Image

ജനാധിപത്യം ഇന്ദ്രജാലമോ ചെപ്പടിവിദ്യയോ അല്ല, മോഡിജി (ഡല്‍ഹി കത്ത് :പി.വി.തോമസ്)

പി.വി.തോമസ് Published on 19 September, 2014
ജനാധിപത്യം ഇന്ദ്രജാലമോ ചെപ്പടിവിദ്യയോ അല്ല, മോഡിജി (ഡല്‍ഹി കത്ത് :പി.വി.തോമസ്)
ഇത് കഴിഞ്ഞ ആഴ്ചത്തെ ഡല്‍ഹികത്തിനുള്ള ഒരു അനുബന്ധം ആണ്. മോഡി മാജിക്കിന്റെ മാറ്റുരക്കുവാന്‍ വന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്നു. ആ മാജിക്ക് ഇക്കുറി ഫലിച്ചില്ല. എഴുതിയതുപോലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോഡി മാജിക്കിന്റെ തുടര്‍ച്ച ആയിരുന്നില്ല. അതുപോലെ തന്നെ അത് കോണ്‍ഗ്രസിന്റെ തുടര്‍ച്ച ആയിരുന്നില്ല. അതുപോലെ തന്നെ അത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയ്‌ക്കൊന്നും പകയില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ചുമില്ല. സമ്മതിദായകരുടെ ഒരു നിശബ്ദ വിപ്ലവത്തിന്റെ അടിയൊഴുക്കില്‍ മോഡി മാജിക്കിന്റെ അടിത്തറ തെല്ലൊന്നുലഞ്ഞു. ഏതാനും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ (ഇവിടെ 33 അസംബ്ലി സീറ്റുകള്‍ , 3 പാര്‍ലമെന്റ് സീറ്റുകള്‍, 9 സംസ്ഥാനങ്ങള്‍) ഒരു ഭരണത്തെയോ ഒരു ഭരണാധികാരിയെയോ വിലയിരുത്തുവാനോ അദ്ദേഹത്തിന്റെ ജനപ്രീതി നിര്‍ണ്ണയിക്കുവാനോ സാദ്ധ്യമല്ല. എങ്കില്‍ തന്നെയും സെപ്തംബര്‍ പതിനാറിന് വെളിയല്‍ വന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മോഡിക്ക് തികച്ചും നിരാശാജനകം ആണ്. ഇത് സംഭവിക്കുന്നത് നേരത്തെ നടന്ന രണ്ട് റൗണ്ട് ഉപതെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെയാണെന്ന് ഓര്‍മ്മിക്കണം. ആദ്യം ഉത്തര്‍കാണ്ടിലും മദ്ധ്യപ്രദേശിലും കര്‍ണ്ണാടകയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മോഡിക്ക് തന്റെ ലോകസഭാ തെരഞ്ഞെടുപ്പിലെ ഇന്ദ്രജാലം ആവര്‍ത്തിക്കുവാനായില്ല. തൊട്ടുപിന്നാലെ നടന്ന ബീഹാര്‍ ഉപതെരഞ്ഞടുപ്പിലും മോഡി മാജിക്ക് ഫലിച്ചില്ല. തുടരെ തുടരെയുള്ള ഈ ഉപതെരഞ്ഞെടുപ്പ് പരാജയങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്? ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും വന്‍പരാജയങ്ങളും ഗുജറാത്തിന്‍ ഏറ്റ തിരിച്ചട്യും നിസാരമായി കാണാവുന്നതല്ല. കോണ്‍ഗ്രസിന്റെ ഒരു ചെറിയ തിരിച്ചുവരവിനും സമാജ് വാദി പാര്‍ട്ടിയുടെ മേല്‍ക്കോയ്മയ്ക്കും ഇവ വഴിയൊരുക്കിയിരിക്കുകയാണ്. എന്തായിരിക്കും ദേശീയ രാഷ്ട്രീയത്തില്‍ ഇവയുടെ പ്രത്യാഘാതം?

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതനായി മോഡി അധികാരത്തിലേറിയിട്ട് 100 ദിവസം കഴിഞ്ഞതേയുള്ളൂ. രാഷ്ട്രീയമായി കാര്യമായിട്ടൊന്നും കാര്യമായി മാറിയിട്ടില്ല. ഈ കാലയളവിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നേരിട്ട സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശില്‍ മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ ബി.ജെ.പിക്ക് 80 -ല്‍ 71 സീറ്റുകളും ലഭിച്ചതാണ്. ഇത് ചരിത്രവിജയം ആണ്. 1990 കളിലെ രാമമന്ദിര മൂവ്‌മെന്റ് കാലത്തുപോലും ബിജെപിക്ക് ഇത്തര്‍പ്രദേശില്‍ ഇത്രയും സീറ്റുകള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രധാനം ഭരിക്കുന്നത് രാഷ്ട്രീയ എതിരാളിയായ സമാജ് വാദിയാണെന്ന കാര്യവും ഓര്‍മ്മിക്കണം. എന്നിട്ടും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രേഖപ്പെടുത്തിയ വിജയം എല്ലാ രാഷ്ട്രീ കണക്കു കൂട്ടലുകളെയും തകിടം മറിക്കുന്നതായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ ഉപതെരഞ്ഞടുപ്പില്‍ ആകെയുള്ള പതിനൊന്നു സീറ്റുകളില്‍ മൂന്നെണ്ണം മാത്രം ബിജെപിക്ക് ലഭിച്ചുള്ളൂ ? എങ്ങനെ ബാക്കി എട്ടു സീറ്റുകളും സമാജ് വാദി പാര്‍ട്ടി തൂത്തുവാരി? രാജസ്ഥാന്റെയും ഗുജറാത്തിന്റെയും കാര്യം എടുക്കുക. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി.യാണ്. രണ്ട് സംസ്ഥാനങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഴുവന്‍ സീറ്റുകളും തൂത്തുവാരിയതുമാണ് ഗുജറാത്താകട്ടെ നരേന്ദ്രമോഡിയുടെ സ്വന്തം തട്ടകമാണ്. ഇങ്ങനെയൊക്കെയായിട്ടും രാജസ്ഥാനിലെ ആകെയുള്ള നാല് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നും കോണ്‍ഗ്രസ് ആണ് നേടിയത്. ഒരേ ഒരെണ്ണം മാത്രം ബി.ജെ.പി ക്കും . മോഡിയുടെ സ്വന്തം ഗുജറാത്തിലെ ഒമ്പത് സീറ്റുകളില്‍ ആറെണ്ണം മാത്രമേ നിലനിര്‍ത്തുവാന്‍ ബി.ജെ.പി.ക്ക്  സാധിച്ചുള്ളൂ. ബാക്കി മൂന്നെണ്ണം കോണ്‍ഗ്രസ് അത്ഭുതകരമായി പിടിച്ചെടുത്തു. ഒരുകാര്യം ഓര്‍മ്മിക്കണം ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ഗുജറാത്തിലെയും നിയമം സീറ്റുകള്‍  ബി. ജെ.പി . ഒഴിഞ്ഞിട്ടതിന്റെ പശ്ചാത്തലത്തിലാണ് അവിടെ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടായത്. സിറ്റിംങ്ങ് സീറ്റുകള്‍ പോലും നിലനിര്‍ത്തുവാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല എന്നത് മോഡി മാജിക്കിന്റെ ജനകീയ സ്വീകാര്യത കുറയുന്നതിന്റെ ലക്ഷണം അല്ലെങ്കില്‍ മറ്റെന്താണ് ? എന്തുകൊണ്ട് ഇത് സംഭവിക്കുന്നു?

ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ചിത്രം പരിശോധിക്കുക. സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് കുമാര്‍ യാദവ് അവിടെ അത്ര സമര്‍ത്ഥമായ ഭരണമൊന്നും അല്ല നടത്തുന്നത്. ഉത്തര്‍പ്രദേശിന്റെ കൂടപ്പിറപ്പായ മതസ്പര്‍ദ്ധയും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളും സ്ത്രീകളോടുള്ള ക്രൂരതയും ബലാല്‍സംഗങ്ങളും അനുദിനമെന്നവണ്ണം അവിടെ അരങ്ങേറുന്നുണ്ട്. സാമ്പത്തിക മേഖലയും അത്രമെച്ചമൊന്നും അല്ല. എന്നിട്ടും ഒരു സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലാതെ സമ്മതിദായകര്‍ ഭരണകക്ഷിക്ക് അനുകൂലമായി വിധി എഴുതിയെന്നു വന്നാല്‍ അത് വളരെ  വലിയ ഒരു സന്ദേശം ആണ്, താക്കീത് ആണ് മോഡിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും നല്‍കുന്നത്. ഇതിന്റെ ജ്വലിക്കുന്ന ഉദാഹരണമാണ് മോഡിയുടെ പാര്‍ലമെന്ററി നിയോജകമണ്ഡലമായ വരാണസിയിലെ രൊഹാനിയ എന്ന നിയമസഭ മണ്ഡലം . ഇവിടെ ബി.ജെ.പി യുടെ സഖ്യകക്ഷിയായ അപ്നാ ദളിന് . സമാജ് വാദി പാര്‍ട്ടിയോട് തോല്‍ക്കേണ്ടതായിട്ട് വന്നു. അങ്ങനെ മോഡിയുടെ കോട്ടക്കൊത്തളത്തില്‍ തന്നെ വിള്ളല്‍ വീണു. കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുന്‍ കുജരാഹോ എം.പിയും സാഥ്വിയും ആയ ഉമാഭാരതിയുടെ സീറ്റും ബി.ജെ.പി.ക്ക് നഷ്ടപ്പെട്ടു. അതിന്റെ അര്‍ത്ഥം ജനങ്ങള്‍ ശരിക്കും ഇടം തിരിഞ്ഞിരിക്കുന്നുവെന്നതാണ്. ഇതിനുണ്ട് പല കാരണങ്ങള്‍ .

ബി.ജെ.പി. വളരെ ആസൂത്രിതമായ രീതിയില്‍ ഉത്തര്‍ പ്രദേഷിനെ പ്രത്യേകിച്ചും പടഞ്ഞാറന്‍ ഉത്തര്‍ പ്രദേശിനെ , വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ പരീക്ഷണ ശാലയാക്കി മാറ്റുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് ഫലം കണ്ടെത്തി. ഇപ്രാവശ്യം പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന മുസഫര്‍ നഗര്‍ മതലഹള ഉപരിവര്‍ഗ്ഗ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് വഴി തെളിക്കുകയും അതിന്റെ ഫലമായ വന്‍തോതില്‍ നാട്ടുസമുദായത്തിന്റെ വോട്ട് ബി.ജെ.പി ക്ക് ലഭിക്കുകയും ചെയ്തു. ഈ പ്രാവശ്യം തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ഈ മതാധിഷ്ഠിത രാഷ്ട്രീത്തെ സമ്മതിദായകര്‍ തിരസ്‌കരിച്ചു. ഉപരിവര്‍ഗ്ഗത്തിന്റെ ഉത്തര്‍പ്രദേശിലെ മുഖങ്ങളായ മുരളി മനോഹര്‍ ജോഷി രാജ് നാഥ് സിംങ്ങ് , കാല്‍രാജ് മിക്ര എന്നിവരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും അമിത്ഷാ  തന്ത്രപൂര്‍വ്വം ഒഴിച്ചു നിറുത്തിയതും ബി.ജെ.പി.യെ കാര്യമായി ബാധിച്ചു. വരുണ്‍ ഗാന്ധിയെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷാ ഉപയോഗിച്ചില്ല. മതവൈര്യവും ദ്വേഷവും ആയിരുന്നു ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഷ. ലോക്‌സഭ തെരഞ്ഞെടുപ്പുവേളയില്‍ മോഡി മെനഞ്ഞെടുത്ത പുരോഗതിയുടെ ഭാഷയായിരുന്നില്ല. 'സബ്കാ സാത്ത് സബ്കാ വികാസ്'(എല്ലാവരുടെയും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മോഡിയുടെ മുദ്രാവാക്യത്തെ യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ സാക്ഷിമഹാരാജിനെ പോലുള്ളവര്‍ മതവിദ്വേഷത്തിന്റെ സമരകാഹളമാക്കി മാറ്റി. മോഡി അത് കേട്ടില്ലെന്നു വച്ചു. യോഗി, ആദിത്യനാഥും അനുയാനികളും ഉറഞ്ഞുതള്ളി. ഋൗ ജിഹാദ് എന്ന ഒരു കുപ്രചരണം മുസ്ലീം സമുദായത്തിനെതിരായി അഴിച്ചുവിട്ടു. മസ്ജിദുകള്‍ ഭീകരപ്രസ്ഥാനത്തിന്റെ ഈറ്റില്ലങ്ങള്‍ ആണെന്ന് കൊട്ടിഘോഷിച്ചു. ലൗ ജിഹാദിലൂടെ ഹിന്ദു യുവതികളെ മതപരിവര്‍ത്തനം നടത്തി മുസ്ലീങ്ങളാക്കിയാല്‍ തിരിച്ചടിക്കുമെന്ന് യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു. ഒരു ഹിന്ദു യുവതിയെ ലൗജിഹാദിലൂടെ മതപരിവര്‍ത്തനം നടത്തിയാല്‍ 100 മുസ്ലീം യുവതികളെ മതപരിവര്‍ത്തനം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭൂരിപക്ഷ മതത്തില്‍പ്പെട്ട ഹിന്ദുക്കളുടെ വോട്ട് ധ്രൂവീകരിക്കുവാനുള്ള ഈ ചെപ്പടിവിദ്യയെ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ മറുവശത്ത് യോഗി ആദിത്യനാഥിന്റെയും സാക്ഷിമഹാരാജാവിന്റെയും മറ്റും പ്രസ്താവനകള്‍ മുസ്ലീങ്ങളെ ഭയചകിതരാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവര്‍ക്കിടയില്‍ ചിതറി പോയെങ്കില്‍ ഇപ്രാവശ്യം മുസ്ലീങ്ങള്‍ തന്ത്രപരമായ സമ്മതിദായക നിര്‍വ്വഹണം നടത്തി. അതിന്റെ ഫലമായി ബി.ജെ.പി.യും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള നേരിട്ടുള്ള ഈ മത്സരത്തില്‍ അവര്‍ ഒന്നടങ്കം സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് ബഹുജന്‍ സമാജ് പാര്‍ട്ടിയും നല്ല തോതില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്തു. ബി.ജെ.പി.യുടെ വിധി അങ്ങനെ സീലു ചെയ്യപ്പെട്ടു. മതവികാരങ്ങളെ കുത്തിയുണര്‍ത്തി വോട്ടുപെട്ടിനിറക്കാമെന്ന കപടതന്ത്രത്തിനേറ്റ കനത്ത ആഘോതം ആണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്ഫലം. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രമല്ല മതവിദ്വേഷത്തിന്റെ പ്രവാചകരല്ല ജയിക്കുന്നതെന്ന് ഈ ഉപതെരഞ്ഞെടുപ്പുകള്‍ തെളിയിച്ചു. ജനാധിപത്യം മാനവീകതയിലുള്ള വിശ്വാസം ആണ്. അത് മാനവീകതയുടെ വികസനത്തിലാണഅ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം, ഗുജറാത്തിലേതുപോലെ തന്നെ, ഒരു പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിപോലും പ്രതീക്ഷിയ്ക്കാത്തതായിരിക്കും. കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കുള്ള ഒരു സൂചന ആയിരിക്കാം അത്. 2013- ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രാജസ്ഥാനില്‍നിന്നും കെട്ടുകെട്ടിച്ചതാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താമര വിളഞ്ഞത് നൂറുമേനിയാണ്. പക്ഷേ, ജനങ്ങള്‍ ഇടഞ്ഞിരിക്കുന്നു. രാജസ്ഥാന്‍ വിജയം തെളിയിക്കുന്നത് കോണ്‍ഗ്രസ് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നുവേണമെങ്കിലും പൊട്ടികിളര്‍ക്കാവുന്ന ഒരു വടവൃക്ഷം ആണെന്നതാണ്. അതിന്റെ അഴിമതിയും അതിന്റെ ദുര്‍ഭരണവും, ഭരണരാഹിത്യവും എല്ലാം, വിചിത്രമെന്നുപറയട്ടെ, ജനങ്ങള്‍ മറന്നേക്കാം എന്തോ ഒക്കെയോ കാരണങ്ങള്‍കൊണ്ട്. കാരണം കോണ്‍ഗ്രസ് അവരുടെ രക്തത്തിലും മാംസത്തിലും മജ്ജയിലും ആത്മാവിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നു; നല്ലതോ ചീത്തയോ ആയ കാരണങ്ങള്‍ കൊണ്ട്. കോണ്‍ഗ്രസ് ഒരു പക്ഷേ അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രതീകം ആയിരിക്കാം. അതിനുശേഷം മതനിരപേക്ഷതയുടെ പ്രതീകവും. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ അതിശയകരമായിട്ടാണ് അത് ഉയിര്‍ത്തെഴുന്നേറ്റത് എന്ന് പറയാതെ വയ്യ. ഭരണ വര്‍ഗ്ഗത്തോടുള്ള അമര്‍ഷവും മാറ്റത്തിനുവേണ്ടിയുള്ള ഒടുങ്ങാത്ത ത്വരയും ജനങ്ങളുടെ മനസിനെ ഒരായിരം കലാപങ്ങളുടെ ഗര്‍ഭഗൃഹമാക്കിയിരിക്കുന്നു. രാജസ്ഥാനുശേഷം കോണ്‍ഗ്രസിന് പുതിയൊരു ഭാവിയുണ്ടോ? നേതൃനിരയുണ്ടാകുമോ? ഇതാണ് ദല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളില്‍ ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യങ്ങള്‍.

രാജസ്ഥാന്‍ പോലെതന്നെ കോണ്‍ഗ്രസിനെയും മോഡിയെയും ഒപ്പം സ്തബ്ദമായി ഉപതെരഞ്ഞെടുപ്പ് ഫലം ആണ് ഗുജറാത്തില്‍ നിന്നും വന്നത്. ബി.ജെ.പി.ക്കും മോഡിക്കും ഇവിടെ കോട്ടകാത്തു സൂക്ഷിക്കുവാന്‍ സാധിച്ചില്ലെന്നത് തികച്ചും അതിശയകരമാണ്. കോണ്‍ഗ്രസ് ഗുജറാത്ത് തിരിച്ചു പിടിക്കുന്ന നാളുകള്‍ അത്ര വിദൂരമല്ലെന്നാണോ ഇത് സൂചിപ്പിക്കുന്നത്. മോഡി അഹമദാബാദ് വിട്ട് ഡല്‍ഹിയിലെത്തിയതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത് ഗുജറാത്തില്‍. മോഡിയുടെയും ഷായുടെയും അഭാവം ഒരു കാരണമായി പറയാമെങ്കിലും. അത് അത്ര വലിയ ഒരു കാരണമല്ല്. അവരുടെ സാന്നിദ്ധ്യം മറ്റ് പലരൂപത്തില്‍ ഗുജറാത്തില്‍ ഉണ്ടാകേണ്ടതാണ്. അവര്‍ ഗുജറാത്തിന്റെ അതിര്‍ത്തി കടന്നപ്പോള്‍ ജനങ്ങള്‍ അവരെ മറന്നെങ്കില്‍ അവരുടെ നേതൃത്വത്തിന് എന്തോ പരാധീനതയുണ്ട്. മോഡിയുടെ പിന്‍ഗാമിയും അദ്ദേഹത്തിന്റെ തന്നെ കണ്ടെത്തലുമായ മുഖ്യമന്ത്രി ആനന്ദിസെന്‍ പട്ടേല്‍ ഒരു വലിയ പ്രചാരകയൊന്നും അല്ലായിരിക്കാം. പക്ഷേ ഏതാനും ഉപതെരഞ്ഞെടുപ്പുകള്‍ ജയിക്കുവാനുള്ള വ്യക്തിപ്രഭാവം അവര്‍ക്കില്ലെങ്കില്‍ എന്തായിരിക്കും ബി.ജെ.പി.യുടെ ഭാവി ഗുജറാത്തില്‍?

ഈ ഉപതെരഞ്ഞെടുപ്പുകളിലെ ഏറ്റവും അത്ഭുതകരമായ, ചരിത്രപരമായ രണ്ട് സംഭവങ്ങള്‍ ഉണ്ട്. ഒന്ന് ബംഗാളില്‍ ബി.ജെ.പി. ഒരു സീറ്റില്‍ വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പിച്ചു. സി.പി.എം. നെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബംഗാളില്‍ ബി.ജെ.പി. കാലു കുത്തുകയാണ്. തൃണമൂല്‍ അവിടെ ശാരദ ചിട്ടിഫണ്ട് കുംഭകോണത്തില്‍ തകര്‍ന്നിരിക്കുകയാണ്. സി.പി.എം. നയിക്കുന്ന ഇടതുമുന്നണി പേരിനുമാത്രമേ ഇപ്പോള്‍ ബംഗാളില്‍ അവശേഷിക്കുന്നുള്ളൂ. ബി.ജെ.പി.യും, മോഡിയും. ഷായും ഉന്നം വയ്ക്കുന്ന മറ്റൊരു സംസ്ഥാനം ആണ് പശ്ചിമബംഗാള്‍. അമതയും സി.പി.എം.- ഇത് മറക്കേണ്ട. മമതയുടെ മുന്നണി ക്ഷണം നിരാകരിച്ചപ്പോള്‍ സി.പി. എം.ന് ഇത് ഓര്‍മ്മിക്കാമായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം മാത്രം അകലെയാണ്(2016).

ഈ ഉപതെരഞ്ഞെടുപ്പുകളുടെ ഒരു പ്രത്യേകത അവ 2017- ല്‍ ഉത്തര്‍പ്രദേശ്- ഗുജറാത്ത് അസംബ്ലികളിലേക്ക് നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ സെമിഫൈനല്‍സ് ആണെന്നുള്ളതാണ്. അതുകൊണ്ട് തന്നെ അവ രാഷ്ട്രീയമായി വളരെ പ്രധാനപ്പെട്ടതുമാണ്. പരാജയത്തിന്റെ ഗൗരവം കുറച്ചു കാണിക്കുവാനായി ബി.ജെ.പി.യുടെ കേന്ദ്ര നേതൃത്വം വാദിക്കുന്നത്. ഇത് മോഡിയുടെ ഭരണത്തിന്മേലോ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്മേലോ ഉള്ള ഒരു ഹിതപരിശോധന അല്ലെന്നാണ്. ദേശീയ വിഷയങ്ങള്‍ അല്ല പ്രാദേശീക പ്രശ്‌നങ്ങള്‍ ആണ് ഉപതെരഞ്ഞെടുപ്പുകളില്‍ വിചാരണ ചെയ്യപ്പെടുന്ന കേന്ദ്രബിന്ദു. എങ്കില്‍ ഈ പ്രാദേശീക വിഷയങ്ങള്‍ എങ്ങനെ 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ബാധിക്കും. അവയും ഈ ഉപതെരഞ്ഞെടുപ്പുകളുടെ ആവര്‍ത്തനം ആയിരിക്കുമെന്നാണോ അനുമാനിക്കുവാന്‍?
ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒക്‌ടോബര്‍ പതിനഞ്ചിന് മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കുവാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെപിയെ ദോഷമായി ബാധിക്കുവാന്‍ സാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിസ്ഥാനവും ഏറെ സീറ്റുകളും ചോദിക്കുന്ന ശിവസേനയുടെ വിലപേശല്‍ ശക്തി ഇതോടെ വര്‍ദ്ധിച്ചിരിക്കുന്നു. സഖ്യം എവിടെ എത്തുമെന്ന് കണ്ടറിയണം. ഹരിയാനയില്‍ ബി.ജെ.പി.ക്ക് തെല്ല് വിജയസാദ്ധ്യത ഉണ്ടായിരുന്നു. ഭൂവീന്ദര്‍ സിംങ്ങ് ഹുഡ(കോണ്‍ഗ്രസ്)യുടെ ഭരണത്തിനു സ്തുതി. പക്ഷേ, അവിടെ ബി.ജെ.പി.ക്ക് സഖ്യകക്ഷികള്‍ ഇല്ല. ഉള്ളവര്‍ പിരിഞ്ഞുപോയി. ഇതോടെ എല്ലാം തിരിച്ചു വരവ് സാദ്ധ്യതയും അസ്തമിച്ചിരിക്കുന്നു. ഓം പ്രകാശം ചൗത്താലയുടെ ഐ.എന്‍.എല്‍.ഡി. പാര്‍ട്ടി ശക്തമായ വെല്ലുവിളി ബി.ജെ.പി.ക്ക് ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയം ഇല്ല.
ജനാധിപത്യം ഇന്ദ്രജാലമോ ചെപ്പടിവിദ്യയോ അല്ല, മോഡിജി (ഡല്‍ഹി കത്ത് :പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക