Image

തിയറ്റര്‍ അടച്ചിട്ട് നിരാഹാരം :തമിഴ്നാട്ടില്‍ നാലാം ദിവസവും പ്രതിഷേധം തുടരുന്നു

Published on 01 October, 2014
തിയറ്റര്‍ അടച്ചിട്ട് നിരാഹാരം :തമിഴ്നാട്ടില്‍ നാലാം ദിവസവും പ്രതിഷേധം തുടരുന്നു
ചെന്നൈ: കോടതി വിധിക്കെതിരെ തമിഴ്നാട്ടില്‍ നാലാം ദിവസവും പ്രതിഷേധം തുടരുന്നു. തമിഴ് സിനിമാ ലോകം ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് തിയറ്റര്‍ അടച്ചിട്ട് നിരാഹാര സമരം നടത്തി. രണ്ടുപേര്‍ ആത്മഹത്യാ ശ്രമം നടത്തി. സ്കൂള്‍ വിദ്യാര്‍ഥിനിയായ 17കാരി ഗുരുതരാവസ്ഥയിലാണ്. മധുര, കാരൂര്‍ അടക്കമുള്ള തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ കടകളടച്ചുള്ള പ്രതിഷേധം തുടരുകയാണ്. എ.ഐ.എ.ഡി.എം.കെ സംഘടിപ്പിച്ച നിരാഹാര സമരം നാലാം ദിവസവും തുടര്‍ന്നു.
ഡി.ജി.പി ഓഫിസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവര്‍ത്തകര്‍ തടഞ്ഞ് പൊലീസുകാരനെ പിന്തിരിപ്പിച്ചു. മധുരയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയായ നാഗലക്ഷ്മി (17) തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തിരുച്ചിറപ്പള്ളി, ഗൂഡല്ലൂര്‍, സേലം, കോയമ്പത്തൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ നിരാഹാരസമരം സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം ജയലളിതക്കുവേണ്ടി പ്രകടനങ്ങള്‍ നടന്നു. ക്ഷേത്രങ്ങളിലും പള്ളികളിലും ജയലളിതക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. മൗണ്ട് റോഡിലെ ഹസ്റത്ത് നിസാമുദ്ദീര്‍ ദര്‍ഗയില്‍ തമിഴ് മാനില മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. ഷേഖ് താവൂസ് നേതൃത്വം നല്‍കി. തിരുച്ചിറപ്പള്ളി ഗണേശ ക്ഷേത്രത്തിലും പ്രത്യേക പൂജ നടന്നു.
ദിണ്ടിഗലിലെ പ്രധാന പച്ചക്കറി വിപണി നാലാം ദിവസവും അടഞ്ഞുകിടന്നു. ഭൂരിഭാഗം കടകളും പ്രവര്‍ത്തിച്ചില്ല. സംസ്ഥാനത്തുടനീളം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നത് തുടരുകയാണെങ്കിലും ചെന്നൈയില്‍ ജനജീവിതം സാധാരണ നിലയിലാണ്. മുന്‍ നായിക കൂടിയായ ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ് സിനിമാ ലോകം ഒന്നടങ്കം തെരുവിലത്തെി. തമിഴ്നാട് പ്രൊഡ്യൂസേസ് കൗണ്‍സില്‍, സൗത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍, സീരിയല്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ സംഘടനകളും സിനിമ പ്രവര്‍ത്തകരും സംയുക്തമായി ഉപവാസമനുഷ്ഠിച്ചു. ശരത്കുമാര്‍ എം.എല്‍.എ, വിക്രം, കാര്‍ത്തി, പ്രഭു, സത്യരാജ്, സംവിധായകരായ ബാല, വാസു, നിര്‍മാതാവ് എസ്. തനു, ശിവ എന്നിവര്‍ നിരാഹാരമനുഷ്ഠിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക