Image

ജോയി ചെമ്മാച്ചേല്‍: നാട്ടിലെ മണ്ണിന്റേയും അമേരിക്കയിലെ സൗഹൃദങ്ങളുടെയും സൂക്ഷിപ്പുകാരന്‍

അനില്‍ പെണ്ണുക്കര Published on 16 October, 2014
ജോയി ചെമ്മാച്ചേല്‍: നാട്ടിലെ മണ്ണിന്റേയും അമേരിക്കയിലെ സൗഹൃദങ്ങളുടെയും സൂക്ഷിപ്പുകാരന്‍
നാളികേരത്തിന്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണുണ്ട് എന്ന് ഏതൊരു പ്രവാസിയും അഭിമാനത്തോടെ പറയും. അതിലൊരു വീട്, കുടുംബം, കുട്ടികള്‍, ബന്ധങ്ങള്‍- എന്നാല്‍ ഇതിനപ്പുറത്തേക്ക് ആ ആഗ്രഹം ആരും വളര്‍ത്താറില്ല. എന്നാല്‍ സ്വന്തം വീടിന്റെ ഗേറ്റ് ഒരിക്കലും അടയ്ക്കാതെ “ലോകാസമസ്ത: സുഖിനോ ഭവന്തൂ:- ഏവര്‍ക്കും സ്വാഗതം”  എന്നെഴുതിയ വീട് കേരളത്തില്‍ ഒന്നേയുള്ളൂ.

കോട്ടയം നീണ്ടൂര്‍ പൂതത്തില്‍ ചെമ്മാച്ചേലിന്റെ വീട്. ഫൊക്കാനായുടെ വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേലിന്റെ വീട്.

ദിവസവും നൂറ്കണക്കിന് സന്ദര്‍ശകര്‍. വീടും പരിസരവും, കണ്ടു തീരണമെങ്കില്‍ കുറഞ്ഞ സമയം രണ്ട് മണിക്കൂറെങ്കിലും വേണം. തിരികെ പോകുന്നവര്‍ക്ക് മികച്ച ശുദ്ധവായു കൊണ്ടു പോകാം…. അങ്ങനെ പലപല ഗുണങ്ങള്‍.

സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, നടന്‍, എഴുത്തുകാരന്‍, സാമുദായ സ്‌നേഹി എന്നിങ്ങനെ നിരവധ വിശേഷണങ്ങളുള്ള ജോയി ചെമ്മാച്ചേല്‍ ഇപ്പോള്‍ ഫൊക്കാനായുടെ വൈസ് പ്രസിഡന്റ്. വളരെ മുന്‍പേ വന്നു ചേരേണ്ട പദവി. ഇപ്പോള്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായതില്‍ ജോയി ചെമ്മാച്ചേല്‍ സന്തോഷിക്കുന്നു. ഒരു മികച്ച ടീമിനൊപ്പം ഒരുപിടി മികച്ച കാര്യങ്ങള്‍, മനുഷ്യനന്മയ്ക്ക് പരാതിയില്ലാത്ത വിധത്തില്‍ നടപ്പിലാക്കണം. അതിന് തന്നാലാവുന്നത്  ചെയ്യുക. അതിനായി കുറച്ച് സമയം നീക്കി വയ്ക്കുക.

അതിന് ഒരു മനസുണ്ടാവുക എന്നതാണ് പ്രധാനം. സര്‍വ്വവിധ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതോടൊപ്പം അമേരിക്കന്‍ മലയാളി സൗഹൃദം ഊട്ടിയുറപ്പിക്കുവാന്‍ ഒരവസരം. അതനുള്ള മികച്ചവേദിയാണ് ഫൊക്കാന എന്ന് ജോയി ചെമ്മാച്ചേല്‍ തിരിച്ചറിയുന്നു.

എപ്പുഴും പോസിറ്റീവായി ഇരിക്കുക എന്നതാണു ചെമ്മാച്ചേലിന്റെ തത്വം. ഇത് എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹം പറയും കൃഷിക്കാരനായ തന്റെ പിതാവ് ലൂക്കോസും, അധ്യാപികയായിരുന്ന അമ്മ അല്ലിയും ചെറുപ്പം മുതലേ നല്‍കിയ ശിക്ഷണമാണെന്ന്. അതുകൊണ്ട് അമേരിക്കയിലും, നാട്ടിലും തന്റെ ശ്രദ്ധ പതിയുന്ന സംരംഭങ്ങള്‍ ജീവിതം പച്ച പിടിക്കാന്‍ അമേരിക്കന്‍ മണ്ണിലെ അദ്ധ്വാനത്തിനാകുമ്പോള്‍ നാട്ടിലെ മണ്ണില്‍ കുറേയേറെയാളുകള്‍ക്ക് അന്നത്തിന് വഴികൂടി ഒരുക്കി ശ്രദ്ധനേടുന്നു ഇദ്ദേഹം. കോട്ടയം നീണ്ടൂരില്‍ തന്റെ വീടിനോട് ചേര്‍ന്ന് വിശാലമായ നെല്‍വയല്‍, തെങ്ങ്കൃഷി, മത്സ്യ, കൃഷി, കോഴി, കാട, എമുപ്പക്ഷി, അന്‍പതിലധികം പശുക്കള്‍, അലങ്കാര മത്സ്യം  എന്നു വേണ്ട ഒരു സമ്മിശ്ര ജൈവ കാര്‍ഷിക സംസ്‌കാരം തന്നെ വിജയിച്ചെടുക്കുകയാണ് ജോയി ചെമ്മാച്ചേല്‍. ഒപ്പം മലയാളിയോട് പറയുകയും ചെയ്യുന്നു “മണ്ണിനെ അറിയൂ മനുഷ്യനാകൂ” എന്ന്.

2006 ല്‍ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷന്‍ മുതല്‍ ഫൊക്കാനായില്‍ സജീവമായിരുന്നില്ല. സംഘടന പിളര്‍ന്നത് മാനസിക വിഷമമുണ്ടാക്കി. എങ്കിലും രണ്ടു സംഘടനകളുടെയും കാഴ്ചക്കാരനായി. മറിയാമ്മ പിള്ള പ്രസിഡന്റായതോടെ വീണ്ടും ഫൊക്കാനയില്‍ സജീവം. മറിയാമ്മ ചേച്ചിയുടെ ചിക്കാഗോ കണ്‍വന്‍ഷന്‍ എങ്ങനേയും വിജയിപ്പിക്കൂക. ഒടുവില്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായി ചിട്ടയോടും ജനകീയ പങ്കാളിത്തത്തോടെയും നടത്തിയ മറ്റൊരു കണ്‍വന്‍ഷനും ചിക്കാഗോ കണ്‍വന്‍ഷന്‍ പോലെ വരില്ല. കണ്‍വന്‍ഷന്റെ വിജയത്തിനാധാരം ഒറ്റവാക്കിലൊതുക്കും ജോയി ചെമ്മാച്ചേല്‍- ഒത്തൊരുമ. പരിപാടി കാണാന്‍ വന്നവര്‍ പരിപാടികള്‍ കണ്ടു. ആനന്ദിച്ചു. എല്ലാകാര്യങ്ങള്‍ക്കും ഒരു ഓര്‍ഡര്‍ ഉണ്ടാക്കി. അതിനായി ഒരു ടീമിനെ നിശ്ചയിച്ചു. കഴിവുള്ളവര്‍. വേദി അവര്‍ക്കായി വിട്ടുകൊടുത്തു. മലയാളി സംഘടനാ നേതാക്കളെ സദസിലിരുത്തി. ആവശ്യമുള്ളപ്പോള്‍  മാത്രം വേദിയിലേക്ക് നേതാക്കളെ കയറ്റി. വളരെ ചിട്ടയോടെ. എല്ലാവരും ഒപ്പം നിന്നു. ബാധ്യതകളില്ലാതെ ഒരു കണ്‍വന്‍ഷന്‍ വിജയിപ്പിച്ചെടുത്തു. അത്രതന്നെ.
ഇനി ഫൊക്കാനായുടെ തുടര്‍ പരിപാടികളും കാനഡ കണ്‍വന്‍ഷന്‍ വരെ ചിട്ടയോടെ നടത്തണം. അതിന് ചെറുപ്പക്കാരെ കൂട്ടണം. അതിനായി സന്മനസുള്ള ഒരു ടീം ഇപ്പോള്‍ ജോണ്‍.പി.ജോണിന്റെ നേതൃത്വത്തില്‍ തയ്യാറാണ്. ബാക്കികാര്യങ്ങള്‍ പിന്നെ ഉഷാര്‍. ചെമ്മാച്ചേലിന് ആത്മവിശ്വാസമാണു കൈമുതല്‍.

ആത്മവിശ്വാസം  തുടങ്ങുന്നത് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് എല്‍.പി.സ്‌ക്കൂളില്‍ നിന്നാണ്. അവിടെയായിരുന്നു പ്രാധമിക വിദ്യാഭ്യാസം സെന്റ്, സ്റ്റീഫന്‍സ് യുപി സ്‌ക്കൂള്‍, സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ കൈപ്പുഴ, സി.എം.എസ്. കോളജ് കോട്ടയം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അമേരിക്കയിലെത്തിയശേഷവും പഠനം തുടര്‍ന്നു. ഡെവ്‌റി ഇന്‍സ്റ്റിറ്റിയൂട്ട് ചിക്കാഗോ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇല്ലനോയ്‌ യൂണിവേഴ്‌സിറ്റി എന്നിവയില്‍ പഠനം. ആദ്യ ജെലി  വെയര്‍ ഹൗസ് ക്ലബ് ഓഫ് ചിക്കാഗോയില്‍, പിന്നീട് ജനറല്‍ മാനേജരായി. 1995 ല്‍ സ്വന്തമായി ബിസിനസ് തുടങ്ങി. അമേരിക്കയിലെ തൊഴിലിനൊപ്പം നാട്ടില്‍ അന്‍പത് ഏക്കറിലധികം വരുന്ന കാര്‍ഷിക ഫാമും നടത്തുന്നു. ജെ.യെസ് ഫാംസ് ഇന്ന് കേരളത്തിന്റെ സമ്മിശ്ര കൃഷിയുടെ പരിഛേദം കൂടിയാണ്.

കോളേജ് വിദ്യാഭ്യാസമയത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവം . അമേരിക്കയിലെത്തിയശേഷം സജീവമായി സാമൂഹ്യ പ്രവര്‍ത്തനരംഗത്ത്.

1986 ല്‍ കെ.സി.വൈ.എല്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റായി. 1991 ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്, 1992 ല്‍ അമേരിക്കയിലെ  ആദ്യത്തെ മലയാളം ചാനല്‍ പ്രണാം ഭാരത് ടിവി അന്തരിച്ച കോട്ടയം ജോസഫും ചേര്‍ന്ന് ആരംഭിച്ചു.
1992 ല്‍ സജീവമായി പത്രപ്രവര്‍ത്തന മേഖലയിലേക്ക്. മാസപുലരി മാസിക എഡിറ്റോറിയല്‍ അംഗം, കേരളാ എക്‌സ്പ്രസ്, ജനനി എന്നി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തനം സജീവമായി.

1999 ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അന്തര്‍ സംസ്ഥാന നൃത്ത മഹോത്സവം ചെയര്‍മാന്‍. 2000 ല്‍ ഫൊക്കാന നാഷ്ണല്‍ കമ്മറ്റി അംഗം, ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, 2014 ല്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ തുടങ്ങി നിരവധി പദവികള്‍ മനോഹരമാക്കി.

2002 മുതല്‍ ചലച്ചിത്ര സീരിയല്‍ രംഗത്ത് സജീവമായി. കണ്‍മണി, മാനസം, ശാന്തം ഈ സ്‌നേഹ തീരത്ത്, മാതൃസ്പന്ദനം, നാണപ്പന്‍  ഓണ്‍ലൈന്‍, സ്പ്നം തുടങ്ങി സീരിയലുകളില്‍ നായകന്‍, ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, തിളക്കം, ബിജു. സി. കണ്ണന്റെ ചായം, തഥ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍.

2004 ല്‍ സുനീഷ് നീണ്ടൂര്‍ സംവിധാനം ചെയ്ത നൊമ്പരം എന്നീ സിനിമയില്‍ നായകനായി. വ്യത്യസ്തങ്ങളായ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് ആന്ധ്രാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി ഈ ചിത്രം.

ചെറുതും വലതുമായ നിരവധി പുരസ്‌കാരങ്ങള്‍ ജോയി ചെമ്മാച്ചേലിനെ തേടി എത്തിയിട്ടുണ്ട്. ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍ ഉഗ്മയുടെ 2002- ലെ  ജീവകാരുണ്യ അവാര്‍ഡ്, 2002-ലെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്, 2002 ലെ  ദൃശ്യയുടെ മികച്ച പ്രവാസി നടനുള്ള അവാര്‍ഡ്, 2002 ല്‍ മികച്ച നടനുള്ള എംടിവി അവാര്‍ഡ്, 2003 ല്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, 2004 ല്‍ മികച്ച ടെലി സിനിമാ ക്രിട്ടിക്‌സ് അവാര്‍ഡ്, 2005 ല്‍ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ജോയിചെമ്മാച്ചേല്‍ പങ്കാളിയായ 'കണ്ണാടിപ്പൂക്കള്‍' സിനിമയ്ക്ക് ലഭിച്ചു. 2005 ല്‍ ഫൊക്കാനാ ഫിലിം അവാര്‍ഡ്, 2005 ല്‍ മികച്ച നടനുള്ള ആന്ധ്രാ ക്രിട്ടിക്‌സ് അവാര്‍ഡ്, 2006 ല്‍ മികച്ച  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 'അഗാപ്പെ' അവാര്‍ഡ്, 2006 ല്‍ മികച്ച പ്രവാസി ടെലിവിഷന്‍ പ്രോഗ്രാമിന്(അമേരിക്കന്‍ ജാലകം-ഏഷ്യാനെറ്റ്) ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ മികച്ച മത്സ്യ കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ജോയി ചെമ്മാച്ചേലിനെ തേടി എത്തിയിട്ടുണ്ടെങ്കിലും താന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാധാരണ ജനങ്ങളുടെ മന:സന്തോഷത്തിലാണെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്നു.

1999 ല്‍ കേരള സര്‍ക്കാരിന്റെ മൈത്രിഭവന പദ്ധതിയുമായി സഹകരിച്ച് നിര്‍ദ്ധനരായവര്‍ക്ക് 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ജീവകാരുണ്യപ്രവര്‍ത്തനം 2004 ല്‍ സ്വന്തം വീട് നിര്‍മ്മിച്ചപ്പോള്‍ 52 വീടുകള്‍ നിര്‍ധനരായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കി ജോയി മാതൃകകാട്ടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും തുടരുന്ന പഠനസഹായം, വികാലാംഗരായവര്‍ക്ക് വാഹനങ്ങള്‍ നല്‍കി സഹായം, നൂറോളം കുടുംബങ്ങള്‍ക്ക് ആയുഷ്‌കാല റേഷന്‍ വാങ്ങുവാന്‍ ധനസഹായം എല്ലാ മാസവും എത്തിക്കുന്നു. 2006 ല്‍ വികലാംഗരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി കൂടാതെ അന്‍പതിലധികം വ്യക്തികള്‍ക്ക് ഇപ്പോഴും തുടരുന്നു വൈദ്യസഹായം.

ജെ.യെസ് ഫാംസ് ആരംഭിച്ചശേഷം ഈ സഹായം കോട്ടയം നീണ്ടൂരിലെ വിവിധ വീടുകളിലേക്കും നീളുന്നു. ഇപ്പോള്‍ ഈ നാടിന്റെ അഭിമാനമാകുന്നു ജോയി ചെമ്മാച്ചേലും. അദ്ദേഹത്തിന്റെ കൃഷിഗ്രാമവും കാര്‍ഷിക മ്യൂസിയവും. മണ്ണ് പൊന്നു തരുന്നു അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍. പണ്ട് നാട്ടില്‍ അല്പം മണ്ണ് വാങ്ങിയപ്പോള്‍ കളിയാക്കിയവര്‍ ഇന്ന് മൂക്കത്ത് വിരല്‍വയ്ക്കുന്നു. അസൂയപ്പെടുന്നു. ടാഗോര്‍ പാടിയത് സത്യമായി “കനവുഴുതുമറിക്കുന്ന കര്‍ഷകനൊപ്പം,  പാറപൊട്ടിച്ച് പാതയൊരുക്കുന്നവനൊപ്പം ഈശ്വരന്‍  നിലകൊള്ളുന്നു.” ഹരിതഭംഗിയുള്ള ഒരു വിസ്മയഭൂമിയൊരുക്കിയ ജോയി ചെമ്മാച്ചേല്‍ ഫൊക്കാനയുടെ  വൈസ് പ്രസിഡന്റായപ്പോള്‍ ധന്യമാകുന്നത് അമേരിക്കയിലെ മഹത്തായ ഒരു സാംസ്‌കാരിക പ്രസ്ഥാനം കൂടിയാണ്. ഫൊക്കാനായുടെ എല്ലാ അംഗങ്ങളും ഒന്നിച്ചെത്തിയാലും ജോയി ചെമ്മാച്ചേലിന്റെ ജെ.യെസ് ഫാമില്‍ ഇനിയും ഇടം ബാക്കി…

ഈ ഇടത്തിന് താങ്ങായി ജോയി ചെമ്മാച്ചേലിന് സര്‍വ്വവിധ പിന്തുണയുമായി ഭാര്യ ഷൈല, മക്കളായ ലൂക്കോസ്, അല്ലി, ജിയോ, മേരി എന്നിവരും ഒപ്പം കൂടുന്നു.
നടന്‍, കലാകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ബിസിനസുകാരന്‍- സര്‍വ്വോപരി ഒരു നല്ല കര്‍ഷകന്‍- ഫൊക്കാനയ്ക്ക് മണ്ണിന്റെ മണമുള്ള ഒരു കൂട്ടുകാരന്‍. ജോയി ചെമ്മാച്ചേല്‍!
ജോയി ചെമ്മാച്ചേല്‍: നാട്ടിലെ മണ്ണിന്റേയും അമേരിക്കയിലെ സൗഹൃദങ്ങളുടെയും സൂക്ഷിപ്പുകാരന്‍
Join WhatsApp News
Nadavayal 2014-10-18 21:16:01
Fokana gets more radiance and brilliance by the inclusion of Joy Chemmachel in its leaders' row
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക