിലുള്ള വാക്‌പ്രയോഗങ്ങള്‍ ജോസ്‌ ചെരിപുറത്തിന്റെ പ്രായോഗിക ജീവിതത്തിലും കാണുന്ന ഒരു സവിശേഷതയാണ്‌.?

`അളിയന്റെ പടവലങ്ങ'യില്‍ ചേര്‍ത്തിരിക്കുന്ന എല്ലാ കഥകളിലും ജോസ്‌ ചെരിപുറത്തിന്റെ ജന്മസിദ്ധമായ നര്‍മ്മരസത്തിന്റെ അംശം ചിതറിക്കിടക്കുന്നതുകൊണ്ട്‌ ഒരു ഹാസ്യ കൃതിയാണ്‌ വായിക്കുന്നതെന്ന്‌ വായനക്കാര്‍ക്ക്‌ പ്രതീതമാകും. `എന്റെ കൃതികളില്‍ ആവത്‌ ഹാസ്യരസം ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. അതെത്രമാത്രം വിജയിച്ചു എന്ന്‌ വിലയിരുത്തേണ്ടത്‌ വായനക്കാരാണ്‌' എന്ന ഹാസ്യകാരന്റെ മുഖവുരയിലെ പ്രസ്ഥാവന പ്രസക്തമാവുകയാണ്‌. അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടി എഴുതപ്പെട്ട ഇതിവൃത്തത്തോടു കൂടിയ നര്‍മ്മലേഖനങ്ങള്‍ എന്ന്‌ ഹാസ്യകാരന്‍ പറയുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ സോണ നായര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ്‌. ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ സോണ നായര്‍ പറഞ്ഞു, `അമേരിക്കന്‍ മലയാളികളെ ചിരിപ്പിക്കാന്‍ അത്ര എളുപ്പമല്ല. ഞങ്ങള്‍ ഹാസ്യം എന്ന്‌ കരുതി അവതരിപ്പിക്കുന്നതൊന്നും അവരില്‍ ഒരു ഭാവവ്യത്യാസവും വരുത്തുന്നില്ല'. ഹാസ്യത്തിന്‌ നിലവാരമുണ്ടെങ്കില്‍ അമേരിക്കന്‍ മലയാളികള്‍ ചിരിക്കും എന്നാണ്‌ അതിന്‌ ഉചിതമായ മറുപടി.

ജോസ്‌ ചെരിപുറത്തിന്റെ വ്യക്തിമുദ്ര ഹാസ്യസാഹിത്യ രംഗത്ത്‌ മായാതെ നിലനില്‍ക്കാന്‍ ഹാസ്യത്തിന്റെ നവീന മേഘലകളില്‍ കൂടി സഞ്ചരിച്ച്‌ ഇക്കിളി ചിരിയുണര്‍ത്തുന്നതു പോലെ വായനക്കാരില്‍ ചിരിയുണര്‍ത്തുന്ന രചനകളുമായി മുന്നോട്ടു വരാന്‍ അദ്ദേഹത്തിന്‌ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നു.
ഹാസ്യസാഹിത്യത്തിലേക്ക്‌ ഒരു എത്തിനോട്ടവും അളിയന്റെ പടവലങ്ങയും (വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക