Image

ദിശാബോധം നഷ്ടപ്പെടുന്ന അമേരിക്കയിലെ മലയാള സാഹിത്യം (മണ്ണിക്കരോട്ട്)

Published on 16 October, 2014
ദിശാബോധം നഷ്ടപ്പെടുന്ന അമേരിക്കയിലെ മലയാള സാഹിത്യം (മണ്ണിക്കരോട്ട്)
അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ഇന്നത്തെപോക്ക് ഏത് ദിശയിലേക്കാണ്? സാഹിത്യബോധ മുള്ളവരും ഭാഷയെ ഗൗരവത്തോടെ വീക്ഷിക്കുന്നവരും, ചോദിക്കുന്നതും ആശങ്കപ്പെടുന്നതുമായ ഒരു ചോദ്യമാണി ത്. അവര്‍ക്കൊക്കെ ഒന്നേ പറയാനുള്ളു; ഈ പോക്ക് ശരിയല്ല. ഇങ്ങനെ പോയാല്‍ അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്നുള്ള ആശങ്ക അവരെ അലട്ടുന്നു. അമരക്കാരനില്ലാതെ അഴിച്ചുവിട്ട ചങ്ങാടംപോലെ, യാതൊരു ലക്ഷ്യബോധവുമില്ലാതെ മുങ്ങിയും പൊങ്ങിയും, തട്ടിയും തടഞ്ഞും നീങ്ങിക്കൊണ്ടിരി ക്കുന്ന ഒരു വഞ്ചിപോലെയാണ് ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യം.

പ്രയാണത്തിനു മുമ്പേ ലക്ഷ്യം ഉറപ്പുവരുത്തേണ്ടതുപോലെ ഏതൊരു പ്രസ്ഥാനത്തിനും സംരംഭത്തിനും അതിന്റേതായ ദിശാബോധം അനിവാര്യമാണ്. വേണ്ടാത്ത വഴി വിട്ടൊഴിഞ്ഞ് അല്ലെങ്കില്‍ വെട്ടിമാറ്റി വേണ്ടവഴിയെ കരുതലോടെ പ്രയാണം ചെയ്യുക. അപ്പോള്‍ ലക്ഷ്യത്തിലെത്തുകയും ഉദ്യമം വിജയപ്രദമാകുകയും ചെയ്യും. ഈ ലക്ഷ്യബോധമാണ് സാഹിത്യത്തിലും വേണ്ടത്. അമേരിക്കയില്‍ മലയാളികളുടെ പ്രധാന കുടിയേറ്റത്തിന്റെ ആദ്യകാലം മുതല്‍ ഇതേ ലക്ഷ്യബോധത്തോടെ ഭാഷയുടെ പ്രചാരത്തിനും പ്രചരണത്തിനും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍ ഇന്ന്, ആപല്‍ക്കരമായ അതിമോഹം ഡോളറിന്റെ അതിപ്രസരത്തില്‍ സാഹിത്യത്തെ തളയ്ക്കാനുള്ള വിഭ്രാന്തിയാണ് വീക്ഷിക്കാന്‍ കഴിയുന്നത്.

ആദ്യനാളുകളില്‍ അതായത് 1970-കളിലും 80-കളിലും സാഹിത്യപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെങ്കിലും പിച്ചവച്ചു പിടിച്ചുനടക്കാനുള്ള ഉദ്യമത്തിലായിരുന്നു. ജീവതംതേടിയുള്ള തിരക്കും ഭൂരിപക്ഷത്തിനു ഭാഷയോടുണ്ടാ യിരുന്ന അവജ്ഞാമനോഭാവവും ഈ മന്ദഗതിയ്ക്ക് പ്രധാന കാരണമായി. എന്നാല്‍ 1990-കളുടെ തുടക്കത്തോട് ഈ പ്രവണതയ്ക്ക് മാറ്റമുണ്ടായി. ഈ കാലയളവില്‍ സാഹിത്യസംഘടനകള്‍, മലയാളം ക്ലാസുകള്‍, പ്രസിദ്ധീ കരണങ്ങള്‍, കൃതികള്‍ അങ്ങനെ ഭാഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഊര്‍ജ്ജസ്വലത കൈവരിച്ചു.

ധാരാളം എഴുത്തുകാരും അവരുടെ കൃതികളും ഈ കാലയളവില്‍ പുറത്തുവന്നുകൊണ്ടിരുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ ബാലാരിഷ്ടകള്‍ നീങ്ങി ജീവിതസാഹചര്യങ്ങള്‍ അനുകൂലമായപ്പോള്‍ എഴുതാന്‍ തുടങ്ങിയവരുണ്ട്. ജീവിതപങ്കാളികളുടെ സ്ഥിരവരുമാനം അവരുടെ എഴുത്തുലോകത്തെ തുടക്കത്തിന് ആക്കം കൂട്ടുകയും ചെയ്തു. കൂടാതെ സര്‍ഗ്ഗശക്തിയും നൈസര്‍ഗീക വാസനയുമുള്ളവരുടെ പേരും പടവും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും അപരര്‍ക്ക് പ്രചോദനമായി. (കൂലികൊടുത്ത് എഴുതിപ്പിച്ചവരും ഉണ്ടായിരുന്നെന്നും ഇപ്പോഴും ഉണ്ടെന്നും പറയപ്പെടുന്നു). എന്തായാലും അക്കാലത്തെ ഏറിയപങ്ക് രചനകളും പണ്ടെങ്ങൊ നാട്ടില്‍വച്ചേ മനസില്‍ തോന്നിയിട്ടുള്ളതും മറന്നുകിടന്നതുമായ വസ്തുതകളായിരുന്നു.

ഭാവന, ദര്‍ശനം, രചനാശൈലി മുതലായ അടിസ്ഥാന സര്‍ഗ്ഗസിദ്ധികളുടെ അഭാവത്തില്‍ അതൊക്കെ ‘ഡോളര്‍ സാഹിത്യ’മെന്നും ‘ഓര്‍മ്മസാഹിത്യ’മെന്നുമുള്ള വിമര്‍ശനങ്ങളില്‍ ഒതുങ്ങി. അതുമാത്രമല്ല അമേരിക്കയിലെ മലയാളം എഴുത്തുകളെല്ലാം വെറും ചവറാണെന്ന് മുദ്രകുത്തപ്പെടുകയും ചെയ്തു. സാമാന്യം ഭേദപ്പെട്ട കൃതികളും ഈ വിമര്‍ശനത്തിന്റെ പട്ടികയിലൊതുങ്ങേണ്ടിവന്നു. എന്തായാലും 90-കളില്‍ അമേരിക്കയില്‍നിന്ന് ധാരാളം എഴുത്തുകാരും കൃതികളും മറ്റ് രചനകളും ഉണ്ടായിട്ടുണ്ടെന്നുള്ളതാണ്.

എന്നാല്‍ രണ്ടായിരമായപ്പോഴേക്കും തൊണ്ണൂറുകളിലുണ്ടായ സാഹിത്യപ്രവാഹം അല്പം കുറഞ്ഞു. തൊണ്ണൂറുകളിലെ മിക്ക എഴുത്തുകാരും എഴുത്തിന്റെ ലോകത്തുനിന്നു മറഞ്ഞു. സര്‍ഗ്ഗശക്തിയും നൈസര്‍ഗിക വാസനയുമുള്ള ആദ്യകാല എഴുത്തുകാരുടെ കൃതികള്‍ ഗണ്യമായി കുറയുകയും ചെയ്തു. എന്നാല്‍ പുതുതായി പല എഴുത്തുകാര്‍ മുമ്പോട്ടു വരികയും അമേരിക്കയില്‍ മലയാള സാഹിത്യം നിര്‍ലോഭം തുടരുകയു ചെയ്തു. ധാരാളം എഴുതണമെന്നോ പെട്ടെന്ന് പേരെടുക്കണമെന്നോ ഒന്നുമുള്ള രീതിയിലായിരുന്നില്ല അന്നത്തെ രചനകളും കൃതികളും. അതുകൊണ്ടുതന്നെ രണ്ടായിരങ്ങളില്‍ കൃതികള്‍ കുറയുകയും ഉണ്ടായിട്ടുള്ളവ പൊതുവെ ഭേദപ്പെട്ടവയുമായിരുന്നു.

എന്നാല്‍ അമേരിക്കയിലെ സാഹിത്യലോകത്ത് ഒരു വലിയ മാറ്റത്തിന്റെ മാറ്റൊലിയുമായിട്ടായിരുന്നു 2000-ങ്ങളുടെ ഒടുക്കവും 2010-കളുടെ തുടക്കവും. ഇലക്ട്രോണിക്ക് മാധ്യമങ്ങളുടെ പ്രചാരം എന്തെഴുതിക്കൊടു ത്താലും അതൊക്കെ അടുത്ത മണിക്കൂറിനു മുമ്പേ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ എഴുത്തു കാരുടെയും രചനകളുടെയും പ്രവാഹമായി. ‘അതിവേഗം ബഹുദൂര’മെന്ന ഒരു സമയത്തെ രാഷ്ട്രീയശൈലിപോല എഴുത്തിന്റെ അതിവേഗ പ്രചാരമായിരുന്നു പിന്നീടങ്ങോട്ട്. പെട്ടെന്ന് പ്രസിദ്ധരാകാമെന്ന നാര്‍സിസ്റ്റിക്ക് ചിന്താഗതിയായിരിക്കാം ഈ അതിവേഗസാഹിത്യത്തിന്റെ പിന്നിലെ ചേതോവികാരം.

അതുകൂടാതെ ഇന്ന് എല്ലാറ്റിലും എന്നപോലെ സാഹിത്യത്തിലും ന്യു ജനറേഷന്റെ കലര്‍പ്പും കാപട്യങ്ങളും കാണാനുണ്ട്. അങ്ങനെ ന്യൂ ജനറേഷന്‍ജ്വരം, പ്രശസ്തി, സാങ്കേതികം, ഡോളര്‍ എല്ലാംകൂടി കലര്‍ന്ന ഒരുതരം സാഹിത്യഭ്രാന്ത് ഇന്നത്തെ ഏറിയപങ്ക് രചകളിലും കാണാന്‍ കഴിയുന്നുണ്ട്. ആദ്യകാലത്ത് ‘ഡോളര്‍ സാഹിത്യ’വും ‘ഓര്‍മ്മസാഹിത്യ’വുമാണ് പ്രചരിച്ചിരുന്നതെങ്കില്‍ ഇന്നത് ‘വികലസാഹിത്യ’ത്തിന്റെ വികൃതികളായി മാറിയിരിക്കുന്നെന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു. അമേരിക്കയിലെ മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ആശങ്കാഭരവും ആപല്‍ക്കരവുമാണ്. എന്നാല്‍ എല്ലാ രചനകളും ഈ നിലവാരത്തില്‍ ഉള്‍പ്പെടുന്നില്ല എന്ന കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല.

അങ്ങനെ ഭാവുകത്വവും സാഹിത്യമുല്യവും ഇല്ലാതെ വെറും വിവരണംപോലെയുള്ള രചനകളുടെ ബാഹുല്യം അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ നിലവാരം വീണ്ടും തകര്‍ച്ചയിലേക്കു കൂപ്പുകുത്താന്‍ കാരണമായി. അതൊക്കെക്കണ്ട് വിവരമുള്ളവര്‍ പുച്ഛം ഉള്ളിലൊതുക്കി മൗനം പാലിച്ചു. ഉപരിപ്ലവമായ ഉത്സാഹവാക്കുകള്‍ പറഞ്ഞ് പലരേയും സന്തോഷിപ്പിച്ചവരുമുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ തുറന്നടിച്ചു അമേരിക്കയിലെ മലയാള സാഹിത്യത്തിന് ‘നെഴ്‌സറി വിദ്യാലയത്തിന്റെ നിലവാരം’പോലുമില്ലെന്ന്.

ഇവിടെ അനാവശ്യമായി വാരിവിതറുന്ന അവാര്‍ഡുകളാണ് എഴുത്തുകാരെ പ്രലോഭിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകം. അവാര്‍ഡുകള്‍ നല്ലതും വേണ്ടതുമാണ്. ഏതു തൊഴിലിനും പ്രചോദനത്തിനും പ്രോത്സാഹനത്തിനും അവാര്‍ഡുകള്‍ പ്രയോജനപ്പെടും. എന്നാല്‍ യാതൊരു മാനദണ്ഡവുമില്ലാതെ ഏതൊരാള്‍ക്കും വാരിക്കോരിക്കൊടുക്കുന്ന അല്ലെങ്കില്‍ വളഞ്ഞവഴിയിലൂടെ വാങ്ങിച്ചെടുക്കുന്ന അവാര്‍ഡുകള്‍ക്ക് എന്തു മൂല്യമാണുള്ളത്?

ഇക്കഴിഞ്ഞ ഫൊക്കാന, ഫോമാ കണ്‍വന്‍ഷനുകളില്‍ (2014) അവാര്‍ഡിന്റെയും അംഗീകാരത്തിന്റെയും ആദരത്തിന്റെയും സുനാമിയാണ് കാണാന്‍ കഴിഞ്ഞത്. ആ സുനാമിയില്‍ ഒലിച്ചില്ലാതായത് സാഹിത്യവും. ഇനിയും അവാര്‍ഡു കൊടുക്കാനായി മാത്രം ചില സംഘടനകളുണ്ട്. ഒരു പ്ലാക്ക് കൊടുത്തുതുകൊണ്ട് എങ്ങനെ ഭാഷയെ പരിഭോഷിപ്പിക്കാമെന്ന് മനസിലാകുന്നില്ല. മറിച്ച് അത് എഴുത്തുകാരുടെ കഴിവിനെയും ചിന്താശക്തിയെയും ഹനിയ്ക്കുകയാണ് ചെയ്യുന്നത്. അതുവഴി ഭാഷയും സാഹിത്യവും വികൃതമാകുകയും ചെയ്യും.

അതുപോലെതന്നെയാണ് പുസ്തകാഭിപ്രായങ്ങള്‍. കൃതിയിലെ പോരായ്മകള്‍ എടുത്തുകാട്ടാതെ അല്ലെങ്കില്‍ അതിനു കഴിയാതെ കുറെ നല്ല വാക്കുകള്‍ മാത്രം എഴുതിവിടുന്നതും എഴുത്തുകാര്‍ക്ക് പ്രയോജനം ചെയ്യുന്നതല്ല. അതുകൊണ്ട് എഴുത്തുകാര്‍ക്കുണ്ടാകുന്ന സന്തോഷം കേവലം നൈമിഷികം മാത്രമായിരിക്കും. അത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒരു പക്ഷേ പ്രലോഭിപ്പിച്ച് സ്‌നേഹദരവുകള്‍ പിടിച്ചുപറ്റാനുള്ള നിഗൂഢതന്ത്രവും ആയിക്കൂടെന്നില്ല.

അമേരിക്കയില്‍ മലയാള സാഹിത്യം വളരുന്നതിനും ഉയരുന്നതിനും എഴുത്തുകാരുടെ പൂര്‍ണ്ണ ശ്രദ്ധയും സഹകരണവും ആവശ്യമാണ്. അതിന് എനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ കുറിയ്ക്കട്ടെ:­-

1. എഴുത്തുകാര്‍ സാഹിത്യത്തില്‍ തങ്ങള്‍ക്കുള്ള കഴിവ് സ്വയം മനസ്സിലാക്കണം. അതിന് ധാരാളം അറിവും പരന്ന വായനയും അനിവാര്യമാണ്. പ്രത്യേകിച്ച് അമേരിക്കയിലെ എഴുത്തുകാരുടെ രചനകളും കൃതികളും പരസ്പരം വായിച്ചിരിക്കണം. ഇവിടെ ആര് എന്തെഴുതിയിട്ടുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം? ആരും അതിനു ശ്രമിക്കുന്നതുമില്ലെന്നുള്ളതാണ് ശോചനീയം. അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കുന്നതാണ് അതിലും ശോചനീയം.

2. എഴുത്തുകാര്‍ സ്വയം വിമര്‍ശകരാകണം. അതിനുശേഷമായിരിക്കണം മറ്റുള്ളവരുടെ അഭിപ്രായം ആരായേണ്ടത്.

3. എഴുത്തുകാരുടെ ചിന്ത മറ്റുള്ളവരില്‍നിന്ന് വ്യത്യസ്ഥമായിരിക്കണം. ഒരു സംഭവം വിവരിക്കുന്നത് സാഹിത്യമാകുന്നില്ല. അത് സാമൂഹ്യപ്രതിബദ്ധതയുമല്ല. അതില്‍ എഴുത്തുകാരന്റെ ഭാവനയും ദര്‍ശനവും കണ്ടെത്തലുമുണ്ടാകണം. അനുവാചകരുടെ ആസ്വാദനത്തിനും അവധാനത്തിനും പകര്‍ന്നു നല്‍കാന്‍ വേണ്ട സത്തയുണ്ടാകണം. അല്ലാത്തത് പ്രസ്താവനമാത്രമായിരിക്കും. അങ്ങനെ, എഴുതുന്നത് എന്താണെന്ന് സ്വയം മനസിലാക്കാന്‍ കഴിയണം. അതിനു കഴിയാത്തവര്‍ എഴുതിയിട്ടു കാര്യമില്ല.

4. പുസ്തകമെന്നല്ല എന്തെഴുതിയാലും പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് പല ആവര്‍ത്തി വായിച്ച് സ്വയം തെറ്റുകള്‍ തിരുത്തണം. അറിവുള്ളവരെക്കൊണ്ട് വായിപ്പിച്ച് അഭിപ്രായം ആരായുന്നതും നല്ലതാണ്. വാചകങ്ങളുടെ ഘടന, വാക്കുകളുടെ പ്രയോഗം അതായത് പദവിന്യാസം (Syntax) അങ്ങനെ ഓരോന്നും ശ്രദ്ധിച്ച് ഏതുവിധത്തിലായാല്‍ കൂടുതല്‍ മെച്ചപ്പെടുമെന്നു മനസിലാക്കി പ്രയോഗിക്കണം.

5. ഒരു പുസ്തകമൊ മറ്റ് ഏതെങ്കിലും രചനയൊ പ്രസദ്ധീകരിച്ചു കഴിഞ്ഞാല്‍ അവാര്‍ഡുകള്‍ക്കുവേണ്ടി ഓടിനടക്കാതെ എഴുത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തി വ്യത്യസ്ഥമായ രചനകള്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കണം. മഹാപണ്ഡിതപ്രമാണികളുടെ വിമര്‍ശനശരങ്ങളെ അതിജീവിച്ച് കേരളക്കര നെഞ്ചിലേറ്റിയ മഹാകവി ചങ്ങമ്പുഴ സാഹിത്യത്തോടു യാചിക്കുന്നതോര്‍ക്കുക­-

“തവതലമുടിയില്‍നിന്നൊരു നാരുപോരും

തരികെന്നെതഴുകെട്ടെ പെരുമയും പേരും”

അതായത് കാവ്യമാകുന്ന അല്ലെങ്കില്‍ സാഹിത്യമാകുന്ന സരസ്വതിദേവിയുടെ തലമുടിയില്‍നിന്നു ഒരു നാരെങ്കിലും ലഭിച്ചാല്‍ മതി പേരും പെരുമയുംകൊണ്ടെന്നെ തഴുകുവാന്‍.

സാഹിത്യം വളരെണമെങ്കില്‍ ഉല്‍ക്കൃഷ്ടമായ രചനകളും കൃതികളും ഉണ്ടാകണം. സാഹിത്യം സത്യമാണ്. വാക്ക് സരസ്വതിയാണ്. അക്ഷരങ്ങള്‍ സരസ്വതീരൂപമാണ്. അതിനെ അതേ അര്‍ത്ഥത്തോടും അന്തസത്തയോടും ബഹുമാനത്തോടും സമീപിക്കണം.

മേല്പറഞ്ഞ കാര്യങ്ങളുടെ ബോധത്തോടെ സാഹിത്യത്തെ സമീപിക്കുക. അവിടെ മെച്ചപ്പെട്ട രചനകളിലേക്കുള്ള വാതായനം തുറക്കപ്പെടും.


മണ്ണിക്കരോട്ട് (www.mannickarottu.net)
ദിശാബോധം നഷ്ടപ്പെടുന്ന അമേരിക്കയിലെ മലയാള സാഹിത്യം (മണ്ണിക്കരോട്ട്)
Join WhatsApp News
Sudhir 2014-10-17 07:54:16
അമേരിക്കൻ മലയാള സാഹിത്യത്തിലെ കുലപതികളിൽ ഒരാളായ ശ്രീ മണ്ണിക്കരോട്ടിനു നമസ്കാരം. അദ്ദേഹത്തിന്റെ നിർദേശങ്ങളിൽ ഒന്നാമത്തേത് വളരെ പ്രധാനമാണ്~. ഏഴു വായനക്കാരും ഇരുനൂറു എഴുത്തുകാരുമുള്ള ഇവിടെ നല്ല ക്രുതിയേത് ചീത്ത ക്രുതിയേത് എന്ന
വിവേചനമില്ല. എല്ലാം  തല്ലിപൊളിയ്യെന്ന മനോഭാവം. പിന്നെ സ്വന്തം കൃതികൾക്ക് മേന്മയില്ലെന്ന് മനസ്സിലാക്കി അപരന്റെ കൃതികളെ വിലയിടിച്ചെഴുതി കയ്യടി നേടുന്നവർ അമേരിക്കൻ മലയാള സാഹിത്യത്തിനു ഒരു ഗുണവും ചെയ്യുന്നില്ല.  ഒരു കൃതിയിലെ നല്ല വശങ്ങൾ എടുത്തെഴുതുന്നത് നിരൂപണത്തിന്റെ ഒരു ശൈലിയാണു. "നിനക്കൊക്കെ വേറെ തൊഴിലില്ലേ" എന്നും നിരൂപണം ചെയ്യുന്നവര്  ഉണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മേൽ കുതിരകയറ്റം
തുടങ്ങിയത് ന്യുയോർക്കിൽ നിന്നാണെന്നത് വ്യസനകരമാണു. പിന്നെ ജനം അത് കൊണ്ടാടി.
ശ്രീ മണ്ണിക്കരോട്ട് നിർദേശിച്ചപോലെ ജനം ക്രുതികൾ വായിച്ചതിനു ശേഷം അഭിപ്രായം പറയട്ടെ.  എല്ലാവരും തന്നെ ബഹുമാനിക്കുന്നത് കണ്ട് അന്ധാളിച്ച് ഒരു പാവം കിഴവാൻ  പറഞ്ഞ
അഭിപ്രായവും ചുമന്നു അയാളുടെ കാലും നക്കി
എല്ലാ എഴുത്തുകാരെയും അധിക്ഷേപിക്കുന്നതിൽ
അർഥമില്ല. പ്രശസ്തിക്കും അവാഡിനും പടം അച്ചടിച്ച് വരുന്നതിനും എഴുതുന്നവർ ഉണ്ടാകാം.
എല്ലാ മനുഷ്യരും വ്യത്യസ്തരല്ലേ. അതുകൊണ്ട് അവര്ക്ക് സന്തോഷം ലഭിക്കുന്നെങ്കിൽ ആയിക്കോട്ടെ
അത് നല്ല സാഹിത്യത്തെ നശിപ്പിക്കയില്ല. ചേറിൽ താമര വിരിഞ്ഞ് നില്ക്കുന്നില്ലേ? ഏഴു വായനകാർ എന്ന നിലയിൽ നിന്നും അവരുടെ  എണ്ണം കൂടുമ്പോൾ നല്ല ക്രുതികൾ മാത്രം ശ്രദ്ധിക്കപ്പെടുമ്മ്പോൾ പ്രശ്നം കുറയും.
ശ്രീ മണ്ണികരോട്ട് (അമേരിക്കൻ മലയാള സാഹിത്യമെഴുതിയ വ്യക്തിയെന്ന  നിലയിൽ) മുന്കൈ എടുത്ത് ഇവിടത്തെ സാഹിത്യത്തിലെ നെല്ലും പതിരും വേര്തിരിക്കാൻ ശ്രമം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രീ മണ്ണിക്കരോട്ടിന്റെ ലേഖനം അമേരിക്കൻ മലയാള സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കാണിക്കുന്നു. അഭിനനന്ദനം ശ്രീ മണ്ണിക്കരൊട്ട്.
Thomas K.Varghese 2014-10-17 09:36:57
To get rid off the ego and change the perception is a good advice. Healthy criticism is another subject for the growth. I wish people reed this article and think about it. Mr. Mannickarottu! I asppreciate you.
എസ്കെ 2014-10-17 19:05:39

എഴുതാന്‍ അറിയാവുന്ന ചുരുക്കം ചിലരൊഴിച്ചാല്‍ ബാക്കിയെല്ലാം തല്ലിപ്പഴിപ്പിച്ച സാഹിത്യചോരന്‍മാരാണ്

വിദ്യാധരൻ 2014-10-17 20:59:14
ദിശാബോധമില്ലാതെ അമേരിക്കയിലെ മലയാള സാഹിത്യം മുങ്ങിയും പൊങ്ങിയും നീങ്ങുന്നതിനു കാരണം അമരക്കാരനില്ലാത്താതാണെന്നുള്ള ലേഖകന്റെ അഭിപ്രായത്തോട് യോചിക്കുന്നു. എന്നാൽ ആരാണ് യഥാർത്തത്തിൽ അമരക്കാരെൻ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. "ആപല്ക്കരമായ അതിമോഹക്കൊണ്ട് ഡോളറിന്റെ" ബലംക്കൊണ്ട് മലയാള സാഹിത്ത്യം അല്ലെങ്കിൽ പ്രവാസ സാഹിത്യം എന്ന ഒരു വൃത്തികെട്ട വിഭാഗം ഉണ്ടാക്കിയെടുക്കുകയാണ് യഥാർതത്തിൽ അമേരിക്കയിലെ ബഹുഭൂരിപക്ഷം സാഹിത്യ കാരന്മാരും ചെയ്തത്. മലയാള ഭാഷയെ അവന്ജയോടു നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് ലേഖകൻ വളരെ വ്യക്തമായി പറയുന്നു. അതിന്റെ അർഥം നൈസർഗ്ഗികമായി തന്നെ മലയാള ഭാഷയോട് പ്രതിപത്തിയുള്ളവരല്ലായിരുന്നു ഇവിടെ ആദ്യകാലത്ത് കുടിയേറിയവർ എന്നും വേണമെങ്കിൽ വ്യാഖ്യാനിക്കാം . .അതല്ലെങ്കിൽ തന്നെ ജീവിതമാർഗ്ഗവും സാമ്പത്തിക ഭദ്രതയും തേടി പോകുന്നവർക്ക് സാഹിത്യമല്ലല്ലോ അവരുടെ മനസ്സിൽ മുന്തി നില്ക്കുന്നത്. തങ്ങളുടെ അടുത്ത തലമുറ തങ്ങളെക്കാളും ഉന്നത നിലയിൽ ആയിത്തീരണം മോഹം, അതിനിടയിൽ താനാരാണെന്ന് അറിയാൻ വയ്യാത്ത അവസ്ഥ, താനാരാണെന്ന് മനസിലാക്കി കൊടുക്കാം എന്ന് മോഹിപ്പിക്കുന്ന ദേവാലയങ്ങൾ, അവര് നല്കുന്ന സ്ഥാനമാനങ്ങൾ, സാമൂഹിയ സംഘടനകൾ അങ്ങനെ അമേരിക്കയിലേക്ക് വന്ന്തെന്തിനാണെന്ന് മറന്നു കുതിക്കുമ്പോൾ ജീവിതത്തിന്റെ താളം തെറ്റലുകൾ. അതിൽ ചിലരുടെ കുടുംബം കുട്ടിച്ചോറായെങ്കിലും ബാങ്കിൽ പച്ച ഡോളർ കുമിഞ്ഞു കൂടി. ചിലർ ബൗധികതയുടെ അടയാളമായ സാഹിത്യ വൃത്തി ആരംഭിച്ചു. പ്കഷെ അവൻ അവന്റെ വിജയ പരാജയങ്ങളുടെ കഥ മാത്രം എഴുതുകയില്ല (അക്ബർ കട്ടിക്കാട്ടിൽ പറഞ്ഞത് പോലെ) ആരെക്കൊണ്ടെങ്കിലും കഥ എഴുതിപ്പിക്കും (പറഞ്ഞു കേട്ടിട്ടുലല്ലതാണ് -പക്ഷെ 99 % സത്യം ആയിരിക്കും) അല്ലെങ്കിൽ ചില പട്ടി കടിച്ചു കീറിയപ്പോലത്തെ ഒരു എത്തും പിടിയും ഇല്ലാത്ത കഥയും കവിതയു പടച്ചു വിടും. എന്നിട്ട് അവാർഡുകളും പ്ലാക്കും പൊന്നാടയും ഒക്കെ വാങ്ങി തലമുഴങ്ങാരം ഇട്ടു മൂടും. അത് പോരാഞ്ഞിട്ട് ഒരു ഒന്നര മൈൽ നീട്ടം ഉള്ള ലേഖനം നാട്ടിലുള്ള സാഹിത്യ കാരന്മാരെ ചീത്ത പറഞ്ഞു എഴുതും - അമേരിക്കയിൽ ഒരു സാഹിത്യവും ഇല്ല. ഉണ്ടെന്നു , റോഡരികത്ത് 'ഇന്ന് നൂറു ശതമാനം സെയിൽ എന്ന് ബോർഡു പിടിച്ചുകൊണ്ടു നില്ക്കുന്നവരെ പോലെ ' എല്ലാ മൂന്നു മാസം കൂടുമ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. ജന്മനാ സാഹിത്യത്തോട് വാസനയുള്ളവർ നല്ല വായനക്കാരായിരിക്കും. വായനയിലൂടെ തന്നിലുള്ള വാസനയെ വികസിപ്പിക്കുന്നതിനോടോപ്പം അവനിലെ ഞാൻ എന്ന ഭാവത്തെ ഇല്ലായിമ ചെയ്യ്തു മനസിനെ മയപ്പെടുത്തുകകൂടിയാണ്. ഇങ്ങനെയുള്ളവർക്ക് മാത്രമേ ഒന്നും മറച്ചു വയ്യ്ക്കാതെ തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങളെ കഥയോ നോവോല ആക്കാൻ കഴിയു (അക്ക്ബ്ർ കട്ടിക്കാട് ). അല്ലാതെ അമേരിക്കയിലെ വെറും പൊങ്ങച്ച സാഹിത്യത്തിനു മലയാള സാഹിത്യവുമായി യാതൊരു ബന്ധവും ഇല്ല. എന്തായാലും ലേഖകൻ ഒരു സംവാദത്തിനുള്ള വെടിമരുന്നു ഇട്ടിട്ടുണ്ട്. വെടിക്കെട്ട്‌ കാണണ്ടവർ കത്തിച്ചു തുടങ്ങിക്കൊള്ളുക "എൻ ചിരതപ ശ്ശക്തി വീശിയ സംസ്ക്കാരത്തിൻ, സഞ്ചിത സർഗ്ഗ ജ്വാലാ വീചികൾ തുടിക്കുന്നു, ഇത്തിരി ഒഴിഞ്ഞു നിന്നീ വിശ്വ പ്രകൃതി തൻ നൃത്ത മുദ്ദ്രകൾ കണ്ടു രസിക്കാനെല്ലെൻ മോഹം "
ഒരെഴുത്തുകാരൻ 2014-10-18 06:56:53
അമേരിക്കയിൽ മലയാള സാഹിത്യം ഇല്ല എന്ന വിദ്യാധരന്റെ വാദം അമേരിക്കയിലെ സാഹിത്യ സേവകരായ ഒരു കൂട്ടം എഴുത്തുകാരുടെ മേലുള്ള കടന്നു കയറ്റമാണ്. അക്ബർ കട്ടിക്കാട്ടിൽ വിവരം ഇല്ലാതെ എന്തോ പറഞ്ഞെന്നു വച്ച് അതിനെപിടിച്ചു വിദ്യാധരൻ അഴിച്ചു വിടുന്ന ഈ ആക്രമണം ഒരിക്കലും നീതികരിക്കാനാവില്ല.
വിദ്യാധരൻ 2014-10-18 10:42:47
വേണ്ട നീതികരിക്കണ്ട എഴുത്തുകാരാ . പക്ഷേ ന്യായികരിക്കാനാവും. ഞാൻ എന്റെ ന്യായികരണം ഇവിടെ നിരത്താം. നിങ്ങൾ നിങ്ങളുടെയും ന്യായികരണം നിരത്ത്. വായനക്കാർ വിധി എഴുതട്ടെ. മലയാള സാഹിത്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏ. ഡി. 9-൦ 12-൦ നൂറ്റാണ്ടിലാണഎന്നാണു കേരള ചരിത്രത്തിൽ ശ്രി. ശ്രീധരമേനോൻ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമദീപികയുടെ തോലൻ ആദ്യമായി കവിത എഴുതിയതായി രേഖപ്പെടുത്തിയിരിക്കുന്നു. പിന്നെയുള്ള മലയാള സാഹിത്യത്തിന്റെ വളർച്ച ഒന്നിനോട് ഒന്ന് ബന്ധം അറ്റുപോകാതെ തുടര്ച്ചയുള്ളതായിരുന്നു. ചമ്പക്കുളം സന്ദേശകാവ്യങ്ങൾ, നിരണം കവികൾ, കൃഷണഗാഥ, മദ്ധ്യകാല ചമ്പുക്കൾ, ഭക്തികാവ്യങ്ങൾ, ആട്ടകഥകൾ, കുഞ്ചൻ നമ്പിയാരും രാമപുരത്തു വാര്യരും, ആദ്യകാല മിഷനറിമാരുടെ സാഹിത്യപ്രവർത്തനങ്ങൾ തുടങ്ങിയവ. കുഞ്ചൻ നമ്പ്യാർ ചരമമടഞ്ഞ 1770 തൊട്ട് സ്വാതി തിരുനാൾ തിരുവിതാംകൂർ ഭരണമേറ്റ 1829 വരെയുള്ള കാലഘട്ടം മലയാള സാഹിത്യത്തിന്റെ ചരിതരത്തിൽ നിശ്ചലമാണ് .സ്വാതി തിരുനാൾ പ്രതിഭാശാലിയായ കവിയും ഗാന രചയിതാവും ആയിരുന്നു, കേരളവർമ്മ വലിയകോയി തമ്പുരാൻ, ഏ. ആർ രാജരാജാവർമ്മ തുടങ്ങിയവരുടെ സമയം. കുഞ്ചൻ നമ്പ്യാർക്ക്ശേഷം മലയാള സാഹിത്യത്തിനു ജീവിതത്തോടുള്ള ബന്ധം കുറഞ്ഞു കുറഞ്ഞു വന്നു. അമേരിക്കൻ സാഹിത്യം പോലെ പൊള്ളയായ പുറംതോട് ചായം തേച്ചു മിനുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. കുമാരനാശാൻ, വള്ളത്തോൾ, നാരായണ മേനോൻ, ഉള്ളൂർ എസ് പരമേശ്വരയ്യർ തുടങ്ങിയ കവികൾ നല്കിയ വിശിഷ്ട സംഭാവനകൾ ആധുനിക മലയാള സാഹിത്യത്തിനും കവിതക്കും ഗാംഭീര്യം നേടികൊടുത്തത്. അമേരിക്കൻ സാഹിത്യം നശിച്ചുകൊണ്ടിരിക്കുന്ന മലയാളഭാഷയെ രക്ഷിക്കാനായി എന്തോ ചെയ്യുത് എന്ന് വീരവാദം മുഴക്കുന്നവർ ഒന്ന് ശ്രദ്ധിക്കണം നിങ്ങൾ, നിങ്ങളുടെ പണക്കൊഴുപ്പിന്റെ പേരിലും 'നിങ്ങളുടെ ഒടുങ്ങാത്ത മോഹങ്ങളുടെ പേരിലും ഭാഷയെ നശിപ്പിക്കുകയാണ്. എഴുതാൻ വരം കിട്ടിയിട്ടില്ലാത്തവർ എഴുത്ത് നിറുത്തി വീട്ടിലിരിക്കു. അല്ലാതെ ആഴച്ചയിൽ ഓരോന്ന് പടച്ചു വിട്ടു 'മുതു കാള പശുവിനെ മെനക്കെടുത്തെന്നന്നു' പറഞ്ഞതുപോലെ വായനക്കാരെ എന്തിനാണ് മെനക്കെടുത്തുന്നത്. നിങ്ങളുടെ ബുദ്ധി ശൂന്യതയിൽ വിരിഞ്ഞ ഒരു സന്താനമാണ് നിങ്ങൾ തന്നെ പേരുകൊടുത്തു വിളിച്ച 'പ്രവാസ സാഹിത്യം' ആ അസുരവിത്ത്‌ നിങ്ങളുടെ സംഹാരകനുമായിരിക്കും. അത് മനസ്സിൽ കുറിച്ചിട്ടോ. സത്യം എന്നും ഭയപ്പെടുത്തുന്നതാണ്. സത്യം നിങ്ങളെ നേരായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാൻ ആവശ്യപ്പെടും. പക്ഷേ കള്ളരത്തിന്റെയും വഞ്ചനയുടെയും ചെളികുണ്ടിൽ വളർന്ന നിങ്ങളുടെ ബുദ്ധിക്കു അത് ഉൾക്കൊള്ളാൻ ആവില്ലെന്ന് എനിക്കറിയാം. നിങ്ങൾ കൂടുതൽ ചവറുകൾ പടച്ചു വീട്ട്, നിങ്ങൾ പടുത്തുയർത്തിയ നിങ്ങളുടെ പ്രവാസ സാഹിത്യ കൊട്ടാരങ്ങളെ നില നിർത്തും. സത്യം വിളിച്ചു പറയുന്നവനെ നിങ്ങൾ 'അക്രമി' എന്ന് വിളിച്ചു ഒറ്റപ്പെടുത്തും. നിങ്ങൾ പരമനേം പവനനേം ഒക്കെ ഇറക്കി ഭയപ്പെടുത്താൻ നോക്കും. പക്ഷെ ഭീരുക്കളായ നിങ്ങളുടെ അട്ടഹാസത്തിൽ ആര് ഭയപ്പെടാനാണ്. ലേഖകൻ ചെയ്ത ഒരു ചീത്ത കാര്യം അനർഹരായ പലരുടെയും പേര് ചേർത്തു ഒരു അമേരിക്കൻ മലയാള സാഹിത്യ ചരിത്രം ഉണ്ടാക്കി എന്നതാണ്, ചീത്ത കാര്യം എന്ന് പറയാൻ കാരണം അഹങ്കാരികളായ പലരുടേയും പേരും കൃതികളും അവന്മാരുടെ കാലശേഷവും ചിലപ്പോൾ നില നിൽക്കും എന്നുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ ശ്രി. മണ്ണിക്കരോട്ട് ചെയ്യതതു തികച്ചും സുത്യർഹമായ ഒരു കാര്യമാണ് (അതിന് അദ്ദേഹത്തിനു ഒരു അവാർഡു കൊടുത്ത് ആദരിക്കാൻ ഒരുത്തനും കഴിഞ്ഞില്ലന്നത്തന്നെ ഇവിടുത്തെ അസൂയ നിറഞ്ഞ വർഗ്ഗത്തിന്റെ തനി സ്വഭാവത്തെ വിളിച്ചുകാട്ടുന്നു. എന്തായാലും തൽക്കാലം നിറുത്തുന്നു. ഇനി ഒരെഴുത്തുകാരന്റെ പ്രതികരണത്തിനായി കാതോർക്കുന്നു. ദയവു ചെയ്യുത് ചില പീറ പിള്ളാരെ കളത്തിൽ ഇറക്കി കളിക്കാൻ നോക്കരുത്. അന്നേരം ഞാൻ ഭാഷ മറ്റും. പത്രാതിപർ അപത്തത്തിൽ എന്റെ പ്രതികരിച്ചാൽ പ്രസിദ്ധീകരിച്ചാൽ അത് എല്ലാവർക്കും മോശമല്ലേ?
Vivekan 2014-10-18 12:29:22
വിദ്യാധരനോട് യോജിക്കുന്നു. മലയാളത്തിൽ പലരും എഴുതുന്നത്‌ നമ്മൾ വായിക്കുന്നതു എഴുത്തുകാരൻ ഒരു പ്രത്യേക ദേശക്കാരനൊ രാജ്യക്കാരനോ എന്നു നോക്കിയല്ല. പേരുകേട്ട എഴുത്തുകാരെ എല്ലാവരും ശ്രദ്ധിക്കുന്നു. അവരുടെ എഴുത്താണു അവരെ പേരു കേട്ടവരാക്കിയത്. എഴുത്തു മെച്ചമെങ്കിൽ പുതുമുഖങ്ങളും വലിയ പ്രചാരം നേടിയവരല്ലാത്തവരും ക്രമേണ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റും. അറിവും കഴിവും 'സ്റ്റയിലും' ഒക്കെ അതിനു കാരണങ്ങൾ ആണ്.  ഇതെല്ലാവർക്കും അറിയാവുന്ന സത്യം.

എഴുതിയ ആൾ അമേരിക്കകാരനാണോ, വീട് 'ഇരിക്കുംപൊയ്ക' യിലാണോ എന്നാരും ശ്രദ്ധിക്കുന്നില്ല ഇവർ സങ്കല്പ്പിക്കുന്നപോലെ. അമേരിക്കയിൽ വന്നതുകൊണ്ട് അമേരിക്കയും ഇംഗ്ലീഷും ചേർത്തു സാഹിത്യമോ കവിതയോ പാരടിയോ മലയാളത്തിൽ എഴുതാനാവില്ല. തങ്ങളുടെ ഭാഷയിൽ  പറയാനുള്ളത് എല്ലാവരും എഴുതി അറിയിക്കുന്നു, പറയുന്നു, പാടുന്നു. സായിപ്പിന്റെയും മദാമ്മേടെയും കൂടെ ഒന്നിച്ചിരുന്നു എഴുതിയെന്നോ, അമേരിക്കയിലെ 'വലീയ', 'പയങ്കര' 'ലോകോത്തര' പേനാ വെച്ചു എഴുതിയ മലയാളമെന്നു ധരിച്ചതുകൊണ്ടോ വായനക്കാർക്ക് പ്രത്യേകത തോന്നില്ല. അത്തരത്തിൽ ഒരമേരിക്കൻ നിറം ചേർക്കാൻ ചിലർ പാടുപെടുന്നു. അവരെല്ലാം നീണ്ട ലേഖനങ്ങൾ എഴുതുന്നു, പരസ്പരം പുറം ചൊറിയുന്നു. അമേരിക്കയിൽ നിന്നുള്ള എഴുത്തുകൾക്ക് ജോലികളിൽ റിസർവേഷൻ നൽകി സഹായിക്കുന്നപോലെ കേരളത്തിലെ പത്ര-വാരിക-മാസികകൾ റിസർവേഷൻ നൽകി പബ്ലീഷു ചെയ്യണമെന്നുവരെ ന്യൂയോർക്കിൽ കേരളത്തിലെ എഴുത്തുകാരെ കൊണ്ടുവന്നു നടത്തിയ സമ്മേളനങ്ങളിൽ ആവിശ്യപ്പെട്ടിട്ടുണ്ട്.

'അമേരിക്ക' എന്നു കേട്ടാൽ കേരളത്തിൽ പിച്ചക്കാരനും, 'ഡോളറിൽ പിച്ച തന്നാൽ മതി' എന്ന നിലവാരത്തിൽ ഇന്ത്യ ഒട്ടാകെ അമേരിക്കൻ സ്വപ്നം ദിവസവും ഉദിച്ചസ്തമിക്കുന്നു. കഥയും നോവലും കവിതകളും എഴുതി ആരും പ്രസ്ധീകരിച്ചില്ലെങ്കിൽ പോലും നാട്ടിൽ കൊണ്ടുപോയി പ്രൊഫഷണൽ പുസ്തകമാക്കി പ്രിന്റു ചെയ്യിച്ചു കൊണ്ടുവന്നു വീട് കേറിയിറങ്ങിയും പള്ളിസമ്മേളനങ്ങളിലും പബ്ലിക്ക് മീറ്റിംഗുകളിലും വിതരണം ചെയ്തും പലരും സാഹിത്യകാരന്മാരായി ചമഞ്ഞു പോരുന്നു. മലയാളത്തിലെ ഒന്നാകിട എഴുത്തുകാരെപ്പോലെ  'ചെത്തുമാനൂർ തോമസ്സ്‌' (ബ്രാക്കറ്റിൽ ബേവിച്ചൻ) എന്നെഴുതി സൂട്ടും റ്റൈയും കെട്ടി വടക്കോട്ട്‌ തിരിഞ്ഞിരുന്നു തെക്കോട്ട്‌ നോക്കി പടമെടുത്തു 'ടച്ചപ്പ്' ചെയ്തു കവിളും തലയും മൊഖവുമൊക്കെ മറ്റാരെപ്പോലെയോ ആക്കി അതു വെച്ചടിച്ച നീണ്ട എഴുത്തുകുളിൽ ശൂന്യതയല്ലാതെ ഒന്നുംതന്നെ കാണാനില്ല. അമേരിക്കൻ എഴുത്തെന്നും പ്രവാസി എഴുത്തെന്നും വേർതിരിക്കേണ്ട ആവിശ്യം ഇല്ല. തിരുവനതപുരത്തെ എഴുത്ത്, കോട്ടയത്തെ എഴുത്ത് എന്ന് വേർതിരിവ് കേരളത്തിൽ കാണാനില്ല. അപ്പോൾ ഇവിടെ ഈ വികാരം എങ്ങനെ വന്നു?
(എന്റെ പരുക്കൻ ഭാഷയിൽ എഴുതുന്ന ഇതു പത്രാധിപർക്ക്  പിടിക്കില്ലെങ്കിൽ ഇടണ്ട. മുറിച്ചു ചുരുക്കി വളിപ്പാക്കരുതെന്നപേക്ഷ).
JENIN 2014-10-18 15:12:26

നീളംകൂടിയവെരെയും കുറിയാക്കോസ് എന്ന് വിളിക്കും. വിദ്യാധരന്‍ എന്ന്

പേരുള്ളത് കൊണ്ട് വിവരം ഉണ്ടാകണം എന്നില്ല. ചരിത്രം അറിയാതെ

 കാടടച്ചു  വെടിവക്കരുത് മണ്ണിക്കാരോട്ടിനു ലാന അവാര്‍ഡ് കൊടിത്തിട്ടുണ്ട്.   

Malayalee 2014-10-18 16:21:25
താടി വളർത്തി മേലോട്ട് നോക്കി ഒരു ജുബ്ബയും (അതിനു എന്നും ഒരു നിറമാണ്) ഒക്കെ ഇട്ടു മാനത്തു നോക്കിയിരിക്കുന്ന പടം ഇട്ടാലും എഴുത്തുകാരാകും ആകുമെന്ന് തെറ്റ് ധരിക്കുന്നവരും അമേരിക്കയിലുണ്ട്. ഇവരെല്ലാം ചേർന്ന് മലയാള സാഹിത്യത്തിന്റെ അമേരിക്കയിലുള്ള വളർച്ച വലിയ കാല താമസം ഇല്ലാതെ ശരിയാക്കും എന്നതിന് സംശയം ഇല്ല. ഇവരെ പ്രോത്സാഹിപ്പിക്കുന്ന ചില കേരളത്തിലെ സാഹിത്യകാരന്മാരും ഉണ്ട്. ഒരുപക്ഷേ അവർ അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടിക്കുന്നതായിരിക്കും. ഈശ്വരാ രക്ഷിത് ...
Sudhir Panikkaveetil 2014-10-18 16:33:44
എന്തായാലും ന്യൂയോർക്ക്കാരെ സമ്മതിക്കണം. അവിടെ നിന്നും പൊട്ടിപ്പുറപ്പെട്ട വാക്കാണ്
പുറം ചൊറിയൽ. എന്തെല്ലാം വിശേഷണങ്ങളാണു
ന്യുയോര്ക്കിലെ ഒരാളും അയാളുടെ കയ്യാളും കൂടി എഴുത്തുകാര്ക്ക്
കൊടുത്തിരിക്കുന്നത്. അതൊക്കെ അവരുടെ അടിമകൾ
പാടി നടക്കുന്നു. അയ്യോ കഷ്ടം !!

എഴുത്തുകാർ എഴുതുന്നതൊന്നും ആര്ക്കും
ഇഷ്ട്മാവുന്നില്ലെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അത് കൊണ്ട് അവർ ഒരു രചന വന്നാൽ ഉടനെ
പത്രാധിപര്ക്ക് എഴുതുക. ഒരു രചനയ്ക്ക്
പത്തിൽ കൂടുതൽ ആളുകളിൽ നിന്നും
"കൊള്ളില്ല" എന്ന കമന്റ് കിട്ടിയാൽ രചന
ഉടനെ മാറ്റുക. ഇതാണു എളുപ്പമായ മാര്ഗം.
അങ്ങനെ രചനകൾ വായ്നകാർ തിരസ്കരിക്കുമ്പോൾ
പത്ര താളുകളിൽ നല്ല രചനകൾ മാത്രം
അവശേഷിക്കും.  ഇതിനു പത്രാധിപരും, വായന്കാരും തയ്യാറാകുമോ?

ശ്രീ മണ്ണികരോട്ടിന്റെ ലേഖനം എത്ര പേർ വായിച്ചു. വായിച്ചവർ ശ്രീ മണ്ണികരോട്ടിനെ
വിളിക്കട്ടെ. അപ്പോൾ അറിയാമല്ലോ പ്രതികരണത്തിന്റെ ശക്തി.
അന്ജാതൻ 2014-10-18 18:56:47
വിദ്യാധരൻ പറഞ്ഞതുപോലെ വെടിക്കെട്ട്‌ തുടങ്ങി. മലയാള സാഹിത്യമെ കേഴുന്നു നിന്നെ ഓർത്ത്‌. നിന്റ കഴുത്തറുത്തു ചുടല നൃത്തം നടത്തും ഇവരെല്ലാം ചേർന്ന്. ഹാ തപിക്കുന്നെന്റെ ഹൃദയം നിന്നെയോർത്തു
വിദ്യാധരൻ 2014-10-18 19:05:30
ജനിനന്റെ ഇത്തരത്തിലുള്ള നർമ്മ ബോധം ചേർത്തു കഥകൾ എഴുതിയാൽ അത് ഇപ്പോഴത്തെ ഈ ചവറിനെക്കാൾ മെച്ചമായിരിക്കും
കുഞ്ഞവത 2014-10-18 19:56:00
എന്തുകൊണ്ടാണ് വിദ്യാധരന് അമേരിക്കൻ മലയാള സാഹിത്യകാരന്മാരോട് ഇത്ര എതിർപ്പ് എന്ന് മനസിലാകുന്നില്ല. എന്തായാലും അയ്യാൾ ഒരു പാരയാണെന്നുള്ളത് എന്റെ അനുഭവം വച്ച് പറയാം. ഞങ്ങൾ അപ്പനും മക്കളും ഓർമ്മ വച്ച നാൾമുതൽ തമ്മിൽ ചേരത്തില്ലേ. ജീവിചിരിക്കുന്നപ്പഴും മരിച്ചപ്പഴും അങ്ങേരു ഞങ്ങൾക്ക് പാരയായിരുന്നു. മരിക്കുന്നതിനു കുറച്ചു ദിവസം മുന്പ് ഞങ്ങളെ അടുത്തു വിളിച്ചു ഒത്തിരി കരയുകയും പരിതാപപ്പെടുകയും ചെയ്യുത്. അതിന് ശേഷം അങ്ങേരു പറഞ്ഞു മരിക്കാൻ അധിക ദിവസങ്ങൾ ഇല്ല അതുകൊണ്ട് അപ്പന്റെ അവസാന ആഗ്രഹം ഞങ്ങൾ മക്കൾ സാധിച്ചു കൊടുക്കണം എന്ന് പറഞ്ഞു. അപ്പന്റെ അവസാന ആഗ്രഹമല്ലേ എന്ന് വച്ച് ഞങ്ങൾ അത് എന്തായാലും സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു കൊടുത്ത്. അപ്പൻ ഞങ്ങളെ അടുത്തു വിളിച്ചിട്ട് പറഞ്ഞു, " മക്കളെ ഞാൻ മരിച്ചു കഴിയുമ്പോൾ എന്റെ ആസനത്തിൽ ഒരു പാര അടിച്ചു കേറ്റി വയ്ക്കണം എന്ന്." ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് പറഞ്ഞു " അതിനെന്താപ്പ ഒരു പാര കേറ്റി വയ്യുക്കുന്നത് അത്ര പ്രശനം ഉള്ള കാര്യം അല്ലല്ലോ. അപ്പൻ മരിച്ചുകഴിഞ്ഞായതുകൊണ്ട് വേദന ഒട്ടും അറിയില്ലല്ലോ." അപ്പൻ ഞങ്ങളെ നോക്കി. ആ മുഖത്തു ഒരു പുഞ്ചിരി പറക്കുന്നത് കണ്ടു. ഞങ്ങൾ സഹോദരങ്ങൾക്ക്‌ മരിച്ചു കഴിഞ്ഞിട്ടാണെങ്കിലും അപ്പന്റെ ആസനത്തിൽ ഒരു പാര കേറ്റാൻ കിട്ടിയ അവസരത്തിൽ സന്തോഴിക്കുകയും ചെയ്യുത്. അപ്പൻ പറഞ്ഞതുപോലെ അപ്പന്റെ മരണ ശേഷം അപ്പൻ ചോതിച്ചതിലും മുഴുത്ത ഒരു പാര ആസനത്തിൽ കേറ്റി വയ്ക്കുകയും ചെയ്യുത്. പിറ്റേ ദിവസം പോലിസ്കാര് വന്നപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അപ്പന്റെ ശരീരം കുളിപ്പിക്കാൻ പോയപ്പോൾ കുളിപ്പിക്കുന്നവർ ആസനത്തിൽ ഇരിക്കുന്ന മുഴുത്ത പാര കാണുകയും അവർ പോലീസിനെ വിളിച്ചു വിവരം പറയുകയും ചെയ്യുത്. എന്തിനു കഥ നീട്ടുന്നു. ആ കേസിൽ നിന്ന് ഊരിപ്പോരാൻ പെട്ട പാട് ഞങ്ങൾക്ക് മാത്രമേ അറിയൂ. അതുകൊണ്ട് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണ്‌ വിദ്യാധരനെ സൂക്ഷിക്കണം അയാൾ നിങ്ങൾ എഴുത്തുകാരിൽ ചിലരുടെ കഥ എങ്ങനെയെങ്കിലും കഴിക്കും.
ത്രേസ്സ്യാമ്മ നാടാവള്ളില്‍ 2014-10-18 20:06:26
മണ്ണിക്കരൊട്ടിന് അഭിനന്ദനങ്ങള്‍!
നല്ല കൃതികള്‍  ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല.ചേറ്റില്‍ നില്‍ക്കുന്ന താമരപോലെ അതു വിരിഞ്ഞു തന്നെ നില്‍ക്കും.
നാരദർ 2014-10-19 06:21:15
Vayanakkaaran എവിടെപ്പോയി?
Malayali ezhuththukaran 2014-10-19 06:52:58
തെന്നാലി രാമന്റെ മറ്റൊരു പേരാണോ കുഞ്ഞവത. ഇവിടെയും വായനകാർ ഉണ്ടേ.ദയവ് ചെയ്ത് മണ്ണികരോട്ടിന്റെ ലേഖനത്തെ
ആസ്പദമാക്കി ചര്ച്ച ചെയ്യുക. വിദ്യാധരനല്ല
ഇവിടെ വിഷയം.
ഒരെഴുത്ത്കാരൻ 2014-10-19 08:15:12
അമേരിക്കയിലെ എഴുത്തുകാർ കൂനൻ പാലക്ക് കാ വിരിഞ്ഞതുപോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്നത്. ഒന്നിന് ഒന്നിനെ കണ്ടുകൂടാ. ലാനാ എന്ന സംഘടന ഉണ്ടാക്കി അതിന്റെ നേതാക്കളായി കുറെപ്പേർ ഇങ്ങനെ കാലങ്ങളായി ചുറ്റി കറങ്ങുന്നു. അവാർഡു കൊടുക്കുന്നു. കുറേപ്പേർ ഫോമായുടെ പേരില് അവാർഡു കൊടുക്കുന്നു, കുറേപ്പേർ ഫൊക്കാനയുടെ പേരിൽ അവാർഡു കൊടുക്കുന്നു, പിന്നെ ചിലർ വേൾഡു മലയാളി സംഘടനയുടെ പേരിൽ. ഇപ്പോൾ ചിലരുകൂടി സാഹിത്യ സല്ലാപം എന്ന് പറഞ്ഞു ഒരു കമ്പി സംഘടന ഉണ്ടാക്കിയിട്ടുണ്ട്. റ്റെലിഫോണിലൂടെ കുറെ സമയം ചിലവഴിക്കാം. അവര് ഇതുവരെ അവാർഡ് കൊടുത്ത് കണ്ടിട്ടില്ല. എന്നാണോ തുടങ്ങാൻ പോകുന്നത്. ആര് അവാർഡു കൊടുത്താലും കിട്ടുന്നത് ഒരാൾക്ക് തന്നെ. വളെരെ നാളായി എഴുതുന്ന ഒരാളാണ് ഞാൻ. പ്ലയിൻ ടിക്കെറ്റ് എടുത്തു അമേരിക്കയിലും നാട്ടിലും നടത്തുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതുകൊണ്ടും, സംഘടനകൾക്ക് വൻതുകകൾ സംഭാവന നല്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതുകൊണ്ടും നമ്മൾ മത്സരത്തിനു വേണ്ടി സമർപ്പിക്കുന്ന എഴുത്തുകൾ പരിഗണിക്കപ്പെടാതെ പോകുന്നു. ഇത് എന്റെ മാത്രം അനുഭവമല്ല. ഒരിക്കൽപോലും അഭിനന്ദനത്തിന്റെ ഒരു വാക്ക് എഴുതാൻ പോലും മടികാട്ടുന്ന പല അമേരിക്കൻ സാഹിത്യത്തിന്റെ തലതൊട്ടപ്പന്മാർ 'എല്ലാം എനിക്ക് എല്ലാം എനിക്ക് എനിക്ക്' എന്ന ഒടുങ്ങാത്ത ആർത്തിയിൽ കണ്ണ് കാണാതെ ചുറ്റി കരങ്ങുന്നവന്മാരാണ്. അവരാണ് അമേരിക്കൻ സാഹിത്യ മാഫിയകൾ. ഇവിടെ വിഷയം മണ്ണിക്കരോട്ടിന്റെയാണെങ്കിലും ഇത്രയും നാളത്തെ ഇവരുടെ കുത്തുക ഭരണത്തെ വെല്ലുവിളിച്ചത് ഒരു വിദ്യാധരനാണ്. ഇന്നുവരെ ആരാണ് എന്താണ് എന്നറിയാതെ ഇവന്മാരെ നിരന്തരം ആലോസോരപ്പെടുത്തികൊണ്ടിരിക്കുന്ന അദ്ദേഹം മലയാള സാഹിത്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്മയാണ്. ഒരു നല്ല എഴുത്തുകാരനെയോ എഴുത്തുകാരിയെയോ അഭിനന്ദിക്കുനതിലും ഇദ്ദേഹം ഉദാരമാനസനാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ഇപ്പോഴത്തെ ഈ സംഘടനകളുടെ അവാർഡിനെക്കാളും അദ്ദേഹത്തിൻറെ വിശകലനം നിറഞ്ഞ ഒരു കമന്റ്‌ ചാരിതാർത്ഥജനകം ആണ് . ഈ- മലയാളി ഏർപ്പെടുത്തുന്ന വായനക്കാർ തിരെഞ്ഞെടുത്തു സാഹിത്യ സൃഷ്ടികൾ ഇപ്പോൾ നിലനില്ക്കുന്ന അധർമ്മതിന്റെയും അനീതിയുടെയും പ്രവണത അവസാനിപ്പിക്കാൻ ഉതകും എന്ന് പ്രത്യാശിക്കുന്നു
വിക്രമൻ 2014-10-19 11:16:36
എന്തിനാ മലയാളി എഴുത്തുകാരാ നിങ്ങൾ ചൂടാകുന്നത്. കഞ്ഞവതയുടെ കഥ ഒരു രസകരവും ഗുണപാഠമുള്ളതുമായ കഥയല്ലേ? അമേരിക്കൻ മലയാള സാഹിത്ത്യത്തിലെ പല "കുലപതികൾക്കും" വിദ്യാധരൻ കുറെനാളായി പാരപണിയുന്നു . പാര രാഷ്ട്രീയം അറിഞ്ഞിരിക്കാൻ ഇത്തരത്തിലുള്ള കഥകൾ വളരെ ഉപകരിക്കും. എന്തായാലും മണ്ണിക്കരോട്ടിന്റെ ലേഖനവും വിദ്യാധരന്റെ ഇളക്കും കൂടിയായപ്പോൾ ജനം കൂടുന്നുണ്ട്. നടക്കട്ടെ എവിടംവരെ പോകുമെന്നറിയാം
Anthappan 2014-10-19 11:24:42
Vidyaadharn’s and Vivekan’s comments are very much focused on the article written by Mr. Mannickkrottu and the cacophony of American Malayala Sahithym.
കുറിയാക്കോസ് ചാണ്ടി 2014-10-19 12:28:03
നീളം ഉള്ളവനെ കുറിയാക്കോസ് എന്ന് വിളിക്കുന്നുയെങ്കിൽ വിളിക്കുന്നവന്റെ വിവരക്കേട്. അപ്പോൾ എന്നെ നിങ്ങൾ എന്ത് വിളിക്കും? എന്റെ പേര് കുറിയാക്കോസ് ചാണ്ടി എന്നാണു. ചാണ്ടുക എന്ന് പറഞ്ഞാൽ നീളത്തിൽ എറിയുക എന്നാണു. കഥയറിയാതെ ആടെല്ലേ ഊരും പേരും ഇല്ലാത്ത കുള്ളൻ ജനിൻ -ജനിൻ എന്ന് കേട്ടാലറിയാം കുള്ളനാണെന്നു.
Vivekan 2014-10-19 13:29:52
"അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ ഇന്നത്തെപോക്ക് ഏത് ദിശയിലേക്കാണ്?" എന്ന  ചോദ്യവുമായി വന്ന്, മണ്ണിക്കരോട്ട് സാഹിത്യം എഴുതുന്നതെങ്ങനെയെന്നു പഠിപ്പിക്കയാണ് പലതും അക്കമിട്ടെഴുതിയും പാഴ്വാക്കുകൾ ചേർത്തും, കയ്യിൽ വിദ്യയും മരുന്നുമില്ലാതെ ചികിത്സ നടത്തുന്ന ഡാക്ടറെപ്പോലെ. അനേകം വായനക്കാരെ അതു  ചൊടിപ്പിച്ചിട്ടുണ്ടാവും. ലേഖനം തന്നെ നല്ല നിലവാരം പുലർത്താതെ മണ്ണിക്കരോട്ടു വട്ടം ചുറ്റുന്നതാണ് വായനക്കാർ കാണുന്നതും. 70-90-ലെ കഥകളും, 2000-ലെ നിർമ്മാണങ്ങളും, 2010-ലേതും ഒക്കെപ്പറഞ്ഞു അമേരിക്കയിൽ ആരൊക്കെയോ വലിയ സാഹിത്യ സൃഷ്ടികൾ നടത്തിയതു, ഈ നാട്ടിലെ വലിയൊരു വിഭാഗം മലയാളികൾ അതെല്ലാം ഇദ്ദേഹത്തെ പോലെ  ശ്രദ്ധിച്ചു പോരുന്നുവെന്നോ, വായിച്ചു മനസ്സിലാക്കി യിട്ടുണ്ടെന്നോ മറ്റോ ഇദ്ദേഹം ധരിക്കുന്നു.

ഒരു നല്ല പത്രമോ, വാരികയോ പോലും സ്വതന്ത്രമായി നടത്താൻ തക്ക പരിതസ്ഥിതികൾ - വായനക്കാരും സാമ്പത്തികവും - ഇന്നും ഇവിടെ ഉണ്ടായിട്ടില്ല. ലോക്കൽ ലെവലുകളിൽ ചില്ലറ പത്രങ്ങൾക്ക് ഒരുവിധം നന്നായി സമൂഹത്തിന്റെ വർത്തമാനങ്ങൾ അറിയിക്കാനെങ്കിലും കഴിയുന്നുണ്ട്. പിന്നെ, ലോകത്തെവിടെയും ഇരുന്നു ചർച്ചകളിൽ പങ്കു ചേരാവുന്ന ഇന്റെർനെറ്റ് സൗകര്യം വന്നതും വൻകിടക്കാർ കയ്യടക്കിയെങ്കിലും, അമേരിക്കകാരുടെ പത്രമാക്കി സൗജന്യമായി രംഗത്തു കൊണ്ടുവന്നു  ധാരാളം പേരുടെ ശ്രദ്ധ പിടിക്കുന്നതു ഇ-മലയാളിയാണ്. അതൊരു പള്ളിപ്പത്രമാക്കി മാറ്റി വിശ്വാസ സമൂഹത്തെ പരിപോഷിപ്പിക്കാൻ പള്ളികൾ ശ്രമിക്കുന്നതിനെ അതിജീവിച്ചു വലിയ കുഴപ്പമില്ലാതെ, മറ്റുള്ളവരുടെ കാര്യങ്ങളും, സാഹിത്യ ചർച്ചകളും നടത്താൻ സാഹചര്യം അവരുണ്ടാക്കിയിട്ടുണ്ട്. സാഹിത്യങ്ങൾക്ക് ഒരു വേദിയായി കഴിവുള്ള സാഹിത്യകാരന്മാർ പങ്കു ചേർന്നിട്ടില്ല ഇ- മലയാളിയിലും ഇതുവരെ. പുസ്തകങ്ങൾ ഉണ്ടാക്കി സാഹിത്യസൃഷ്ടികൾ നടത്തി (അതിനു  കഴിവില്ലാത്തവർ പോലും) 'ഡാളർ പവ്വർ' കൊണ്ടു സാഹിത്യകാരന്മാരാവുന്ന തിനെയാണ് വിദ്യാധരൻ  ഇവിടെ കശക്കാൻ തുടങ്ങിയത്. അപ്പോൾ അതെപ്പറ്റി വല്ലതും പറഞ്ഞു പോവുന്നതായിരുന്നു നല്ലത്.

vaayanakkaaran 2014-10-19 18:17:51
ഭൂലോകപര്യടനം കഴിഞ്ഞെത്തിയ നാരദരോട്‌ ബ്രഹ്മദേവൻചോദിച്ചു, “അങ്ങ്‌ ഭൂമി മുഴുവ നും സഞ്ചരിച്ചു മടങ്ങി വന്നതല്ലേ. എന്താണ്‌ ഭൂമിയിൽ ഏറ്റവും ആശ്ചര്യകരമായി തോന്നിയ സംഗതി?”
നാരദർ പറഞ്ഞു, “ ദേവാദിദേവാ.. വളരെ ആശ്ചര്യകരമായി എനിക്കു തോന്നിയത്‌ അമേരിക്കയിലെ മലയാള എഴുത്തിന്റെ പ്രശ്നമാണ്‌. ഞാനൊരു ഇ-പത്രം കണ്ടു. ചിലർ എഴുതുന്നു, ചിലർ എഴുത്തിന്റെ ശോചനീയ അവസ്ഥയെക്കുറിച്ച് എഴുതുന്നു, വേറെ ചിലർ ഇവയ്ക്കെല്ലാത്തിനും കമന്റും കമന്റിനു കമന്റുമിടുന്നു”
“അവർ എന്തിനു എഴുതുന്നു എന്ന്‌ എനിക്ക്‌ മനസ്സിലായില്ല. കാരണം അവരുടെ എഴുത്തുകൊണ്ട് ഭൂലോകത്തിന്‌ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. എഴുത്തിനെക്കുറിച്ച് എഴുതിയതുകൊണ്ടോ കമന്റിട്ടതുകൊണ്ടോ എഴുത്തുകാർ നന്നാകുന്നുമില്ല. പിന്നെന്തിനവർ എഴുതുന്നു? ഉള്ള സമയം നല്ലതു വല്ലതും വായീക്കുകയല്ലേ വേണ്ടത്‌. എനിക്കിപ്പോഴും അവർ എഴുതുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

നാരദർ 2014-10-19 20:41:23
കുറെ നാൾ വളയത്തിൽക്കൂടി ചാടും പിന്നെ വളയം ഇല്ലാതെ ചാടും എന്ന് പറഞ്ഞതുപൊലെ അവർ എഴുതട്ടെ വായനക്കാരാ. അങ്ങനെ അവർ വായിക്കാതെ എഴുതാൻ പഠിക്കട്ടെ.
Kunjunni Nirappel 2014-10-20 09:03:56
അല്ല.. ല്ലാ... കുറിയാക്കോസ് ചാണ്ടീന്നു പറഞ്ഞാൽ കുറിയൻ മാർക്കൊസിനെ ചാണ്ടിയവൻ എന്നല്ല്യോ?  കുറിയൻ എന്നാൽ പൊക്കം കുറഞ്ഞവൻ, സമൂഹത്തിൽ കുറഞ്ഞവൻ, കുറിയോണ്ടു ധരിച്ചവൻ എന്നൊക്കെ മനസ്സിലാക്കിയിട്ട പേര് - അങ്ങനെയുള്ള കുറിയവനായ മാർക്കൊസിനെ ചാണ്ടിയവൻ എന്നുവേണം മനസ്സിലാക്കേണ്ടെതെന്നാ എന്റെ അഭിപ്രായം... ഇനി,  ചാണ്ടി' എന്നു പറയുന്നത്, 'കേറ്റി', 'എറിഞ്ഞു', 'ഇട്ടു' എന്നൊക്കെ അർത്ഥം വരുന്ന വിധത്തിൽ അല്പ്പം ദേഷ്യം പൂണ്ട വാക്കല്ല്യോ? 'അങ്ങോട്ടു ചാണ്ടി', 'ഇങ്ങോട്ടു ചാണ്ടി' എന്നൊക്കെ പറയുന്നതു  അലക്ഷ്യമായി 'എറിഞ്ഞു', 'കളഞ്ഞു' എന്നൊക്കെയുള്ള അർത്ഥമല്ല്യൊ?
അപ്പോൾ ഇനി ഉമ്മച്ചനെ എന്തിനാ അങ്ങനെ ചാണ്ടീന്നു  ചേർത്തു വിളിക്കുന്നേന്നു ചോദിക്കരുത്. ഇവിടെ രാഷ്ട്രീയം പറയാനല്ല ഉദ്ദേശിച്ചേ... 'ചാണ്ടലിന്റെ' കാര്യമാ പറേന്നെ...പുതുപ്പള്ളീലും മറ്റും അത്ര പരിജ്ഞാനമുള്ളവരുടെ സ്ഥലമല്ലാന്നും ഓർത്തോണം.  ഉമ്മനെന്നും, ചാണ്ടീന്നും ഒക്കെ കേക്കുമ്പോ, രണ്ടും കിടക്കട്ടേന്നു വെച്ചു കാച്ചിയതുമാവാം. അതിപ്പം എന്തിനാ പറേന്നെ?  കുറിയാക്കോസ് ചാണ്ടീടെ പിടികിട്ട്യേ?    

അന്തകൻ 2014-10-20 09:38:46
വിവേകെൻ പറഞ്ഞതിനോട് യോചിക്കുന്നു. ഇവന്മാരെല്ലാം ഒരു ആപ്പെന്റെം അമ്മേടേം മക്കളാ. ന്യുയോര്ക്കിലും, ഡാലസിലും, ഹ്യുസ്ടനിലും, ക്യാനഡയിലും ഒക്കെ ആയി ചിതറി കിടക്കുന്നു എന്നെയുള്ളൂ. സ്മയത്തിനോത്തു കാലുമാറും. ചീത്തവിളി കൂടുമ്പോൾ ഒരുത്തൻ നല്ലതാകും ബാക്കിയുള്ളവരെ ചീയാക്കി കാണിക്കും.. അവാർഡു പൊന്നാട, ഫോട്ടോ എന്ന് കേട്ടാൽ എല്ലാം ഒന്നിക്കും. ഇവന്മാരാണ് പ്രവാസ സാഹിത്യം ഉണ്ടാക്കിയതും, അമേരിക്കൻ സാഹിത്യം ഉണ്ടാക്കിയതും, അക്ബർ കട്ടികാട്ട്ലെനെപോലെയുള്ളവരെ കൊണ്ട് ചീത്ത വിളിപ്പച്ചതും. ഇതിന്റെ ദോഷം ചില നല്ല എഴുത്തുകാരും ചീത്തയായി എന്നുള്ളതാണ്. ഒരാപ്പിള് മതിയല്ലോ ഒരു കൊട്ട ആപ്പിളിനെ ചീത്തയാക്കാൻ. മലയാള സാഹിത്യത്തിന്റെ മണ്ടക്കത്ത് കടന്നു കൂടിയ ചെല്ലികളാണ് ഇവന്മാര്. എല്ലാത്തിനെ പുകക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക