Image

മംഗള്‍യാന്റെ ഭ്രമണപഥവും ഐഎസ്ആര്‍ഒ ചാരക്കേസും- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 30 September, 2014
മംഗള്‍യാന്റെ ഭ്രമണപഥവും ഐഎസ്ആര്‍ഒ ചാരക്കേസും- അനില്‍ പെണ്ണുക്കര
    ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് പ്രഥമ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഐഎസ്ആര്‍ഒ മംഗള്‍യാനെ എത്തിച്ചതില്‍ ഒരോ ഇന്ത്യാക്കാരനും അഭിമാനം കൊണ്ട് വിജൃംഭിക്കുമ്പോള്‍ ഇന്ത്യയുടെ ബഹിരാകാശക്കിതിപ്പിനെ രണ്ട് ദശാബ്ദം പിന്നോട്ടടിച്ച ഐഎസ്ആര്‍ഒ ചാരക്കേസാണ് ഓര്‍മ്മയിലെത്തുന്നത്.
        1994ല്‍ അങ്ങനെയൊരു കള്ളക്കേസുണ്ടായിരുന്നില്ലെങ്കില്‍,അല്ല,ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ എത്രയോ മുന്‍പ് തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമായിരുന്നു. കേരള പോലീസിനേയും ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോയേയും കരുവാക്കി സാമ്രാജ്യത്വ രാജ്യങ്ങള്‍ നടത്തിയ ബൃഹത്തായ ബഹിരാകാശ ഗവേഷണ അട്ടിമറിയായിരുന്നു ചാരക്കേസ്. അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നമ്പിനാരായണനെന്ന ശാസ്ത്രജ്ഞന്‍ ഇന്ന്, തിരുവനന്തപുരത്ത് ജീവിക്കുന്നു. മംഗള്‍യാനിലെ മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ ദിശ തിരിച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര ശാസ്ത്രജ്ഞര്‍ സുഗമമാക്കിയപ്പോള്‍, തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നാളികേരമുടച്ച് മംഗള്‍യാന് മംഗളം നേരുകയായിരുന്നു സാത്വികനായ ആ ശാസ്ത്രജ്ഞന്‍.
        പലരുമിപ്പോള്‍ നമ്പി നാരായണനെ ഓര്‍ക്കുന്നുണ്ടാവില്ല. ആരുടേയും ഓര്‍മ്മപ്പുറങ്ങളില്‍ ഐഎസ്ആര്‍ഒ ചാരക്കേസുമുണ്ടാവില്ല. കാലം എല്ലാം മായ്ക്കുമെന്ന് പറയുന്നത് എത്രസത്യമാണ്
        മംഗള്‍യാന്റെ വിജയം നല്‍കുന്ന ആനന്ദത്തിന്റെ എത്രയോ ഇരട്ടി വേദനയും അഭിമാനക്ഷതവും ആത്മനിന്ദയുമാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഉണ്ടാക്കിയത്. 1994ന് ശേഷമുള്ള ഇന്ത്യയുടെ ഓരോ ബഹിരാകാശ വിജയവും യഥാര്‍ത്ഥത്തില്‍ ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്മാരോടുള്ള ക്ഷമായാചനയാണെ് .
        പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട് ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്ആര്‍ഒ ചാരക്കേസ്. പിഎസ്എല്‍വി യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ ശീതികരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്  എത്തിക്കാനുള്ള ജീഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് ചാരക്കേസിന്റെ ഉത്ഭവം. അമേരിക്ക,റഷ്യ,ഫ്രാന്‍സ്, ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക്  മാത്രമെ ക്രയോജനിക് ടെക്‌നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള നൈപുണ്യം ഉള്ളൂ. ആ കുത്തക തകര്‍ത്തുകൊണ്ട് ഇന്ത്യ ആ മേഖലയില്‍ എത്തുന്നത് മേല്‍ സൂചിപ്പിച്ച രാഷ്ട്രങ്ങള്‍ക്ക്  അസഹനീയമായിരുന്നു.
        രണ്ടുണ്ട് കാരണങ്ങള്‍, 1) റോക്കറ്റ് വിക്ഷേപണകലയിലെ ഈ വിജയം ബഹിരാകാശ ഗവേഷണ മേഖലയില്‍ അമേരിക്കന്‍ കുത്തകയ്ക്ക് തിരിച്ചടിയാകും. ആ ഭയത്തിന് ശാസ്ത്രീയ അടിത്തറയുണ്ട്. ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയാണല്ലോ ആദ്യമായി ചന്ദ്രനില്‍ ജലസാന്നിദ്ധ്യത്തിന്റെ സൂചനകള്‍ നല്‍കിയത്. 2) റോക്കറ്റ് വിക്ഷേപണത്തിലെ വാണിജ്യമേഖലയില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കും അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ജപ്പാന്റേയും ചൈനയുടേയും റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം നടത്താന്‍ വേണ്ടിവരുന്ന ചെലവ് നേര്‍പകുതികണ്ട് ഇന്ത്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാല്‍ കുറയ്ക്കാന്‍ പറ്റും. അപ്പേള്‍ മറ്റു രാഷ്ട്രങ്ങള്‍ ഇന്ത്യയെ ആശ്രയിക്കും. ഇത് ഇന്ത്യയുടേ സാമ്പത്തിക മേഖലയ്ക്ക് വന്‍ കരുത്താകും; അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടാക്കും. അതു കൊണ്ട് ഇന്ത്യയുടെ ജിഎസ്എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലി നടന്നരുന്നു .
        ക്രയോജനിക്ക് ടെക്‌നോളജി ഇന്ത്യക്ക് കൈമാറാന്‍ റഷ്യ തയ്യാറയപ്പോള്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്ക തിരിച്ചടി തുടങ്ങിയത്. അതിനെ വിജയകരമായി മറികടന്നപ്പോള്‍ സാമ്രാജ്യത്വ  പ്രതികാരം ഇരട്ടിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളെ തകര്‍ക്കാന്‍ ഒരു നിസാര കാരണം കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ച്  കാത്തിരിക്കുകയായിരുന്നു. തിരുവന്തപുരം വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനിലെ സിഐ സ്മാര്‍ട്ട് വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന് മറിയം റഷീദയും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്. പിന്നീടെല്ലാം സാമ്രാജ്യത്വ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ അഞ്ചാംപത്തികള്‍ അവസരത്തിനൊത്തുയര്‍ന്നു. ചാരക്കഥയ്ക്ക് പൊടിപ്പും തൊങ്ങലും ലഭിച്ചു. അത് രതിവര്‍ണനത്തിലേയ്ക്ക് വഴുതിവീണു. മുഖ്യധാരാമലയാളം മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതേയോ അമേരിക്കന്‍ ഹിഡന്‍ അജണ്ട കൊഴുപ്പിച്ചു.
        അങ്ങനെ 1996ല്‍ നടക്കേണ്ടിയിരുന്ന ജിഎസ്എല്‍വി വിക്ഷേപണത്തിന് 2001 വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന് മേലുണ്ടായ ഈ 'യാങ്കി'  അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റീവ് ശിങ്കങ്ങള്‍ക്ക് കഴിയാതെ പോയി. റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല. അതിന് മെനക്കെട്ടില്ല എന്ന് പറയുന്നതാണ് ശരി. അവര്‍ക്ക് വേണ്ടിയിരുന്നത് മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത് ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന് പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു.
        ചാരക്കേസ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ താല്‍പര്യത്തിനു കെട്ടിച്ചമച്ചാതാണെന്നു വ്യക്തമാക്കുന്നതായിരുന്നു അമേരിക്കയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നു റഷ്യയില്‍ അഭയംതേടിയ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍. ഐബിയുടെ നിര്‍ദേശമനുസരിച്ച് കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കെട്ടിപ്പടച്ച കൊടും വഞ്ചന; പെരുകള്ളം.. വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ഔദ്യോഗിക രഹസ്യ നിയമം 3,4,5 വകുപ്പുകള്‍ അനുസരിച്ച് 246/1994ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സിബിഐ. പിന്നീട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതു പോലെ തെറ്റായതും കെട്ടിച്ചമച്ചതുമാണ്. ഈ റിപ്പോര്‍ട്ട് കേരളാ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്.
        ക്രയോജനിക് സാങ്കേതിക വിദ്യ,പാകിസ്താനു കൈമാറി എന്നാരോപിച്ച് മാലി സ്വദേശിനികളായ മറിയം റഷീദ, ഫീസിയ ഹസന്‍, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍മാരായ നമ്പി നാരായണന്‍, സശികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേയാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയില്‍ അന്ന് സ്വായത്തമല്ലായിരുന്ന സാങ്കേതിക വിദ്യാ രഹസ്യങ്ങള്‍ കൈമാറി എന്നായിരുന്നു കേസ്.
        1994 ല്‍ ഐഎസ്ആര്‍ഒ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കിയിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം; ഇന്നും സ്വായത്തമല്ല. ഐഎസ്ആര്‍ഒയുടെ  2012-2013 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ക്രയോജനിക് സാങ്കേതിക വിദ്യയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഐബി. ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ ഈ വിദ്യ കൈമാറിയെന്നു മനസിലാക്കാനായി എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. അന്വേഷണസംഘത്തില്‍ സാങ്കേതിക വിദഗ്ധരില്ലായിരുന്നു എന്നുമോര്‍ക്കണം. ഔദ്യോഗിക രഹസ്യനിയമ പ്രകാരം കേന്ദ്രസര്‍ക്കാരിനോ, കേന്ദ്രം പ്രത്യേകം ചുമതലപ്പെടുത്തിയ ഏജന്‍സിക്കോ മാത്രമേ ചാരവൃത്തി സംബന്ധിച്ച് പരാതി നല്‍കാന്‍ അധികാരമുള്ളു. ഇക്കാര്യം ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുമുണ്ട്. തങ്ങള്‍ക്കു കേസെടുക്കാന്‍ അധികാരമില്ലെന്ന് അറിയാത്തവരല്ല കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍. എന്നിട്ടും ചാരക്കേസുണ്ടായി
        അമേരിക്ക ചാരവൃത്തി നടത്തുന്നതിനു സിഐഎ, എന്‍എസ്എ. മുതലായ ചാരസംഘടനകളെയാണ് ഉപയോഗിക്കുത്. സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രകാരം അമേരിക്ക ചാരവൃത്തി നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശം, ആണവ പരീക്ഷണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണിത്.  റഷ്യ ഇന്‍സ്‌പേസ് എ ഫെയില്‍ഡ് ഫ്രോണ്ടിയര്‍ എന്ന തന്റെ പുസ്തകത്തില്‍ ബി.ബി.സി. ലേഖകന്‍ ബ്രെയിന്‍ ഹാര്‍വേ ചാരക്കേസ് ചമച്ചതില്‍ സി.ഐ.എയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. പ്രമുഖ പത്രപ്രവര്‍ത്തകനായ ജെ.രാജശേഖരന്‍ നായര്‍ എഴുതിയ സ്‌പൈസ് ഫ്രം സ്‌പേസ് എന്ന പുസ്തകത്തിലും ഈ പങ്കിനെക്കുറിച്ച് തെളിവു സഹിതം വിവരിക്കുന്നുണ്ട്.
        1991 ലാണു ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറുന്നതിനു റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ ഗ്ലാവ്‌കോസ് മോസുമായി ഇന്ത്യന്‍ സ്‌പേസ് ഏജന്‍സിയായ ഐഎസ്ആര്‍ഒ  കരാറുണ്ടാക്കുന്നത്. രാഷ്ട്രീയ കച്ചവട താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നതു കൊണ്ട് അമേരിക്ക ഇടപെട്ട് കരാര്‍ തടയുകയായിരുന്നു. ഇക്കാര്യം 1993 ഓഗസ്റ്റ് 18ന് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം 1993ല്‍ ഐഎസ്ആര്‍ഒ നാലു ക്രയോജനിക് എന്‍ജിനുകള്‍ വാങ്ങാന്‍, ഗ്ലാവ്‌കോസ്‌മോസുമായി കരാറുണ്ടാക്കി. എന്‍ജിന്‍ കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ സാങ്കേതിക വിദ്യ പഠിക്കുന്നത് ഐഎസ്ആര്‍ഒ യ്ക്കു ചില സ്വകാര്യ പദ്ധതികളുണ്ടായിരുന്നു. അതു മനസിലാക്കിയ അമേരിക്ക കരാര്‍ അട്ടിമറിക്കുന്നതിനാണു സിഐഎ. ഉപയോഗിച്ച് ഇന്ത്യയിലെ ഐബി. ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് 1994 ല്‍ ഈ ചാരക്കേസുണ്ടാക്കിയത്. ഇക്കാരണത്താല്‍ ഇന്ത്യക്കു ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കാനായില്ല. ക്രയോജനിക് വിദ്യ രംഗത്തുണ്ടാകേണ്ട ഇരുപതു വര്‍ഷത്തെ പുരോഗതിയാണ് സാമ്രാജ്യത്വ  അഞ്ചാംപത്തികളായ ഈ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

മംഗള്‍യാന്റെ ഭ്രമണപഥവും ഐഎസ്ആര്‍ഒ ചാരക്കേസും- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക