Image

ഗവര്‍ണര്‍ക്ക്‌ സ്വാഗതം (ഡി. ബാബുപോള്‍)

Published on 17 September, 2014
ഗവര്‍ണര്‍ക്ക്‌ സ്വാഗതം (ഡി. ബാബുപോള്‍)
ഭാരതത്തിലെ ഉച്ചതമന്യായാലയത്തിന്‍െറ അഗ്രാസനാധിപതിയായിരുന്ന പളനിയപ്പന്‍ സദാശിവം എന്ന തമിഴനെ പരശുരാമന്‍ മഴുവെറിഞ്ഞ്‌ സൃഷ്ടിച്ച കേരള നാടിന്‍െറ ഗോവര്‍ണദോരായി നിയമിച്ചതിനെക്കുറിച്ചുണ്ടായ വിവാദങ്ങള്‍ തികച്ചും അസ്ഥാനത്തായിരുന്നുവെന്ന്‌ ബോധിപ്പിക്കുന്ന ഒരു സത്യവാങ്‌മൂലം സമര്‍പ്പിച്ചുകൊള്ളട്ടെ:

പ്രഥമത: കേട്ട വിമര്‍ശമാണ്‌ ഏറ്റവും ബാലിശമായി തോന്നിയത്‌. രാഷ്ട്രപതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുകയും ജാതകവശാല്‍ യോഗം തെളിയുന്നപക്ഷം ഒരു രാഷ്ട്രപതിക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യാന്‍ പോന്ന മഹാനാണ്‌ രാഷ്ട്രത്തിന്‍െറ ചീഫ്‌ ജസ്റ്റിസ്‌ എന്നിരിക്കെ, കേവലം ഒരു ഹൈകോടതിയുടെ മാത്രം അധ്യക്ഷനായ മറ്റൊരു ചീഫ്‌ ജസ്റ്റിസ്‌ തുടങ്ങിക്കൊടുക്കുന്ന സത്യവാചകം ചൊല്ലി ചുമതലയേല്‍ക്കുമ്പോള്‍ ഭരണഘടനയുടെ താളുകള്‍ കീറിപ്പോവുകയും മേല്‍പ്പടിയാന്‍ ഒരു ഡൂക്കിലി ആക്ടിങ്‌ ആണെങ്കില്‍ കീറിയ താളുകള്‍ പറന്നുപോവുകയും ചെയ്യും എന്നായിരുന്നു ചിലരുടെ വാദം. സുരേഷ്‌ഗോപി ഇംഗ്‌ളീഷില്‍ പറയുന്ന തെറി ഇംഗ്‌ളീഷിലായാലും മാന്യന്മാര്‍ക്ക്‌ പറയാന്‍ കൊള്ളുന്നതല്ല എന്നതിനാല്‍ `ഭോഷ്‌ക്‌' എന്ന്‌ പറഞ്ഞ്‌ നിര്‍ത്തുന്നു.

പെന്‍ഷനാവുമ്പോള്‍ പദവി പോകും. പദവി പോകുമ്പോള്‍ പത്രാസ്‌ കുറയും. മകന്‍ ബുഷ്‌ പ്രസിഡന്‍റായിരിക്കെ അപ്പന്‍ ബുഷിന്‌ രണ്ടാം സ്ഥാനമേ ഉള്ളൂ. നമ്മുടെ കലാം സാഹിബ്‌ വേദിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്‍െറ മുന്‍ഗാമികളായിരുന്ന വെങ്കിട്ടരാമനും കെ.ആര്‍. നാരായണനും ആദരവോടെ എഴുന്നേല്‍ക്കുന്നത്‌ നമ്മളൊക്കെ ടെലിവിഷനില്‍ കണ്ടിട്ടുള്ളതാണ്‌. ആള്‍ വേറെ, കസേര വേറെ. രാഷ്ട്രപതിക്ക്‌ സത്യപ്രതിജ്ഞാവാചകം തുടങ്ങിക്കൊടുക്കുന്ന ചീഫ്‌ ജസ്റ്റിസിന്‌ രാഷ്ട്രപതിയെക്കാള്‍ ഉയര്‍ന്ന സ്ഥാനം ഇല്ല എന്ന്‌ നമുക്കറിയാം. ശ്രീമാന്മാരായ അണ്ടനോ അടകോടനോ ആകട്ടെ വ്യക്തികള്‍. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ ചീഫ്‌ ജസ്റ്റിസിന്‌ മേലെയാണ്‌ ഗവര്‍ണര്‍.

ജഡ്‌ജിമാര്‍ പെന്‍ഷന്‌ ശേഷം മറ്റ്‌ പദവികള്‍ സ്വീകരിക്കരുത്‌ എന്നായിരുന്നു മറ്റൊരുവാദം. എം.സി. ചഗ്‌ളയെയും സുബ്രഹ്മണ്യന്‍ പോറ്റിയെയും ഒക്കെ വിടാം. അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയവരാണ്‌. ഹിദായത്തുല്ലയോ? ഭരണകക്ഷിയുടെ ആശീര്‍വാദം കൂടാതെ ഈ നാട്ടില്‍ ആര്‍ക്കെങ്കിലും ഉപരാഷ്ട്രപതി ആകാനാവുമോ? സുപ്രീംകോടതിയിലെ ജഡ്‌ജിമാരില്‍ ഭൂരിഭാഗവും പെന്‍ഷനായശേഷം ശീതളഛായകളിലാണ്‌ വാര്‍ധക്യം ചെലവഴിക്കുന്നത്‌. ചീഫ്‌ ജസ്റ്റിസുമാര്‍ക്ക്‌ സംവരണം ചെയ്‌ത കസേരകള്‍വരെയുണ്ട്‌ ഈ നാട്ടില്‍.

മനുഷ്യാവകാശസഭയുടെ അധ്യക്ഷ സ്ഥാനം എന്ന്‌ ഒഴിവു വരുമെന്ന്‌ അറിയാന്‍ വിഷമമില്ല. ഒരു സമയത്ത്‌ 70ന്‌ താഴെ പ്രായമുള്ള എത്ര അടുത്തൂണ്‍ ചീഫ്‌ ജസ്റ്റിസുമാര്‍ ക്യൂവിലുണ്ടാകും എന്നറിയാനും വിഷമമില്ല. ആ സാധ്യത മുന്നില്‍ ക്കണ്ട്‌ നമ്മുടെ ചീഫ്‌ ജസ്റ്റിസുമാര്‍ കേന്ദ്രസര്‍ക്കാറിനെ സേവ പിടിച്ചതായി ആരും പറഞ്ഞുകേട്ടിട്ടില്ല.

ഒരു വ്യാഴവട്ടം മുമ്പ്‌ കേരളത്തിലെ ഹൈകോടതിയില്‍ ഒരു കേസുണ്ടായി. ഓംബുഡ്‌സ്‌മാന്മാര്‍ക്ക്‌ ജഡ്‌ജിയുടെ പദവി കൊടുക്കുന്നതിനെതിരെ ആയിരുന്നുകേസ്‌. അതില്‍ അനുബന്ധവിഷയമായി ജഡ്‌ജിമാര്‍ പെന്‍ഷനായിക്കഴിഞ്ഞാല്‍ മറ്റ്‌ ജോലികള്‍ സ്വീകരിക്കാമോ എന്ന പ്രശ്‌നവും ഉന്നയിക്കപ്പെട്ടിരുന്നു. വിധി പറഞ്ഞവര്‍ ആദ്യവിഷയം ഒരു പേജില്‍ തീര്‍പ്പാക്കിയശേഷം രണ്ടാമത്തെ വിഷയം പത്തുപേജില്‍ ചര്‍ച്ചക്കെടുത്തു. ആ കേസുമായി ബന്ധപ്പെട്ട ഒരു മഹാശയന്‍ ആറേഴ്‌ കൊല്ലം മാറിമാറിവന്ന സര്‍ക്കാറുകള്‍ക്ക്‌ വിശ്വസ്‌തനായി ഭവിച്ചത്‌ യാദൃച്ഛികതയാവാം. മറ്റൊരാള്‍ ഇപ്പോഴും ശമ്പളം എണ്ണിവാങ്ങുന്നു എന്നാണറിവ്‌.

ഇതിലൊന്നും അത്ര വലിയ തെറ്റ്‌ കാണേണ്ടതില്ല. നാളെ ഏതെങ്കിലും ഒരു നാള്‍ താന്‍ അടുത്തൂണ്‍ പറ്റും, അന്ന്‌ ഏതെങ്കിലും ഉദ്യോഗം തരപ്പെടുത്തണം എന്ന്‌ കരുതി വിധി പറയുന്ന ജഡ്‌ജിമാര്‍ ഉണ്ടാകാനുള്ള സാധ്യത കൈക്കൂലി വാങ്ങി വിധി പറയുന്ന ജസ്റ്റിസ്‌ നമശിവായന്മാര്‍ ഉണ്ടാകാനുള്ള സാധ്യതയെക്കാള്‍ ഒട്ടും കൂടുതലല്ല. ഇത്തരം പരിപാടികള്‍ വേണ്ടെന്നുവെക്കാന്‍ ജഡ്‌ജിമാര്‍ക്ക്‌ ധൈര്യം ഉണ്ടാകണം എന്ന്‌ പറയാവുന്നതാണ്‌. അവനവന്‍െറ ആത്മാഭിമാനത്തിന്‍െറ പ്രശ്‌നമാണ്‌ അത്‌. കേരളത്തില്‍ ചീഫ്‌ സെക്രട്ടറിയായിരുന്ന ഒരാള്‍ എട്ടാംക്‌ളാസും ഗുസ്‌തിയും യോഗ്യതയായുള്ള രാഷ്ട്രീയക്കാരുടെ കീഴില്‍ ഉദ്യോഗസ്ഥനായി ഓച്ചാനിച്ച്‌ നില്‍ക്കുന്നത്‌ കണ്ടവരുണ്ട്‌. സര്‍വീസിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ്‌ സെക്രട്ടറിയുടെ തിരുസന്നിധിയില്‍ `എസ്‌' കത്തി പോലെ വളഞ്ഞുനില്‍ക്കുന്ന ചീഫ്‌ സെക്രട്ടറിമാരും ഉണ്ടായിട്ടുണ്ട്‌ എന്നോര്‍ക്കുമ്പോള്‍ അതിലും അദ്‌ഭുതം വേണ്ട.

ഭാരതത്തിന്‍െറ ചീഫ്‌ ജസ്റ്റിസായി പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ മനുഷ്യാവകാശകമീഷന്‍െറ അധ്യക്ഷനായി പ്രവര്‍ത്തിക്കാതിരിക്കുന്നതാണ്‌ ഭംഗി. അത്‌ ചീഫ്‌ ജസ്റ്റിസിനാണ്‌ തോന്നേണ്ടത്‌. അങ്ങനെ ഒരു പദവി സ്വീകരിക്കരുത്‌ എന്ന്‌ പറയാം. എന്നാല്‍, അങ്ങനെ ഒന്ന്‌ കൊടുക്കരുത്‌ എന്നുപറയുന്നത്‌ നമ്മുടെ ജുഡീഷ്യറിയെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌.

നമ്മുടെ കോടതികള്‍ തീര്‍പ്പാക്കുന്ന കേസുകളില്‍ ഏറെയും സര്‍ക്കാര്‍ കക്ഷി അല്ലാത്ത കേസുകളാണ്‌ എന്ന സംഗതി നാം ശ്രദ്ധിക്കാറില്ല. അത്തരം കേസുകള്‍ പത്രത്തില്‍ ശീര്‍ഷകമാവുകയില്ല എന്നതിനാലാണ്‌ കോടതികളുടെ ജോലി സര്‍ക്കാറിന്‍െറമേല്‍ കുതിരകയറുകയാണ്‌ എന്ന ധാരണയുണ്ടാകുന്നത്‌. സര്‍ക്കാര്‍ ഒരു കക്ഷിയാവുന്ന കേസുകളിലും ബഹുഭൂരിപക്ഷവും സര്‍ക്കാറിന്‌ അനുകൂലമായാണ്‌ വിധിക്കപ്പെടുന്നത്‌. പട്ടി മനുഷ്യനെ കടിക്കുന്നത്‌ വാര്‍ത്തയല്ലാത്തതുകൊണ്ട്‌ നാം അറിയുന്നില്‌ളെന്‌ മാത്രം. അതായത്‌, തൊണ്ണൂറ്‌ ശതമാനം സന്ദര്‍ഭങ്ങളിലും സര്‍ക്കാറും കോടതികളും തമ്മില്‍ ഒരു സംഘര്‍ഷവും ഇല്ല.ഇനി മറ്റൊന്ന്‌. ഭരണഘടനാസഭ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തതാണ്‌. നെഹ്‌റുവും അനന്തശയനം അയ്യങ്കാരും സന്താനവും അംബേദ്‌കര്‍ തന്നെയും വിശദമായി പരിഗണിച്ചിട്ടുള്ളതാണ്‌ സംഗതി.

ഇനി നമ്മുടെ ഗവര്‍ണറുടെ കാര്യത്തിലേക്ക്‌ വരാം. അദ്ദേഹം ഈ രാജ്യത്തെ വ്യവസ്ഥിതി ഉറപ്പുവരുത്തുന്ന തുല്യാവസരങ്ങളുടെ ഗുണഭോക്താവാണ്‌. നാട്ടിന്‍പുറത്തെ കര്‍ഷക കുടുംബത്തില്‍ ജനിച്ചയാള്‍. കുടുംബത്തിലെ ആദ്യത്തെ ബിരുദധാരി. അങ്ങനെയൊരാള്‍ ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസ്‌ ആയി എന്നത്‌ നമ്മുടെ അഹങ്കാരം ആയില്‌ളെങ്കില്‍ അഭിമാനം എങ്കിലും ആകേണ്ടതല്‌ളേ? 18 വര്‍ഷം ജഡ്‌ജി ആയിരുന്നു, രണ്ട്‌ ഹൈകോടതികളില്‍. ഒടുവില്‍ സുപ്രീംകോടതിയില്‍. ഒരു പേരുദോഷവും കേള്‍പ്പിച്ചിട്ടില്ല. അങ്ങനെയൊരാള്‍ അല്‌ളേ ഗവര്‍ണര്‍ ആകേണ്ടത്‌? അല്ലാതെ കേസില്ലാ വക്കീലായും സാദാ രാഷ്ട്രീയക്കാരനായും തെക്കുവടക്ക്‌ നടന്നവരെയാണോ രാജ്‌ഭവനുകളില്‍ നിയമിക്കേണ്ടത്‌?

മറ്റൊരാരോപണം കൂടി പരിഗണിക്കാനുണ്ട്‌. ജയലളിതയുടെ ചാരനാണ്‌ സദാശിവം എന്നതാണ്‌ അത്‌. ഭോഷ്‌ക്‌ എന്നല്ലാതെ എന്ത്‌ പറയാന്‍? ഒരിക്കല്‍ പറയും ഗവര്‍ണര്‍ പദവിക്ക്‌ വിലയില്ല, മുഖ്യമന്ത്രി പറഞ്ഞാല്‍ കേള്‍ക്കണം. പിന്നെ പറയും മുഖ്യമന്ത്രിയെ നിയന്ത്രിച്ച്‌ സംസ്ഥാന താല്‍പര്യങ്ങള്‍ അയല്‍ സംസ്ഥാനത്തിന്‌ പണയപ്പെടുത്താന്‍ വേണ്ടിയാണ്‌ ഒരാളെ ഗവര്‍ണറാക്കിയതെന്ന്‌. പണ്ട്‌ ടി.വി. തോമസ്‌ ആലപ്പുഴയിലെ ഒരു കരടിമത്തായിയുടെ കഥ പറഞ്ഞിട്ടുണ്ട്‌. മകന്‍ ഉണരാന്‍ വൈകിയാല്‍ പറയും `നേരം ഉച്ചയായി, കിടന്നുറങ്ങുന്നു പോത്തുപോലെ'. ബഹളം കേട്ട്‌ ഉണര്‍ന്ന മകന്‍ ദന്തശുദ്ധിയും പ്രഭാത കര്‍മങ്ങളുംകഴിഞ്ഞ്‌ റോഡിലേക്കിറങ്ങിയാല്‍ പറയും `നേരം വെളുത്തില്ല, തെണ്ടാന്‍ പോയിരിക്കുന്നു'. കളിക്കിടയില്‍ ഗോള്‍പോസ്റ്റ്‌ മാറ്റുന്നത്‌ ശരിയല്ല.

ഇനി സുപ്രധാനമായ ഒരു വിഷയം. ഗവര്‍ണറുടെ പദവി ചീഫ്‌ ജസ്റ്റിസിനെക്കാള്‍ താഴ്‌ന്നതാണോ? ഇരുന്ന ചില ഡൂക്കിലികള്‍ അങ്ങനെ ഒരു ധാരണ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്‌ ഗവര്‍ണര്‍ സദാശിവത്തിന്‍െറ തെറ്റല്ല. ഗവര്‍ണറുടെ പദവി ചീഫ്‌ ജസ്റ്റിസിന്‌ മേലെയാണ്‌. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുന്‍ രാഷ്ട്രപതിമാര്‍/ഉപപ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌/സ്‌പീക്കര്‍ എന്നിങ്ങനെയാണ്‌ മുന്‍ഗണനാക്രമം. കേരളത്തിന്‌ പുറത്ത്‌ കേരള ഗവര്‍ണറുടെ സ്ഥാനം ജഡ്‌ജിമാര്‍ക്ക്‌ മേലെയും ചീഫ്‌ജസ്റ്റിസിന്‌ താഴെയും ആകുമെന്ന്‌ മാത്രം. ഒന്നാം സ്ഥാനത്ത്‌ ഇരുന്ന രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞാല്‍ ഗവര്‍ണര്‍ക്ക്‌ താഴെ അഞ്ചാം സ്ഥാനത്താവുന്നതുപോലെ കരുതിയാല്‍ മതി അത്‌.

ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയംകൊണ്ട്‌ മൂല്യശോഷണം വരാത്ത പുതിയ ഗവര്‍ണര്‍ നമ്മുടെ അഭിമാനമാണ്‌. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത്‌ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന വ്യക്തിയെ എന്‍.ഡി.എ സര്‍ക്കാര്‍ ഗവര്‍ണറായി നിയമിച്ചു എന്നത്‌ മോദിക്കും സദാശിവത്തിനും ഒരുപോലെ അഭിമാനിക്കാവുന്ന സംഗതിയുമാണ്‌.

സ്വാഗതം, സുസ്വാഗതം, സദാശിവമഹോദയ, ശുഭമസ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക