Image

പോതമേട്ടിലെ ചായ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 39: ജോര്‍ജ്‌ തുമ്പയില്‍)

Published on 12 October, 2014
പോതമേട്ടിലെ ചായ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 39: ജോര്‍ജ്‌ തുമ്പയില്‍)
പ്രകൃതി സുന്ദരിയായി ഞങ്ങളെ വരവേല്‍ക്കുന്നതു പോലെ തോന്നി. പള്ളിവാസലില്‍ കുറച്ചധികം സമയം ഞങ്ങള്‍ക്ക്‌ തങ്ങണമെന്നുണ്ടായിരുന്നെങ്കിലും സമയം പ്രശ്‌നമാണെന്നു സന്തോഷ്‌ പറഞ്ഞു. ഹെഢ്‌ വര്‍ക്‌സില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ താഴ്‌വരയുടെ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഒരു വ്യു പോയിന്റില്‍ എത്താം. അതു കൊണ്ടു തന്നെ വേഗത്തില്‍ അവിടെ എത്തണം. അല്ലെങ്കില്‍ ഒരു പക്ഷേ മഞ്ഞ്‌ മുകളിലേക്ക്‌ കയറിയാല്‍ ഒന്നും കാണാതെ മടങ്ങേണ്ടി വരും. കണ്ടതിനേക്കാള്‍ മനോഹരമായിരിക്കുമല്ലോ, കാണാനിരിക്കുന്ന കാഴ്‌ചകള്‍. അതു കൊണ്ട്‌ എല്ലാവരും വണ്ടിയില്‍ ചാടിക്കയറി. കുരുവിളയ്‌ക്ക്‌ ചിത്രങ്ങളെടുത്തു മതിയായിരുന്നില്ല. കുട്ടികളും ഓടിക്കളിക്കുകയായിരുന്നു. അവര്‍ക്കും പള്ളിവാസലിലെ പൂന്തോട്ടം ശരിക്കും ഇഷ്‌ടപ്പെട്ടെന്നു തോന്നി. എന്തായാലും, വണ്ടി മെല്ലെ നീങ്ങി തുടങ്ങി. ഓരോ വളവും വണ്ടി മെല്ലെ കയറി കൊണ്ടിരുന്നു. വളവുകളിലും തിരിവുകളിലും ഓരോ കാഴ്‌ചകള്‍ സമൃദ്ധമായി പുഷ്‌പിച്ചു നില്‍ക്കുന്നു. തേയിലതോട്ടവും അതിനിടയിലൂടെ കടന്നു പോവുന്ന റോഡും ചെറിയ കുന്നുകളും എല്ലാം കൂടി മനോഹരമയ ഒരു ദൃശ്യം സമ്മാനിക്കുന്നു. കേരളം എത്ര മനോഹരമാണെന്ന്‌ ഒരു നിമിഷം വിളിച്ചു കൂവണമെന്നു തോന്നി. അത്രയ്‌ക്ക്‌ ഹൃദ്യമായ കാഴ്‌ചകള്‍. ഈ ഭാഗത്തേക്ക്‌ ഒരു ദിവസത്തെ യാത്രയ്‌ക്കായി മൂന്നാറിലെത്തുന്നവര്‍ ഒന്നും വരാറില്ലെന്നു സന്തോഷ്‌ പറഞ്ഞു. കേരളത്തിലുള്ളവര്‍ക്ക്‌ മൂന്നാര്‍ വണ്‍ഡേ ടൂറാണ്‌. അധികവുമെത്തുന്നത്‌ ബാച്ചിലറായ കൗമാരക്കാരാണ്‌. അവര്‍ പാതിവഴിയായ അടിമാലി എത്തുമ്പോഴേയ്‌ക്കും കിട്ടുന്ന മദ്യം കഴിച്ച്‌ ബോധം കെട്ട്‌ വണ്ടിയില്‍ തന്നെ കിടന്നുറങ്ങുയാവും. അവരൊക്കെ എന്ത്‌ മൂന്നാര്‍ കണ്ടിരിക്കുന്നു... മൂന്നാര്‍ ശരിക്കും കാണുന്നതും ആസ്വദിക്കുന്നത്‌ വിദേശികളാണ്‌. അവര്‍ക്ക്‌ മൂന്നാര്‍ ശരിക്കും കേരളത്തിന്റെ സ്വിറ്റ്‌സര്‍ലന്‍ഡാണ്‌. സന്തോഷിന്റെ നിഗമനങ്ങള്‍ ശരിയാണെന്നു തോന്നി.

ബൈസണ്‍ വാലി റോഡില്‍ വളരെയധികം റിസോര്‍ട്ടുകള്‍ ഉണ്ട്‌. ഇവയില്‍ പലതും അനധികൃതമണെന്ന കാരണത്താല്‍ സര്‍ക്കാരിന്റെ പോളിച്ചുനീക്കല്‍ ഭീഷിണിലാണ്‌. റിസോര്‍ട്ടുകള്‍ ഇത്തരത്തില്‍ പൊളിച്ചുനീക്കുന്ന സര്‍ക്കാര്‍ സംവിധാനത്തോട്‌ എനിക്കു വിയോജിപ്പാണുള്ളത്‌. അനധികൃതമായി റിസോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത്‌ സര്‍ക്കാര്‍ സംവിധാനങ്ങളൂടെ പിടിപ്പുകേടിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇത്തരം റിസോര്‍ട്ട്‌ നിര്‍മ്മിക്കുന്നതിന്‌ അനുമതിനല്‍കിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും നിലവില്‍ ഇത്തരത്തിലുള്ള റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നടത്തുകയും വേണം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. ഏലപ്പാട്ട ഭൂമിയിലും, വനമേഖലയിലും റിസോര്‍ട്ടുകള്‍ അനധികൃതമായി മേലില്‍ നിര്‍മ്മിക്കപ്പെടാതിരിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഈ വിവാദങ്ങള്‍ക്കിടയിലും സ്വദേശീയരും വിദേശീയരുമായ ധാരളം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നു എന്നത്‌ ആശ്വാസം തന്നെ.

വ്യൂ പോയിന്റിനു മുന്നില്‍ വണ്ടി നിന്നു. മനോഹരമായ പ്രകൃതി ഭംഗിയായിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്നത്‌. ചിത്രങ്ങള്‍ എടുക്കുന്ന ധാരാളം വിനോദ സഞ്ചാരികളെ ഇവിടെ കണ്ടു. അതിലൊന്നും ഒരു സ്വദേശിയെ പോലും കാണാനില്ലെന്നത്‌ വിഷമകരമായി തോന്നി. എത്ര മനോഹരമായ ദൃശ്യമാണിത്‌. സിനിമയിലൊക്കെ കാണുന്നതു പോലെ. ഇങ്ങനെയൊന്ന്‌ നേരിട്ടു കാണുമെന്ന്‌ ഒരിക്കല്‍ പോലും ഓര്‍ത്തതേയില്ല. ഇവിടെ അധികം നേരം നിന്നില്ല. മഞ്ഞ്‌ പെയ്യാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും ഇവിടെയൊരു റിസോര്‍ട്ടിലാണ്‌ സന്തോഷ്‌ ഒരുക്കിയിരിക്കുന്നത്‌. ഇത്‌ സന്തോഷിന്റെ ഒരു സുഹൃത്തിന്റെ റിസോര്‍ട്ടാണ്‌. ഞങ്ങള്‍ അവിടേക്ക്‌ യാത്രയായി. തേയിലത്തോട്ടങ്ങള്‍ പിന്നിട്ട്‌ വണ്ടി ഒരു ചെറു റോഡിലേക്ക്‌ കയറി. ഇരുവശവും ഏലച്ചെടികളാണ്‌. കാടിനു നടുവിലായി വന്മരങ്ങള്‍ വെട്ടിമാറ്റാതെതന്നെ അവയുടെ ഇടയില്‍ ഏലം കൃഷിചെയ്‌തുവരുന്നു. ഇത്തരത്തിലുള്ള ഏലം കൃഷിത്തോട്ടങ്ങളില്‍ ചിലതാണ്‌ റിസോര്‍ട്ട്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചതെന്നു സര്‍ക്കാര്‍ കണ്ടെത്തിയത്‌. സുഗന്ധവ്യഞ്‌ജനങ്ങളുടെ റാണിയായ ഏലത്തിന്റെ വിലകുറഞ്ഞതാണ്‌ ഇത്തരം ഒരു മാറ്റത്തിനു പലരേയും പ്രേരിപ്പിച്ചതെന്നു സന്തോഷ്‌ പറഞ്ഞു.

ഏലത്തോട്ടത്തിനു നടുവിലൂടെയാണ്‌ ബൈസണ്‍വാലി റോഡ്‌. ഏറ്റവും കൂടുതല്‍ കീടനാശിനിപ്രയോഗം നടക്കുന്ന ഒന്നാണ്‌ ഏലം കൃഷി. പൂക്കുന്നതുമുതല്‍ ഏലം പാകമവുന്നതുവരെയുള്ള കാലയളവില്‍ എറ്റവും ചുരുങ്ങിയത്‌ ഏഴുതവണയെങ്കിലും കീടനാശിനികള്‍ തളിക്കുമത്രേ. അതുകൊണ്ടുതന്നെ ഏലക്കായയുടെ തൊണ്ടില്‍ വളരെയധികം കീടനാശിനികള്‍ അടങ്ങിയിരിക്കുമെന്ന്‌ ചിലര്‍ മുന്നറിയിപ്പുതരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ കൂടികഴിഞ്ഞാല്‍ പോതമേട്‌ എന്ന ചെറിയ ഗ്രാമത്തില്‍ എത്താം. ഗ്രാമം എന്നു വിളിക്കാമോ എന്നു തീര്‍ച്ചയില്ല. വളരെക്കുറച്ചു തോട്ടം തൊഴിലാളികളായ തമിഴര്‍ താമസിക്കുന്ന സ്ഥലമാണിത്‌.

മഴക്കാലത്താണ്‌ ഈ റോഡിലൂടെ പോവുന്നതെങ്കില്‍ പാറക്കെട്ടില്‍നിന്നും വരുന്ന ചെറിയ നീര്‍ച്ചാലുകളും കാണാമെന്നു സന്തോഷ്‌ പറഞ്ഞു. അതിമനോഹരമായ ദൃശ്യഭംഗിയാണ്‌ ഇത്തരം വെള്ളച്ചാട്ടങ്ങള്‍ സമ്മാനിക്കുന്നത്‌. ഞാനിതൊക്കെ, പലപ്പോഴായുള്ള എന്റെ ഹൈറേഞ്ച്‌ യാത്രകള്‍ക്കിടയില്‍ നേരത്തെ അനുഭവിച്ചിട്ടുള്ളതാണ്‌. മേഘങ്ങള്‍ ചുംബിക്കുന്ന ഒരു കുന്ന്‌ കടന്നയുടനെ റിസോര്‍ട്ടിലെത്തി. കാടിനു നടുവില്‍ ഒരു ബംഗ്ലാവ്‌ പോലെ നില്‍ക്കുന്ന മനോഹരമായ ഒരു റിസോര്‍ട്ട്‌. മൂന്നാര്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്നും വിട്ടൊഴിഞ്ഞ്‌ പ്രകൃതിസുന്ദരവും ശാന്തവുമായ അന്തരീക്ഷത്തില്‍ ഉള്ള കൊച്ചു കൊച്ചു വീടുകള്‍ ആണ്‌ ഈ റിസോര്‍ട്ടുകളുടെ പ്രത്യേകത. സ്വതന്ത്രമായ വില്ലകള്‍. എല്ലാം കോട്ടേജ്‌ ടൈപ്പ്‌. ഇതിനൊക്കെയും സീസണ്‍ സമയത്ത്‌ പതിനായിരത്തു മുകളിലാവും പ്രതിദിന വാടകയെന്നു സന്തോഷ്‌ പറഞ്ഞു. പൂമുഖവും, സ്വീകരണമുറിയും, കിടപ്പുമുറിയും, എന്തിന്‌ അടുക്കളപോലും ഉണ്ട്‌ ഈ വില്ലകളില്‍. സകുടുംബം വരുന്ന ചില ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികള്‍ സ്വന്തം പാചകക്കാരേയും കൊണ്ടാണത്രെ വരുന്നത്‌. അവര്‍ക്കാവശ്യമുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സൗകര്യവും ചില റിസോര്‍ട്ടുകളില്‍ ലഭ്യമാണ്‌. എന്നാലും മിക്കാവാറും റിസോര്‍ട്ടുകള്‍ ഭക്ഷണം ഉള്‍പ്പടെയുള്ള പാക്കേജായിട്ടാണ്‌ താമസസൗകര്യം ഒരുക്കുന്നത്‌. കാടിനു നടുവില്‍, ചീവിടുകളുടെ ശബ്‌ദം കേട്ട്‌, പക്ഷികളുടെ ചിലമ്പലില്‍ മഞ്ഞിന്റെ ഹൃദയം തണുപ്പിക്കുന്ന കുളിരില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടെയും ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒഴിവുദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എന്തുകൊണ്ടും അനുയോജ്യമാണ്‌ ഇവിടം. മനോഹരമായ പൂന്തോട്ടം റിസപ്‌ഷനു മുന്നില്‍ തന്നെ ഒരുക്കിയിരിക്കുന്നു. ചുറ്റും ഏലവും, ഈറ്റയും കാണാം. ആനയുടെ ഇഷ്ടവിഭവമാണ്‌ ഈറ്റ. ഈറ്റതിന്നുന്നതിനിറങ്ങുന്ന ആനക്കൂട്ടങ്ങള്‍ രാത്രികാലങ്ങളില്‍ പലപ്പോഴും ഇവിടേക്ക്‌ എത്തിനോക്കാറുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക്‌ അതു ഭീഷണിയാകാറില്ലത്രേ. ഞാന്‍ മറ്റൊരു കോട്ടേജിലേക്ക്‌ നടന്നു. റിസോര്‍ട്ട്‌ ചുറ്റിനടന്നു കാണുകയായിരുന്നു ഉദ്ദേശം. സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള സൗകര്യവും റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്‌. മരത്തില്‍ മുകളില്‍ ഒരു വീട്‌. ട്രീഹൗസ്‌ ആണത്രേ ഇത്‌. പടികള്‍ വഴി മുകളിലെ മരംകൊണ്ടുള്ള പ്ലറ്റ്‌ഫോമിലും അവിടെനിന്നും റോപ്പ്‌വേ വഴി അടുത്തുള്ള പാറക്കെട്ടിലും ഇറങ്ങാം. പാറക്കെട്ടില്‍ നിന്നും ഇറങ്ങുന്നതിനു റോപ്പ്‌ ലാഡറും ഉണ്ട്‌. മനോഹരമായ പൂക്കളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്‌ ഏലച്ചെടികള്‍ക്കു നടുവിലൂടെ ഞാന്‍ നടന്നു.

നല്ല ചൂടു ചായയുമായി ജോലിക്കാര്‍ എന്റെ അടുത്തേക്ക്‌ വന്നു. അവര്‍ ഒരു കസേരയും ടീപ്പോയും പുറത്ത്‌ തയ്യാറാക്കി തന്നു. ഞാന്‍ പാലു ചേര്‍ക്കാതെ ആവി പറക്കുന്ന ചായ കുടിച്ചു നോക്കി. എന്തൊരു രുചി ! മഞ്ഞിന്റെ മതിമയക്കുന്ന കുളിരില്‍ ഉള്ളിലേക്ക്‌ ഒരു ചെറു ചൂട്‌ ചെല്ലുന്നതിന്റെ സുഖം പറഞ്ഞറിയിക്ക വയ്യ. ചുറ്റും മെല്ലെ മഞ്ഞ്‌ പുതഞ്ഞു കൊണ്ടിരുന്നു. ഞാന്‍ അവ്യക്തമായ കാഴ്‌ചകളിലേക്ക്‌ വെറുതേ നോക്കിയിരുന്നു.


(തുടരും)
പോതമേട്ടിലെ ചായ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 39: ജോര്‍ജ്‌ തുമ്പയില്‍)പോതമേട്ടിലെ ചായ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 39: ജോര്‍ജ്‌ തുമ്പയില്‍)പോതമേട്ടിലെ ചായ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 39: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക