Image

ഫിലാഡല്‍ഫിയയ്ക്ക് ഉത്സവമായി ട്രൈസ്റ്റേറ്റ് ഫോറം ഓണാഘോഷം

ഫോട്ടോ: അരുണ്‍ കോവാട്ട്‌ Published on 02 September, 2014
ഫിലാഡല്‍ഫിയയ്ക്ക് ഉത്സവമായി ട്രൈസ്റ്റേറ്റ് ഫോറം ഓണാഘോഷം
ഫിലാഡല്‍ഫിയ: വെസ്റ്റ്‌ചെസ്റ്ററില്‍ ഓണ സദ്യ ഉണ്ട്‌ ഫിലാഡല്‍ഫിയയിലെ ട്രൈസ്റ്റേറ്റ് കേരളത്തിന്റെ വര്‍ണ്ണാഭമായ ആഘോഷങ്ങളിലും സദ്യയിലും പങ്കുകൊണ്ട് മാവേലിത്തമ്പുരാന്‍ കേരളത്തില്‍ ഓണനാളിലെത്താന്‍ യാത്ര തുടരമ്പോള്‍ പ്രവാസി നാട്ടില്‍ ഇനി പൂവിളിയും പൂക്കളവും ഉല്ലാസ നാളുകളും.

പതിനഞ്ച് പുഷ്പങ്ങള്‍ കോര്‍ത്തിണക്കിയ ഹാരം പോലെ പതിനഞ്ച് സംഘടനകളുടെ ഐക്യത്തിന്റെ ശക്തിയും പരസ്പര സൗഹൃദത്തിന്റെ പ്രസരിപ്പും സൗരഭ്യവും പ്രസരിച്ച ട്രൈസ്റ്റേറ്റ് ഫോറത്തിന്റെ ഓണാഘോഷങ്ങള്‍ ജനപങ്കാളിത്തംകൊണ്ട് നിറഞ്ഞു കവിഞ്ഞു. സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയം സദ്യയുടേയും കലാവിരുന്നിന്റേയും രുചിക്കൂട്ടുകള്‍ പകര്‍ന്നു നല്കിയപ്പോള്‍ ഓണക്കാലത്തിന്റെ ഗൃഹാതുരതയിലേക്ക് ഒരു മടക്കയാത്ര.

ചെണ്ടമേളവും മുത്തുക്കുടകളും താലപ്പൊലിയുമായി മാവേലിയെ വരവേറ്റ് ആനയിച്ച ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ദീര്‍ഘകാലമായി വിവിധ സംഘടനകള്‍ക്കുവേണ്ടി മാവേലിയായി വേഷമിട്ട ശിവന്‍പിള്ള തന്നെയായിരുന്നു പ്രവാസികളെ അനുഗ്രഹിക്കാനെത്തിയ മാവേലി.

തുടര്‍ന്ന് ദീപം തെളിയിച്ചശേഷം നടന്ന യോഗത്തില്‍ മുഖ്യാതിഥി വേള്‍ഡ് അയ്യപ്പ സേവാ സംഘം ചെയര്‍മാന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള ഓണസന്ദേശം നല്‍കി. ഭാരതീയതയുടെ പ്രതീകമായ ഈ ആഘോഷം വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും സന്ദേശങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വേദങ്ങളും ഉപനിഷത്തുക്കളും ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമുള്ളതല്ല. അതു മാനവരാശിക്കു മൊത്തമുള്ളതാണ്. മനുഷ്യരെ സ്വതന്ത്രരാക്കാനുള്ള ഉപദേശ നിര്‍ദേശങ്ങളുടെ സത്തയാണത്.

നാം കരുതുന്നതുപോലെ ഒരു കോമാളിയൊന്നും ആയിരുന്നില്ല മഹാബലി. അദ്ദേഹത്തെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തി എന്നതും അബദ്ധ കഥയാണ്. വേദവ്യാസന്‍ തന്നെ രചിച്ച ഭാഗവതത്തില്‍   നല്ലതും വിചിത്രവുമായ രീതിയില്‍ മഹാബലിയെ ചിത്രീകരിക്കുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ യശസില്‍ അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനോട് സങ്കടം പറയുന്നു. മഹാവിഷ്ണു അവരെ പുച്ഛിക്കുകയാണ് ചെയ്തത്. പിന്നീട് വാമനാവതാരം പൂണ്ട മഹാവിഷ്ണു മഹാബലിയെ സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്തത്.

മഹാബലിയെ കോമാളിയാക്കിയത് അമ്പതുകളില്‍ പ്രസിദ്ധീകരിച്ച സരസന്‍ മാസികയും, അതിന്റെ പത്രാധിപരും കാര്‍ട്ടൂണിസ്റ്റുമായിരുന്ന വാണക്കുറ്റിയായിരുന്നു എന്നു കരുതണം. അദ്ദേഹം വരച്ച കോമാളി ഇന്നും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു.

മഹാബലിയെ അംഗീകരിക്കുകയും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കുകയുമാണ് ചെയ്തതെന്നതാണ് ഓണത്തിന്റെ സന്ദേശം. അതായത് അര്‍ഹിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുക. എല്ലാവര്‍ക്കും അദ്ദേഹം മംഗളങ്ങള്‍ നേര്‍ന്നു.

യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന സ്റ്റേറ്റ് അസംബ്ലിമാന്‍ ബ്രണ്ടന്‍ ബോയലിനെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ അലക്‌സ് തോമസ് പരിചയപ്പെടുത്തി. ഇന്ത്യന്‍ സമൂഹത്തിന്റെ ഉറ് റമിത്രമായ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത അലക്‌സ് ചൂണ്ടിക്കാട്ടി.

പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഓണാഘോഷത്തില്‍ പങ്കെടുത്തത് അസംബ്ലിമാന്‍ ബോയല്‍ അനുസ്മരിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും താന്‍ ഓണാഘോഷത്തിനെത്തുന്നു. ഇന്ത്യന്‍ സമൂഹവുമായുള്ള ഉറ്റബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹം ഇന്ത്യക്കാര്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഫിലാഡല്‍ഫിയ കൗണ്‍സില്‍മാന്‍ ഡേവിഡ്‌  ഓയെ (Oh)  ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് അംഗം സുധാ കര്‍ത്താ പരിചയപ്പെടുത്തി. എഷ്യക്കാരനായ ആദ്യ കൗണ്‍സില്‍മാനാണു അദ്ധേഹം

ഫാ. ജോണിക്കുട്ടി പുലിശേരില്‍ മഹാബലി എന്ന വാക്കിനര്‍ത്ഥം വലിയ ത്യാഗം എന്നു കണക്കാക്കണമെന്ന് ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കുന്ന വ്യക്തികളാണ് മഹത്തുക്കള്‍.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫിലാഡല്‍ഫിയയിലെ മലയാളികളുടെ ഐക്യബോധമാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഫോറം ചെയര്‍മാന്‍ സുരേഷ് കുമാര്‍ പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. ഐശ്വര്യപൂര്‍ണ്ണമായ ഓണം അദ്ദേഹം ഏവര്‍ക്കും ആശംസിച്ചു.

സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍ ആയിരുന്നു എംസി. അദ്ധേഹത്തിന്റെ ശക്തമായ നേത്രുത്വത്തിന്റെ പ്രതിഫലനമായിരുന്നു മികച്ച വിജയമായ ഓണാഘോഷം.

പൂക്കളും  പ്രകൃതിയും കാറ്റും നിലാവും ഒരു ചക്രവര്‍ത്തിയും പങ്കെടുക്കുന്ന മലയാളികളുടെ ഏറ്റവും മഹനീയമായ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകട്ടെ എന്ന് എക്‌സി. വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍ പറഞ്ഞു.

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍, പമ്പ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, കോട്ടയം അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് തോമസ് പോള്‍, എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് പി.കെ. സോമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡമൊക്രാറ്റായ അസ്സംബ്ലിമാനും റിപ്പബ്ലിക്കനായ കൗണ്‍സില്‍മാനും ഒണാഘോഷത്തിനു ഒരേ വേദിയില്‍ എത്തി എന്നത് നമ്മുടെ സമുഹത്തിനു രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പ്രാധാന്യത്തിനു തെളിവാണെന്നു വിന്‍സന്റ് ഇമ്മാനുവല്‍ ചൂണ്ടിക്കാട്ടി.

അവാര്‍ഡ് വിതരണ ചടങ്ങിന് ജോര്‍ജ് ഓലിക്കല്‍ നേതൃത്വം നല്‍കി. ജോര്‍ജ് ജോസഫ് (മീഡിയ എക്‌സലന്‍സ് അവാര്‍ഡ്), ഷാജി മത്തായി (കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്), മനോജ് ലാമണ്ണില്‍ (തീയറ്റര്‍ അവാര്‍ഡ്) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സാജന്‍ വര്‍ഗീസ് നന്ദി പറഞ്ഞു. മായാ മനോജ് യു.എസ് ദേശീയ ഗാനവും ഹെല്‍ഡ സുനില്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും വിവിധ പരിപാടികള്‍ക്കു പുറമെ നാട്ടില്‍ നിന്നെത്തിയ കലാകാരന്മാര്‍ ഒരുക്കിയ "സൂര്യസായാഹ്നം' ആയിരുന്നു പ്രധാന കലാവിരുന്ന്. ഇതാദ്യമായാണു ആഘോഷം സായാഹ്ന പരിപാടി ആക്കിയത്. നാട്ടില്‍ നിന്ന് സൂര്യ സായാഹ്നം പ്രോഗ്രാം പ്രമാണിച്ചായിരുന്നു ഇത്. കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ജീമോന്‍ ജോര്‍ജായിരുന്നു.
(ഫോട്ടോ: അരുണ്‍ കോവാട്ട്‌ )
ഫിലാഡല്‍ഫിയയ്ക്ക് ഉത്സവമായി ട്രൈസ്റ്റേറ്റ് ഫോറം ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക