Image

ഗാന്ധിജയന്തി ദിനമായ വ്യഴാഴ്ച ഡല്‍ഹിയില്‍ ശുചിത്വപദ്ധതി

Published on 01 October, 2014
ഗാന്ധിജയന്തി ദിനമായ വ്യഴാഴ്ച ഡല്‍ഹിയില്‍ ശുചിത്വപദ്ധതി

ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനമായ വ്യഴാഴ്ച ഡല്‍ഹിയില്‍ ചൂലെടുപ്പ് മാമാങ്കം. കേന്ദ്രസര്‍ക്കാറിന്‍െറ ‘സ്വഛ്ഭാരത് മിഷന്‍’ ശുചിത്വപദ്ധതി നാളെ രാജ്യവ്യാപകമായി ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനംചെയ്യുന്ന ഇന്ത്യ ഗേറ്റിലും പരിസരങ്ങളിലും സുരക്ഷ മുന്‍നിര്‍ത്തി നാലു ദിവസം മുമ്പുതന്നെ പൊതുജനങ്ങള്‍ക്ക് പ്രവേശം വിലക്കി. രാജ്പഥില്‍ ഗതാഗതവും നിരോധിച്ചു. മോദി ശുചിത്വ പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഏറ്റുചൊല്ലാന്‍ എല്ലാ മന്ത്രാലയങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് പ്രത്യേക നിര്‍ദേശം പോയിട്ടുണ്ട്. രാജ്പഥിന്‍െറ ഇരുവശങ്ങളിലുമായി പരിപാടിയുടെ ഒരുക്കങ്ങള്‍ തകൃതി.
ശുചിത്വ പരിപാടിയുടെ ബോധവത്കരണം അഞ്ചു ദിവസമായി നടന്നുവരുകയാണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിന വാര്‍ഷികം മുതല്‍ ഗാന്ധിജയന്തി വരെയുള്ള ദിവസങ്ങളാണ് ബോധവത്കരണ വാരമായി ആചരിക്കുന്നത്. വിവിധ കേന്ദ്രമന്ത്രിമാര്‍ മന്ത്രാലയ വളപ്പുകളില്‍ ശുചീകരണ പരിപാടി ഉദ്ഘാടനംചെയ്തു. ഓഫിസും പരിസരങ്ങളും നന്നാക്കുന്നുണ്ടോ എന്നറിയാന്‍ മന്ത്രിമാരുടെ മിന്നല്‍ സന്ദര്‍ശനങ്ങളും നടന്നുവരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മുടങ്ങാതെ നടന്നുവന്ന ഗാന്ധിജയന്തി-സേവനവാരാചരണത്തിന്‍െറ പരിഷ്കരിച്ച പതിപ്പാണ് എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ശുചിത്വമെന്ന സന്ദേശമായതുകൊണ്ടുതന്നെ പരിപാടിക്ക് ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയാണെങ്കില്‍കൂടി സ്വഛ്ഭാരത് പരിപാടിയുടെ പ്രതിജ്ഞ ചൊല്ലാനും ശുചീകരണ പരിപാടിക്കുമായി എല്ലാ ഉദ്യോഗസ്ഥരും കുട്ടികളും രാവിലത്തെന്നെ എത്തണമെന്ന് നിര്‍ദേശം പോയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളിലേക്ക് കാബിനറ്റ് സെക്രട്ടറിയുടെ സര്‍ക്കുലറാണ് അയച്ചിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര നഗര-ഗ്രാമ വികസന മന്ത്രാലയങ്ങള്‍ കത്തെഴുതിയിട്ടുണ്ട്.
വ്യവസായികളെയും വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളിലെ റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനുകളെയും സന്നദ്ധ സംഘടനകളെയും പരിപാടിയുടെ വിജയത്തിന് സഹകരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനംചെയ്തു. ഡല്‍ഹിയിലെ എല്ലാ സ്കൂളുകളിലും ശുചിത്വ പരിപാടി നടക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് നിര്‍ദേശം കിട്ടിയതെന്നിരിക്കെ, ഡല്‍ഹിയിലെ പരീക്ഷാക്കാലത്ത് സ്കൂള്‍ മാനേജ്മെന്‍റുകള്‍ പരിപാടി നടപ്പാക്കാന്‍ വിഷമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക