Image

ഓണം വന്നത് ഇറാഖില്‍ നിന്ന്....?

അനില്‍ പെണ്ണുക്കര Published on 02 September, 2014
ഓണം വന്നത് ഇറാഖില്‍ നിന്ന്....?
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. പത്ര പ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രഫ. എന്‍.വി. കൃഷ്ണവാരിയര്‍(1916-1989) അടക്കമുള്ള പണ്ഡിതര്‍ ആ വിശ്വാസക്കാരാണ്.
അസീറിയയിലെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. സമര്‍ത്ഥിക്കുന്നുണ്ട്.
വേറെയും ചരിത്ര ലിഖിതങ്ങളും ധാരണകളും ഓണം കേരളീയമല്ലെന്ന് തെളിയിക്കുന്നുണ്ട്. സംഘകാല (ബിസി 566-എഡി 250) സാഹിത്യത്തിലെ തന്നെ പത്തു പാട്ടുകളിലുള്‍പ്പെടുന്ന 'മധുരൈ കാഞ്ചി' യിലും ഓണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാര്‍' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ഓണം ആഘോഷിച്ചിരുന്നതായി അതില്‍ വര്‍ണ്ണനയുണ്ട്. ശ്രാവണ പൗര്‍ണ്ണമി നാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തില്‍ 'ഓണസദ്യയും' പ്രധാനമായിരുന്നു.
ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്‌വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ചേരന്മാരില്‍ (ക്രിസ്തുവിന് മുന്‍പ് 200-100 ആണ് ചേരവംശത്തിന്റെ സുവര്‍ണ കാലം) നിന്ന് കടം എടുത്ത അല്ലെങ്കില്‍ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാല്‍ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയില്‍ അതായത് തമിഴ് നാട്ടിലാണ് കൂടുതല്‍ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്‍ സായ്പിന്റെ അഭിപ്രായത്തില്‍ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓര്‍മ്മക്കായി ഭാസ്‌കര രവിവര്‍മ്മയാണിത് ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കര്‍ത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി അല്‍ ബിറൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്രീസിയും 1159ല്‍ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. 10-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. ആണ്ടുതോറും നടന്നുവരുന്ന ഓണഘോഷങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്'.
പത്താം നൂറ്റാണില്‍ത്തന്നെ സ്ഥാണു രവികുലശേഖരന്‍ എന്ന രാജാവിന്റെ തിരുവാറ്റ് ലിഖിതത്തിലും ഓണത്തെ പരാമര്‍ശിക്കുന്നുണ്ട്. വിദേശ നിര്‍മ്മിത വസ്തുക്കള്‍ ഓണക്കാഴ്ച നല്‍കി പന്ത്രണ്ടു വര്‍ഷത്തെ ദേശീയോത്സവത്തിന്റെ മേല്‍നോട്ടം ഏറ്റുവാങ്ങിയിരുന്നു, സ്ഥാണു രവികുലശേഖരന്‍. കേരളത്തിലെ രാജാക്കന്മാരെല്ലാം ആ പള്ളി ഓണത്തില്‍ പങ്കുചേരാന്‍ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ് ഐതിഹ്യം. കാലക്രമത്തില്‍ ഇത് കനകക്കുന്ന കൊട്ടാരത്തില്‍ നടത്തിവരുകയും പിന്നീട് കേരളസര്‍ക്കാര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.
പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ' ഉണ്ണുനൂലി സന്ദേശ' ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമര്‍ശമുണ്ട്. 1286ല്‍ മതപ്രചാരണാര്‍ത്ഥം എത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട് താമസിച്ചിരുന്ന റീഗ് നെല്ലിയും മഹാബലിയുടെ തിരുച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. എ.ഡി. 1200ല്‍ കേരളം സന്ദര്‍ശിച്ച അസീറിയക്കാരന്‍ ' പിനോന്‍ ജോണ്‍' തന്റെ കൃതിയായ 'ഓര്‍മ്മകളില്‍' ഇപ്രകാരം എഴുതുന്നു: '' ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളില്‍ കഴിയുന്നത്. പല കളികളും കാണിച്ച് അവര്‍ ആഹ്ലാദം പങ്കിടുന്നു.'
കേരള ചരിത്ര കര്‍ത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. മന്ഥരാജാവ്., ചേരമാന്‍ പെരുമാള്‍ ശ്രീബുദ്ധന്‍, പരശുരാമന്‍, മഹാബലി., സമുദ്രഗുപ്ത മൗര്യന്‍ ഇങ്ങനെ നീളുന്നു ഓണവുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ കഥകള്‍.
ചരിത്രത്തിലെ ആര്യ ദ്രാവിഡ സംഘര്‍ഷം ആണ് പുരാണത്തിലേയും ഐതിഹ്യങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാന്‍. ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യ-ദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിക്കാം. ഓണക്കഥയിലും അങ്ങനെ തന്നെയാവണം സംഭവിച്ചിരിക്കുക. ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതാണ് ഓണഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ശ്രാവണ പൗര്‍ണ്ണമി നാളിലായിരുന്നു മധുരയിലെ ഓണാഘോഷം. എന്ന് പറഞ്ഞു മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്നു അവിടെ ഓണം കൊണ്ടാടിയിരുന്നത്. മഹാവിഷ്ണു ഈശ്വര സങ്കല്‍പ്പമാണ.് മഹാബലി മനുഷ്യനും, അപ്പോള്‍ ഈശ്വരനെ മാറ്റിനിര്‍ത്തി മനുഷ്യനെ ബഹുമാനിക്കുന്ന തലത്തിലേക്ക് ഓണം മാറുന്നു.
ആര്യന്മാര്‍ മധ്യ ഇന്ത്യയെന്ന 'ഭൂമി'യും, പിന്നീട് ഉത്തരേന്ത്യയെന്ന 'സ്വര്‍ഗ'വും, തെക്കേ ഇന്ത്യയെന്ന 'പാതാള'വും ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി ആദിമ ദ്രാവിഡര്‍ വന്നുകയറിയ ആര്യന്മാര്‍ക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് രാജ്യം കയ്യടക്കി. മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു. പക്ഷേ വാമനന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല. കാരണം, ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്തത്.
'നീരാഴിപ്പെരുമാള്‍, തിരക്കുതിരകള്‍ തുള്ളുന്ന തേരേറി വന്നീ രാമന്റെ
പരശ്വധത്തിനരുളീ കാണിക്കയായ് കേരളം;
പാരാവാര വിമുക്തയെ, സ്സുഭഗയാമീ യൂഴിയെ പിന്നെ വന്നാ
രാണക്ഷയ പാത്രമാക്കിയിവിടെ ,ജ്ജീവിച്ചതിന്നേ വരെ.
എന്നാണൊരു ലിഖിതം
ചരിത്രവും ലിഖിതങ്ങള്‍ എന്തുപറഞ്ഞാലും ഓണം മലയാളിയുടെ സ്വന്തവും മാവേലിയും മാവേലി വാണ നാളും തീവ്രമായ ഗൃഹാതുരത്വവുമാണ്.
ഓണം വന്നത് ഇറാഖില്‍ നിന്ന്....?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക