Image

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) പുറത്തിറക്കി

Published on 01 October, 2014
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) പുറത്തിറക്കി
സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) പുറത്തിറക്കി.  വിന്‍ഡോസ് 8 ഒഎസിനു പകരമാണ് വിന്‍ഡോസ് 10.

ടാബ്‌ലറ്റുകളും ഫോണുകളും പരമ്പരാഗത ഡെസ്‌ക്‌ടോപ്പ് കംപ്യൂട്ടറുകളും ഉപയോഗിക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മൈക്രോസോഫ്റ്റിന്റെ ശ്രമം.
വിന്‍ഡോസ് 8 ല്‍ ഒഴിവാക്കപ്പെട്ട 'സ്റ്റാര്‍ട്ട് മെനു' ( Start Menu ) തിരികെയെത്തുന്നു എന്ന സവിശേഷതയും പുതിയ വിന്‍ഡോസ് പതിപ്പിനുണ്ട്.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, കമ്പനി പറയുന്നു.

തിരിച്ചെത്തുന്ന സ്റ്റാര്‍ട്ട് മെനുവില്‍ യുസറിന്റെ ഇഷ്ട ആപ്ലിക്കേഷനുകള്‍ ഒക്കെയുണ്ടാകും. മാത്രമല്ല, വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍, പരിഷ്‌ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും.

ഏത് ഉപകരണത്തിലാണോ പ്രവര്‍ത്തിക്കുന്നത് അതിനനുസരിച്ചുള്ള സവിശേഷതകളാകും വിന്‍ഡോസ് 10 ഒ.എസ് കാട്ടുക. വിന്‍ഡോസ് 8 ഉപയോഗിക്കുമ്പോഴത്തെ മാതിരി, ഡെസ്‌ക്‌ടോപ്പ് മോഡിലേക്കും ടൈല്‍ ഇന്റര്‍ഫേസിലേക്കും ഇടയ്ക്കിടയ്ക്ക് മാറേണ്ട ആവശ്യം പുതിയ ഒ.എസിലില്ല.

ടച്ചും കീബോര്‍ഡും മൗസും ഒരേസമയം ഉള്‍പ്പെടുത്തിയ വിന്‍ഡോസ് 8 ല്‍ ആ ഘടകങ്ങളെല്ലാം ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

വിന്‍ഡോസ് 10 എപ്പോഴേക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് കൃത്യമായി പറയുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ, അല്ലെങ്കില്‍ 2015 ആദ്യത്തോടെ വിന്‍ഡോസ് 10 എത്തിയേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

വിലയുടെ കാര്യത്തിലും മൈക്രോസോഫ്റ്റ് മൗനം പാലിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക