Image

കാശ്മീര്‍ പാകിസ്ഥാന് അവകാശപ്പെട്ടതെന്ന് ബിലാവല്‍ ഭൂട്ടോ

Published on 20 September, 2014
കാശ്മീര്‍ പാകിസ്ഥാന് അവകാശപ്പെട്ടതെന്ന് ബിലാവല്‍ ഭൂട്ടോ
ഇസ്ലാമാബാദ്: കാശ്മീര്‍ പാകിസ്ഥാന് അവകാശപ്പെട്ടതാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ. വെള്ളിയാഴ്ച മുള്‍ട്ടാനില്‍ നടന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബിലാവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് പ്രവിശ്യകള്‍ പോലെ തന്നെ കാശ്മീരും പാകിസ്ഥാന്റെ ഭാഗമാണ്. താന്‍ കാശ്മീരിനെ മുഴുവനായും തിരിച്ച് വാങ്ങുമെന്നും അതിന്റെ ചെറിയൊരു ഭാഗം പോലും വിട്ടു കൊടുക്കില്ലെന്നുമാണ്  ബിലാവല്‍ പറഞ്ഞത്. ബിലാവല്‍ പരാമര്‍ശം നടത്തുന്ന സമയത്ത് മുന്‍ പാക് പ്രധാനമന്ത്രിമാരായിരുന്ന യൂസഫ് റാസ ഗിലാനിയും, രാജാ പര്‍വേസ് അഷറഫും  വേദിയിലുണ്ടായിരുന്നു.  2018ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുകയാണ് ബിലാവല്‍.

ബിലാവലിന്റെ അമ്മ ബേനസീര്‍ ഭൂട്ടോ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്നു. 2007 ഡിസംബര്‍ 27നാണ് ബേനസീര്‍ ചാവേറുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1967ല്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപിച്ച സുല്‍ഫിക്കര്‍ അലി ഭൂട്ടോ ബിലാവലിന്റെ മുത്തച്ഛനാണ്. സുല്‍ഫിക്കര്‍ അലി 1970ല്‍ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. ബിലാവലിന്റെ പിതാവ് ആസിഫ് അലി സര്‍ദാറി 2008 മുതല്‍ 2013 വരെ പാകിസ്ഥാന്റെ പ്രസിഡന്റായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക