Image

മോദി സര്‍ക്കാര്‍; സെഞ്ചുറി ആഘോഷത്തില്‍ കല്ലുകടി

അനില്‍ പെണ്ണുക്കര Published on 31 August, 2014
മോദി സര്‍ക്കാര്‍; സെഞ്ചുറി ആഘോഷത്തില്‍ കല്ലുകടി
   മോദി സര്‍ക്കാരിന്റെ സെഞ്ചുറി ആഘോഷത്തില്‍ കല്ലുകടിയായത് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയ ബിഹാറില്‍ വിശാല സഖ്യത്തിന് മുന്നില്‍ പതറി, കര്‍ണാടകത്തില്‍ കുത്തക സീറ്റ് എന്ന് വിളിക്കാവുന്ന ബെല്ലാരി കൈവിട്ടു. പഞ്ചാബിലും തിരച്ചടി. ആകെ ആശ്വാസം മധ്യപ്രദേശ് മാത്രം. വിദേശനയങ്ങളിലും ഭരണ വേഗതയിലും സുതാര്യതയിലും കൈയ്യടി വാങ്ങി മുന്നോറുന്നതിനിടെയാണ് മോദി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയായത്. തിരിച്ചടി എന്നൊന്നും പറയാനില്ല. ചെറിയൊര് അങ്കലാപ്പ്. മോദി തരംഗം അസ്തമിച്ചു എന്ന് പറഞ്ഞാണ് പ്രതിപക്ഷ കക്ഷികള്‍ ആശ്വസിക്കുന്നത്. നരേന്ദ്ര മോദി ഈ തിരഞ്ഞെടുപ്പില്‍ ക്യാംപെയ്‌നാറായിരുന്നില്ല എന്നും രാജ്യം ഭരിക്കുന്ന തിരക്കിലായിരുന്നു എന്നതുമാണ് വിമര്‍ശകര്‍ കാണാതെ പോകുന്ന കാര്യം.

        മോദി തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പാര്‍ട്ടി എന്ന റെക്കോര്‍ഡോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. 282 സീറ്റുകള്‍ ബി ജെ പിക്ക് കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 44ല്‍ ഒതുങ്ങി. മെയ്  26ന് നരേന്ദ്രമോദി രാജ്യത്തിന്റെ പതിനഞ്ചാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 23 കാബിനറ്റ് മന്ത്രിമാരും 22 സഹമന്ത്രിമാരും മോദിക്കൊപ്പം അധികാരമേറ്റു.

        സാര്‍ക്ക് നേതാക്കളെയും പാക്പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞ കാണാന്‍ ക്ഷണിച്ചാണ് മോദി തുടങ്ങിയത്. പിന്നീട് ഭൂട്ടാനും നേപ്പാളും ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലും മോദി സന്ദര്‍ശിച്ചു.
        സര്‍ക്കാര്‍ നൂറ് ദിവസം തികയ്ക്കുന്നതിന് മന്നോടിയായി 17 ഇന കര്‍മ പരിപാടികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപച്ചിരുന്നത്. മെട്രോ പദ്ധതികളും തീരദേശ എക്‌സ്പ്രസ് വേയും തുറമുഖങ്ങളും അടങ്ങിയതാണ് ഈ കര്‍മപദ്ധതി. റോഡ്, റെയില്‍ ശൃംഖലകള്‍ മെച്ചപ്പെടുത്താനും നിര്‍ദേശമുണ്ട്.

        വേഗതയാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. പദ്ധതികള്‍ ചുവപ്പുനാടകളില്‍ കുടങ്ങി സമയം പോകാതിരിക്കാന്‍ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെടുന്നു. സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആക്ഷന്‍  പ്ലാനുകള്‍ അതായത് മന്ത്രാലയങ്ങള്‍ വഴി പ്രധാനമന്ത്രിയുടെ പക്കലെത്തണം. ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് സ്വാതന്ത്ര്യം. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങല്‍ സുതാര്യമാകണം. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഓഫീസുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നു. കള്ളപ്പണം തടയാന്‍ വേണ്ടി എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡാ നിര്‍ബന്ധമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

        മോദി സര്‍ക്കാര്‍ സ്ഥാനമേറ്റ ശേഷം ആദ്യമായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാവാതെ പോയത് തിരിച്ചടിയായി. ബി ജെ പിക്കെതിരെ സഖ്യകക്ഷികളെ ചാക്കിട്ടാല്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
        മോദി സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ ഇന്ധനവിലയടക്കം മുകളിലേക്ക് പോയെങ്കിലും താമസിയാതെ നിയന്ത്രണത്തിലായി. സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പെട്രോള്‍ വില 77ല്‍ എത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കും വില പരിധി വിട്ടില്ല.

        വി എച്ച് പി നേതാവായ മോഹന്‍ ഭാഗവത് മുസ്ലിങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയതടക്കം ന്യൂനപക്ഷങ്ങളെ അലോസരപ്പെടുത്തുന്ന വിവാദങ്ങള്‍ ഒരുപാട് ഉണ്ടായി ഈ നൂറ് ദിവസത്തില്‍. മഹാരാഷ്ട്ര സദനിലുണ്ടായ ചപ്പാത്തി വിവാദവും പുനെയില്‍ മുസ്ലിം ടെക്കി കൊല്ലപ്പെട്ടതും ഉദാഹരണങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എന്ന ഗോവ മന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്നുണ്ടായ വിവാദും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.

        കാശ്മീരിന് പ്രത്യേക പദവി കിട്ടുന്നതിന് എതിരെയായി മോദി ക്യാംപെയ്ന്‍ നടത്തിയിരുന്നു. അധികാരത്തിലെത്തി നൂറ് ദിവസം കഴിഞ്ഞിട്ടും ഇതില്‍ തീരുമാനമൊന്നും ആയിട്ടില്ല. എന്നാല്‍ കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് പാര്‍ട്ടി ഇപ്പോള്‍.

        അതിര്‍ത്തിയില്‍ പാകിസ്താന്‍ അക്രമങ്ങളെ മോദി ശക്തമായി അപലപിച്ചു. പാകിസ്താന് തിരിച്ചടി കൊടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. പാകിസ്താനുമായി ഒരു യുദ്ധമുണ്ടാകുമോ. സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ച് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടി തുടരുകയാണ്.
മോദി സര്‍ക്കാര്‍; സെഞ്ചുറി ആഘോഷത്തില്‍ കല്ലുകടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക