Image

സംഭവിച്ചതെല്ലാം നല്ലതിന്. പക്ഷേ സംഭവിക്കാനിരിക്കുന്നതോ?- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 31 August, 2014
സംഭവിച്ചതെല്ലാം നല്ലതിന്. പക്ഷേ സംഭവിക്കാനിരിക്കുന്നതോ?- അനില്‍ പെണ്ണുക്കര
മുന്നൊരുക്കങ്ങളും ഗൃഹപാഠവുമില്ലാതെ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച സമ്പൂര്‍ണ മദ്യനിരോധനം ആശ്വാസമല്ല ആശങ്കയാണ് സൃഷ്ടിക്കുന്നത്. എക്‌സൈസ്-പോലിസ്-റവന്യൂ വകുപ്പുകളിലെ ഏകോപിപ്പിച്ചുള്ള ശക്തമായ നടപടികളുണ്ടായില്ലെങ്കില്‍ മറ്റു ലഹരി വസ്തുക്കളിലേക്ക് ജനങ്ങള്‍ വഴിതിരിയാനും വ്യാജമദ്യം വ്യാപകമാകാനുള്ള സാദ്ധ്യതയോറെയേറെയാണ്. പുതിയ നയത്തിന്റെ ക്രെഡിറ്റടിച്ചെടുക്കാന്‍ സുധീരനെ വെടക്കാക്കുന്ന ഉമ്മന്‍ ചാണ്ടിയോ ചാണ്ടിയുടെ ചാത്തന്മാരായ ബാബുവോ ഹസനോ ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കാത്ത വിപത്താണിത്.
        1996ല്‍ എ.കെ.ആന്റണി ചാരായ നിരോധനം കൊണ്ടുവന്നത് ദീര്‍ഘനാളത്തെ ഗൃഹപാഠത്തിന് ശേഷമായിരുന്നു. പെട്ടെന്ന് നിരേധിക്കുമ്പോള്‍ മദ്യദുരന്തമുണ്ടാകാമെന്ന് മുന്‍കൂട്ടിക്കണ്ട് എക്‌സൈസ്-പോലിസ്-റവന്യു വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ചര്‍ച്ചയും വിലയിരുത്തലും നിരവധി തവണ നടത്തി. ചാരായ വില്‍പ്പന രംഗത്തുണ്ടായിരുന്ന തൊഴിലാളി സംഘടനാ നേതാക്കളുടമായി പലവട്ടം ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. അത്തരമൊരു മുന്നൊരുക്കം ഇത്തവണയുണ്ടാകാത്തതാണ് പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നത്. പൂട്ടിക്കിടക്കുന്ന ബാറുകളുടെ വിഷയത്തില്‍ പ്രായോഗികവും നിയമപരവുമായ നടപടികള്‍ മാത്രമേ സര്‍ക്കാരിന് സ്വീകരിക്കാനാവൂ എന്നാണ് ഉമ്മന്‍ ചാണ്ടിയും കെ.ബാബുവും രമേശ് ചെന്നിത്തലുയം ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇതിലെ 'പ്രായോഗികത'യ്ക്ക് ബാറുടമകളോടുള്ള ആഭിമുഖ്യം എന്നാണ് കേരളം വായിച്ചെടുത്തത്. അതു കൊണ്ടാണ് ഉമ്മന്‍ ചാണ്ടി മദ്യലോബിയുടെ വക്താവാണെന്ന് വിധിച്ചത്. എന്നാല്‍ '' സമ്പൂര്‍ണ മദ്യനിരോധനത്തിന് പാകമായ അവസ്ഥ'' എന്നാണ് ആ വാക്കുകൊണ്ട് താന്‍ ഉദ്ദ്യേശിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍, കൊഞ്ഞാണന്മരാക്കപ്പെടുന്നത് കേരളീയരെല്ലാം തന്നെയാണ്.

        കഴിഞ്ഞ യുഡിഎഫ് യോഗത്തിന്‍രെ തലേ ദിവസം വരെ ബോദ്ധ്യമില്ലാതിരുന്ന ആ 'പ്രായോഗികത' യുഡിഎഫ് യോഗത്തിന്റെ അന്നു രാവിലെ ഉമ്മന്‍ ചാണ്ടിക്ക് ബോദ്ധ്യമായതിലെ രാഷ്ട്രീയവും ഗ്രൂപ്പ് താത്പര്യവും 418 ബാര്‍ തുറക്കാനാവാത്തതിലെ നിരാശതയും അതില്‍ നിന്നുയര്‍ന്ന സര്‍വസംഹാരനയവും കേരളീയരുടെ കണ്മുന്നില്‍ ഇപ്പോഴും നുരയുന്നുണ്ട്. '' ആരു വിചാരിച്ചാലും തന്നെ മദ്യ ലോബിയുടെ വക്താവാക്കാന്‍ പറ്റില്ലെന്ന''  ഉമ്മന്‍ ചാണ്ടിയുടെ ന്യായീകരണവും സുധീരനെതിരായുള്ള ചാണ്ടി ഭൃത്യന്മാരുടെ കുച്ചു ചാടലും നേരേ ചൊവ്വേ വായിച്ചെടുക്കാനും മലയാളികള്‍ക്ക് കഴിയുന്നുണ്ട്. ഒരു വാശി കൊണ്ടുള്ള എടുത്തു ചാട്ടമാണിതെന്നും നൂറ് വാശികൊണ്ട് ഇതില്‍ നിന്ന് കരകയറാന്‍ കഴിയില്ലെന്നും കേരളം വായിച്ചെടുക്കുന്നുണ്ട്.

        അതു കൊണ്ടാണ് 1967ലെ അവസ്ഥയില്‍ കൊണ്ടെത്തിക്കാനുള്ള അതീവ കൗശലത്തം നിറഞ്ഞ നീക്കമല്ലേ ഇതെന്ന് പൊതുസമൂഹം സന്ദേഹിക്കുന്നത്. കരുണാകരനെ കടപുഴക്കാന്‍ ഉമ്മന്‍ ചാണ്ടി കൈക്കൊണ്ട നീച തന്ത്രങ്ങളും മലയാളികളുടെ ഓര്‍മ്മയിലുണ്ട്. ജനനന്മയല്ല സുധീരനെതിരായ വൈരനിര്യാതന ബുദ്ധിക്ക് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് മൂര്‍ച്ചകൂട്ടി പ്രയോഗിച്ചതാണ് ഈ സമ്പൂര്‍ണ മദ്യനിരോധന നയം.

        ചാരായത്തിന്റെയും വിഷക്കളിന്റെയും ഉപയോഗം നിരോധിതമേഖലകളില്‍ വ്യാപകമാവുകയും ക്രമസമാധാനപ്രശ്‌നമായി വളരുകയും ചെയ്തപ്പോഴാണ് തിരുവിതാംകൂറിലും മലബാറിലും നിലവിലുണ്ടായിരുന്ന മദ്യനിരോധനം പിന്‍വലിച്ചത് 1967ലെ ഇഎംഎസ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മുസ്ലീം ലീഗ് കൂടി ഉള്‍പ്പെട്ടതായിരുന്നു അന്ന് ഇഎംഎസ് നേതൃത്വം നല്‍കിയ സപ്തമുന്നണി സര്‍ക്കാര്‍.

        മദ്യം കഴിച്ച് അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പോലീസിന് പണികൂടി. അത് തീരാത്തലവേദനയായി മാറിയതോടെ നിരോധനം ഒഴിവാക്കാന്‍ ഇ എം എസ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സമാനമായ ഭീഷണ  സാഹചര്യമൊരുക്കി മദ്യനിരോധം പിന്‍വലിപ്പിക്കാനുള്ള ശ്രമം അണിയറയില്‍ നടക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് പറയാന്‍ കഴിയുമോ? 418 ബാര്‍ തുറക്കാന്‍ വൈകുന്നത് മദ്യദുരന്തത്തിന് കാരണമാകുമെന്ന് ഭീഷണിപ്പെടുത്തിയത് എക്‌സൈസ് മന്ത്രി കെ.ബാബുവാണെന്ന സാഹചര്യത്തില്‍, പ്രത്യേകിച്ചും.
        ജാതി ചിന്ത തിരുകി ഉമ്മന്‍ ചാണ്ടിയുടെ മദ്യനിരോധനത്തെ പൊളിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മുന്‍ സ്പീക്കറും മുന്‍ ഗവര്‍ണറും കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ വക്കം പുരുഷോത്തമന്റേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേയും പ്രസ്താവനകള്‍ അതാണ് വ്യക്തമാക്കുന്നത്. സമ്പൂര്‍ണ മദ്യനയം ഈഴവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വക്കം പറഞ്ഞത്. നേരത്തെ ബാര്‍ ഉടമാസംഘവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പൂട്ടിക്കിടക്കുന്ന ബാറുകളില്‍ ഭൂരിപക്ഷവും ഈഴവരുടെ ഉടമസ്ഥതയിലുള്ളവയും  തുറന്ന് പ്രവൃത്തിക്കുന്നവയില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടേതുമാണെന്നായിരുന്നു അവരുടെ വിശദികരണം.

        അതേസമയം വെള്ളാപ്പള്ളി നടേശന്‍ അല്‍പം കൂടി മുന്നോട്ടു പോയി പള്ളികളില്‍ കുര്‍ബാന മധ്യേ നല്‍കുന്ന വൈനും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമൂദായസംഘട്ടനത്തിന്റെ വിത്തു വിതച്ചിട്ടുണ്ട്. മദ്യ വില്‍പ്പനയിലും മദ്യ ഉപഭോജത്തിലും ജാതിയും മതവും രാഷ്ട്രീയവും ഇല്ലെന്നിരിക്കേ വക്കം പുരുഷോത്തമനും വെള്ളപ്പള്ളി നടേശനും സമ്പൂര്‍ണം മദ്യ നിരോധനത്തെ ജാതിചിന്തയുണര്‍ത്തി പൊളിക്കാന്‍ ശ്രമിക്കുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
        അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് മദ്യവില്‍പ്പന ചുരുക്കുന്നത്, മദ്യം നിര്‍ബന്ധമായ സാധാരണ കുടിയന്മാരുടെ പോക്കറ്റുകളെ പിഴിഞ്ഞ് നിരവധി കുടുംബങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിവനേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ കുറച്ചുകൊണ്ടുവരുമ്പോഴുമുണ്ട് ഇതേ പ്രശ്‌നം. മദ്യത്തിന്റെ ലഭ്യത കുറയുകയും വിലകൂടുകയും ചെയ്യുമ്പോള്‍ മറ്റു ലഹരി വസ്തുക്കളിലേക്ക് ജനങ്ങല്‍ വഴിതിരിയാനുള്ള സാധ്യതകളുമേറെയാണ്.  പത്ത് വര്‍ഷം കൊണ്ട് മദ്യരഹിത കേരളത്തിലേക്കു നീങ്ങുമെന്നു പറയുന്ന സര്‍ക്കാര്‍ ഇക്കാലമത്രയും അതീവ ജാഗ്രതയില്‍ പ്രവൃത്തിക്കുമോ?

        മദ്യമോഖലയിലുള്ള തൊഴിലാളികളുടെ പുനരധിവാസവും വിഷയമാണ്. അനേകം പേരുടെ ജീവിതമാര്‍ഗമാണ് വഴിതിരച്ചു വിടേണ്ടത്. തൊഴിലാളികളുടെ പുനരിധിവാസവും മദ്യപരുടെ ചികിത്സയും ലക്ഷ്യമിട്ടുള്ള പദ്ധതിയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അതിന്റെ വ്യാപ്തിയും പ്രാധാന്യവും കണ്ടറിയേണ്ടി തന്നെവരും. വിദേശ മദ്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ കള്ളു ഷാപ്പുളുടെ പ്രവര്‍ത്തനത്തിലും കൂടുതല്‍ ജാഗ്രത വേണ്ടിവരും.  ഷാപ്പുകളില്‍ ആളു കൂടിയാല്‍ അവര്‍ക്കാവശ്യമായ കള്ള് കളര്‍പ്പില്ലാതെ നല്‍കാന്‍ സംവിധാനങ്ങളുണ്ടാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വ്യാജക്കള്ള് വ്യാപിക്കുന്നതു തടയാന്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപനത്തിലൊതുങ്ങാതിരിക്കാന്‍ കടമ്പകളേറെയുണ്ടെന്ന് സാരം. ഇതെല്ലാം പിഴവു കൂടാതെ നടത്താനുള്ള ഗൃഹപാഠം ചെയ്യാതെയുള്ള ഇപ്പോഴത്തെ പ്രഖ്യാപനത്തില്‍ ജനനന്മയല്ല ഗ്രൂപ്പുകളിയില്‍ മേല്‍ക്കൈ നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ് ഉമ്മന്‍ ചാണ്ടി പ്രയോഗിച്ചതെന്ന് വ്യക്തമാകുന്നു.

സംഭവിച്ചതെല്ലാം നല്ലതിന്. പക്ഷേ സംഭവിക്കാനിരിക്കുന്നതോ?- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക