Image

സിറിയയിലേയും ഇറാക്കിലേയും യാതനകള്‍ വിവരണാതീതം; പ്രത്യാശയുടെ പ്രവാചക ശബ്ദമായി പരി. പാത്രിയര്‍ക്കീസ്‌ ബാവ

Published on 20 September, 2014
സിറിയയിലേയും ഇറാക്കിലേയും യാതനകള്‍ വിവരണാതീതം; പ്രത്യാശയുടെ പ്രവാചക ശബ്ദമായി പരി. പാത്രിയര്‍ക്കീസ്‌ ബാവ
ഈസ്റ്റ്‌ ഹാനോവര്‍, ന്യൂജേഴ്‌സി: സിറിയയിലും വടക്കന്‍ ഇറാക്കിലും മഹാദുരന്തത്തില്‍ പീഡനത്തിനിരയായവരുടെ കദനകഥകളുമായി വലിയ ഇടയന്‍. കൊടിയ പീഡനത്തിലും ക്രൈസ്‌തവ സാക്ഷ്യം പ്രഘോഷണം ചെയ്യുന്നവരുടെ വക്താവായി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ ബാവ.

കഴിഞ്ഞയാഴ്‌ച വൈറ്റ്‌ ഹൗസ്‌ സന്ദര്‍ശിച്ച്‌ സ്ഥിതിവിശേഷങ്ങള്‍ പ്രസിഡന്റ്‌ ഒബാമയെ ധരിപ്പിച്ച പരി. ബാവയ്‌ക്ക്‌ മലങ്കര സിറിയന്‍ ആര്‍ച്ച്‌ ഡയോസിസ്‌ ഒരുക്കിയ ഭക്തിനിര്‍ഭരമായ സ്വീകരണത്തില്‍, തളരാത്ത വിശ്വാസത്തിന്റെ പ്രതീകത്തെയാണ്‌ കണ്ടത്‌. അചഞ്ചലമായ വിശ്വാസത്തിന്റേയും പ്രതീക്ഷയുടേയും വാക്കുകളില്‍ ക്രിസ്‌തുവിന്റെ ക്ഷമിക്കുന്ന സ്‌നേഹവും മഹാപുരോഹിതനില്‍ നിന്നുയര്‍ന്നു.

നാലുവര്‍ഷമായി സിറിയ കത്തിയെരിയുന്നു. പതിനായിരങ്ങള്‍ വീടുവിട്ട്‌ അഭയാര്‍ത്ഥികളായി. എന്നിട്ടും അവര്‍ ക്രിസ്‌തുവിനെ കൈവെടിഞ്ഞില്ല. ഇറാക്കില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ ആളുകളാണ്‌ അഭയാര്‍ത്ഥികളായി വരുന്നത്‌. അവര്‍ നമ്മുടെ സഹോദരങ്ങളാണ്‌. അവരെ നമുക്ക്‌ കൈയ്യൊഴിയാനാവില്ല.

ഐക്യരാഷ്‌ട്രസഭ സഹായങ്ങളെത്തിക്കുന്നുണ്ട്‌. അതു പോര. അവിടുത്തെ യാതന ചിന്തകള്‍ക്കതീതമാണ്‌. മതപരമായ ഉന്മൂലനം (റിലീജിയസ്‌ ക്ലീന്‍സിംഗ്‌) ആണ്‌ അവിടെ നടക്കുന്നത്‌. ഇറാ
നിലെ ഓരോ ചലനവും വീക്ഷിക്കുന്ന വന്‍ ശക്തികള്‍ക്ക്‌ ഇതൊന്നും കാണാന്‍ കണ്ണില്ല. ക്രിസ്‌ത്യാനികളെ സഹായിക്കാന്‍ അവര്‍ മനസുകാട്ടുന്നില്ല.

എന്തുകൊണ്ടാണിത്‌ സംഭവിച്ചുവെന്ന്‌ നാമൊക്കെ ആശ്ചര്യപ്പെടുന്നു. അവിടെ ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി താമസിക്കുന്നവരാണ്‌ ക്രൈസ്‌തവര്‍. അവര്‍ മുസ്ലീമുകളുമായി നല്ല ബന്ധത്തിലാണ്‌ കഴിഞ്ഞത്‌. ഒരു ഉപദ്രവത്തിനും പോയിട്ടില്ല. എന്നിട്ടും അവരെ ഭവനങ്ങളില്‍ നിന്ന്‌ ആട്ടിപ്പായിച്ചു. എങ്കിലും നാം പ്രതീക്ഷ കൈവിടുന്നില്ല. ക്രിസ്‌തുവിന്റെ ഉത്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്‌ നാം. ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ അനുചരരാണ്‌.

ചരിത്രത്തിലെന്നും ക്രൈസ്‌തവര്‍ പീഡനമേറ്റ കഥകളാണുള്ളത്‌. രക്തസാക്ഷികളുടേയും പീഡിപ്പിക്കപ്പെട്ടവരുടേയും സഭ എന്നാണ്‌ ക്രൈസ്‌തവ സഭ അറിയപ്പെട്ടിരുന്നത്‌. റോമാക്കാര്‍ ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചു. ഇസ്ലാമും അതുതന്നെ ചെയ്യുന്നു.

എങ്കിലും നാം അവരുമായി ഒരുമിച്ചു ജീവിച്ചതാണ്‌- ഭീകരതയുടെ തത്വശാസ്‌ത്രം വരുന്നതുവരെ പ്രശ്‌നമില്ലായിരുന്നു.  ഒരു സുപ്രഭാതത്തില്‍ ഉണര്‍ന്നെണീക്കുമ്പോള്‍ ഇസ്ലാമിക്‌ സ്റ്റേറ്റ്‌- അല്‍ഖായിദ ഭീകരര്‍ മുറ്റത്തെത്തുന്നതാണ്‌ ജനം കണ്ടത്‌.

അന്താരാഷ്‌ട്ര തലത്തിലുള്ള സഹായമാണ്‌ അവിടെ വേണ്ടത്‌. അവരെ സഹായിക്കാന്‍ സഭ കഴിയുന്നത്ര ശ്രമിക്കുന്നു. ക്രിസ്‌തുവിന്റെ വചനത്തിന്‌ സഭ എന്നും സാക്ഷ്യംവഹിക്കും. നാം പ്രതീക്ഷ കൈവെടിയുന്നില്ല. ശാന്തിയുടേയും സൗഹൃദത്തിന്റേയും സന്ദേശം നാം പരത്താന്‍ ശ്രമിക്കും.

സിറിയയില്‍ ഇതാണ്‌ സ്ഥിതിയെങ്കില്‍ ഇന്ത്യയില്‍ സഭ ശാന്തമായ ലോകത്താണ്‌ കഴിയുന്നത്‌. സഭ അവിടത്തെ പ്രാദേശിക സഭ തന്നെയായി മാറി. പല പ്രാദേശിക ആചാരങ്ങളും നാം ഉള്‍ക്കൊണ്ടു. എന്നാലും അന്ത്യോഖ്യന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‌തു. നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ ത്യാഗങ്ങളി
ലാണു  നമ്മുടെ വിശ്വാസം ഉറച്ചിരിക്കുന്നത്‌. എങ്കിലും നാം വെല്ലുവിളികളും നേരിടുന്നുണ്ട്‌. പരുമല തിരുമേനിയേയും പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയേയും പോലുള്ളവരെ തന്നതിന്‌ ദൈവത്തോട്‌ നന്ദി പറയുന്നു. ഇപ്പോഴത്തെ കാതോലിക്കാ ബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമന്റെ കീഴില്‍ സഭ ശക്തമായി നിലകൊള്ളുക മാത്രമല്ല വികാസം പ്രാപിക്കുകയും ചെയ്യുന്നു.

മലങ്കരയുമായുള്ള എന്റെ ബന്ധം നിങ്ങളിലൂടെയാണ്‌. മലങ്കരയിലെ ജനങ്ങളുടെ ത്യാഗങ്ങള്‍ നിങ്ങളിലൂടെയാണ്‌ ഞാന്‍ അറിയുന്നത്‌. മലങ്കരയില്‍ സമാധാനം ഉണ്ടാകണം. സമാധാന
കാംക്ഷികള്‍ രണ്ടു വിഭാഗത്തിലും ഉണ്ട്‌. സമാധാനത്തിനുവേണ്ടിയാണ്‌ നാം നിലകൊള്ളുന്നത്‌. പക്ഷെ ആരിലും എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ബന്ധപ്പെട്ട എല്ലാവരും ഒത്തൊരുമിച്ച്‌ പ്രശ്‌നത്തിനു പരിഹാരം കാണണം. രണ്ടു വിഭാഗത്തോടും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും വേണം. അപ്പോള്‍ സമാധാനം താനെ വരും.

കാതോലിക്കാ ബാവയും നോര്‍ത്ത്‌ അമേരിക്കന്‍ മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസും നല്‍കുന്ന സേവനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.

ക്രിസ്‌തുമതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ മതം വേണ്ടെന്ന ചിന്താഗതിയും, മതമൗലിക വാദവുമാണ്‌ (ഫണറ്റിസിസം)-
ബാവ പറഞ്ഞു. രണ്ടിനേയും ശത്രുക്കളായി കണ്ട്‌ എതിര്‍ക്കണം. അതേസമയം സഹിഷ്‌ണുത പാലിക്കുകയും വേണം. തിന്മ കാണുമ്പോള്‍ മിണ്ടാതിരിക്കാനാവില്ല. തിന്മ കാട്ടുതീ പോലെ പടരുമ്പോള്‍ ഉത്ഥാനത്തിന്റെ സുവിശേഷം നാം പ്രചരിപ്പിക്കണം. ധാര്‍മ്മികതയില്‍ ഉറച്ചു നില്‍ക്കണം. അങ്ങനെ ലോകം കൂടുതല്‍ മെച്ചപ്പെട്ട സ്ഥലമാകും.

ഇത്‌ എന്റെ ജോലിയല്ല എന്ന്‌ ചിന്തിക്കരുത്‌. ഇത്‌ എല്ലാവരുടേയും കടമയാണ്‌. എനിക്ക്‌ തന്നെ അധികമൊന്നും ചെയ്യാനാവില്ല. പക്ഷെ നമുക്ക്‌ ഒരുമിച്ച്‌ പലതും ചെയ്യാന്‍ കഴിയും.

പുതിയ തലമുറയ്‌ക്ക്‌ സഭയും പള്ളിയും അര്‍ത്ഥവത്താക്കാന്‍ നമുക്ക്‌ കഴിയണം. എന്റെ പള്ളിയാണിത്‌ എന്ന്‌ നാം അഭിമാനപൂര്‍വ്വം പറയുന്നതുപോലെ നമ്മുടെ മക്കളും പറയാന്‍ ഇടവരുത്തണം- ബാവ പറഞ്ഞു.

മലയാളത്തില്‍ അഭിസംബോധനയോടെ ആരംഭിച്ച പ്രസംഗം ക്‌നാനായ സമുദായത്തിന്റെ സേവനം എടുത്തുപറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍
ദൈവം എന്നെ നിങ്ങളുടെ ദാസനാകാന്‍ തെരഞ്ഞെടുത്തു. ഈ വിഷമ കാലഘട്ടത്തില്‍ നിങ്ങളുടെ ആത്മീയ പിതാവാകാന്‍ ദൈവം എന്നെ നിയോഗിച്ചു. അതെപ്പറ്റി താന്‍ ദൈവമുമ്പാകെ സന്ദേഹപ്പെടുകയും ചെയ്‌തു. അവിടത്തെ ജോലി ചെയ്യാന്‍ തനിക്ക്‌ ശക്തിതരണമേ എന്ന്‌ പ്രാര്‍ത്ഥിച്ചു. `അവിടുത്തേക്ക്‌ എന്നെ അറിയാമല്ലോ. ഈ ഉന്നതസ്ഥാനം വഹിക്കാന്‍ അവിടുന്ന്‌ എന്നെ നിയോഗിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും അവിടുന്ന്‌ കൂടെയുണ്ടാവണമെന്നു പ്രാര്‍ത്ഥിച്ചു.'

1996-ല്‍ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസില്‍ എത്തിയതു മുതല്‍ നിങ്ങളെ അറിയാം. ഇവിടുത്തെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പ്രതിസന്ധി നേരിട്ടതും, ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിലായതും അറിയാം. വിശ്വാസികള്‍ക്ക്‌ കോടതി കയറേണ്ടതായും വന്നു. എങ്കിലും ഒരുമിച്ച്‌ നില്‍ക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. അന്ത്യോഖ്യന്‍ സിംഹാസനത്തോടുള്ള ഭക്തി ഉറപ്പിച്ചു പ്രഖ്യാപിച്ചു.

നോര്‍ത്ത്‌ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസ്‌ അന്ത്യോഖ്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌. അപ്പസ്‌തോലിക്‌ പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരാണ്‌ നാം എന്നതു മറക്കരുത്‌.

എനിക്കുവേണ്ടിയും പീഡിപ്പിക്കപ്പെടുന്ന സഭാ മക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഇന്ത്യന്‍ സഭയില്‍ ഐക്യമുണ്ടാകുന്നതിനും പ്രാര്‍ത്ഥിക്കണം. ലോകമെങ്ങും എല്ലാ സംസ്‌കാരങ്ങള്‍ക്കും തുല്യാവകാശം ഉണ്ടാകുന്നതിനു നാം പ്രവര്‍ത്തിക്കണം- ബാവ പറഞ്ഞു.

`ഈ ദിനം ദൈവം നല്‍കിയതാണ്‌, നമുക്ക്‌ ഇതില്‍ ആഹ്ലാദിക്കാം'- എന്ന സങ്കീര്‍ത്തനം ചൊല്ലിയാണ്‌ അധ്യക്ഷപ്രസംഗം എല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ആരംഭിച്ചത്‌. ഒരുപാട്‌ വെല്ലുവിളികള്‍ പിന്നിട്ട രാജ്യം പൂര്‍ണ്ണമായി അധീനതയില്‍ വന്നപ്പോഴായിരിക്കാം ദാവീദ്‌ രാജാവ്‌ ഇത്‌ എഴുതിയതെന്നു പറയപ്പെടുന്നു.

നമുക്കും ഇത്‌ അന്വര്‍ത്ഥമാണ്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര സഭാംഗങ്ങള്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള മലങ്കര സഭാംഗങ്ങള്‍ക്ക്‌ ഇതൊരു ആഹ്ലാദ ദിനമാണ്‌. നമുക്കൊരു പുതിയ പാത്രിയര്‍ക്കീസ്‌ ബാവയെ ലഭിച്ചുവെന്നു മാത്രമല്ല, മലങ്കരയേയും മലയാളിയേയും നന്നായി അറിയാവുന്ന വ്യക്തിയാണദ്ദേഹം; പലവട്ടം ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യയുടെ സംസ്‌കാരം നേരിട്ടറിയുകയും ചെയ്യുന്ന ആള്‍; ഇന്ത്യന്‍ സഭയുടെ പ്രതിസന്ധിയും, ഇപ്പോഴത്തെ തര്‍ക്കങ്ങളുടെ ചരിത്രവും വ്യക്തമായി അറിയാവുന്നയാള്‍; ശ്രേഷ്‌ഠ കാതോലിക്കാ ബാവ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും
ദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന ബാവ; അപ്പവും ഫിഷ്‌  മോളിയും എരിവ്‌ അധികമില്ലാത്ത നാടന്‍ ഭക്ഷണങ്ങളും ഇഷ്‌ടപ്പെടുന്ന ബാവ; അതിനു പുറമെ നമ്മുടെ ഭാഷ കുറച്ചൊക്കെ അറിയാവുന്ന ബാവ. ഒരു പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നു ഇതില്‍ക്കൂടുതല്‍ എന്താണ്‌ നാം പ്രതീക്ഷിക്കേണ്ടത്‌?

ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിയാണ്‌ പരി. ബാവാ. ഇതിനൊരു നിയന്ത്രണം വരുത്തണമെന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഈ സ്വാതന്ത്ര്യം പലരും ദുരുപയോഗം ചെയ്യുന്നതായി കാണുമ്പോള്‍ പ്രത്യേകിച്ചും.

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്‌തവര്‍ക്ക്‌ ആശ്വാസവുമായി ബാവാ ഓടിയെത്തുന്നതു നാം കണ്ടു. സഭയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാട്‌
ദ്ദേഹത്തിനുണ്ട്‌. പീഡിതര്‍ക്ക്‌ ആശ്വാസമാകുന്നതിനൊപ്പം സഭയില്‍ അച്ചടക്കം നിലനിര്‍ത്താനും അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. ശക്തമായ പല തീരുമാനങ്ങളും അദ്ദേഹം ഇതിനകം തന്നെ എടുത്തിട്ടുണ്ട്‌.

ദൈവത്തിന്‌ ഒരു പദ്ധതിയുണ്ട്‌ എന്ന്‌ നമുക്ക്‌ അറിയാം. ആരെ എപ്പോള്‍ തെരഞ്ഞെടുക്കണമെന്ന്‌ അവിടുന്ന്‌ തീരുമാനിക്കുന്നു. മോസസിനെ പരിശുദ്ധാത്മാവ്‌ നിയോഗിച്ചതുപോലെ പരി. ബാവയേയും ദൈവം നിയോഗിച്ചിരിക്കുന്നു.

മലയാളി സമൂഹവുമായി ബാവ എന്നും നല്ല ബന്ധമാണ്‌ പുലര്‍ത്തിയിരുന്നത്‌. അവരുടെ ദുഖങ്ങളില്‍ പങ്കാളി
യായി. പ്രതിസന്ധി സമയത്ത്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഛിന്നഭിന്നമാകാതിരിക്കാന്‍ പരി. ബാവ സഹായിച്ചു. മുന്‍ ബിഷപ്പ്‌ 2001-ല്‍ സഭ വിട്ടപ്പോള്‍ പരി. ബാവ ന്യൂജേഴ്‌സിയിലെ കത്തീഡ്രല്‍ തുറന്നു തന്നു. ന്യൂയോര്‍ക്ക്‌ സുപ്രീം കോടതിയില്‍ ആര്‍ച്ച്‌ ഡയോസിസിനുവേണ്ടി ഹാജരാകുകയും ചെയ്‌തു. 2010-ല്‍ ഫാമിലി കോണ്‍ഫറന്‍സില്‍ പ്രശ്‌നമുണ്ടായപ്പോള്‍ വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്നു.

പരി. ബാവ ഇവിടെ നിന്ന്‌ പോയതോടെ ഒരു പിതാവിനേയോ, മൂത്ത സഹോദരനെയോ ആണ്‌ തനിക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. പ്രതിസന്ധികളില്‍ തന്റെ ശക്തിയായിരുന്നു അദ്ദേഹം. പത്തുവര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം സേവനം അനുഷ്‌ഠിക്കാനായതില്‍ സന്തോഷമുണ്ട്‌. അമേരിക്കയില്‍ തന്നെ കൊണ്ടുവന്നതിനു പിന്നിലും അദ്ദേഹമുണ്ടായിരുന്നു.

ഇവിടെ അദ്ദേഹത്തെ നഷ്‌ടമാകുമെങ്കിലും നമ്മുടെയെല്ലാം ഇടയനായി അദ്ദേഹത്തെ ലഭിച്ചുവെന്നതാണ്‌ ആഹ്ലാദകരം- മാര്‍ തീത്തോസ്‌ പറഞ്ഞു.

സീറോ മലങ്കര കാത്തലിക്‌ ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ പരി. ബാവയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു. താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ക്രൈസ്‌തവ ഐക്യത്തിനു വേണ്ടി സംസാരിച്ചത്‌ മാര്‍ യൗസേബിയോസ്‌ അനുസ്‌മരിച്ചു. ഈ കാലഘട്ടത്തില്‍ ഐക്യത്തിന്റെ പ്രാധാന്യം പരി. ബാവ എടുത്തുപറഞ്ഞു. ക്രിസ്‌തുവിനു സാക്ഷ്യംവഹിക്കാന്‍ നാം ഒന്നിച്ചു നിന്നില്ലെങ്കില്‍ നാം പരാജയമായിരിക്കും.

പരി. ബാവയുടെ തുറന്ന സമീപനവും വിനയവും മഹനീയ ചിന്തകളെയും തങ്ങളൊക്കെ ഏറെ വിലകല്‍പ്പിക്കുന്നു. പീഡിതരായ ക്രൈസ്‌തവര്‍ക്കുവേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തങ്ങളുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും മാര്‍ യൗസേബിയോസ്‌ പറഞ്ഞു.

ഫാ. പോള്‍ പറമ്പത്ത്‌, ഫാ. പോള്‍ തോട്ടയ്‌ക്കാട്‌ എന്നിവരുടെ ആമുഖത്തോടെയാണ്‌ സമ്മേളനം തുടങ്ങിയത്‌. വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, ലിന്‍ബ്രൂക്ക്‌ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, സെന്റ്‌ എഫ്രേം കത്തീഡ്രല്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു.

ആര്‍ച്ച്‌ ഡയോസിസ്‌ സെക്രട്ടറി വെരി റവ. മാത്യു തോമസ്‌ ഇടത്തറ
കോര്‍എപ്പിസ്‌കോപ്പ സ്വാഗതം ആശംസിച്ചു. എത്യോപ്യന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ അബുനെ സഖറിയാ, കോപ്‌റ്റിക്‌ ബിഷപ്‌ അന്‍ബാ ഡേവിഡ്‌, ഹാനോവര്‍ ടൗണ്‍ഷിപ്പ്‌ മേയര്‍ റൊണാള്‍ഡ്‌ ഫ്രാന്‍സിയോളി, ക്‌നാനായ സമുദായത്തിന്റെ വികാരി ജനറാള്‍ വെരി റവ. ചെറിയാന്‍ മൂഴയില്‍ കോര്‍എപ്പിസ്‌കോപ്പ, അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ബിഷപ്പ്‌ ഖജാജ്‌ ബര്‍സാ മിയര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സമ്മേളനം വിജയകരമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച ആര്‍ച്ച്‌ ഡയോസിസ്‌ ട്രഷറര്‍ സാജു മാരോത്ത്‌ നന്ദി പറഞ്ഞു. കമാന്‍ഡര്‍ ജോബി ജോര്‍ജ്‌ സന്ദേശങ്ങള്‍ വായിച്ചു.

സഭാ കമ്മിറ്റി അംഗം ജോയി ഇട്ടന്‍, നിരവധി വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേത്രുത്വം നല്‍കി
ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങളായ ജോസ് കാടാപ്പുറം, റെജി ജോര്‍ജ്, സുനില്‍ ട്രൈസ്റ്റാര്‍, രാജു പള്ളത്ത്, ജോര്‍ജ് ജോസഫ്, ജോബി ജോര്‍ജ്, ഏബ്രഹാം മാത്യു തുടങ്ങിയവര്‍ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ചു.
സിറിയയിലേയും ഇറാക്കിലേയും യാതനകള്‍ വിവരണാതീതം; പ്രത്യാശയുടെ പ്രവാചക ശബ്ദമായി പരി. പാത്രിയര്‍ക്കീസ്‌ ബാവ
Join WhatsApp News
Ponmelil Abraham 2014-09-20 17:18:30
Very happy to view the pictures and the news report. God bless us all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക