Image

മോദി-ഒബാമ ചര്‍ച്ച: പ്രതിരോധ സഹകരണം 10 വര്‍ഷത്തേക്കു നീട്ടി

Published on 01 October, 2014
മോദി-ഒബാമ ചര്‍ച്ച: പ്രതിരോധ സഹകരണം 10 വര്‍ഷത്തേക്കു നീട്ടി
വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക സൈനികസഹകരണ കരാര്‍ പത്തുവര്‍ഷത്തേക്കുകൂടി നീട്ടി. ശാസ്ത്ര- സാങ്കേതിക-ബഹിരാകാശ ഗവേഷണങ്ങളിലും ഭീകരവിരുദ്ധ നീക്കങ്ങളിലും രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലും സഹകരണം വര്‍ധിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ചു ധാരണയായി.
വീസ, കുടിയേറ്റ നിയമങ്ങളടക്കം ഇന്ത്യ ഉയര്‍ത്തിയ മറ്റു വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
ഇസ്ലാമിക് സ്റേറ്റി (ഐഎസ്)നെതിരായ യുദ്ധത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാനുള്ള ഒബാമയുടെ ശ്രമവും ഫലിച്ചില്ല.
ലോകവ്യാപാര സംഘടനയിലെ ഭക്ഷ്യ സബ്സിഡി അടക്കമുള്ള പ്രശ്നങ്ങളിലും ധാരണയുണ്ടായില്ല. പതിനെട്ടു മണിക്കൂറിനുള്ളില്‍ രണ്ടുതവണയായി ഇരുനേതാക്കളും നാലുമണിക്കൂറോളം ചര്‍ച്ച നടത്തി.
പരസ്‌പരം ഭാഷകള്‍ കടമെടുത്ത ഇരു നേതാക്കന്മാരുടേയും കൂടിക്കാഴ്‌ച ചരിത്രത്തില്‍ പുതിയ അധ്യായം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഒരുക്കിയ വിരുന്നില്‍ ഇരുവരും പരസ്‌പരം മനസ്സു കീഴടക്കി. വൈറ്റ്‌ഹൗസിന്റെ വാതില്‍പ്പടിയില്‍ മോദിയെ വരവേറ്റപ്പോള്‍ ഒബാമ ഒരുനിമിഷം `ഗുജറാത്തിയായി `കെം ചൊ എന്നു ചോദിച്ചു. `എന്തുണ്ടു വിശേഷം എന്ന അര്‍ഥത്തില്‍ ഗുജറാത്തി ഭാഷയില്‍ ഉപയോഗിക്കുന്ന വാക്കാണിത്‌. `താങ്ക്‌ യു വെരിമച്ച്‌, പ്രസിഡന്റ്‌ എന്നായിരുന്നു മോദിയുടെ മറുപടി.

വൈറ്റ്‌ഹൗസില്‍ തനിക്കുവേണ്ടി ഒരുക്കിയ വിരുന്നിനെത്തുമ്പോള്‍ വ്യക്‌തിപരമായ ചില സമ്മാനങ്ങളും മോദി കരുതിയിരുന്നു - ഖാദിയില്‍ പൊതിഞ്ഞ `ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനവും മാര്‍ട്ടിന്‍ ലൂഥര്‍കിങ്‌ സ്‌മരണികയും. ഭരണത്തലവന്മാരെന്ന നിലയില്‍ ഇരുവരും കൈമാറുന്ന ഔദ്യോഗിക സമ്മാനങ്ങളല്ലാതെ, വ്യക്‌തിപരമായ സമ്മാനങ്ങളായിരുന്നു ഇത്‌. ഒബാമയ്‌ക്ക്‌ ഏറ്റവുമധികം പ്രചോദനം നല്‍കിയ രണ്ടു വ്യക്‌തികളാണ്‌ ഗാന്ധിജിയും കിങ്ങും എന്നതിനാല്‍ അതുമായി ബന്ധപ്പെട്ട സമ്മാനങ്ങള്‍ ഡല്‍ഹിയില്‍നിന്നു തന്നെ തയാറാക്കി പ്രധാനമന്ത്രി കരുതുകയായിരുന്നു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവല്‍, ഇന്ത്യന്‍ സ്‌ഥാനപതി എസ്‌. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി സുജാത സിങ്‌ തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍, സ്‌റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ സൂസന്‍ റൈസ്‌, യുഎസ്‌ എയ്‌ഡ്‌ പ്രതിനിധി രാജീവ്‌ ഷാ തുടങ്ങിയവരാണു യുഎസ്‌ സംഘത്തിലുണ്ടായിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക