Image

സൗഹാര്‍ദ്ദ സന്ദേശവുമായി മാവേലി മന്നന്റെ ഓണക്കാല അമേരിക്കന്‍ പര്യടനം തുടരുന്നു. (എ.സി. ജോര്‍ജ്‌)

Published on 17 September, 2014
സൗഹാര്‍ദ്ദ സന്ദേശവുമായി മാവേലി മന്നന്റെ ഓണക്കാല അമേരിക്കന്‍ പര്യടനം തുടരുന്നു. (എ.സി. ജോര്‍ജ്‌)
അതെ മക്കളെ എന്റെ പ്രിയപ്പെട്ട എന്റെ വാത്സല്യനിധികളായ അമേരിക്കന്‍ മലയാളി മക്കളെ! ശരിയായ ഓണനാള്‍ കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ ഇപ്പോഴും സെപ്‌തംബര്‍ മാസാവസാനം വരെ നിങ്ങള്‍ വിവിധ പ്രസ്ഥാനങ്ങളായും സംഘടനകളായും ഓണം ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലൊ. നിങ്ങളുടെ ആ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാതെ, നിങ്ങളെ നിരാശരാക്കി മടങ്ങുന്നത്‌ നമ്മുടെ നീതിബോധത്തിന്‌ നിരക്കാത്ത പ്രവര്‍ത്തി ആകുന്നതിനാല്‍ ഈ വര്‍ഷത്തെ എല്ലാ ഓണാഘോഷങ്ങളും തീര്‍ന്നിട്ടെ നാം മടങ്ങുകയുള്ളൂ. പിന്നെ ഒരു കാര്യം അമേരിക്കയിലൊക്കെ പല കൊല്ലങ്ങളായി വന്നുപോയികൊണ്ടിരിക്കുന്നതിനാല്‍ കുറച്ചൊക്കെ ഇവിടത്തെ ഭാഷയായ ഇംഗ്ലീഷും അത്യാവശ്യത്തിന്‌ പറയാനും എഴുതാനും വായിക്കാനും നമുക്ക്‌ അറിയാം. അതിനാല്‍ എന്റെ ഈ സ്വകാര്യ കത്തില്‍ കുറച്ചൊക്കെ ഇംഗ്ലീഷ്‌ ഭാഷ കടന്നുകൂടിയാലും നിങ്ങളാരും ആശ്ചര്യപ്പെടരുത്‌. നിങ്ങളൊക്കെ പരക്കെ വിശ്വസിക്കുന്നത്‌ വാമനന്‍ എന്നെ ചവിട്ടിത്താഴ്‌ത്തി പാതാളത്തിലേക്കയച്ചു എന്നാണല്ലൊ. അപ്പോ പിന്നെ കേരളം വിട്ട, നാടുവിട്ട ആദ്യത്തെ പ്രവാസി നാം തന്നെയാണല്ലൊ. നിങ്ങളൊക്കെ എത്രയൊ തലമുറകളും കാലങ്ങളും കഴിഞ്ഞാണ്‌ പ്രവാസികളായി അമേരിക്കയിലെത്തിയത്‌. അപ്പോ പിന്നെ പ്രവാസികളായ നിങ്ങളോട്‌ ഒരു ആദ്യകാല പാതാള പ്രവാസിയായ നമുക്ക്‌ ഒരു പ്രത്യേക സ്‌നേഹവും മമതയും ആത്മബന്ധവുമുണ്ട്‌. അതിനാല്‍ നിങ്ങളുടെ ഓണാഘോഷങ്ങളുടെ കാലാവധി ഒരിത്തിരി നീണ്ടുപോയാലും നമുക്ക്‌ പ്രശ്‌നമില്ല. നമ്മള്‍ ഒരു എക്‌സ്റ്റന്‍ഡഡ്‌ ലീവ്‌ എടുത്താണ്‌ പോന്നിട്ടുള്ളത്‌.

നിങ്ങളുടെ എല്ലാ ഓണാഘോഷത്തിലും നാം വരും അനുഗ്രഹിക്കും. നിങ്ങളുടെ കുതിപ്പും കിതപ്പും ക്ഷേമവും ഐശ്വര്യവും നമ്മള്‍ക്കറിയണം. നമുക്ക്‌ ഒരു കാര്യം അറിയാം. പ്രവാസികളായ നിങ്ങളാണ്‌ കേരളത്തിലുള്ള മലയാളികളേക്കാള്‍ നമ്മളെ സ്വീകരിക്കുന്നതും അതി തീഷ്‌ണമായി, ഊഷ്‌മളമായി ഓണം ആഘോഷിക്കുന്നതും. നിങ്ങള്‍ക്കൊക്കെ ഇവിടെ കേരളത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചു കൂടെ സുഖവും, സമൃദ്ധിയും, നീതിയും, നിഷ്‌ഠയും കിട്ടുന്നുണ്ടെന്നാണ്‌ എന്റെ വിശ്വാസം. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക്‌ വല്ല അവധിക്കും പോകുമ്പോഴായിരിക്കും അവിടത്തെ ബുദ്ധിമുട്ടും പ്രശ്‌നങ്ങളും അനുഭവിക്കുക. നിങ്ങളുടെ സ്വന്തം കേരളാ-ഇന്ത്യന്‍ ഭരണാധികാരികളിരിക്കുന്ന നിങ്ങളുടെ ഇന്ത്യന്‍ കൗണ്‍സിലേറ്റില്‍ നിന്ന്‌ തന്നെ ഓരോ തരത്തിലുള്ള തടസ്സങ്ങളും പ്രശ്‌നങ്ങളും പീഡനങ്ങളും ആരംഭിക്കുകയായി. നാട്ടിലെത്തിയാലൊ നിങ്ങളെ പിഴിയാന്‍ സ്വന്തക്കാരും ബന്ധുക്കളുമടക്കം അവിടത്തെ ഭരണസംവിധാനങ്ങള്‍ കാത്തിരിപ്പുണ്ടാകും. കാരണം നിങ്ങളിവിടെ മരം പിടിച്ചു കുലുക്കി ആണ്‌ ഡോളര്‍ പെറുക്കി എടുക്കുന്നതാണെന്നാണ്‌ അവരുടെ വിശ്വാസം. നിങ്ങളിവിടെ ഭാര്യയും ഭര്‍ത്താവും രാപകലില്ലാതെ അധ്വാനിച്ച്‌ ജീവിതമാര്‍ക്ഷം തേടുന്ന കഥ അവര്‍ അറിയുന്നില്ല, വിശ്വസിക്കുന്നില്ല. നാട്ടില്‍ നിങ്ങള്‍ക്ക്‌ അവശേഷിക്കുന്ന വസ്‌തുവകകള്‍ പോലും നിങ്ങളില്‍ നിന്ന്‌ തട്ടിപ്പറിക്കാനുള്ള തന്ത്രം മെനയുന്നവരാണവിടെ അധികവും. നിങ്ങളുടെ അവിടുത്തെ ജനാധിപത്യ ഭരണകര്‍ത്താക്കളും സത്യവും, നീതിയും പുലര്‍ത്താനല്ല നിങ്ങളില്‍ നിന്ന്‌ തട്ടിപ്പറിക്കാനാണവിടെ കുത്തിയിരിക്കുന്നത്‌. എന്റെ പ്രിയപ്പെട്ട പ്രജകളെ മാവേലി എന്നു നിങ്ങള്‍ വിശ്വസിക്കുന്ന നിങ്ങളുടെ ഈ പഴയ ഭരണകര്‍ത്താവ്‌ പ്രജകളില്‍ നിന്ന്‌ ഒന്നും തട്ടിപ്പറിച്ചിട്ടില്ല. പറ്റുന്നത്ര ദാനധര്‍മ്മങ്ങളായി പ്രജകള്‍ക്കു കൊടുത്തിട്ടേയുള്ളൂ. അക്കാരണത്താലാണല്ലൊ എന്റെ സര്‍വ്വ അധികാരങ്ങളും രാജ്യം പോലും ഒരു പ്രജയായി ദാനം ചോദിച്ചു വന്ന വാമനന്‌ അളന്നു കൊടുത്തിട്ട്‌ വാമനന്റെ കാല്‍ചവിട്ടേറ്റ്‌ എല്ലാം നഷ്‌ടമായി പാതാളത്തിലേക്ക്‌ താഴ്‌ത്തപ്പെട്ടത്‌. എന്നാലും ഇന്നെനിക്ക്‌ ദുഃഖമില്ല. ഞാനെന്റെ വാക്കുപാലിച്ചു.

എന്റെ പ്രിയപ്പെട്ടവരെ ഇന്ന്‌ എന്താണ്‌ അവിടെ നടക്കുന്നത്‌? ജനാധിപത്യ ഭരണ ആഭാസമല്ലെ അവിടെ നടക്കുന്നത്‌? നിങ്ങളുടെ അവിടത്തെ ഭരണകര്‍ത്താക്കള്‍ക്ക്‌ ഉദ്യോഗസ്ഥ ദുഷ്‌പ്രമാണിമാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവിടെ സമരങ്ങളും ബന്തുകളും മാത്രം. ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. നീതികള്‍ നിഷേധിക്കപ്പെടുന്നു. മാനുഷരെല്ലാമൊന്നുപോലെയല്ല അവിടെ. കള്ളവും ചതിയും വഞ്ചനയും മാത്രം. സരിതമാരും, സിന്ധ്യാമാരും രുഖ്‌സാനുമാരുമായി ഉന്നതന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ബന്ധം. അവരുടെ ബ്ലാക്ക്‌മെയിലിംഗില്‍ ഉന്നതര്‍ വിറക്കുന്നു. അതിനാല്‍ എന്തുവിലകൊടുത്തും അവരെ രക്ഷപ്പെടുത്താന്‍ ഉന്നതന്മാരും സര്‍ക്കാര്‍ മെഷിനറിയും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കുറച്ചുകാലമായി അവിടെ കേള്‍ക്കുന്നത്‌ വെള്ളത്തിന്റെ അതായത്‌ ലഹരിവെള്ളമായ മദ്യത്തിന്റെ പ്രശ്‌നമാണ്‌. പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന്‌ കന്യാകുമാരിയിലേക്ക്‌ മഴുവെറിഞ്ഞ്‌ വെള്ളം നിറഞ്ഞ കടലില്‍ നിന്ന്‌ കേരളം സൃഷ്‌ടിച്ചു എന്ന ഒരു ഐതിഹ്യമുണ്ടല്ലൊ. അതായിരിക്കാം എന്നും കേരളത്തിനും കേരളീയര്‍ക്കും ഒരു വെള്ളത്തിന്റെ, മദ്യത്തിന്റെ പ്രശ്‌നമുണ്ടാകാന്‍ കാരണം. ഇപ്പോള്‍ കേള്‍ക്കുന്നു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒഴികെ മറ്റൊരിടത്തും മദ്യം വിളമ്പാന്‍ പാടില്ലാത്രെ. ഇതെവിടത്തെ ന്യായം? പണമുള്ളവന്‍ മാത്രം വിലയേറിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി കുടിച്ചാല്‍ മതിയോ? വരുമാനം കുറഞ്ഞവര്‍ കാണം വിറ്റും കുടിക്കണോ? അപ്പോ മാനുജരെല്ലാമൊന്നുപോലെയല്ലെ?പിന്നെ മറ്റൊരു വെള്ളത്തിന്റെ പ്രശ്‌നം മുല്ലപ്പെരിയാര്‍ ഡാം പൊട്ടി കേരളം നശിക്കുമെന്ന ഒരു ചിന്തയായിരുന്നു. അതു പരിഹരിച്ചില്ലെങ്കില്‍ മരണം വരെ സമരം. മന്ത്രി കുപ്പായം വലിച്ചെറിയും എന്നൊക്കെ വീമ്പിളക്കിയതാണ്‌. അവിടെ കേരള പ്രജകളുടെ ജീവനേയും, സ്വത്തിനേക്കാളും വലുത്‌ തമിഴ്‌നാടിന്റെ കയ്യൂക്കിനും ഇച്ഛാശക്തിക്കും മുമ്പില്‍ നമ്മുടെ ഭരണകൂടവും നീതിനിര്‍വ്വഹണ ആലയങ്ങളും വഴങ്ങിയ മട്ടാണ്‌. ജയലളിതയെ കാണുമ്പോഴെ നമ്മുടെ കൊച്ചുമ്മന്‍ ചാണ്ടിയുടെയും വി.എസിന്റെയും മുട്ടുവിറക്കും. ഇനി മുല്ലപ്പെരിയാറെങ്ങാന്‍ പൊട്ടിയാല്‍ നമ്മുടെ സുഹൃത്ത്‌ പഴയ പരശുരാമന്‌ പണിയാകും. അദ്ദേഹം മഴുവെറിഞ്ഞ്‌ കേരളത്തെ വെള്ളത്തില്‍ നിന്ന്‌ വീണ്ടെടുക്കാന്‍ വീണ്ടും വരേണ്ടിവരും.

പിന്നെ ആ അമിത കള്ളവട്ടിപ്പലിശയുടെ പേരില്‍ ഓപ്പറേഷന്‍ കുബേര പ്രഹസനം വെറും ഓപ്പറേഷന്‍ കുചേലയായി മാറിയതും സമീപകാലത്താണല്ലൊ. കുബേരനും കുചേലനും ഒരു നീതിയല്ലെ വേണ്ടത്‌?. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ നിങ്ങള്‍ക്ക്‌ കാലണക്ക്‌ ഉപകാരമില്ലാത്ത നാട്ടിലെ ഈ മന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും, പുങ്കന്മാരേയും, ദിവ്യന്മാരെയും നിങ്ങളെന്തിനാണ്‌ എയര്‍പോര്‍ട്ടില്‍ പോയി പൂമാലയിട്ട്‌ താലപ്പൊലിയേന്തിയ പെണ്‍കൊടികള്‍ സഹിതം സ്വീകരിക്കുന്നത്‌? അവരെക്കൊ ണ്ടെന്തിനാണ്‌ നിങ്ങളുടെ സാംസ്‌ക്കാരിക വേദികളിലും ഓണപരിപാടികളിലും ഭദ്രദീപം കൊളുത്തിക്കുന്നത്‌? അവരുടെ അര്‍ത്ഥമില്ലാത്ത ആത്മാര്‍ത്ഥതയില്ലാത്ത നെടുനെടുങ്കന്‍ അറുബോറന്‍ പ്രസംഗം ചെയ്യാന്‍ അനുവദിക്കുന്നത്‌? അവരെക്കാള്‍ നൂറുമടങ്ങ്‌ നന്മയും മേന്മയും അറിവും വിവേകവും ഉള്ള സാംസ്‌ക്കാരിക നായകന്മാരും, നായികമാരും, പ്രസംഗകരും എഴുത്തുകാരും സംഘാടകരും സാമൂഹ്യസ്‌നേഹികളുമിവിടെ നിങ്ങളുടെ മധ്യത്തില്‍ തന്നെയുണ്ടല്ലൊ. സര്‍വ്വോപരി അര്‍ഹരായ നിങ്ങളില്‍

തന്നെയുള്ളവര്‍ക്ക്‌ അവസരം കൊടുക്കുക. ഇപ്പോള്‍ അവരെ നിങ്ങല്‍ വാമനന്‍ ചെയ്‌തപോലെ ചവിട്ടിതാഴ്‌ത്തി ചവറ്റുകൊട്ടയിലിടുകയൊ കൂവി സ്റ്റേജില്‍ നിന്നിറക്കി വിടുകയൊ അണ്‌ പതിവ്‌. നാട്ടിലെ സിനിമക്കാര്‍ പ്രത്യേകിച്ച്‌ സുന്ദരിമാരായ സിനിമാനടിമാരും രാഷ്‌ട്രീയ നേതാക്കളും കോമരങ്ങളും പ്രസംഗകരും എഴുത്തുകാരും മതപുരോഹിതരും ദിവ്യന്മാരുമാണ്‌ നിങ്ങളുടെ ഇവിടത്തെയും ദൈവങ്ങള്‍.്‌ കഷ്‌ടം. നിങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സോദരരെ നിങ്ങളുടെ ധാരണ തെറ്റാണ്‌. എന്റെ പ്രവാസി പ്രജകളെ നിങ്ങള്‍ക്കാണ്‌ കൂടുതല്‍ അറിവ്‌, ജീവിതാനുഭവങ്ങള്‍. നാട്ടിലെ സംസ്‌ക്കാരവും അമേരിക്കന്‍ സംസ്‌ക്കാരവും അറിഞ്ഞവരും അഭ്യസിച്ചവരും അവയുടെ എല്ലാം മൂശയില്‍ ഉരുകി നാട്ടിലെ ദിവ്യന്മാരേക്കാള്‍ അര്‍ഹരും ഉന്നതരുമാണ്‌ നിങ്ങളെന്ന്‌ ഈ മാവേലിത്തമ്പുരാന്‍ അനുഭവത്തിന്‍ നിന്ന്‌ പറയുന്നു. നാട്ടിലെ ഈ ദിവ്യന്മാരോട്‌ മുട്ടി ഉരുമ്മിനിന്ന്‌ ഫോട്ടോ എടുത്ത്‌ പത്രത്തിലോ, ഓണ്‍ലൈനിലൊ, ഫെയ്‌സ്‌ ബുക്കിലൊ പ്രസിദ്ധീകരിച്ച്‌ സായൂജ്യമടയുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഫോമ, ഫൊക്കാന, ആന.. ലാന... പൂനാ... എന്നൊക്കെ പറഞ്ഞ്‌ നാട്ടില്‍ പോയി വാള്‍പോസ്റ്റര്‍ അടിക്കുന്നതിലും കട്ടൗട്ട്‌ വെക്കുന്നതിലും രഞ്‌ജിനിമാരെ ഓമനിച്ച്‌ ലാളിച്ച്‌ മുത്തം കൊടുത്ത്‌ പൊക്കുന്നതിലും തുഞ്ചന്‍-കുഞ്ചന്‍ എന്നൊക്കെ പറഞ്ഞ്‌ പല സാഹിത്യ അക്കാദമികളിലും സാഹിത്യ പരിഷത്തുകളിലും പോയി അതിരുകടന്ന എളിമയൊ ഗമയൊ കാട്ടി ഡോളറിന്റെ വെളുപ്പും കൊഴുപ്പും കാട്ടി പലപ്പോഴും അനര്‍ഹമായ പബ്ലിസിറ്റിയും അവാര്‍ഡുകളും നേടാന്‍ ശ്രമിക്കുന്നത്‌ വെറും മൗഡ്യമല്ലെ? നാട്ടിലെ നീതിബോധം അവാര്‍ഡ്‌ നിര്‍ണ്ണയങ്ങള്‍ നിങ്ങള്‍ക്കറിയാമല്ലൊ. കാശുള്ളവര്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍ കാര്യക്കാര്‍. അവാര്‍ഡുകളും പാരിതോഷികങ്ങളും പുരസ്‌കാരങ്ങളും പൊന്നാടകളും പാവാടകളും അവര്‍ തന്നെ അനായാസം നേടി എടുക്കും. അത്രതന്നെ. അതെല്ലാം യുഎസില്‍ കൊണ്ടുവന്ന്‌ എന്നാ ചെയ്യാനാ. ഒരല്‌പം ഞെളിയാം. അലമാരയില്‍ ചില്ലിട്ടു വെക്കാം. അത്രയൊക്കെ തന്നെ. നാട്ടിലെ ആ സ്വഭാവവും അവാര്‍ഡു നിര്‍ണ്ണയ രീതികള്‍ നിങ്ങളുടെ ഇവിടുത്തെ ചില പ്രവാസി സംഘടനകളും പ്രസിദ്ധീകരണങ്ങളും സാംസ്‌ക്കാരിക വേദികളും ചെയ്യുന്നതായി ഞാനറിഞ്ഞു. നിങ്ങള്‍ നാട്ടില്‍ നിന്നും പഠിച്ചതല്ലെ... നാട്ടിലെ ആ മലയാളികളുടെ പിന്‍മുറക്കാരായ നിങ്ങള്‍ അത്തരം അനര്‍ഹര്‍ക്ക്‌ പണമൊ, സ്‌പോണ്‍സര്‍ഷിപ്പൊ വാങ്ങിയൊ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ വഴിപ്പെട്ടൊ അത്തരം അവാര്‍ഡുകളും പാരിതോഷികങ്ങളും അനര്‍ഹര്‍ക്കു വെച്ചുനീട്ടി അവാര്‍ഡിന്റെ വില കളയരുതേ.... നിങ്ങള്‍ക്കായി ചവിട്ടിത്താഴ്‌ത്തപ്പെട്ടിട്ടും അങ്ങനെ ബലിയായി നിങ്ങള്‍ തന്‍ മഹാബലിയായിട്ടും നിങ്ങളാരും എനിക്ക്‌ സേവനത്തിന്റെ ഒരു പുരസ്‌ക്കാരങ്ങളും പാവാടയും തന്നിട്ടില്ല. തൊപ്പിക്കുട ചൂടി വരുന്ന വെറും കുടവയറനായ ഒരു കോമാളിയായി എന്നെ നിങ്ങള്‍ ചിത്രീകരിക്കുന്നു. അതില്‍ എനിക്കു ദുഃഖമില്ല. സന്തോഷം മാത്രമേയുള്ളൂ. ഒരു കുടവയറന്‍ ആയി വന്ന്‌ നിങ്ങളെ ചിരിപ്പിക്കുന്നതിലാണ്‌ എന്റെ സന്തോഷം. അതങ്ങനെതന്നെ വേണം കേട്ടൊ. നിങ്ങളുടെ മനസ്സിലെ സന്തോഷവും മുഖത്തെ പുഞ്ചിരിയും നമുക്ക്‌ ഏറ്റവും വലിയ അംഗീകാരവും അവാര്‍ഡുമായി കരുതുന്നു. ദയവായി നാട്ടിലെ സിനിമാ-സീരിയല്‍ സുന്ദരീസുന്ദരന്മാരെയോ നാട്ടിലെ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക വില്ലാളിവീരന്മാരുടെ കൂടെയൊ ഒരേ വേദിയില്‍ എന്നെ ഇരുത്തരുതെ. പ്രവാസികളായ നിങ്ങളെ ഒക്കെ കാണാനാണ്‌ ഞാനിവിടെ ചുറ്റികറങ്ങുന്നത്‌. ഇവിടത്തെ പാവങ്ങളൊ പ്രവാസി സാംസ്‌ക്കാരിക നായകരോ വേദി പങ്കിടുന്നതാണെനിക്കിഷ്‌ടം. പിന്നെ നാട്ടിലെ-കേരളത്തിലെ ഓണത്തിനു പോകുമ്പോള്‍ എന്തു ചെയ്യാം മുന്‍പറഞ്ഞ ആ ദിവ്യന്മാരുമായി വേദി പങ്കിടാനാണല്ലൊ എന്റെ ദുര്യോഗം.

പിന്നെ നിങ്ങള്‍ക്കിവിടെ വെള്ളത്തിന്റെയൊ മദ്യത്തിന്റെയൊ പ്രശ്‌മമില്ലല്ലൊ. ഇവിടെ നല്ല ഒറിജിനല്‍ ലഹരിപാനീയം തന്നെ ലഭ്യമാണല്ലൊ. അക്കാര്യത്തിലും ഇവിടെ മാനുജരെല്ലാം ഒന്നുപോലെ... കുടിയരും മുക്കുടിയരും സഹകുടിയരും എല്ലാം ഒന്നുപോലെ. അമേരിക്കന്‍ മാവേലി നാട്‌.... പിന്നെ ഞാന്‍ മദ്യം കഴിക്കാറില്ല. പിന്നെ നിങ്ങളുടെ നൂറുകണക്കിനുള്ള സംഘടനകളിലെല്ലാം ഒറിജിനല്‍ മാവേലിയായ എനിക്ക്‌ ഓടി എത്തുക അസാധ്യമാണല്ലൊ. പിന്നെ എന്നെ പ്രതിനിധീകരിച്ച്‌, മാവേലിയുടെ പ്രതിപുരുഷന്മാരായി മാവേലി വേഷവും കെട്ടിച്ച്‌ ചിലരെയൊക്കെ അയക്കാറുണ്ടെന്ന പച്ച പരമാര്‍ത്ഥവും നിങ്ങള്‍ക്കറിവുള്ളതാണല്ലൊ. അവരില്‍ ചിലര്‍ മദ്യാസക്തി ഉള്ളവരൊ സന്തോഷം വന്നാലും സന്താപം വന്നാലും കുടിക്കുന്നവരാകാം. അത്തരം മാവേലി മന്നന്മാരെ കൊട്ടും കുരവയും ചെണ്ടമേളവും തരുണീമണിമാരുടെ താലപ്പൊലി ഘോഷയാത്രക്കും മുമ്പെ തന്നെ ദയവായി പാര്‍ക്കിംഗ്‌ ലോട്ടിലെ കാറുകളുടെ ഡിക്കിയില്‍ നിന്നുള്ള മദ്യ ശീതള പാനീയ സല്‍ക്കാരങ്ങളില്‍ നിന്നൊഴിവാക്കണം. അല്ലെങ്കില്‍ സംഗതിയാകെ പാളും, വഷളാകും. ഒരു പ്രകാരത്തില്‍ കുടവയറിനു മീതെ ഏച്ച്‌ കെട്ടി വെച്ചിരിക്കുന്ന എന്റെ പ്രതിപുരുഷ മാവേലിമാരുടെ അരയിലെ മല്‍മല്‍മുണ്ട്‌ അവിടെ നിന്ന്‌ മോചിതമായി അവര്‌ പണ്ടത്തെ അരയിലെ ഇന്ത്യന്‍ ടൈയുമായി പ്രത്യേകിച്ച്‌ സുന്ദരികളായ നാരീ സമക്ഷം നില്‍ക്കേണ്ടിവരും. അവരുടെ കണ്‍ട്രോള്‍ തന്നെ പോയെന്നിരിക്കും. അതുവേണൊ..? ഏതായാലും നമുക്കും ഈ ഘോഷയാത്രയും പെണ്‍മണിമാരുടെ താലപ്പൊലിയും ഒത്തിരി ഒത്തിരി ഇഷ്‌ടമുള്ള ഒരു കാര്യാ കേട്ടൊ... ആ മലയാളി പെണ്‍കൊടിമാരെ ഒക്കെ കാണുമ്പോഴുണ്ടല്ലൊ നിങ്ങടെ ആ പാട്ടുണ്ടല്ലൊ... മലയാളിപെണ്ണെ നിന്റെ മുഖശ്രീയില്‍ ആയിരം പൂവിരിയും സിന്ദൂര സൂര്യോദയം എന്നൊക്കെ ഒന്നു പാടാന്‍ തോന്നും. അമേരിക്കയില്‍ ഓരോ കൊല്ലവും ഓണത്തിനെത്തുമ്പോള്‍ പുതിയപുതിയ സംഘടനകള്‍ ഉണ്ടാകുന്നതുകൊണ്ട്‌ ഞാനൊത്തിരി ബിസിയായി മാറുകയാണ്‌. കാരണം ഇവിടെ സംഘടനകള്‍ ആകപ്പാടെ പിളരുകയും വളരുകയും തളരുകയുമാണല്ലൊ. പിന്നെ ഈ മലയാളി ദേവാലയങ്ങളും ആരാധനാലയങ്ങളും കൂടെ ഓണമാഘോഷിക്കാനും മാവേലിയെ എതിരേല്‍ക്കാനും തുടങ്ങിയതോടെ പ്രശ്‌നം ഗുരുതരമാകുകയാണ്‌. സത്യത്തില്‍ എനിക്ക്‌ താല്‍പ്പര്യം സാമൂഹ്യ സംഘടനകളുടെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതാണ്‌. മതങ്ങള്‍ക്കതീതമായ മലയാളികളുടെ ഒരുമയോടുള്ള ഓണാഘോഷങ്ങള്‍ മാത്രം മതിയെന്നാണ്‌ തമ്പുരാനായ എന്റെ പക്ഷം. മതത്തിന്റെ അതിര്‍വരമ്പില്‍ നിന്ന്‌ ഓരോ മതസ്ഥരും വിഘടിച്ച്‌ നിന്ന്‌ ആഘോഷം തുടങ്ങിയാല്‍ പിന്നെ മലയാളികള്‍ എല്ലാം ഒന്നാണെന്ന പേരില്‍ സാമൂഹ്യസംഘടനയുടെ പേരില്‍ ഉള്ള ഓണാഘോഷങ്ങളുടെ പ്രസക്തി നഷ്‌ടമാകും.

നിങ്ങള്‍ നല്ല മനുഷ്യരും ബുദ്ധിമാന്മാരും അധ്വാനികളുമാണ്‌. പക്ഷെ നിങ്ങളുടെ ചില സാമൂഹ്യ സംഘടനകളുടേയും അംബ്രലാ അസ്സോസിയേഷനുകളുടേയും ഗതി ദുര്‍ക്ഷതി തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. ചില ഇടങ്ങളില്‍ ഒട്ടും ജനാധിപത്യമില്ല. കള്ളവും കള്ളത്തരവും കാണിച്ച്‌ ചില ഗ്രൂപ്പുകള്‍ ഭാരവാഹികളായി ചമയുന്നു. ജനാധിപത്യത്തെ കശാപ്പ്‌ ചെയ്‌ത്‌ അവസരം പോലെ പല ഭരണഘടനകള്‍ തരംപോലെ പൊക്കി കാണിച്ച്‌ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നു. ചിലര്‍ വര്‍ഷങ്ങളോളം അധികാര സിംഹാസനങ്ങളില്‍ ആസനത്തില്‍ ഗ്ലൂ പുരട്ടി അതാര്‍ക്കും വിട്ടു കൊടുക്കാതെ കടല്‍കിഴവന്മാരുടെ മാതിരി കുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ തിരിമറി നടത്തുന്നു. പിന്നെ അധികാരത്തിന്റെ കസേരകള്‍ ഓരോ വ്യത്യസ്ഥ തസ്‌തിക സൃഷ്‌ടിച്ച്‌ മാറിമാറി കുത്തിയിരുന്ന്‌ ഒരു തരം കസേരകളി നടത്തുന്നു. അതു മനസ്സിലാക്കണമെങ്കില്‍ നിങ്ങളുടെ പല സംഘടനാ ഭാരവാഹികളുടെ ഇതുവരെയുള്ള ചരിത്രവും ലിസ്റ്റും പരിശോധിച്ചാല്‍ മതി. പിന്നെ നിങ്ങളുടെ മിക്ക പരിപാടികള്‍ക്കും ഓഡിയന്‍സ്‌ ഗ്യാലറിയിലുള്ളതിനേക്കാള്‍ ജനബാഹുല്യം സ്റ്റേജിലാണ്‌ കാണുക. പറഞ്ഞാല്‍ പോലും തിരിയാത്ത ചില ദുര്‍ബല വിഡ്ഡി വ്യക്തികള്‍ സ്റ്റേജില്‍ മൈക്കിനായി പിടിവലി കൂടുന്നതും കാണാം. പിന്നെ നാട്ടില്‍ നിന്നെത്തിയ ഏതു കവല ദിവ്യന്മാരെയും അവിടേയും തോളിലേറ്റുന്നതും കാണാം. നിങ്ങള്‍ നാട്ടില്‍ വല്ല അവധിക്കും പോയാല്‍ ഈ കവല കലുങ്കു ദിവ്യന്മാര്‍ നിങ്ങളെ തന്നെ അറിഞ്ഞ ഭാവം പോലും കാണിക്കാറില്ല. പക്ഷെ ഒന്നുണ്ട്‌. പ്രവാസികളായ നിങ്ങള്‍ അവരുടെ മുമ്പില്‍ ഒന്നു പിറകോട്ടു തിരിഞ്ഞ്‌ കുനിഞ്ഞു നിന്നാല്‍ അവര്‍ നിങ്ങളുടെ മേല്‍വസ്‌ത്രം മാത്രമല്ല അടിവസ്‌ത്രം പോലും ഉരിഞ്ഞോണ്ടു പോകും. നാട്ടിലുള്ള എല്ലാ ദിവ്യന്മാരും മോശക്കാരാണെന്നല്ല ഞാന്‍ പറയുന്നതും എഴുതുന്നതും. എന്നെ തെറ്റിദ്ധരിക്കരുത്‌. അവിടെയും അറിവുള്ളവരും ഒത്തിരി നല്ല മനുഷ്യരുമുണ്ട്‌. എനിക്കു വേണ്ടി ഈ കുറിപ്പിട കത്തെഴുതുന്ന ഈ എഴുത്തുകാരനേയും സത്യം എഴുതുന്നതിന്റെ പേരില്‍ നിങ്ങള്‍ ചവിട്ടി താഴ്‌ത്തരുത്‌ കേട്ടോ. ചവിട്ടി താഴിത്തിയാല്‍ കൂടുതല്‍ നല്ല മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ പാതാളത്തിലും സ്ഥലം കുറവാണു കേട്ടോ. നെല്ലും പതിരും തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കണം. അത്രമാത്രമാണി ചക്രവര്‍ത്തി പറയുന്നത്‌. നാട്ടിനും നാട്ടാര്‍ക്കും നിങ്ങള്‍ പറ്റുന്നപോലെ അര്‍ഹരെ തേടിപ്പിടിച്ച്‌ സഹായിക്കുന്നത്‌ എപ്പോഴും പ്രശംസാര്‍ഹമാണു കേട്ടോ.

എനിക്കിനി ന്യൂയോര്‍ക്കിലും, ന്യൂജഴ്‌സിയിലും, പെന്‍സില്‍വാനിയയിലും, കാലിഫോര്‍ണിയയിലും, ടെക്‌സാസിലും, ഫ്‌ളോറിഡയിലും, അരിസോണയിലും, അര്‍ക്കന്‍സാസിലും, ലാസ്‌ വേഗാസിലും, മിച്ചിഗനിലും, ലൂസിയാനായിലും, ജോര്‍ജിയായിലും ഒക്കെ പോയി അവിടത്തെ പല മലയാളി സംഘടനകളുടെ ഓണങ്ങളില്‍ പോയി തല കാണിക്കേണ്ടതായിട്ടുണ്ട്‌. ഒത്തിരി ഒത്തിരി മാവേലി പ്രതിപുരുഷന്മാരേയും നമ്മള്‍ ഹയര്‍ ചെയ്‌തിട്ടുണ്ട്‌. പലരും സമയനിഷ്‌ഠ പാലിക്കാറില്ല. ടൈംസ്ലിപ്പ്‌ പൂരിപ്പിക്കാറില്ല. ടൈം ക്ലോക്ക്‌ പഞ്ച്‌ ചെയ്യാറില്ല. അവരെ ഒക്കെ സൂപ്രവയിസ്‌ ചെയ്യുക, മാനേജ്‌ ചെയ്യുക എന്നതൊക്കെ വലിയ പ്രശ്‌നമായിരിക്കുകയാ. എങ്കിലും നമ്മുടെ അകക്കണ്ണു കൊണ്ടെങ്കിലും നിങ്ങളെ ഒക്കെ എത്ര വൈകിയാണേലും കണ്ടിട്ടേ നമ്മള്‍ മടക്കയാത്രയുള്ളൂ.

എന്നെ സ്വീകരിക്കാന്‍ താലപ്പൊലിയേന്തി നില്‍ക്കുന്ന മലയാളി സുന്ദരിമാരേ.... കുളിച്ച്‌.....കുറിയിട്ട്‌....കുപ്പിവളയിട്ട്‌..... കുമ്മിയടിക്കാന്‍ വാ... പെണ്‍കൊടികള്‍.... പെണ്‍കൊടികള്‍.... നിങ്ങള്‍ തന്‍.... മാനസമൊരു പളുങ്കുപാത്രം.... ഒത്തിരി ഒത്തിരി മനസിനു കുളിര്‍മ്മയുള്ള തേനൂറുന്ന ഈരടികള്‍ ഓര്‍മ്മ വരുന്നു. തിരുവോണ പുലരിതന്‍ ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി... പൂവിളി പൂവിളി പൊന്നോണമായി... അതാ ആ വഞ്ചിപ്പാട്ടും കേട്ടു തുടങ്ങി.... കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണ.. കുയിലാളെ കൊട്ടു വേണം കുരവ വേണം....


ആ പൊയ്‌പോയ ഗൃഹാതുര ചിന്തകള്‍ ഉണര്‍ത്തിക്കൊണ്ട്‌ എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കെല്ലാം ഓണക്കാലത്തെ ശാന്തിയുടേയും സമാധാനത്തിന്റെയും ക്ഷേമ ഐശ്വര്യങ്ങളുടേയും സമൃദ്ധിയുടേയും നിതാന്ത മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്‌ നിങ്ങളുടെ എല്ലാ കവിളിലും നെറ്റിയിലും നിങ്ങളുടെ സ്വന്തം മാവേലി തമ്പുരാനല്ലാ - സ്വന്തം മാവേലി മാമന്റെ ഓരോ ചുടു ചുംബനങ്ങള്‍... ഇംഗ്ലീഷ്‌ മാത്രം സംസാരിക്കുന്ന കുരുന്നുകള്‍ക്ക്‌ മാവേലി അങ്കിളിന്റെ ഹാപ്പി ഓണം.
സൗഹാര്‍ദ്ദ സന്ദേശവുമായി മാവേലി മന്നന്റെ ഓണക്കാല അമേരിക്കന്‍ പര്യടനം തുടരുന്നു. (എ.സി. ജോര്‍ജ്‌)
Join WhatsApp News
വിദ്യാധരൻ 2014-09-18 08:51:34
ശ്രീ എ. സി ജോര്ജിന്റെ ഉജ്ജലമായ ലേഖനത്തിനു ആദ്യമേ അഭിനനന്ദനം. സരസമായും എന്നാൽ വിഷയത്തിന്റെ ഗൗരവം നഷട്ടപ്പെടാതെ ഇന്ന് കേരളത്തിലും വിദേശങ്ങളിലും നടമാടുന്ന കപട ജീവിത നാടകത്തിന്റെ ഒരു നേർകാഴ്ച ഈ ലേഖനത്തിലൂടെ വായനക്കാർക്ക് ദർശിക്കാൻ കഴിയും, രാഷ്ട്രീയം, സംഘടനകൾ, നേതൃത്വങ്ങൾ, ആദ്ധ്യാത്മികം, സാഹിത്യം എന്നീ മേഖലകളിൽ നടക്കുന്ന അഴുമതികൽ, തരികടകൾ എല്ലാം തന്നെ വളരെ ഉചിതമായി അദ്ദേഹം ഈ ലേഖനത്തിൽ വരച്ചു കാട്ടിയിരിക്കുന്നു. മഹാബലിയെ ചവിട്ടു താഴ്ത്തുന്ന വാമാനനിൽ ഒരു നല്ല ശതമാനം മലയാളികളുടെ സ്വഭാവം കാണാൻ കഴിയും. ഗ്ലൂ ചന്തിയിൽ പുരട്ടി കസേരകളിൽ ഒട്ടിയിരിക്കുന്ന നേതാക്കന്മാരെ ഫോമ ഫൊക്കാന ലാന തുടങ്ങിയ സംഘടനകളെ അടുത്തറിയുന്നവര്ക്ക് കാണാൻ കഴിയും. മദ്യവും മതിരാക്ഷികളും ഭരണകൂടങ്ങളെ നിലംപരിശാക്കുകയും, സാധാരണ ജനങ്ങളെ കഷ്ടത്തിൽ ആക്കുകയും ചെയുന്നു. ചുരുക്കം പറഞ്ഞാൽ, ചങ്ങപുഴ പറഞ്ഞതുപോലെ, : കാപട്യകണ്ടകം കർക്കശതകൊടും കാളാശ്മ കണ്ഡം നിറഞ്ഞതാണീ ലോകം, ഞെട്ടിതെറിക്കും വിടരാൻ തുടങ്ങുന്ന മോട്ടുപോലുള്ള മനസിത് കാണുകിൽ" . സുന്ദരികളായ സ്ത്രീകൾ താലപൊലിയുമായി വരുന്ന ഭാഗം ചിത്രീകരിക്കുമ്പോൾ മാതം, ലേഖകൻ ചേലക്കര നമ്പൂതിരിയെപ്പോലെ, 'അപ്പോൾ തോന്നി എനിക്ക് പന്തൊക്കും മുലയും തണുത്ത തുടയും മറ്റേതും എന ഓമലെ' ചാഞ്ചാടുന്നതായി തോന്നി. നല്ല ഒരു ലേഖനത്തിനു ഒരിക്കൽ കൂടി അഭിനന്ദനം!
Peter 2014-09-18 20:27:39
Very long but a good article.
Ninan Mathullah 2014-09-19 05:34:04
Thanks for the thought provoking article. Occasionally we all need a self-evaluation of our behaviours and corrective measures. Our tendency generally is to consider oneself better than others.Writers that think independently have become a rare specis among us. Hope more of such article as this will appear in emalayalee.
A.C.George 2014-09-19 12:16:29
Thank you, Ninan Mathullah, Peter, Vidhyadharan Sar, for all your positive comments. What to do? It is long. Our Mahabali has to give a long message. He is observing many many incidents here and there. Still he is not able to cover a micro point. Guruji Vidhyadharan Saar is a great reader, thinker, philosopher and I allways appreciate and respect his opinion and guidiance. Thank you, Guruji Vidhyadharjee. Who ever write the comment column on emalayalee is important for me. I allways give top priority to read the comments appearing on emalayalee. Thanks to emalayalee and all the commentators. Excuse my bad spelling etc.. I am not a spelling bee.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക