Image

ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ യല്‍ദോ ബാവായുടെ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2014
ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ യല്‍ദോ ബാവായുടെ പെരുന്നാള്‍
ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള ഓക്ക്‌പാര്‍ക്കില്‍ (1125 N. Humphery Ave, Oak Park, IL 60302) മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന വിശുദ്ധ ദൈവാലയത്തില്‍ ആണ്ടുതോളം നടത്തിവരുന്ന യല്‍ദോ മോര്‍ ബസേലിയോസ്‌ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം ഒക്‌ടോബര്‍ 4,5 തീയതികളില്‍ ബഹുമാനപ്പെട്ട തോമസ്‌ കുര്യന്‍ അച്ചന്റെ കാര്‍മികത്വത്തിലും സഹോദരി ഇടവകകലിലെ ബഹുമാനപ്പെട്ട വൈദീകരുടേയും, വിശ്വാസികളുടേയും സഹകരണത്തില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

മലങ്കര സഭാമക്കള്‍ അനാഥരാകാതിരിക്കുന്നതിനുവേണ്ടി കിഴക്കിന്റെ കാതോലിക്ക, 92 വയസുള്ള എല്‍ദോ മോര്‍ ബസേലിയോസ്‌ ബാവാ എ.ഡി. 1685-ല്‍ ഇറാക്കിലുള്ള കര്‍ക്കോശ്‌ എന്ന സ്ഥലത്തുനിന്നും മലങ്കരയില്‍ എത്തിച്ചേര്‍ന്നു. ആ വര്‍ഷം തന്നെ ഒക്‌ടോബര്‍ രണ്ടാം തീയതി വിശുദ്ധന്‍ കാലം ചെയ്‌ത്‌ കോതമംഗലം ചെറിയപള്ളിയില്‍ കബറടക്കപ്പെട്ടു. വിശ്വാസികള്‍ അന്നുമുതല്‍ വളരെ ഭക്ത്യാദരവുകളോടെ `കന്നി 20 പെരുന്നാള്‍' എന്ന വിശേഷനാമത്തില്‍ ആ ദിവസം സ്‌മരിക്കുന്നു.

പെരുന്നാളിന്റെ ആദ്യപടിയായ കൊടിയേറ്റം സെപ്‌റ്റംബര്‍ 28-ന്‌ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടത്തപ്പെടും. ഒക്‌ടോബര്‍ നാലാം തീയതി വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ അഞ്ചാം തീയതി ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും 10 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സ്‌നേഹവിരുന്ന്‌ ഉണ്ടായിരിക്കും. തുടര്‍ന്ന്‌ കൊടിയിറക്കത്തോടെ പെരുന്നാള്‍ പര്യവസാനിക്കും.

ബാബു വെട്ടിക്കാട്ട്‌, റെജിമോന്‍ ജേക്കബ്‌ എന്നീ ഇടവകാംഗങ്ങളും കുടുംബങ്ങളും ആണ്‌ ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. വൈസ്‌ പ്രസിഡന്റ്‌ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, ട്രഷറര്‍ കുര്യന്‍ ജോര്‍ജ്‌ എന്നിവര്‍ പെരുന്നാളിന്‌ നേതൃത്വം നല്‍കും.

വിശ്വാസികള്‍ ഏവരും പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ വികാരി ഫാ. തോമസ്‌ കുര്യന്‍ താത്‌പര്യപ്പെടുന്നു. ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്‌.
ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ യല്‍ദോ ബാവായുടെ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക