Image

പ്രധാനമന്ത്രി അമേരിക്കയില്‍ ഗാന്ധിജിയെ അപമാനിച്ചു: സുധീരന്‍

Published on 01 October, 2014
പ്രധാനമന്ത്രി അമേരിക്കയില്‍ ഗാന്ധിജിയെ അപമാനിച്ചു: സുധീരന്‍
ആലപ്പുഴ : അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ മഹാത്മജിയുടെ പേര് തെറ്റായി ഉച്ചരിച്ച് അദ്ദേഹത്തെ അനാദരിച്ചുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നു പറയേണ്ടതിനു പകരം മോദി പറഞ്ഞത് മോഹന്‍ലാല്‍ എന്നാണ്. പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി - സുധീരന്‍ പറഞ്ഞു.
വിലക്കയറ്റത്തിന്‍െറ പേരുപറഞ്ഞ് അധികാരത്തിലത്തെിയവര്‍ ചുരുങ്ങിയ നാളുകള്‍കൊണ്ട് അടിക്കടി വിലവര്‍ധിപ്പിച്ച് ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിയിട്ടു.
റെയില്‍ യാത്രക്കൂലിയും ചരക്കുകൂലിയും കൂട്ടി. മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചു. ഇപ്പോള്‍, പാചകവാതക സിലിണ്ടറുകളുടെ എണ്ണം 12ല്‍നിന്ന് ഒമ്പതാക്കി കുറക്കാന്‍ ശ്രമിക്കുകയാണ്. അധികാരത്തിലേറ്റിയ ജനങ്ങള്‍തന്നെ വൈകാതെ മോദിയെ പിടിച്ചിറക്കും -അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ മുസ്ലിംകളെ കൊന്നൊടുക്കിയതിന്‍െറ പാപക്കറയുള്ള മോദി അമേരിക്കയിലേക്ക് പുറപ്പെടുംമുമ്പ് നടത്തിയ മുസ്ലിം അനുകൂല പ്രസ്താവനകള്‍ ആത്മാര്‍ഥതയില്ലാത്തതും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കുന്നതുമാണ്.
അമേരിക്കയിലെ പ്രസംഗത്തില്‍ മഹാത്മാഗാന്ധിയുടെ പേരുപോലും തെറ്റിച്ച പ്രധാനമന്ത്രിയുടെ നടപടി ഗാന്ധിനിന്ദയാണ്. ബി.ജെ.പി സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും -സുധീരന്‍ പറഞ്ഞു.
കേരളത്തിലെ സി.പി.എം നയവും പ്രത്യയശാസ്ത്രവും കമ്യൂണിസവുംവിട്ട് ഓപ്പര്‍ച്യൂണിസത്തിന്‍െറ രാഷ്ട്രീയ പാതയിലാണ് പോവുന്നത്. അവസരവാദമാണു സി.പി.എം നയം. ബംഗാളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ സി.പി.എം മൂന്നും നാലും സ്ഥാനത്തൊക്കെയാണു വന്നത്. കേരളത്തിലും ആ സ്ഥിതി വരും. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം സി. പി. എം നന്നാകുമെന്ന് പലരും കരുതി. എന്നാല്‍, കതിരൂര്‍ മനോജ് വധത്തോടെ കൊലപാതക രാഷ്ട്രീയമാണ് അവരുടെ വഴിയെന്ന് വീണ്ടും തെളിയിക്കുകയാണ് ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.
ബൂത്ത് തലത്തില്‍ തുടങ്ങിയ പാര്‍ട്ടി പുനസംഘടനയില്‍ മണ്ഡലം, ബ്ളോക്, ജില്ലാ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥി-യുവജന സംഘടനകളിലും മറ്റും പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചവരെയും പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ലോകരാജ്യങ്ങള്‍ പോലും പ്രതീക്ഷയോടെ നോക്കുന്ന സംസ്ഥാനത്തെ മദ്യനയം സമ്പൂര്‍ണ വിജയമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക