Image

അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ മാധ്യമശ്രീ പുരസ്‌കാരം; മോഹന്‍ലാല്‍

Published on 17 October, 2014
അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ മാധ്യമശ്രീ പുരസ്‌കാരം; മോഹന്‍ലാല്‍
ദുബായ്‌: അര്‍ഹതപ്പെട്ട കൈകളില്‍ തന്നെയാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം എത്തുന്നതെന്ന്‌ ജൂറി കണ്‍സള്‍ട്ടന്റായ മോഹന്‍ലാല്‍. മൂന്നംഗ ജൂറി കണ്ടെത്തിയ ജേതാക്കളായ ജോണി ലൂക്കോസ്‌, എം.ജി രാധാകൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ അദ്ദേഹം അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുന്ന അപൂര്‍വതയും ഈ അവാര്‍ഡ്‌ പദ്‌ധതിക്ക്‌ പിന്നിലുണ്ടെന്ന്‌ മലയാളത്തിന്റെ അഭിമാനമായ സൂപ്പര്‍താരം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സംഘടനകള്‍ വഴി ആദരിക്കപ്പെടുമ്പോള്‍ വിശാലമാകുന്ന മലയാളി സമൂഹത്തിലുളളവര്‍ തമ്മിലുളള അടുപ്പം കൂടുകയാണ്‌ ചെയ്യുന്നത്‌. ദൂരപരിധികള്‍ മറികടന്ന്‌ നമ്മുടെ പൈതൃകവും സംസ്‌കാരവും പങ്കിടുവാന്‍ നമ്മള്‍ക്കാവുമ്പോള്‍ അത്‌ വരും തലമുറക്കും ഗുണകരമാവുന്നുവെന്ന്‌ മോഹന്‍ലാല്‍ അഭിനന്ദന കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇലക്‌ട്രോണിക്‌ മീഡിയ ഉള്‍പ്പടെയുളള മാധ്യമങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന്‌ മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. സാങ്കേതിക മികവിനെക്കാളുപരി പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങളുടെ പ്രാധാന്യമാണ്‌ ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ ശ്രദ്‌ധിക്കേണ്ടത്‌. ഭാവി വാഗ്‌ദാനമായ കുഞ്ഞുങ്ങള്‍ക്ക്‌ നല്ല ജീ വിതമൂല്യങ്ങള്‍ നല്‍കുന്നതിലാവണം ശ്രദ്‌ധ. അല്ലാതെ വെറുതെ ചര്‍ച്ചകള്‍ സംഘടിപ്പിച്ച്‌ സമയം കളയുന്നതില്‍ അര്‍ത്ഥമില്ല.

അച്ചടി, ദൃശ്യ മാധ്യമ മേഖലയില്‍ ജോണി ലൂക്കോസും എം.ജി രാധാകൃഷ്‌ണനും നല്‍കുന്ന സേവനങ്ങള്‍ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞു. ഇരുവരുമായും അടുത്തബന്‌ധം തനിക്കുണ്ട്‌. ഒരു നടനെന്ന നിലയില്‍ പലപ്പോ ഴായി ഇരുവരും തന്നെ അഭിമുഖം നടത്തിയിട്ടുമുണ്ട്‌.

പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പത്രപ്രവര്‍ത്തകനാണ്‌ മനോരമ ന്യൂസ്‌ ഡയറക്‌ടറും 'നേരേ ചൊവ്വേ' പരിപാടിയുടെ ആങ്കറുമായ ജോണി ലൂക്കോസ്‌. അതിഥിക്ക്‌ ഏറ്റവും സന്തോഷകമരായ അന്തരീക്ഷം നല്‍കുക എന്ന പ്രത്യേകത ജോണിയിലുളളതായി താന്‍ ശ്രദ്‌ധിച്ചിട്ടുണ്ടെന്ന്‌ മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുളള അന്തരീക്ഷത്തില്‍ അതിഥിയുമായി സംസാരിക്കുമ്പോള്‍ അവരില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണം നേടിയെടുക്കാന്‍ ജോണിക്കാവുന്നു. വ്യക്‌തിത്വവും അവതരണരീതിയിലെ പ്രത്യേകതയുമാണ്‌ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്‌. പരിപാടിക്കിടയിലുണ്ടാവുന്ന പ്രതികൂലഘടകങ്ങളെ വിദഗ്‌ധമായി നേരിട്ട്‌ നേര്‍വഴിയിലാക്കാനും ജോണി ലൂക്കോസിന്‌ അസാമാധ്യ പ്രതിഭയുണ്ട്‌. കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നു എന്നതു മാത്രമല്ല ആഹ്‌ളാദകരമാക്കാനും കഴിയുന്നു എന്നതിലാണ്‌ ജോണിയുടെ നേരേ ചൊവ്വേ വേറിട്ടു നില്‍ക്കുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം; മോഹന്‍ലാല്‍ പറഞ്ഞു.

പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ടാണ്‌ ജോണി നേരേ ചൊവ്വേ അവതരിപ്പിക്കുന്നത്‌. അതിഥികളെ നന്നായി മനസിലാക്കാനും അവരുടെ വികാര വിചാരങ്ങള്‍ അപഗ്രഥിക്കാനും ജോണിക്ക്‌ കഴിയുന്നു. അതിനൊപ്പം സ്വന്തം നിലപാടുകളിലും കാഴ്‌ചപ്പാടിലും ഉറച്ചു നില്‍ക്കാനും അദ്ദേഹത്തിനാവുന്നു. മറ്റുളളവരുടെ പ്രീതി നേടാന്‍ വേണ്ടി മാത്രം ജീവിക്കാതിരിക്കുക എന്ന സന്ദേശം ജോണി അവതരിപ്പിക്കുന്ന പരിപാടികളില്‍ അന്തര്‍ലീനമായുണ്ട്‌ എന്നാണ്‌ അദ്ദേഹത്തിന്റെ ഷോകള്‍ കാണുമ്പോള്‍ തോന്നിയിട്ടുളളതെന്നും മോഹന്‍ലാല്‍ വിലയിരുത്തി.

വാര്‍ത്താ അവതരണത്തെ പുതിയ തലത്തിലേക്ക്‌ എത്തിച്ചു എന്നതാണ്‌ എം.ജി രാധാകൃഷ്‌ണനില്‍ ഞാന്‍ കാണുന്ന പ്രത്യേകത. ടൈമിംഗ്‌, പ്രാധാന്യം, അടുപ്പം, ശ്രേഷ്‌ഠത, ജനതാല്‍പ്പര്യം ഉള്‍ക്കൊളളുന്നത്‌ എന്നീ ഘടകങ്ങള്‍ ഒത്തു ചേരുമ്പോഴാണ്‌ ഏതു വാര്‍ത്തയും ശ്രദ്‌ധ നേടുന്നത്‌ എന്നാണ്‌ എന്റെ അഭിപ്രായം. ടൈമിംഗ്‌ എന്നു വിവക്ഷിക്കുമ്പോള്‍ എത്രത്തോളം 'കറന്റാ'ണ്‌ ആ വാര്‍ത്ത എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. എത്രത്തോളം പേരെ ബാധിക്കുന്നു എന്നതിലാണ്‌ വാര്‍ത്തയുടെ പ്രാധാന്യം. അടുപ്പം കണക്കിലെടുക്കുമ്പോള്‍ നമ്മളുമായി എത്ര അടുത്താണ്‌ സംഭവം എന്ന കാര്യം വരുന്നു. ശ്രേഷ്‌ഠത എന്നത്‌ ആ വാര്‍ത്തയില്‍ ഉള്‍പ്പെടുന്ന വ്യക്‌തിയെ അടിസ്‌ഥാനമാക്കിയാണ്‌. ഞങ്ങള്‍ സിനിമാക്കാര്‍ക്ക്‌ ചെറിയ പരുക്ക്‌ പറ്റുമ്പോള്‍ പോലും അത്‌ വലിയ വാര്‍ത്തയാവുന്നത്‌ അതിലുള്‍പ്പെട്ട വ്യക്‌തിയുടെ ശ്രേഷ്‌ഠത കൊണ്ടാണ്‌. എന്നാല്‍ നാലുഘടകങ്ങളെയും ജനതാല്‍പ്പര്യത്തിനൊപ്പം ചിട്ടപ്പെടുത്തുമ്പോളാണ്‌ വാര്‍ത്ത മായാതെ നിലനില്‍ക്കുന്നത്‌. ടൈമിംഗ്‌ ചിലപ്പോള്‍ പഴകിയതാവാം, പ്രാധാന്യം ചിലപ്പോള്‍ കുറഞ്ഞതാവാം, അടുപ്പം ലോകത്തെവിടെയുമാവാം, ശ്രേഷ്‌ഠത ചിലപ്പോള്‍ ഇല്ലായിരിക്കാം. എങ്കിലും ജനതാല്‍പ്പര്യം ഉണര്‍ത്താന്‍ ആ വാര്‍ത്തയുടെ അവതരണത്തിലൂടെ കഴിഞ്ഞാല്‍ അവതാരകന്‍ വിഷയത്തോട്‌ നീതി പുലര്‍ത്തുകയും ജനമനസിനെ സ്വാധീനിക്കുകയും ചെയ്യുന്നു.

ഈ പറഞ്ഞ എല്ലാ സവിശേഷതകളും എം.ജി രാധാകൃഷ്‌ണനില്‍ ഒത്തുചേരുന്നുണ്ട്‌. ക ഴിഞ്ഞ മുപ്പതുവര്‍ഷക്കാലം അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെ രാധാകൃഷ്‌ണന്‍ പ്രശോഭിച്ചതും ഈ സവിശേഷതകള്‍ കൊണ്ടു തന്നെ.

അല്‍പ്പായുസാണെങ്കിലും ജനങ്ങള്‍ക്ക്‌ ഒഴിവാക്കാനാവാത്ത ഉല്‍പ്പന്നമാണ്‌ വാര്‍ത്ത. വാര്‍ത്ത എന്ന ഉല്‍പ്പന്നത്തെ ആകര്‍ഷകവും ആഹ്‌ളാദപൂരിതവുമായി കാഴ്‌ചക്കാരിലെത്തിച്ചു എന്നതിലാണ്‌ എം.ജി രാധാകൃഷ്‌ണന്റെ മേന്മ; മോഹന്‍ലാല്‍ വിലയിരുത്തി.

മൂന്നംഗ ജൂറിയുടെ വിലയിരുത്തലുകള്‍ അറിയിക്കുമ്പോള്‍ മോഹന്‍ലാല്‍ ദുബായിലായിരുന്നു. പത്രപ്രവര്‍ത്തത്തിന്റെ വിവിധ മേഖലകളെ 12 ഇനങ്ങളായി തരംതിരിച്ചളള മാര്‍ക്‌ഷീറ്റിന്റെ പകര്‍പ്പും മുന്‍നിരക്കാരുടെ വിവരത്തിനൊപ്പം നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സാമ്പത്തിക വിദഗ്‌ധനുമായ സനില്‍ കുമാറിലൂടെയാണ്‌ ദുബായിലുളള മോഹന്‍ലാലിന്‌ വിവരങ്ങള്‍ കൈമാറിയത്‌.

വിഷ്വല്‍ മീഡിയ അതിശക്‌തമായി നിലനില്‍ക്കുന്ന വസ്‌തുത കണക്കിലെടുത്താണ്‌ ജൂറി കണ്‍സള്‍ട്ടന്റായി മോഹന്‍ലാലിനെ സമീപിക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ തീരുമാനിച്ചത്‌. വിസ്‌മയ ഭാവങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇത്രയേറെ പതിഞ്ഞ ഒരു നടനുണ്ടായിട്ടില്ല. ജനമനസില്‍ പതിപ്പിച്ചെടുക്കുന്ന ഭാവചേഷ്‌ടകള്‍ അവതരിപ്പിക്കാന്‍ അസാമാന്യ പ്രതിഭയുളള മോഹന്‍ലാലിന്‌ അതപഗ്രഥിക്കാനും കഴിയുമെന്ന്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ വിലയിരുത്തി. മാത്രവുമല്ല സ്വന്തം ബ്ലോഗിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും എഴുത്തിന്റെ ലോകത്തും മോഹന്‍ലാല്‍ കൈയൊപ്പ്‌ ചാര്‍ത്തിയിട്ടുണ്ട്‌. തത്വചിന്താപരമാണ്‌ അദ്ദേഹത്തിന്റെ ആശയങ്ങളെന്ന്‌ വിലയിരുത്തലുണ്ട്‌. ലോക മലയാളി എന്ന വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുന്നതും മോഹന്‍ലാലിനു തന്നെ.

മാധ്യമശ്രീ പുരസ്‌കാര നിര്‍ണയ സമിതിയില്‍ ജൂറി കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാനുളള ക്ഷണം മോഹന്‍ലാല്‍ സര്‍വാത്‌മനാ സ്വാഗതം ചെയ്യുകയായിരുന്നു. നല്ലൊരു പദ്‌ധതിയാണിത്‌, അതിനാല്‍ സമ്മതം; ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ക്ഷണക്കുറിപ്പിന്‌ മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.
അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ മാധ്യമശ്രീ പുരസ്‌കാരം; മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക