Image

മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2014
മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാല അറിയിച്ചു.

സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ സീറോ മലബാര്‍ സഭാ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കാര്‍മികത്വം വഹിക്കും. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. കൂടാതെ സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, ഉക്രെയിന്‍ സഭകളില്‍ നിന്നുള്ള 12 ബിഷപ്പുമാര്‍, അമേരിക്കന്‍ രൂപതയില്‍ നിന്നുള്ള 15 പ്രതിനിധികള്‍, ഷിക്കാഗോ രൂപതയിലെ നൂറോളം വൈദീകരും ഈ കൂദാശയില്‍ കാര്‍മികരായിരിക്കും.

പാരീഷ്‌ ഹാളില്‍ നിന്നും തിരുവസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ കൊടിമരം ചുറ്റി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന്‌ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതുമാണ്‌. ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട്‌ ആര്‍ച്ച്‌ ഡീക്കനായിരിക്കും. ഷിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ നിയുക്ത പിതാവ്‌ മാര്‍ ജോയി ആലപ്പാട്ടിനെ ഷിക്കാഗോ രൂപതയുടെ സഹായ മെത്രനായി നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഡിക്രി വായിക്കുന്നതാണ്‌. നിയുക്ത പിതാവ്‌ മാര്‍ ജോയി ആലപ്പാട്ടിന്റെ ജന്മദിനത്തില്‍ തന്നെ ഈ തിരുകര്‍മ്മങ്ങള്‍ നടക്കുന്നു എന്നുള്ളതും ഒരു പ്രത്യേകതയാണ്‌.

ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം കമ്മിറ്റികള്‍ അഹോരാത്രം ഈ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. സെപ്‌റ്റംബര്‍ 18-ന്‌ വ്യാഴാഴ്‌ച അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റേയും, മാര്‍ ജോയി ആലപ്പാട്ടിന്റേയും മറ്റ്‌ വൈദീകരുടേയും അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഇരൂനൂറോളം വോളണ്ടിയേഴ്‌സ്‌ പങ്കെടുത്തു. കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സ്‌ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അഞ്ച്‌ സ്ഥലങ്ങളിലായി എണ്ണൂറോളം വാഹനങ്ങള്‍ക്ക്‌ പാര്‍ക്കിംഗ്‌ സൗകര്യവും, നാലായിരം പേര്‍ക്ക്‌ ഇരുന്ന്‌ തിരുകര്‍മ്മങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങളും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും തയാറാക്കിയിട്ടുണ്ട്‌. തിരുകര്‍മ്മങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുവാനുള്ള സജജീകരണങ്ങളും പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ പാരീഷ്‌ ഹാളില്‍ വെച്ച്‌ പൊതുയോഗം ചേരുന്നതാണ്‌. ചടങ്ങുകളുടെ വിജയത്തിനായി നിത്യാരാധനാ ചാപ്പലില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. സെപ്‌റ്റംബര്‍ 19-ന്‌ വെള്ളിയാഴ്‌ച മുതല്‍ സെപ്‌റ്റംബര്‍ 21-ന്‌ ഞായറാഴ്‌ച വരെ 40 മണിക്കൂര്‍ ആരാധനയും ഉണ്ടായിരിക്കുന്നതാണ്‌. ഈ ചരിത്ര മുഹൂര്‍ത്തത്തിന്‌ സാക്ഷികളാകാന്‍ എല്ലാവിശ്വാസികളേയും പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു. റോയി വരകില്‍പറമ്പില്‍ അറിയിച്ചതാണിത്‌.
മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക