Image

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ ജോയ്‌ ആലപ്പാട്ടിന്‌ സ്വീകരണവും തിരുനാള്‍ ആഘോഷവും

ബേബിച്ചന്‍ പൂഞ്ചോല Published on 30 September, 2014
സ്റ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ ജോയ്‌ ആലപ്പാട്ടിന്‌ സ്വീകരണവും തിരുനാള്‍ ആഘോഷവും
ന്യുയോര്‍ക്ക്‌: ഷിക്കാഗോ സെന്‍റ്റ്‌ തോമസ്‌ സീറോ-മലബാര്‍ കത്തോലിക്കാ രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായ അഭിവന്ദ്യ മാര്‍ ജോയ്‌ ആലപ്പാട്ട്‌ പിതാവിന്‌ സ്‌റ്റാറ്റന്‍ ഐലന്‍ഡില്‍ സ്വീകരണവും അനുമോദന സമ്മേളനവും നടത്തുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. 2007 മുതല്‍ സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ ബ്ലസഡ്‌ കുഞ്ഞച്ചന്‍ സീറോ-മലബാര്‍ ഇടവകയുടെ വികാരിയായി സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ച ആലപ്പാട്ട്‌ പിതാവ്‌ 2011-ലാണ്‌ ഷിക്കാഗോ കത്തീഡ്രല്‍ പള്ളിയുടെ വികാരിയായി സ്ഥലം മാറിപ്പോയത്‌.

ഒക്‌ടോബര്‍ 18 ശനിയാഴ്‌ച വൈകുന്നേരം 4:30-ന്‌ ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയങ്കണത്തില്‍ എത്തിചേരുന്ന അഭിവന്ദ്യ പിതാവിനെ കേരള തനിമയിലുള്ള താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍െറയും അകമ്പടിയോടെ സ്വീകരിച്ച്‌ ആനയിക്കും. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സ്‌റ്റാറ്റന്‍ ഐലന്‍ഡിലെ എല്ലാ ക്രിസ്‌തീയ സഭാ വിഭാഗങ്ങളും സാമൂഹിക സംഘടനകളും പങ്കെടുക്കുന്നതാണ്‌. സ്വീകരണ പരിപാടികള്‍ക്കുശേഷം സേ്‌നഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.

ഒക്‌ടോബര്‍ 19-ന്‌ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്‍േറയും മാര്‍ തോമ്മാശ്‌ളീഹായുടേയും തിരുനാള്‍ സംയുക്തമായി ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍വച്ച്‌ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ആഘോഷിക്കുന്നതാണ്‌.

ഞായറാഴ്‌ച വൈകുന്നേരം 3:30-ന്‌ ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ അഭിവന്ദ്യ മാര്‍ ജോയ്‌ ആലപ്പാട്ട്‌ പ്രധാന കാര്‍മ്മികത്വം വഹിക്കും. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സാംസ്‌ക്കാരിക അനുരൂപണത്തോടുകൂടിയ കൊടികള്‍ മുത്തുക്കുടകള്‍ ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും എഴുന്നള്ളിച്ചുകൊണ്ട്‌ നഗരംചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തോടുകൂടി കൊണ്ടാടുന്നതാണ്‌. തുടര്‍ന്ന്‌, വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌്‌.

ആലപ്പുഴ-കുട്ടനാട്‌ സ്വദേശിയും സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ ഇടവകാഗംവുമായ പത്തില്‍ ബേബി ആന്‍റ്റണിയും കുടുംബവുമാണ്‌ ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. തിരുനാളിന്‌ ഒരുക്കമായുള്ള നവനാള്‍ പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വും തിരുനാളുവരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും വിശുദ്ധ കുര്‍ബാനയോടുകൂടി ഉച്ചകഴിഞ്ഞ്‌ 4:30-ന്‌ നടത്തപ്പെടുന്നു.

തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ഭംഗിയോടും ഏറ്റവും ഭക്തിയോടും കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രസുദേന്തി ബേബി ആന്‍റ്റണി (718-983-7003) അറിയിച്ചു. ഈ തിരുനാളില്‍ പങ്കെടുത്ത്‌ ദൈവകൃപയുടെ പരിമളം വിതറുന്ന വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ മാദ്ധ്യസ്ഥം വഴി കര്‍ത്താവിന്‍െറ അനുഗ്രഹാശീര്‍വാദങ്ങള്‍ പ്രാപിക്കുന്നതിന്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മിറ്റിയും വികാരി ഫാ. സിബി വെട്ടിയോലിലും (347-601 -0024) അറിയിക്കുന്നു.
സ്റ്റാറ്റന്‍ ഐലന്‍ഡില്‍ മാര്‍ ജോയ്‌ ആലപ്പാട്ടിന്‌ സ്വീകരണവും തിരുനാള്‍ ആഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക