Image

അപേക്ഷകര്‍ പ്രഗത്ഭര്‍: വിജയികളെ നിശ്ചയിക്കാന്‍ വിഷമിച്ചുവെന്നു ജൂറി അംഗങ്ങള്‍

Published on 17 October, 2014
അപേക്ഷകര്‍ പ്രഗത്ഭര്‍: വിജയികളെ നിശ്ചയിക്കാന്‍ വിഷമിച്ചുവെന്നു ജൂറി അംഗങ്ങള്‍
ചിക്കാഗോ, ഡാളസ്‌: പ്രഗത്‌ഭരില്‍ നിന്നും അതിപ്രഗത്‌ഭരെ തിരഞ്ഞെടുക്കുകയെന്ന ദുഷ്‌കരമായ ജോലിയായിരുന്നു ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര നിര്‍ണയത്തിലെ കടമ്പയെന്ന്‌ ജൂറി അംഗങ്ങളായ ഡോ. എം.വി പിളള (ഡാളസ്‌), ഡോ. റോയി പി. തോമസ്‌ (ചിക്കാഗോ), ജോസ്‌ കണിയാലി (ചിക്കാഗോ) എന്നിവര്‍ വിലയിരുത്തി. വന്നുചേര്‍ന്ന പത്ത്‌ അപേക്ഷകളില്‍ ഒരോരുത്തരും ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ നിന്നുമാണ്‌ രണ്ടുപേര്‍ക്ക്‌ തുല്യമാര്‍ക്ക്‌ എന്ന നിലയിലേക്ക്‌ അവസാന വിലയിരുത്തല്‍ വന്നത്‌.

മലയാളിയല്ലാത്ത ഒരു പത്രപ്രവര്‍ത്തകന്‍ ഇക്കുറി അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ ഇദ്ദേഹം ദി വീക്കിന്റെ കറസ്‌പോണ്ടന്റാണ്‌. ഒരു വനിത യും അപേക്ഷകരിലുണ്ടായിരുന്നു. ബാംഗ്‌ളൂരില്‍ ദി വീക്കിന്റെ കറസ്‌പോണ്ടന്റാണ്‌ ഈ യുവതി.

മലയാള മനോരമയാണ്‌ അപേക്ഷകരില്‍ മുന്നിട്ടു നിന്നത്‌. ആറുപേര്‍. ദി വീക്കില്‍ നിന്ന്‌ രണ്ടുപേര്‍. ഓരോരുത്തര്‍ വീതം ഏഷ്യാനെറ്റില്‍ നിന്നും ദീപികയില്‍ നിന്നും. അപേക്ഷകര്‍ ബയോഡാറ്റക്കൊപ്പം ഇതുവരെയുളള പ്രവര്‍ത്തനത്തിന്റെ രേഖകളും വച്ചിരുന്നതിനാല്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമായി ഒട്ടേറെ പേജുകള്‍ വായിച്ചു തീര്‍ക്കാനുണ്ടായിരുന്നു. വിലയിരുത്തലാവുമ്പോള്‍ വരികള്‍ക്കിടയിലൂടെ അപഗ്രഥിച്ചുളള വായനയാണ്‌ വേണ്ടത്‌. അതിനാല്‍ തന്നെ സമയം ഏറെ വേണ്ടിവന്നു.

വിഷയങ്ങളും ഭാഷയും കണക്കിലെടുക്കുമ്പോള്‍ ഒന്നിനൊന്നു മികച്ചു നിന്നവയാണ്‌ ഓരോരുത്തരുടെയും സൃഷ്‌ടികളെന്ന നിസംശയം പറയാം.
പത്രപ്രവര്‍ത്തന മേഖല കൂടുതല്‍ പ്രൊഫഷണലിസം കൈവരിച്ചതിന്റെയും മാത്സര്യം നിറഞ്ഞതിന്റെയും പ്രതിഫലനമായി ഈ മുന്നേറ്റത്തെ കാണാം. ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കണമെന്ന്‌ ഓരോ പത്രപ്രവര്‍ത്തകനും ശ്രമിക്കുന്ന കാലത്ത്‌ റിപ്പോര്‍ട്ടിംഗിലെയും ലേഖനം തയാറാക്കലിലെയും മുന്നേറ്റം ഊഹിക്കാവുന്നതേയുളളൂ.

അവസാന റൗണ്ടില്‍ ജോണി ലൂക്കോസും എം.ജി രാധാകൃഷ്‌ണനുമാണ്‌ എത്തിയതെങ്കിലും മറ്റുളളവര്‍ ഇവരില്‍ നിന്നും ഏറെ പിന്നിലാണെന്ന്‌ അര്‍ത്ഥമില്ലെന്ന്‌ ജൂറി അംഗങ്ങള്‍ പറഞ്ഞു. പ്രഗത്‌ഭരില്‍ പ്രഗത്‌ഭര്‍ എന്ന വിശേഷണമേ ജേതാക്കള്‍ക്കുളളൂ. വിജയികള്‍ ഇരുവരുടെയും അനുഭവ സമ്പത്ത്‌ അവരെ സഹായിച്ചിരിക്കാം.

അവസാന നിര്‍ണയത്തില്‍ മാര്‍ക്കുകള്‍ പോരടിക്കാന്‍ മറക്കുന്ന സ്‌ഥിതിവിശേഷമാണ്‌ ഉണ്ടായത്‌. ഒരോ മേഖലയിലും ഇരുവരും തുല്യമായി മുന്നേറി. ആകെ മാര്‍ക്ക്‌ ഒന്നാകാന്‍ കാരണവും ഒപ്പത്തിനുളള മുന്നേറ്റമായിരുന്നു.

പന്ത്രണ്ടു വിഭാഗങ്ങളാണ്‌ മാര്‍ക്ക്‌ഷീറ്റില്‍ ഉണ്ടായിരുന്നത്‌. അച്ചടി മാധ്യമ രംഗത്തിനുളള സംഭാവന, വിഷ്വല്‍ രംഗത്തിനുളള സംഭാവന, റൈറ്റിംഗ്‌ ക്രാഫ്‌ട്‌, വിഷ്വല്‍ മീഡിയയിലെ പ്രകടനം, എക്‌സിക്ലൂസീവ്‌ ന്യൂസുകളുടെ സൃഷ്‌ടി, പ്രവര്‍ത്തന കാലത്തിനുളള ക്രെഡിറ്റ്‌, വാര്‍ത്താ സംഭരണത്തിലെ സാമൂഹ്യബോധം, അപേക്ഷകരുടെ ഇമേജ്‌, ഇന്ത്യ പ്രസ്‌ക്ലബ്ബുമായുളള അടുപ്പം, മുന്‍ അവാര്‍ഡുകളും നേട്ടങ്ങളും, ജൂറി അംഗങ്ങളുടെ റേറ്റിംഗ്‌ എന്നിവയായിരുന്നു 12 ഘടകങ്ങള്‍. ഈ ഘടകങ്ങളിലൊക്കെയും നേരിയ ഏറ്റക്കുറച്ചിലുകളെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായിരുന്നുളളൂ.

രണ്ടുപേര്‍ മാത്രമാണ്‌ വിജയികളായതെങ്കിലും ഏറെക്കുറെ അതിനൊപ്പമുളള പ്രകടനമാണ്‌ മറ്റുളളവര്‍ നടത്തിയതെന്നും ജൂറി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
അപേക്ഷകര്‍ പ്രഗത്ഭര്‍: വിജയികളെ നിശ്ചയിക്കാന്‍ വിഷമിച്ചുവെന്നു ജൂറി അംഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക