Image

വി.എസ്‌: ജനകീയ നേതാവില്‍നിന്നും അവസരവാദിയിലേയ്‌ക്ക്‌ (അനില്‍ പെണ്ണുക്കര)

Published on 20 August, 2014
വി.എസ്‌: ജനകീയ നേതാവില്‍നിന്നും അവസരവാദിയിലേയ്‌ക്ക്‌ (അനില്‍ പെണ്ണുക്കര)
2000ത്തിന്റെ തുടക്കത്തില്‍, അതു വരെ അപരിചിതമായ രാഷ്ട്രീയ സത്യസന്ധതയുടേയും നട്ടെല്ലുറപ്പാര്‍ന്ന സാമൂഹിക നിലപാടുകളുടേയും രാഷ്ട്രീയ ശൈലിയിലേയ്‌ക്ക്‌ കേരളം കണ്‍തുറക്കുകയായിരുന്നു. പരിസ്ഥിതി, സ്‌ത്രീപീഡനം തുടങ്ങിയ സാമൂഹിക മാനുഷിക പ്രശ്‌നങ്ങളില്‍ ഇരകള്‍ക്കൊപ്പം നിന്ന്‌ പോരാടുന്ന രാഷ്ട്രീയ വിശുദ്ധിയായിരുന്നു ആ ശൈലിയുടെ കാതല്‍. അച്യുതാനന്ദന്‍ ആയിരുന്നു അതിന്റെ അവതാരകനും പ്രയോക്താവും. അവിടെനിന്നായിരുന്നു വി എസ്‌ എന്ന ജനകീയ നേതാവിന്റെ ഉദയം. അന്നു മുതലാണ്‌ വി.എസ്‌ മാധ്യമങ്ങള്‍ക്ക്‌ പ്രിയപ്പെട്ടവനായത്‌.

റിസോര്‍ട്ട്‌-റിയല്‍ എസ്‌റ്റേറ്റ്‌-കൈയേറ്റ മാഫിയയെ പൊതുസമൂഹത്തില്‍ തുറന്നുകാട്ടി മതികെട്ടാന്‍ ചോലയും പൂയംകുട്ടി മലനിരകളും സന്ദര്‍ശിച്ച്‌ പരിസ്ഥിതിയോടും പൊതു സമൂഹത്തോടുമുള്ള തന്റെ പ്രതിബദ്ധത വി എസ്‌ പ്രകടിപ്പിക്കുകയായിരുന്നു. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കും സ്‌ത്രീപീഡനങ്ങള്‍ക്കിരയായ നിസ്സഹായര്‍ക്കും വേണ്ടി വാദിച്ച്‌ അവര്‍ക്കൊപ്പം നിന്ന്‌ പൊരുതുന്ന പുതിയ പോരാട്ട ശൈലിയാണ്‌ വി എസ്‌ അവലംബിച്ചത്‌. സമൂഹത്തിലെ നിസ്വര്‍ക്കും നിസ്സഹായര്‍ക്കും പാര്‍ശ്വവത്‌ക്കരിക്കപെട്ടവര്‍ക്കും പ്രകൃതിക്കും വേണ്ടി നിലകൊണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടിയും എല്‍ഡിഎഫും യുഡിഎഫിനും ജാതിമതവര്‍ഗ സംഘടനകളും മൂലധന മാഫിയകളും അദ്ദേഹത്തിനെതിരായി. എന്നിട്ടും പത്മവ്യൂഹം ഭേദിച്ച അഭിമന്യൂവിനെ പോലെ അദ്ദേഹം, അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്‌ക്ക്‌ പോരാട്ടം നയിച്ചു. അതുകൊണ്ടാണ്‌ മുമ്പൊരു നേതാവിനും ലഭിക്കാതിരുന്ന ജനകീയ അംഗീകാരം വി എസ്‌ അച്യുതാനന്ദന്‌ ലഭിച്ചത്‌. അതു കൊണ്ട്‌ മാത്രമാണ്‌, പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്തിട്ടുപോലും, 2000 മധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്‌ സന്നദ്ധമാകേണ്ടി വന്നത്‌. ആ തെരഞ്ഞടുപ്പില്‍ വി എസ്‌ മുഖ്യമന്ത്രിയാകുന്നതിന്‌ വേണ്ടിയാണ്‌ ജനങ്ങള്‍ എല്‍ഡിഎഫിന്‌ വേട്ട്‌ ചയ്‌തത്‌. പീഡനമേല്‍ക്കുന്നവരുടെ പ്രതിനിധിയും അവരുടെ പ്രതീക്ഷയമായ ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമാണ്‌ ജനങ്ങള്‍ക്കുണ്ടായിരുന്നത്‌. അത്‌ വിജയിക്കുകയും ചെയ്‌തു.

പ്രത്യയശാസ്‌ത്ര വിരുദ്ധ ശക്തികളോട്‌ അനുരഞ്‌ജനത്തിന്‌ തയ്യാറുന്നവര്‍ക്കെല്ലാമുള്ള ദൃഷ്ടാന്തമായിരുക്കുയാണ്‌ വേലക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദന്‍. ജനവിരുദ്ധതയുടെ ആസുരതകള്‍ അര്‍മാദിക്കുമ്പോള്‍ ജനപക്ഷ അജണ്ടകള്‍ തീരുമാനിക്കാന്‍ കേരളം ആകാംക്ഷയോടെ കണ്ണുയര്‍ത്തിയിരുന്നത്‌ സഖാവ്‌ വി.എസ്സിലേയ്‌ക്കായിരുന്നു. ആ അച്യുതാനന്ദനാണിപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ അപ്രസക്തനായിരിക്കുന്നത്‌. ജനങ്ങള്‍ വിസ്‌മരിക്കുന്നു, മാധ്യമങ്ങള്‍ പാര്‍ശ്വവത്‌ക്കരിക്കുന്നു. വല്ലാത്തൊരു രാഷ്ട്രീയ ഗതികേടിലാണ്‌ അച്യുതാനന്ദനിപ്പോള്‍.

കഴിഞ്ഞ പാര്‍ലമന്റ്‌ തെരെഞ്ഞെടുപ്പിന്‌ മുന്‍പ്‌ വരെ കേരളീയ പൊതുസമൂഹത്തിന്‌ ക്രാന്തദര്‍ശിയായ, അഴിമതിവിരുദ്ധനായ പൊതുപ്രവര്‍ത്തകനായിരുന്നു വി.എസ്‌.അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസത്തെ രൂക്ഷമായി എതിര്‍ക്കുമ്പോഴും സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള ദൂര്‍ബല വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും അദ്ദേഹമായിരുന്നു കാണപ്പെട്ട രക്ഷകന്‍. മാഫിയകള്‍ക്കും റാക്കറ്റുകള്‍ക്കും വി.എസ്സായിരുന്നു പേടി സ്വപ്‌നം. എന്നാല്‍ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുന്‍പ്‌ തന്റെ പ്രഖ്യാപിതനയങ്ങളില്‍ നിന്ന്‌ മലക്കം മറിഞ്ഞ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ അഞ്ചാം പത്തിയായി അദ്ദേഹം മലക്കം മറിഞ്ഞപ്പോള്‍, കേരളത്തിന്റെ പൊതു ബോദ്ധ്യങ്ങള്‍ അദ്ദേഹത്തെ ദയാരഹിതം ഒഴിവാക്കുകയായിരുന്നു.

പക്ഷേ മുഖ്യമന്ത്രിയായപ്പോള്‍ താന്‍ പറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാന്‍ വി എസിന്‌ കഴിഞ്ഞില്ലി. അക്കാര്യത്തില്‍ ജനങ്ങള്‍ക്ക്‌ കടുത്ത എതിര്‍പ്പുണ്ടായിട്ടു പോലും മൂന്നാര്‍ ഒഴിപ്പിക്കലിനെ കേരളം സഹര്‍ഷം സ്വാഗതം ചെയ്‌തു. പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതൊന്നും നടപ്പിലാക്കാന്‍ കഴിയാതിരുന്നത്‌ പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നതയാണെന്ന ഇതിനു ന്യായീകരണം ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തു. വിശ്വാസത്തോടെ അവര്‍ വി എസിനൊപ്പം നിന്നു. ഈ വിശ്വാസം അവശേഷിച്ചതുകൊണ്ടാണ്‌ അടുത്ത തെരഞ്ഞെടുപ്പിലും വി എസ്‌ ഇടതുപക്ഷ പ്രചാരണത്തിന്റെ കുന്തമുനയായത്‌. പക്ഷേ വി എസിന്റെ ജനപിന്തുണയിലുണ്ടായ കുറവാണ്‌ ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയത്‌.

ടി പി ചന്ദ്രശേഖരന്റെ വധത്തിലും ലാവലിന്‍ അഴിമതി കേസിലും കൈക്കൊണ്ട നിലപാടുകള്‍ പ്രതിപക്ഷനേതാവായുള്ള രണ്ടാമൂഴത്തിലും വി.എസിന്‌ ജനകീയ പരിചയായി. പക്ഷേ പിന്നീടിങ്ങോട്ട്‌ അഴിമതി വിരുദ്ധനായ ജനകീയ രാഷ്ട്രീയ നേതാവ്‌ എന്ന വി.എസ്സിന്റെ ഇമേജിനെ ഗ്രഹണം ബാധിക്കുന്നതാണ്‌ കണ്ടത്‌. വി എസിനും മകനുമെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ഗരിമക്ക്‌ കോട്ടമുണ്ടാക്കി. ഡേറ്റാസെന്റര്‍ അഴിമതി ആരോപണം, മകനെതിരായ വിജലന്‍സ്‌ കേസുകളും ആരോപണങ്ങളും ലാവലിന്‍ കേസിലെ നിലപാടുംമാറ്റം, ടി പി വധത്തില്‍ പ്രഖ്യാപിത നിലപാടില്‍ നിന്നും പിന്നോട്ടുപോയത്‌ തുടങ്ങി അവസാനം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ തന്റെ എല്ലാ പ്രഖ്യാപിത നിലപാടുകളില്‍ നിന്നും മലക്കംമറിഞ്ഞ്‌ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്നപ്പോള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി അദ്ദേഹം പൂര്‍ണമായി പരിണയിച്ചു കഴിഞ്ഞു. ' ഓട്ടം ഓഫ്‌ ദ്‌ പൊളിറ്റിക്കല്‍ പാട്രിയാര്‍ക്ക്‌' രാഷ്ട്രീയ പിതാമഹന്റെ പതനം എന്ന്‌ വിശേഷിപ്പിക്കാവുന്ന ദയനീയത.

നിര്‍ണായകമായ രാഷ്ട്രീയ സമസ്യകളില്‍ വി എസിന്‌ അഭിപ്രായമില്ലാതായിരിക്കുന്നു. പ്ലസ്‌ ടു സീറ്റുകളും സ്‌കൂളുകളും അനുവദിച്ച വിഷയത്തില്‍ എതാനും പ്രസ്‌താവനകളിറക്കി കടമതീര്‍ത്ത വി എസ്‌ എവിടെയോ ഒളിച്ചു. തിരുവനന്തപുരത്തെയും എറണാകുളത്തോയും ലോക്‌സഭാ സീറ്റുകള്‍ പേമെന്റ്‌ സീറ്റാണെന്ന പ്രചാരണം ശക്തമാകുകയും തിരുവനന്തപുരം സീറ്റിന്റെ പേരില്‍ സി പി ഐ മൂന്ന്‌ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിട്ടും തിരുവനന്തപുര പേമെന്റ്‌ സീറ്റാണെന്ന്‌ കരുതുന്നില്ലെന്ന പ്രതിലോമ നിലപാടിലാണ്‌ വി.എസ്‌.
വി.എസ്‌: ജനകീയ നേതാവില്‍നിന്നും അവസരവാദിയിലേയ്‌ക്ക്‌ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക