Image

ചങ്ങമ്പുഴക്ക്‌ ജന്മദിനാശംസ ( ജി. പുത്തന്‍കുരിശ്‌)

Published on 10 October, 2014
ചങ്ങമ്പുഴക്ക്‌ ജന്മദിനാശംസ ( ജി. പുത്തന്‍കുരിശ്‌)
പ്രണയം ആത്‌മാവിന്റെ പ്രണവമന്ത്രമാക്കി മാറ്റിയ കേരളത്തിന്റെ കവി ചങ്ങമ്പുഴയുടെ ജന്മ ദിനമാണ്‌ ഒക്‌ടോബര്‍ പതിനൊന്ന്‌. അതായത്‌, നൂറ്റി രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 1911ലാണ്‌ അദ്ദേഹം ജനിച്ചത്‌. കേരള കാവ്യ വിഹായസ്സില്‍ വെട്ടി തിളങ്ങിയ റൊമാന്റിക്ക്‌ നക്ഷത്രം. ചങ്ങമ്പുഴയുടെ കാലത്ത്‌ മറ്റു കവികള്‍ ഉണ്ടായിരുന്നെങ്കിലും ചങ്ങമ്പുഴയുടെ സ്ഥാനം എന്തുകൊണ്ടും സവിശേഷമായിരുന്നു. വള്ളത്തോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചങ്ങമ്പുഴ ഗാനയന്ത്രങ്ങളില്‍ വീണാപ്രകാണ്ഡം പോലെയും സൂനങ്ങളില്‍ പനിനീര്‍പ്പൂവു പോലെയും ആയിരുന്നു. ആകെയുള്ള മുപ്പത്തി ഏഴു വര്‍ഷത്തെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പതിനേഴു വര്‍ഷം മാത്രമേയുള്ളു കാവ്യ ജീവിതം. അക്കാലത്തിനിടയില്‍ അമ്പത്തിയൊന്‍പത്‌ കൃതികള്‍. പ്രൊഫ. എസ്‌. ഗുപ്‌തന്‍നായര്‍ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ, സുഗന്ധിയായ ഒരു വസന്തമന്ദാനിലന്‍പോലെ ആയിരുന്നു ചങ്ങമ്പുഴയുടെ വരവ്‌. ആ സംഗീത സ്യന്ദനത്തിലേറി ആസ്വാദകര്‍ മതിമോഹകങ്ങളായ സ്വപ്‌നലോകങ്ങളില്‍ സഞ്ചരിച്ചു.

മലയാളകവിത ചങ്ങമ്പുഴയുടെ മുന്നില്‍ മതിമോഹനശുഭ നര്‍ത്തനമാടി എന്ന്‌ എല്ലാവരും സമ്മതിക്കും. തന്റെ കവിതയെഴുത്തിനെപ്പറ്റി ചങ്ങമ്പുഴ ഇങ്ങനെ പറയുന്നു. `ഞാന്‍ പലപ്പോഴും കവിതയെഴുതിയിട്ടുണ്ട്‌. ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്‌. ഇതില്‍ രാമത്തത്‌ സംഭവിച്ചിട്ടുള്ള അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. കവിത താനെയങ്ങനെ എഴുതിപ്പോകുന്ന അവസരത്തില്‍ എന്റെ ഹൃദയം സംഗീതസമ്പൂര്‍ണ്ണമായിരുന്നു. ആ സംഗീതംപോലെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാനതില്‍ നീന്തിപ്പുളച്ചുപോകും'. ആത്‌മവിസ്‌മൃതികരമായ ഒരവസ്ഥാവിശേഷത്തെപ്പറ്റിയാണ്‌ കവി സൂചിപ്പിക്കുന്നത്‌.

അനുഗൃഹീതമായ ശബ്‌ദാധീശത്വമുായിരുന്നു ചങ്ങമ്പുഴയ്‌ക്ക്‌. മറ്റുള്ള കവികള്‍ വളരെ പാടുപെട്ടെഴുതിയ വരികള്‍ ഗദ്യസമാനമാകുമ്പോള്‍, ചങ്ങമ്പുഴ കണ്ണുംപൂട്ടി എഴുതിവിടുന്ന വരികള്‍ രാഗതാള സമന്വതമായിത്തീരുന്നു. രമണനിലെ, `തളിരും മലരും തളിര്‍പ്പടര്‍പ്പും തണലും തണവണിപ്പുല്‍പ്പരപ്പും കളകളം പെയ്‌തു പെയ്‌തങ്ങുമിങ്ങും ഇളകിപറക്കുന്ന പക്ഷികളും.' കാവ്യനര്‍ത്തകിയിലെ, `ഘനനീലവിപിനസമാനസുകേശം, കുനുകുന്തളവലയാങ്കിതകര്‍ണ്ണാന്തികദേശം മണികനകഭൂഷിതലളിതഗളനാളം.' എന്നിങ്ങനെ വിവിധ വൃത്തങ്ങളില്‍, വിവിധതാളങ്ങളില്‍ എഴുതാന്‍ ചങ്ങമ്പുഴക്ക്‌ അസാമാന്യമായ പാടവമുായിരുന്നു.

ചങ്ങമ്പുഴ കവിത നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിധേയപ്പെട്ടിട്ടുണ്ട്‌. പ്രത്യേകിച്ച്‌ സഞ്‌ജയന്റെ പരിഹാസത്തിന്‌. സഞ്‌ജയന്‍ ഇങ്ങനെ എഴുതുന്നു, ചങ്ങമ്പുഴ കൃഷ്‌ണപിള്ള അവര്‍കളെ, ഭവാന്‍ സര്‍വ്വോല്‍കര്‍ഷേണ വര്‍ത്തിപ്പൂതാക. അങ്ങയുടെ പ്രണയമയ ചിന്തകള്‍ക്കേ കാവലംബികയുടെ അവള്‍ ആരുതന്നെയായാലും ചരണകഞ്‌ജാത സഞ്‌ജാത ശിഞ്‌ജിതങ്ങളെയും മൃദുലളിതകളസരളമഞ്‌ജുളമഞ്‌ജീരശിഞ്‌ജിതങ്ങളെയും അതിലും`പളപള'ങ്ങളായ `ലളലള'കളെയും കൈരളിയുടെ ചെവികളില്‍ വീണ്ടും വീണ്ടും തിരിച്ചും മറിച്ചും കേള്‍പ്പിച്ച്‌ അങ്ങുന്ന്‌ ചാരിതാര്‍ത്ഥ്യമടവൂതാക! (എങ്കിലും)`ഒരൃ വിദ്വാന്‍ ഉദയം മുതല്‍ അസ്‌തമയം വരെ പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നുമില്ലാതെ, കളലളിതകോമളം കാകളി കാഹളം, കളകളായിതം കോകിലാലാപനം.' എന്നിങ്ങനെ പിന്നെയും പിന്നെയും നില്‌ക്കാതെ ചെവിയുടെ അടുത്തു വന്നു പറഞ്ഞുകൊണ്ടിരുന്നാല്‍, ഈ മഹാ ശാന്തനായ എനിക്കു കൂടി അല്‌പമൊരു ശുണ്‌ഠി വന്നുപോകുമോ എന്ന്‌ എനിക്ക്‌ ബലമായ ശങ്കയുണ്ട്‌. ചങ്ങമ്പുഴക്കവിതയുടെ ശബ്‌ദാര്‍ത്ഥമായ വലിയൊരു ദൗര്‍ബല്യത്തിന്റെ നേര്‍ക്കാണ്‌ സഞ്‌ജയന്‍ ചാട്ടുളി പ്രയോഗിക്കുന്നത്‌

ചങ്ങമ്പുഴയെ അടുത്തറിഞ്ഞിരുന്ന വ്യക്‌തി എന്ന നിലയ്‌ക്കു പ്രൊഫ. എസ്‌. ഗുപ്‌തന്‍നായരുടെ വാക്കുകള്‍ ശ്രദ്ധേയമാണ്‌. ചങ്ങമ്പുഴയുടെ മനസ്സ്‌ എന്നും വികാരസങ്കുലമായിരുന്നു. ചെറുകാറ്റടിച്ചാല്‍ ഇളകിമറിയുന്ന കടല്‍പോലെ മനഃശാസ്‌ത്രത്തില്‍ `സൈക്ലൊതീമിയ' എന്ന ഒരവസ്ഥയെപ്പറ്റി പറയുന്നു്‌. വികാരവിജൃംഭണവും (എക്‌സൈറ്റ്‌മെന്റ്‌) വിഷാദമഗ്നതയും (ഡിപ്രെഷന്‍) മാറിമാറി വരുന്ന അവസ്ഥയാണിത്‌. ചങ്ങമ്പുഴയുടെ മാനസികാവസ്ഥ ഇതായിരുന്നു എന്ന്‌ ആ ജീവിതവും കവിതകളും ഒന്നുപോലെ വിളിച്ചു പറയുന്നു. സ്വന്തം വികാരങ്ങളോട്‌ നൂറുശതമാനം നീതിപുലര്‍ത്തി എന്ന കാര്യത്തില്‍ സംശയമില്ല. ചാരായക്കടയാണ്‌ ലോകം എന്നു പറയുമ്പോള്‍ അത്‌ സത്യമാണ്‌. ദുരിതത്തിന്റെ നാരായവേരാണ്‌ സ്‌ത്രീ എന്നു പറയുമ്പോള്‍ അതും സത്യമാണ്‌. ദേവതയാണ്‌ സ്‌ത്രീ എന്നു പറയുമ്പോള്‍ അതും സത്യം. വികാരസത്യത്തില്‍ കവിഞ്ഞൊരു പരമസത്യത്തെപ്പറ്റി ചങ്ങമ്പുഴ അന്വേഷിച്ചിരുന്നു എന്ന്‌ തോന്നുന്നില്ല. അദ്ദേഹത്തിന്റെ കവിതകളില്‍ അത്തരത്തിലെന്തെങ്കിലും അന്വേഷിക്കുന്നത്‌ വ്യര്‍ത്ഥമാണ്‌. പക്ഷെ കാല്‌പനീക വ്യഥയുടെ ശുദ്ധമായ ശ്രുതിയും തെളിവാര്‍ന്ന നാദവും നമുക്ക്‌ ഇതുപോലെ മറ്റെങ്ങുനിന്നും കിട്ടാനില്ല. ആ ശബ്‌ദം ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ ശബ്‌ദമായി പരിണമിച്ചു.

കനകോജ്‌ജ്വലദീപശിഖാ രേഖാവലിയാലെ
കമനീയകലാദേവത കണിവെച്ചതുപോലെ
കവരുന്നു കവിതെ, തവ നൃത്തരംഗം
കാപാലികനെങ്കിലുമെന്നന്തരംഗം
തവ ചരണചലനകൃതരണിതരതരംഗണം
തന്നോരനൂഭൂതി ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പൂഞാനൊരു
പൊന്നോണപ്പുലരിയായ്‌പ്പരിലസിപ്പൂ!... (കാവ്യനര്‍ത്തകി)
ചങ്ങമ്പുഴക്ക്‌ ജന്മദിനാശംസ ( ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വിദ്യാധരൻ 2014-10-11 09:01:02
കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ ഓർക്കാനെങ്കിലും ഒരാൾ ഉണ്ടായല്ലോ! നന്ദി നല്ല ലേഖനം
Saroja Varghese 2014-10-11 15:24:12
Beautiful 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക